Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം? ഫോൺ ഫോട്ടോ എടുത്ത് അയക്കുമോ?

phone-location

പലരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍. അതു നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? അതു വച്ചിടത്തു നിന്ന് എടുക്കാന്‍ മറന്നതാവാം, മോഷ്ടിക്കപ്പെട്ടതാകാം, ചാടിപ്പോയതുമാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസുള്ള ഫോണുകള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ പറയാം.

ഐഒഎസ്

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഉപകരണങ്ങള്‍ക്കു ബാധകമായ കാര്യങ്ങള്‍ ആദ്യം പരിശോധിക്കാം. 

ഐ ഉപകരണത്തിലുള്ള 'ഫൈന്‍ഡ് മൈ ഐഫോണ്‍' ഓപ്ഷന്‍ മിക്കവരും എനേബിൾ ചെയ്തിടും. എപ്പോഴും ഫോണ്‍ കൊണ്ടു നടക്കുന്നവര്‍ അത് എനേബിൾ ചെയ്യുന്നതാണ് നല്ലത്. ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം:

1. കംപ്യൂട്ടറിലെ ബ്രൗസറില്‍ icloud.com/find ല്‍ കയറി സ്വന്തം ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യുക. ഇവിടെ 'ഓള്‍ ഡിവൈസസില്‍' നിന്ന് നഷ്ടപ്പെട്ട ഉപകരണം സെലക്ടു ചെയ്യുക. 

2. ഇത് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെങ്കില്‍ മാപ്പില്‍ ഡിവൈസിന്റെ ലൊക്കേഷന്‍ കാണാന്‍ സാധിക്കും. ഉപകരണം അടുത്തെവിടെയെങ്കിലുമാണെങ്കില്‍ അതില്‍ സ്വരം കേള്‍പ്പിക്കാന്‍ സാധിക്കും. അങ്ങനെ നിങ്ങള്‍ക്കു തന്നെയൊ, മറ്റാര്‍ക്കെങ്കിലുമോ ഫോണ്‍ കണ്ടെത്താം. 

3. ടേണ്‍ ഓണ്‍ ലോസ്റ്റ് മോഡ്. ലോസ്റ്റ് മോഡില്‍ ഒരു പാസ്‌കോഡ് ഉപയോഗിച്ച് റിമോട്ടായി ഉപകരണം ലോക്കു ചെയ്യാം. ഫോണിന്റെ ലോക്‌സ്‌ക്രീനില്‍ നിങ്ങളെ ഇപ്പോള്‍ കോണ്‍ടാക്ട് ചെയ്യാവുന്ന നമ്പറും ഒരു മെസേജും (ഉദാഹരണം-Please call me) കാണിക്കാം. ഒപ്പം ഫോണിന്റെ ലൊക്കേഷനില്‍ ഒരു കണ്ണുവയ്ക്കുയും ചെയ്യാം. 'ആപ്പിള്‍ പേ'യില്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് 'ലോസ്റ്റ് മോഡില്‍' സസ്‌പെന്‍ഡ് ചെയ്യാം.

4. ഫോണ്‍ നഷ്ടപ്പെട്ടെ കാര്യം നിയമപാലകരെ അറിയിക്കണം. അവര്‍ ഫോണിന്റെ സീരിയല്‍ നമ്പര്‍ ചോദിച്ചേക്കാം. അതുകൊണ്ട് സീരിയല്‍ നമ്പര്‍ കുറിച്ചു വയ്ക്കാന്‍ മറക്കേണ്ട. 

5, Erase your device. നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലെ ഡേറ്റയ്ക്ക് അത്രകണ്ടു പ്രാധാന്യമുണ്ടെങ്കില്‍, അതു മറ്റാരുടെയും കൈകളില്‍ എത്തരുതെന്നു നിര്‍ബന്ധമുണ്ടെങ്കില്‍, ഡേറ്റ പൂര്‍ണ്ണമായും റിമോട്ടായി ഇറെയ്‌സ് ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ എല്ലാ വിവരങ്ങളും നശിക്കും. 'ആപ്പിള്‍ പേ'യ്ക്കു വേണ്ടി ചേര്‍ത്ത ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നശിക്കും. പക്ഷേ, ഫോണ്‍ ഇറെയ്‌സു ചെയ്തു കഴിഞ്ഞാല്‍ പിന്നെ 'ഫൈന്‍ഡ് മൈ ഐഫോണും' വര്‍ക്കു ചെയ്യില്ല. അതായത് പിന്നെ ഫോണിനെ ട്രാക്കു ചെയ്യാനാവില്ല. അതുപോലെ, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഈ ഉപകരണത്തെ നീക്കം (remove) ചെയ്തു കഴിഞ്ഞാല്‍ ആക്ടിവേഷന്‍ ലോക്കും പോകും. അതോടെ ഫോണ്‍ കിട്ടുന്നയാള്‍ക്ക് ഇഷ്ടം പോലെ ഉപയോഗിക്കാന്‍ പറ്റും. 

