പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകൾക്കായി ബോയിങ്ങിന്റെ രണ്ടു പുതുവിമാനങ്ങൾ വാങ്ങാൻ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 4,469.50 കോടി രൂപ. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 777 - 300 ഇആർ മോഡൽ വിമാനങ്ങളാണു വാങ്ങുക. മിസൈലുകൾക്ക് പോലും തകർക്കാനാകാത്ത ടെക്നോളജിയിലാണ് ഈ വിമാനം നിര്‍മിക്കുന്നത്.
നിലവിൽ ഇവർ ഉപയോഗിക്കുന്ന ബോയിങ് 747- 400 മോഡൽ വിമാനത്തിനു (എയർ ഇന്ത്യ വൺ) കാലപ്പഴക്കമേറെയുള്ള സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നത്. നൂതന സുരക്ഷാ കവചം, ഉയർന്ന എൻജിൻ കരുത്ത് എന്നിവയുള്ള വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ളവ സജ്ജമാക്കും.
കേന്ദ്ര വ്യോമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആകെ വിഹിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണു വിഐപി വിമാനങ്ങൾ വാങ്ങാൻ ചെലവിടുന്നത്. ആകെ 6,602.86 കോടി രൂപയാണു വ്യോമയാന മേഖലയ്ക്കുള്ള വിഹിതം. കഴിഞ്ഞ വർഷം ആകെ വിഹിതം 2710 കോടിയായിരുന്നു.
വിവിഐപികൾക്കുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങൾ അടുത്ത വർഷം ആദ്യത്തിൽ ഇന്ത്യയിലെത്തും. മാര്‍ച്ചിനു മുൻപ് മൂന്ന് ബോയിംഗ് 777–300 വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിക്കും. ഇതിൽ രണ്ടു വിമാനങ്ങൾ വിവിഐപികളുടെ യാത്രയ്ക്കായി ഉപയോഗിക്കും. നിലവിൽ ഉപയോഗിക്കുന്ന ജംബോ ജെറ്റുകൾക്ക് 25 വർഷം പഴക്കമുണ്ട്. ഇതേതുടർന്നാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്.
എയർ ഇന്ത്യ വണ്ണിന് കാലപ്പഴക്കം
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയർഫോഴ്സ് വൺ. അതുപോലെയാണ് എയർ ഇന്ത്യ വൺ. ബോയിംഗ് 747-200 ബി സീരീസിന്റെ മിലിട്ടറി രൂപാന്തരമായ വിസി–25 എയാണ് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്നത്. എന്നാൽ എയർഫോഴ്സ് വൺ പോലെ വിവിഐപി യാത്രയ്ക്ക് മാത്രമായി ഇന്ത്യയിൽ പ്രത്യേക വിമാനം ഇല്ലെന്നതാണ് യാഥാർഥ്യം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികൾ ഉപയോഗിക്കുന്ന വിമാനങ്ങൾ എയർ ഇന്ത്യ വൺ എന്നാണ് അറിയപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ഇപ്പോൾ ബോയിംഗ് 747–400 വിമാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ തദ്ദേശീയ യാത്രകൾക്കും അയൽ രാജ്യ യാത്രകൾക്കുമായി എംബ്രെയർ 135, എംബ്രയർ 145, കസ്റ്റമൈസ്‍ ബോയിംഗ് ബിസിനസ് ജെറ്റുകളുമുണ്ട്. ബോയിംഗ് വിമാനങ്ങൾ വിവിഐപി യാത്രകളില്ലാത്തപ്പോൾ സാധാരണ സർവീസുകൾക്കും നൽകാറുണ്ട്.
കാൽ നൂറ്റാണ്ട് പഴക്കമുള്ള ബോയിംഗ് വിമാനങ്ങളാണ് രാഷ്ട്രത്തെ ഏറ്റവും സുരക്ഷ വേണ്ട വിവിഐപികൾ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിൽ വിമാനം കേടായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ ശത്രുക്കളുടെ ഭീഷണികളും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാൻ അത്യാധുനിക സുരക്ഷയുള്ള വിമാനങ്ങൾ വേണ്ടതുണ്ടെന്ന് പ്രതിരോധ വിഭാഗവും എയർ ഇന്ത്യയും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ കാര്യമായ സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും രാജ്യത്ത വിവിഐപികളുടെ ആകാശയാത്രകൾക്കായി മാത്രം പുതിയ വിമാനം ഉപയോഗിക്കാനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് (പാലം എയർഫോഴ്സ് ബേസ്) എയർ ഇന്ത്യ വൺ വിമാനങ്ങൾ എത്തുക.
