ഭ്രാന്തന്‍ ആശയം, ആറു എൻജിൻ, ഏറ്റവും വലിയ വിമാനം കന്നിയാത്രക്ക്, വിഡിയോ കാണാം

രണ്ട് കൂറ്റന്‍ വിമാനങ്ങള്‍ ചേര്‍ത്തുവെച്ചതു പോലുള്ള രൂപമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ സ്ട്രാറ്റോലോഞ്ചിന്. ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വലിപ്പമുണ്ട് ഈ കൂറ്റന്‍ വിമാനത്തിന്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്. 

നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്. ഇവയുടെ വിജയകരമായ പരീക്ഷണത്തിന്റെ പുതിയ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. റൺവേയിലൂടെ കുതിക്കുന്ന ഭീമൻ വിമാനത്തിന്റെ പ്രാഥമിക പരീക്ഷണങ്ങൾ വൻ വിജയമാണ്.

റോക്കറ്റുകളെ ആകാശമധ്യത്തില്‍ നിന്ന് വിക്ഷേപിക്കുകയെന്ന ഭ്രാന്തന്‍ ആശയത്തിന് പിന്നില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലനാണ്. കുറഞ്ഞ ചെലവിലും അതിവേഗത്തിലും ബഹിരാകാശ യാത്രകള്‍ സാധ്യമാക്കുകയെന്നതാണ് സ്ട്രാറ്റോലോഞ്ച് എന്ന സ്വപ്‌ന ഭീമന് പിന്നില്‍.  

ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ ഒത്ത നടുക്ക് സ്ട്രാറ്റോലോഞ്ച് നിര്‍ത്തിയിട്ടാല്‍ ഗോൾ പോസ്റ്റിന് പുറത്തേക്ക് ഇരു ചിറകുകളും 12.5 അടിയോളം നീണ്ടുനില്‍ക്കും. 24 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ ഇവക്കാകും. നേരത്തെ 2016ല്‍ പരീക്ഷണ പറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് 2019 വരെയാകാന്‍ സാധ്യതയുണ്ട്.  

കാലിഫോര്‍ണിയയിലെ മൊജാവേ എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ വെച്ച് സ്ട്രാറ്റോലോഞ്ചിന്റെ ആറ് ഇന്ധനടാങ്കുകളും പ്രവര്‍ത്തിപ്പിച്ചുള്ള പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ഓരോ ടാങ്കുകളും വെവ്വേറെയും ഒരുമിച്ചും പരീക്ഷിച്ചു. ഇന്ധനക്ഷമതയും എൻജിനുകളുടെ പ്രവര്‍ത്തനവും പരീക്ഷിക്കുന്നതിനൊപ്പം ഫ്‌ളൈറ്റ് നിയന്ത്രണ സംവിധാനത്തിന്റെ പരീക്ഷണവും എൻജിനീയര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.  

2011ല്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 300 ദശലക്ഷം ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്ന ചിലവ്. ചിറകുവിരിച്ചു നില്‍ക്കുന്ന സ്ട്രാറ്റോലോഞ്ചിന് 385 അടി വലിപ്പമുണ്ടാകും. റോക് എന്ന വിളിപ്പേരിലറിയപ്പെടുന്ന സ്ട്രാറ്റോലോഞ്ചിന് ഒരു ചരക്കും കയറ്റാതെ തന്നെ 2.26 ലക്ഷം കിലോഗ്രാം ഭാരമുണ്ട്. 28 ചക്രങ്ങളാണ് ഈ വിമാനത്തെ ഭൂമിയില്‍ ചലിപ്പിക്കാന്‍ സഹായിക്കുന്നത്.  

നിലവില്‍ ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുകളെ ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്നതിന് വലിയ തോതില്‍ ഇന്ധനവും ചിലവും ആവശ്യമാണ്. റോക്കറ്റുകളെ ആകാശത്തെത്തിച്ച് അവിടെ നിന്നും വിക്ഷേപണം നടത്തുകയാണ് സ്ട്രാറ്റോലോഞ്ച് ചെയ്യുന്നത്. പരീക്ഷണ പറക്കലിന് മുമ്പേ സ്ട്രാറ്റോലോഞ്ചിന് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചതും വാര്‍ത്തയായിരുന്നു.  

വ്യോമയാന- പ്രതിരോധ മേഖലയിലെ കമ്പനിയായ ഓര്‍ബിറ്റല്‍ എടികെയാണ് സ്ട്രാറ്റോലോഞ്ചുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ചെറിയ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കാനാണ് ഇവര്‍ സ്ട്രാറ്റോലോഞ്ചിന്റെ സഹായം തേടിയിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാവുക തുടങ്ങിയ കാരണങ്ങള്‍ സ്ട്രാറ്റോലോഞ്ചിന്റെ വിക്ഷേപണത്തെ ബാധിക്കുകയുമില്ല.