6. ഫോണ്‍ നഷ്ടപ്പെട്ടകാര്യം മൊബൈല്‍ സര്‍വീസ് പ്രൊവൈഡറേയും അറിയിക്കുക. 

'ഫാമിലി ഷെയറിങ്' ഓപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലുള്ള മറ്റുള്ളവര്‍ക്കും നഷ്ടപ്പെട്ട ഉപകരണം കണ്ടെത്താന്‍ സഹായിക്കാന്‍ പറ്റും. ഇങ്ങനെയുള്ള മെമ്പര്‍മാര്‍ക്ക് സ്വന്തം ആപ്പിള്‍ ഐഡി ഉപയോഗിച്ച് മുകളില്‍ വിവരിച്ചതു പോലെ ഐക്ലൗഡില്‍ സൈന്‍ ഇന്‍ ചെയ്യുകയും ഡിവൈസ് ട്രാക്കു ചെയ്യുകയും ചെയ്യാം. 

ഓഫ്‌ലൈനാണെങ്കിലോ?

എങ്കിലും നിങ്ങള്‍ക്ക് മുകളില്‍ വിവരിച്ച ലോസ്റ്റ് മോഡ്, ലോക് ഇറ്റ്, ഇറെയ്‌സ് ഇറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യാം. ഉപകരണം എപ്പോള്‍ ഓണ്‍ലൈനാകുന്നൊ, അപ്പോള്‍ നിങ്ങളെടുത്ത നടപടി പ്രാവര്‍ത്തികമാകും. 

ഉപകരണം തിരിച്ചു കിട്ടിക്കഴിഞ്ഞാല്‍ എങ്ങനെ ലോസ്റ്റ് മോഡ് ക്യാന്‍സല്‍ ചെയ്യാം?

നിങ്ങള്‍ സെറ്റു ചെയത് പാസ്‌കോഡ് ഉപകരണത്തില്‍ അടിച്ചു കൊടുത്താല്‍ മതി. ഐക്ലൗഡിലൂടെയും ഡിസേബിൾ ചെയ്യാം. ഫൈന്‍ഡ് മൈ ഐഫോണ്‍ ആപ്പിലൂടെയും ഇതു ചെയ്യാം.

ഫൈന്‍ഡ് മൈ ഐഫോണ്‍ എനേബിൾ ചെയ്തിട്ടില്ലാ എങ്കില്‍ കാണാതായ ഉപകരണം ലൊക്കേറ്റു ചെയ്യാനാവില്ല. എങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ ഡേറ്റ സംരക്ഷിക്കാനായി ചെയ്യാം:

1. ആപ്പിള്‍ ഐഡി പാസ്‌വെഡ് മാറ്റുക. അതുവഴി ഫോണ്‍ കിട്ടിയ ആള്‍ നിങ്ങളുടെ ഐക്ലൗഡ് ഡേറ്റ അക്‌സസു ചെയ്യുന്നത് ഒഴിവാക്കാം. അതോടൊപ്പം, ഐമെസേജ്, ഐട്യൂണ്‍സ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുന്നതും തടയാം.

2. ഉപകരണത്തിലുള്ള മറ്റ് അക്കൗണ്ടുകളുടെ പാസ്‌വേഡും മാറ്റുക. (ഉദാഹരണം-ഹോട്‌മെയ്ല്‍, ഫെയ്‌സ്ബുക്, ട്വിറ്റര്‍)

3. നിയമപാലകരെ അറിയിക്കുക.

4. സര്‍വീസ് പ്രൊവൈഡറെ അറിയിക്കുക.

ഓര്‍മിക്കുക-ഫൈന്‍ഡ് മൈ ഐഫോണ്‍ എനേബിൾ ചെയ്താല്‍ മാത്രമെ ഉപകരണത്തെ ട്രാക്കു ചെയ്യാനാകൂ.

ആന്‍ഡ്രോയിഡ്

മേല്‍ വിവരിച്ച നടപടികളോടു സമാനമാണ് ആന്‍ഡ്രോയിഡിന്റെയും കാര്യം. അധികാരികളെ അറിയിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ആന്‍ഡ്രോയിഡിൽ ഗൂഗിളിന്റെ സ്വന്തം ഫൈന്‍ഡ് മൈ ഡിവൈസ് സര്‍വീസ് ഉപയോഗിക്കുക എന്നതാണ് എളുപ്പം. ഇതു കൂടാതെ മറ്റു പല ആപ്പുകളും ഗൂഗിള്‍ പ്ലെയില്‍ ലഭ്യമാണ്. ചില ഫോണ്‍ നിര്‍മാതാക്കളും അവരുടെ വക ഫോണ്‍ കണ്ടെത്തല്‍ ആപ്പുകള്‍ നിര്‍മിക്കുന്നു. (ഉദാ. സാംസങ്-ഫൈന്‍ഡ് മൈ മൊബൈല്‍) ഗൂഗിള്‍ ഐഡി വച്ച് സൈന്‍ ഇന്‍ ചെയ്യുകയും ഫൈന്‍ഡ് മൈ ഡിവൈസ് ഓണാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഗൂഗിള്‍ പ്ലെ സര്‍വീസസിലേക്കു ലോഗ് ഇന്‍ ചെയ്യുക. (ഇത് കംപ്യൂട്ടര്‍ ബ്രൗസറിലൂടെ ചെയ്യാം-google.com/android/find. അല്ലെങ്കില്‍ ഗൂഗിളിലേക്ക് സൈന്‍ ഇന്‍ ചെയ്ത ശേഷം സെര്‍ച് ബാറില്‍ 'where's my phone?' എന്നു സെര്‍ച് ചെയ്താലും മതിയാകും.) ആന്‍ഡ്രോയഡ് 2.3യ്ക്കു മുകളില്‍ ഉള്ള ഉപകരണങ്ങളെല്ലാം ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഐഫോണിന്റെ കാര്യത്തിലെന്ന പോലെ മാപ്പില്‍ ഫോണിനെ കാണിച്ചു തരും. മാപ്പില്‍ കാണിക്കുന്ന ലോക്കേഷന്‍ ഫോണ്‍ അവസാനം ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത സമയത്തെ ലൊക്കേഷനാണ് എന്ന് ഓര്‍ത്തിരിക്കണം.

