ജിയോ ‘ഫ്രീ സൂനാമി’ ഐഡിയക്ക് പാരയായി , നഷ്ടം 4139.9 കോടി, കടം 52,330 കോടി

രാജ്യത്തെ ടെലികോം വിപണി ഒന്നടങ്കം വൻ പ്രതിസന്ധിയിലാണെന്ന് കൂടുതൽ വ്യക്തമാക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ആദ്യം എയർടെലും പിന്നീട് ജിയോയും ഐഡിയയും നാലാം പാദ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ രക്ഷപ്പെട്ടത് മുകേഷ് അംബാനി മാത്രമാണ്. ഇതിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത് ഐഡിയ തന്നെയാണ്.

കൃത്യം 2002 ലാണ് ഐഡിയ എന്ന ബ്രാൻഡ് വരുന്നത്. എന്നാൽ ആദ്യത്യ ബിർല ഗ്രൂപ്പിന്റെ കീഴിൽ ഐഡിയ സെല്ലുലാർ ലിമിറ്റഡ് സ്ഥാപിക്കുന്നത് 1995ലാണ്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഡിയ ടെലികോം വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കി കേരളം ഉൾപ്പടെയുള്ള സര്‍ക്കിളുകൾ പിടിച്ചടക്കി. കേരളത്തിൽ ഇപ്പോഴും ഐഡിയ തന്നെയാണ് മുന്നിൽ. കേരളത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞെങ്കിലും വരിക്കാരെ പിടിച്ചുനിർത്താൻ ഐഡിയക്ക് സാധിച്ചു.

എന്നാൽ 16 വർഷങ്ങൾക്ക് ശേഷം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ടെലികോം വിപണിയിൽ എത്തിയതോടെ എല്ലാം നഷ്ടത്തിലായി, അല്ലെങ്കിൽ കിട്ടിയിരുന്ന ലാഭം കുത്തനെ ഇടിഞ്ഞു. ഐഡിയ 16 വർഷം കൊണ്ട് നേടിയത് ജിയോ 16 മാസം കൊണ്ട് സ്വന്തമാക്കി ചരിത്രം കുറിച്ചത് വൻ ചർച്ചയായി. ഫ്രീയും ക്യാഷ്ബാക്ക് ഓഫറുകളും ജിയോ പതിവാക്കിയപ്പോൾ ടെലികോം വിപണി ഒന്നടങ്കം തകർന്നു. 

നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ രക്ഷപ്പെട്ടത് റിലയൻസ് ജിയോ മാത്രം. എയർടെലും ഐഡിയയും വൻ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. ജിയോ വന്നതിന് ശേഷം തുടർച്ചയായ ആറു പാദങ്ങളിലും ഐഡിയക്ക് നഷ്ടം തന്നെയാണ്. വരുമാനം കുത്തനെ കുറഞ്ഞതോടെ ലാഭവും കുറഞ്ഞു. 

കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം അറ്റനഷ്ടം കുത്തനെ കൂടി. മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഐഡിയയുടെ അറ്റനഷ്ടം 930.6 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിൽ ഇത് 1285.6 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം നഷ്ടം 4139.9 കോടി രൂപയാണ്. മുൻവർഷമിത് കേവലം 404 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 20.5 ശതമാനം കുറഞ്ഞ് 28,2780.9 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 35575.7 കോടി രൂപയായിരുന്നു. വരിക്കാരിൽ നിന്നുള്ള മാസത്തിലെ ശരാശരി വരുമാനം 105 രൂപയാണ്. നേരത്തെ എആർപിയു 114 രൂപയായിരുന്നു. ജിയോയുടെ ആളോഹരി വരുമാനം 137.1 രൂപയും എയർടെല്ലിന്റേത് 116 രൂപയുമാണ്.

നാലാം പാദത്തിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ കടം 52,330 കോടിയാണ്. ട്രായിയുടെ പുതിയ പരിഷ്കാരങ്ങളാണ് ഐഡിയയുടെ വൻ തകർച്ചക്ക് കാരണമായത്. ഇന്റർകണക്‌ഷൻ നിരക്ക് 14 പൈസയിൽ നിന്ന് 6 പൈസയായി ചുരുക്കി. ഇതിനുപുറമെ വിദേശ കോളിനുള്ള നിരക്കും കുറച്ചു. മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ഐഡിയയുടെ വരിക്കാർ 20.77 കോടിയാണ്.