എട്ട് പൈലറ്റുകളുടെ പാനലാണ് വിവിഐപി യാത്രകൾക്ക് സാരഥ്യം വഹിക്കുന്നത്. യാത്ര തീരുമാനമായാൽ ഫ്ലൈറ്റിലെ ബെഡ്റൂമുകളും കോൺഫറൻസ് റൂമുകളുമെല്ലാം തയ്യാറാക്കും. സാറ്റലൈറ്റ് ഫോണും ഫാക്സും ഇന്റർനെറ്റ് സേവനവുമെല്ലാം പരിശോധിക്കപ്പെടും. സ്പെഷ്യൽ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കും എയർക്രാഫ്റ്റും ജീവനക്കാരും.
നിലവിൽ ഒരു ബോയിംഗ് 747–400ൽ പ്രധാനമന്ത്രി യാത്ര തിരിച്ചാലും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി മറ്റൊരു ബോയിംഗ് വിമാനവും തയ്യാറാക്കിയിട്ടുണ്ടാവും. രാജ്ദൂത്, രാജ്ഹംസ്, രാജ്കമൽ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. വിഐപി വൺ രാഷ്ട്രപതിയുടേതാണ്. വിഐപി 2 ഉപരാഷ്ട്രപതിയും വിഐപി 3 പ്രധാനമന്ത്രിയുമാണ് ഉപയോഗിക്കുന്നത്. ഇവർക്കായി പ്രത്യേകം വിശ്രമമുറികളും വിമാനത്തിലുണ്ട്. 3 ബോയിംഗ് വിമാനങ്ങളാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊക്കെ ഉപയോഗിക്കാറുള്ളത്.
മാത്രമല്ല പ്രധാനമന്ത്രിയുടെ യാത്രകൾക്ക് ഫൈറ്റർ ജെറ്റിന്റെ അകമ്പടിയുണ്ടാകുമെന്നും ഇല്ലെന്നുമൊക്കെ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളില്ലാത്ത മേഖലകളിൽ ഫൈറ്റർ ജെറ്റ് ആവശ്യമായി വരാറില്ല. അപകട ഘട്ടങ്ങളിൽ അതിവേഗം എത്താൻ കഴിയുന്ന രീതിയിൽ യാത്രകളിൽ സുരക്ഷാ മേൽനോട്ടമുണ്ട് താനും. മാത്രമല്ല വിദേശ രാജ്യങ്ങളിലെ സന്ദർശനം നടത്തുമ്പോള്‍ പലപ്പോഴും അവിടുത്തെ സൈന്യം ബഹുമാനാർഥം ഫൈറ്റർ ജെറ്റുകളിൽ അകമ്പടി നൽകാറുണ്ട്. എന്തായാലും ഭരണത്തലവൻമാർക്കായി ഇൻസ്റ്റന്റ് വിഐപി ഫ്ലൈറ്റുകൾക്ക് പകരം നൂതന സുരക്ഷയും അതിദൂരം പറക്കാനും ശേഷിയുള്ള വിമാനങ്ങൾ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉയർന്നു പറക്കാൻ വിമാനത്താവളങ്ങൾ
പ്രതിവർഷം 100 കോടി വിമാന സർവീസുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയും വിധം വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കും. വിമാനത്താവളങ്ങളിലെ സൗകര്യം നിലവിലുള്ളതിനേക്കാൾ അഞ്ചു മടങ്ങ് വർധിപ്പിക്കുന്നതിനുള്ള പദ്ധതി (എൻഎബിഎച്ച്– നെക്സ്റ്റ് ജെൻ എയർപോർട്സ് ഫോർ ഭാരത്) ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനു പ്രത്യേക തുക അനുവദിച്ചിട്ടില്ല. എയർപോർട്സ് അതോറിറ്റിയുടെ വരുമാനത്തിൽനിന്ന് ഇതിനുള്ള പണം കണ്ടെത്തും. അതോറിറ്റിക്കു കീഴിൽ 124 വിമാനത്താവളങ്ങളുണ്ട്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം പ്രതിവർഷം 18 ശതമാനം വർധിക്കുന്ന സാഹചര്യത്തിൽ, വ്യോമയാന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ബജറ്റ് ചൂണ്ടിക്കാട്ടി.
പറക്കട്ടെ പണമില്ലാത്തവരും
സാധാരണക്കാർക്കു വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഉഡാൻ പദ്ധതിക്കായി 1014.09 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ തവണ ഇത് 200.11 കോടിയായിരുന്നു. കടക്കെണിയിലുള്ള എയർ ഇന്ത്യയ്ക്ക് 650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ലഭ്യമാക്കും.