ആഡ്രോയിഡിലും ഫോണിന്റെ മണിയടിപ്പിക്കാം. സൈലന്റ് മോഡിലാണെങ്കില്‍ പോലും മണിയടിക്കും. അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ മണിയടിക്കുമ്പോള്‍ കണ്ടെത്താം. അഞ്ചു മിനിറ്റു നേരത്തേക്കു മണിയടിക്കും. 

Android-location

ഐഫോണിന്റെ കാര്യത്തിലെന്ന പോലെ, ആന്‍ഡ്രോയിഡ് ഫോണിലെ ഡേറ്റയും റിമോട്ടായി ഡിലീറ്റു ചെയ്യാം. ഈ ഡേറ്റ ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കു പോലും ഒരിക്കലും തിരിച്ചെടുക്കാനാവില്ല. റിമോട്ടായി ലോക്കു ചെയ്യുകയും, കോണ്‍ടാക്ട് നമ്പറും മെസെജും നഷ്ടപ്പെട്ട ഫോണില്‍ കാണിക്കുകയും ചെയ്യാം. 

മറ്റൊരു ആപ്പിനെ കൂടെ പരിചയപ്പെടാം. Cerberus എന്ന ആപ്പ് ഒരാഴ്ചത്തേക്കു ഫ്രീ ആയി ഉപയോഗിക്കാമെങ്കിലും ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കണമെങ്കില്‍ 4.99 ഡോളര്‍ വരിസംഖ്യ കെട്ടണം. മേല്‍ വിവരിച്ച രീതിയില്‍ മാപ്പില്‍ കാണിച്ചു തരികയും, റിങ് ചെയ്യിക്കലും കൂടാതെ റിമോട്ടായി നഷ്ടപ്പെട്ട ഫോണിന്റെ ക്യാമറയുപയോഗിച്ച് ഫോട്ടോ എടുക്കാനും സ്‌ക്രീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും കഴിയും. അങ്ങനെ ഫോണ്‍ എവിടെയാണെന്നും, ആരാണ് ഉപോഗിക്കുന്നതെന്നും കണ്ടുപിടിക്കാന്‍ പറ്റിയേക്കും. ഫോണ്‍ കിട്ടിയിരിക്കുന്നയാള്‍ക്ക് എപ്പോഴും ഒരു മെസെജ് കാണിച്ചു കൊണ്ടിരിക്കാനും ആപ്പിനു സാധിക്കും.

Prey Find my Phone Tracker GPS അല്ലെങ്കില്‍ Prey Anti-Theft ആപ്പിനും മുകളില്‍ വിവരിച്ച Cerberusനു ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയും. കൂടാതെ, ഈ ആപ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. അതിലേറെയായി ഒരാള്‍ക്ക് മൂന്ന് ഉപകരണങ്ങളില്‍ വരെ ഇത് ഫ്രീ ആയി ഉപയോഗിക്കുകയും ചെയ്യാം! എന്നാല്‍ 5 ഡോളര്‍ മാസം കൊടുക്കുന്ന പെയ്ഡ് സര്‍വീസ് ഉപയോഗിക്കുകയാണെങ്കില്‍ ഫോണ്‍ ഒരു ലൊക്കേഷനില്‍ നിന്ന് മാറുന്ന കാര്യം ഉടമയെ അറിയിച്ചു കൊണ്ടിരിക്കും. 

ഫോണ്‍ കളഞ്ഞു കിട്ടിയാല്‍?

അതു തിരിച്ചു കൊടുക്കാനുള്ള വഴി ആലോചിക്കുക. ഇന്ന് ഫോണുകള്‍ സൈബര്‍ സെല്ലിനും മറ്റും ട്രാക്കു ചെയ്യാനാകും. അതു കൊണ്ട് അതു തിരിച്ചു കൊടുക്കുക. ഉടമയുടെ മുഖത്തെ സന്തോഷം മതിയാകും നങ്ങള്‍ക്കു പ്രതിഫലമായി.