Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിശബ്ദ യുദ്ധം’: രണ്ടു വർഷത്തിനിടെ ഇന്ത്യയെ ആക്രമിച്ചത് 33,351 തവണ, ബാങ്കുകൾക്കും ഭീഷണി

cyber-crime-representational-image

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് സാങ്കേതിക മേഖലയിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന ഇന്ത്യ പുറത്തുനിന്ന് നിരവധി ആക്രമണങ്ങളാണ് നേരിടുന്നത് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യത്ത് 33,531 സൈബർ ആക്രമണങ്ങൾ നടന്നെന്ന് രാജ്യസഭയിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിറാണ് ഇക്കാര്യം അറിയിച്ചത്.

സൈബർ ആക്രമണങ്ങളെയും സൈബർ കേസുകളെയും നേരിടാൻ രാജ്യത്ത് 27,500 പൊലീസുകാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡേറ്റ പ്രകാരം 2014 ൽ 9622, 2015 ൽ 11,592, 2016 ൽ 12317 സൈബർ ക്രൈമുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകത്തെ നടുക്കിയ റാൻസംവെയർ സൈബർ ആക്രമണത്തിനു ശേഷം രാജ്യത്തെ നെറ്റ്‌വർക്കുകളുടെ സുരക്ഷ ശക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ വിഭാഗമായ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ നിർദേശങ്ങൾ പാലിക്കാനുള്ള നിർദേശമാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓൺലൈൻ ബാങ്കിങ് സർവീസുകൾക്ക് നൽകിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ, യുഐഡിഎഐ (ആധാർ) എന്നീ സ്ഥാപനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കേന്ദ്ര പവർ ഗ്രിഡ് ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണത്തെ നേരിടാൻ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇന്ത്യയിലെ രണ്ടരലക്ഷം എടിഎമ്മുകളിൽ 60 ശതമാനത്തോളം ഉപയോഗിക്കുന്നതു കാലഹരണപ്പെട്ട വിൻഡോസ് സോഫ്റ്റ്‌വെയറാണ്. പൂർണമായും ഔട്സോഴ്സ് ചെയ്തിരിക്കുന്ന എടിഎമ്മുകളിലെ കംപ്യൂട്ടറുകളിൽ അപകടസാധ്യത കൂടുതലാണ്. വിൻഡോസ് എക്സ്പിയുടെ സുരക്ഷാപിന്തുണ കഴിഞ്ഞവർഷം പിൻവലിച്ച മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.