ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇകൊമേഴ്‌സ് ഏറ്റെടുക്കലിലൂടെയാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് സ്വന്തമാകും. ഇടപാടുകൾ പൂർത്തിയാകുന്നതോടെ 2080 കോടി ഡോളർ (ഏകദേശം 1.4 ലക്ഷം കോടി) മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. ആരംഭിച്ച് 11 വര്‍ഷത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ട് നേടിയത്.
ആമസോണില്‍ പണിയെടുത്തിരുന്ന ഇന്ത്യക്കാരായ സച്ചിന്‍ ബന്‍സാലിന്റെയും ബിന്നി ബന്‍സാലിന്റെയും തലയിലുദിച്ചതാണ് ഇന്ത്യക്കാര്‍ക്കൊരു ഇ–കൊമേഴ്‌സ് വെബ്‌സൈറ്റ് എന്ന ആശയം. ഐഐടി ബിരുദദാരികളായ ഇവര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ആമസോണില്‍ നിന്നും രാജിവെക്കുകയായിരുന്നു. 2007ലാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്.
രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍ ആരംഭിച്ച ആദ്യ ഓഫീസില്‍ നിന്നും ഒരു പതിറ്റാണ്ടിനുള്ളില്‍ 8.3 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഓഫീസിലേക്കെത്തിയിരിക്കുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വളര്‍ച്ച. ബംഗളൂരുവിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വാള്‍മാര്‍ട്ടിന്റെ വാഗ്ദാനമാണ് അവര്‍ സ്വീകരിച്ചത്. ഫ്ലിപ്കാര്‍ട്ടിന് പിന്നിലെ ചില വസ്തുതകള്‍.
∙ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഛത്തീസ്ഗഡില്‍ നിന്നുള്ളവരാണെങ്കിലും, അവരുടെ പേരുകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കിലും അവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഐഐടി ഡല്‍ഹിയില്‍ നിന്നും വ്യത്യസ്ഥ ബാച്ചുകളിലായാണ് ഇവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആമസോണില്‍ വെച്ചായിരുന്നു ഇവര്‍ സുഹൃത്തുക്കളായത്. ഇവരുടെ സൗഹൃദം പിന്നീട് ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയായ ഫ്ലിപ്കാര്‍ട്ടിന്റെ പിറവിക്ക് കാരണമായി.
∙ ബെംഗളൂരുവിലെ കോറമന്‍ഗല മേഖലയിലെ ഒരു 2 ബെഡ്‌റൂം ഫ്ളാറ്റിലായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം. ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറായാണ് ഫ്ലിപ്കാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ലളിതമായ രീതിയിലായിരുന്നു പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇ–കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം.
∙ ആദ്യമായി ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുടങ്ങുന്നത് 2008ല്‍ ബെംഗളൂരുവിലാണ്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുറന്നു. കഴിഞ്ഞ മാസമാണ് 8.3 ലക്ഷം ചതുരശ്ര അടിയുടെ ആസ്ഥാനമന്ദിരം ഫ്ലിപ്കാര്‍ട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്.
∙ ആദ്യത്തെ ഒൻപത് വര്‍ഷക്കാലം ഫ്ലിപ്കാര്‍ട്ടിന്റെ സിഇഒ സച്ചിനായിരുന്നു. 2016ല്‍ സച്ചിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായതോടെ ബിന്നി സിഇഒ ആയി.
∙ തങ്ങളുടെ എതിരാളികളായിരുന്ന മിന്ദ്രയെ 2014ല്‍ 300 മില്യണ്‍ ഡോളര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. മറ്റൊരു ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലനറായ ജബോങിനെ 70 മില്യണ്‍ ഡോളറിന് 2016ലാണ് ഫ്ലിപ്കാര്‍ട്ട് വാങ്ങിയത്.
∙ 2017ല്‍ ഇബേയെ കൂടി 500 മില്യണ്‍ ഡോളറിന് ഫ്ളിപ്കാര്‍ട്ട് വാങ്ങി.
∙ ജപ്പാനിലെ സോഫ്റ്റ്ബാങ്കാണ് ഫ്ളിപ്കാര്‍ട്ടിലെ ഏറ്റവും വലിയ നിക്ഷേപകന്‍. 23-24 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് മാധ്യമ കമ്പനിയായ നാസ്‌പേഴ്‌സിന് ഫ്ളിപ്കാര്‍ട്ടില്‍ 13 ശതമാനം ഓഹരിയുണ്ട്. അമേരിക്കന്‍ കമ്പനികളായ ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍, ആസല്‍ പാട്‌ണേഴ്‌സ് ചൈനീസ് കമ്പനിയായ ടെസെന്റ് ഹോള്‍ഡിങ്‌സ്, മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എന്നിവരാണ് ഫ്ലിപ്കാര്‍ട്ടിലെ മറ്റു പ്രധാന നിക്ഷേപകര്‍.