കോഴിക്കോട്∙ ഊർജോൽപാദനത്തിലും മാതൃകയായി ചൂലൂർ എംവിആർ കാൻസർ സെന്റർ. ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റാണ് ക്യാംപസിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. ആശുപത്രി കെട്ടിടങ്ങളുടെയും പാർക്കിങ് ഷെഡിന്റെയും മേൽക്കൂരകളിലായി സ്ഥാപിച്ച സോളർ പാനലുകളിൽനിന്ന് ദിനവും 4500 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. മൊത്തം 75,500 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥാപിച്ചിരിക്കുന്ന 3442 പാനലുകളിൽനിന്നുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കും നൽകുന്നുണ്ട്. പകൽസമയത്ത് ആശുപത്രിക്ക് ആവശ്യമായി വരുന്നത് 7000 യൂണിറ്റാണ്. 4500 യൂണിറ്റ് സോളർ പ്ലാന്റിൽനിന്നു ലഭിക്കുന്നതോടെ പ്രതിമാസ വൈദ്യുതി ബില്ലിൽ ഏകദേശം 4.5 ലക്ഷം രൂപ കുറവുവരുമെന്നാണു കണക്കുകൂട്ടുന്നതെന്ന് എംവിആർ ചീഫ് എൻജിനീയർ എം.കെ. വൽസരാജ് അറിയിച്ചു.
പാനലുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഡിസിയെ എസിയാക്കാനായി 60 കെവിഎയുടെ 16 ഇൻവർട്ടറുകളുമുണ്ട്. ഒരുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ പ്ലാന്റിനു മൊത്തം ചെലവ് 7.8 കോടി രൂപയാണ്. വൈദ്യുതി ബില്ലിൽവരുന്ന കുറവു പരിഗണിക്കുമ്പോൾ ആറുവർഷംകൊണ്ട് നിർമാണച്ചെലവ് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലേഷ്യയിലെ ജിങ്കോ, ജർമനിയിലെ സോളർ വേൾഡ് എന്നീ കമ്പനികളുടെ പോളിക്രിസ്റ്റലൈൻ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയുടെ റേഡിയോളജി ബ്ലോക്കിന്റെ ടെറസിലും കാർ പാർക്കിങ് ഷെഡിന്റെ മേൽക്കൂരയിലുമായാണ് പാനലുകൾ. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂപ്പൻസ് ഗ്രൂപ് എനർജി സൊല്യൂഷൻസായിരുന്നു കരാറുകാർ.
സ്ഥാപനത്തിന്റെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 80ശതമാനം മാത്രമേ സോളർ പ്ലാന്റിൽ ഉൽപാദിപ്പിക്കാവൂ എന്ന കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. രാത്രി സമയം പൂർണമായും കെഎസ്ഇബിയെ ആശ്രയിക്കുന്നതു തുടരുകയും ചെയ്യും.
ഇതുകൂടാതെ പ്രത്യേകം സോളർ പാനലുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 15,000 ലീറ്റർ വാട്ടർഹീറ്ററുമുണ്ട്.
കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റിവ് ബാങ്കിന്റെ സംരംഭമായ കെയർ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി കഴിഞ്ഞവർഷമാണു പ്രവർത്തനം തുടങ്ങിയത്.
സൗരോർജത്തോടൊപ്പം ജലസംരക്ഷണവും
സോളർ പാനലുകളിൽ വീഴുന്ന മഴവെള്ളം ശേഖരിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളം റെയ്ൻ ഗട്ടറിലൂടെ പൈപ്പുകൾ വഴി കന്റീനു സമീപത്തുള്ള വലിയ കുളത്തിലേക്കാണെത്തുന്നത്. ഇതുകൂടാതെ മൊത്തം 25 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാനായി രണ്ടുപുതിയ കുളങ്ങളും നിർമാണത്തിലാണ്. ജൈവമാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റും ക്യാംപസിൽ പ്രവർത്തിക്കുന്നുണ്ട്.