ആദ്യ പൈലറ്റില്ലാ ചൈനീസ് വിമാനം (ഡ്രോൺ) യാത്രക്കാരുമായി പറപറന്നു, ഇനി ദുബായിയിലേക്ക്

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ യാത്രക്കാരുമായി പറക്കുന്ന പൈലറ്റില്ലാ വിമാനത്തിന്റെ വിഡിയോ ചൈനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ഇഹാങ് പുറത്തുവിട്ടു. ലോകത്ത് ആദ്യമായാണ് പൈലറ്റില്ലാ വിമാനം മനുഷ്യരേയും വഹിച്ചുകൊണ്ട് പറക്കുന്നത്. ഇഹാങ് 184 എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ ആയിരക്കണക്കിനു പരീക്ഷണ പറക്കലുകള്‍ക്കൊടുവിലാണ് മനുഷ്യരേയും വഹിച്ച് പറന്നുയര്‍ന്നത്. 

പാസഞ്ചര്‍ സീറ്റിലിരിക്കുന്ന യാത്രക്കാരനു മുന്നിലെ സ്‌ക്രീനില്‍ പോകേണ്ട സ്ഥലം അടയാളപ്പെടുത്തേണ്ട പണിയേയുള്ളൂ. ബാക്കിയെല്ലാം ഇഹാങ് 184 നോക്കിക്കോളും. നാല് കാലുകളിലായി എട്ട് ചെറു പ്രൊപ്പല്ലറുകളാണ് പൈലറ്റില്ലാ വിമാനത്തെ നിയന്ത്രിക്കുന്നത്. ചൂടും മഴയും മഞ്ഞും ചെറിയ കാറ്റുകളും രാത്രിയുമൊന്നും ഈ പൈലറ്റില്ലാ വിമാനത്തിന് പ്രശ്‌നമല്ല. ഈ മാസം ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ തങ്ങളുടെ അഭിമാന പൈലറ്റില്ലാ വിമാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇഹാങ്‌സ്. 

പരീക്ഷണപ്പറക്കിലിനിടെ മനുഷ്യരേയും വഹിച്ചുകൊണ്ട് 300 മീറ്റർ ‍(984 അടി) വരെ ഉയരത്തില്‍ പറന്ന ഇവയ്ക്ക് 230 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഒരാളെയും രണ്ടാളെയും വഹിക്കാന്‍ ശേഷിയുള്ള രണ്ടുതരം പൈലറ്റില്ലാ വിമാനങ്ങളാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്. ഒരാളെ വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിന് പരമാവധി 15 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പറക്കാനാകും. നാല്‍പ്പതോളം യാത്രക്കാരെയും കൊണ്ട് ഇതുവരെ ഈ ഡ്രോണ്‍ പറന്നുകഴിഞ്ഞെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

മനുഷ്യരേയും കൊണ്ട് പറക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ പൈലറ്റില്ലാ വാഹനമായി കരുതുന്ന ഈ ഡ്രോണ്‍ എന്നു മുതല്‍ വിപണിയിൽ എത്തുമെന്ന് ഇഹാങ് വെളിപ്പെടുത്തിയിട്ടില്ല. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇഹാങ് 184ന് ഒരു തവണ ചാര്‍ജ് ചെയ്താല്‍ 23 മിനിറ്റുവരെ നിര്‍ത്താതെ പറക്കാനാകും. രണ്ട് പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ഡ്രോണിന് 280 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. 

പ്രൊപ്പല്ലറുകളുടെ സഹായത്തില്‍ കുത്തനെ ഉയരുകയും ഇറങ്ങുകയും ചെയ്യുന്നതിനാല്‍ ഇവയ്ക്ക് റണ്‍വേയുടെ ആവശ്യവുമില്ല. ഇനി എന്തെങ്കിലും സാഹചര്യത്തില്‍ നിയന്ത്രണം നഷ്ടമായെന്ന് തോന്നുകയാണെങ്കില്‍ റിമോട്ട് സാങ്കേതികവിദ്യയില്‍ പൈലറ്റിന് നിയന്ത്രണം ഏറ്റെടുക്കാനുള്ള സംവിധാനവും ഇഹാങ് 184 ലുണ്ട്. തങ്ങളുടെ കണ്ടെത്തല്‍ ആകാശയാത്രയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ഇഹാങ് കമ്പനി.