Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ–കൊമേഴ്സ് ഓഫറുകൾക്ക് തടയിട്ട് സർക്കാർ, ഫെബ്രുവരി ഒന്നിന് പുതിയ നിയമം

flipkart-amzaon-snapdeal

രാജ്യത്തെ ഇ–കൊമേഴ്സ് മേഖലയുടെ മുഖ്യ ആകർഷണമായ ഓഫറുകളുടെ പെരുമഴയ്ക്കു കടിഞ്ഞാണിടാൻ പുതിയ വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഓൺലൈൻ വിപണന രംഗത്തെ ഭീമൻമാരായ ഫ്ലിപ്കാർട്ടിനെയും ആമസോണിനെയും സാരമായി ബാധിക്കുന്ന വ്യവസ്ഥകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ഇ–കൊമേഴ്സ് വിപണന രംഗത്തുള്ള സ്ഥാപനങ്ങൾക്കു ഏതെങ്കിലും തരത്തിലുള്ള ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ബന്ധപ്പെട്ട ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽപ്പന നടത്തരുതെന്നതാണ് പരിഷ്കരിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ.

ക്ലൗഡ്ടെയിൽ, അപ്പാരിയോ തുടങ്ങി പല തരത്തിലുള്ള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഈ വ്യവസ്ഥ. ഇത്തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഇനി മുതൽ ആമസോണിലൂടെ വിൽപ്പന നടത്താനാകില്ല. 2019 ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

ഉൽപാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളും പുതിയ നിയമം വിലക്കുന്നുണ്ട്. ഫ്ലിപ്കാർ‌ട്ട്, ആമസോൺ തുടങ്ങി വമ്പൻമാര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് ഈ പരിഷ്കാരം, ഷവോമി, ഒപ്പോ തുടങ്ങിയ സ്മാർട് ഫോൺ നിര്‍മാതാക്കളുമായി സഹകരിച്ച് ഉപയോക്താക്കൾക്കായി വിവിധ തരത്തിലുള്ള എക്സ്ക്ലൂസീവ് ഇടപാടുകൾ ഫ്ലിപ്കാർട്ട് മുന്നോട്ടുവയ്ക്കാറുണ്ട്. ഇത്തരം പ്രത്യേക ഇളവുകൾ ഇനിമുതൽ ഉപഭോക്താക്കളിലേക്കു എത്തിക്കാനാകില്ല. രാജ്യത്തു ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന ആകെ വിൽപ്പനയുടെ 50 ശതമാനവും സ്മാർട് ഫോണുകളാണെന്ന വസ്തുത പരിശോധിച്ചാൽ പുതിയ ചട്ടം മേഖലക്കു സമ്മാനിക്കുന്ന ആഘാതം വിലയിരുത്താനാകും. പുതിയ ഫോണുകൾ ഉൾപ്പെടെ പ്രത്യേക വിലക്കുറവോടു കൂടി അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ ഇ–കൊമേഴ്സ് സൈറ്റുകൾ ആകർഷിച്ചിരുന്നത്.

വൻകിട ഇ–കൊമേഴ്സ് വിൽപ്പനക്കാർ നൽകുന്ന വൻ തോതിലുള്ള ഇളവുകൾക്കെതിരെ പരമ്പരാഗത ചില്ലറ വ്യാപാര മേഖലയിലുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ആലിബാബ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികൾ പുലർത്തുന്ന അനാരോഗ്യകരമായ വിൽപ്പന തന്ത്രം ചില്ലറ വിൽപ്പന മേഖലയുടെ അടിത്തറ ഇളക്കുന്നതാണെന്നതായിരുന്നു ഇവരുടെ പരാതി. ഇതു കണക്കിലെടുത്താണ് ഇ–കൊമേഴ്സ് നിയമങ്ങളിൽ സമൂലമായ മാറ്റത്തിനു കേന്ദ്രം ഒരുങ്ങിയത്. പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയുടെ വിശ്വസ്ത വോട്ടുബാങ്കായി പരിഗണിക്കപ്പെടുന്ന ചില്ലറ വ്യാപാരികളെ പിണക്കിയാലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകളും ഇത്തരമൊരു തീരുമാനത്തിലേക്കു സർക്കാരിനെ നയിക്കാൻ കാരണമായതായി അനുമാനിക്കാം. ജിഎസ്ടിയുടെ പേരിൽ പിണങ്ങി നിൽ‌ക്കുന്ന ചില്ലറ വ്യാപാരികളെ കൂടുതൽ വ്രണപ്പെടുത്തുന്നത് തുടർഭരണമെന്ന ബിജെപി സ്വപ്നത്തിന് കനത്ത ആഘാതകമാകും.

ഉൽപ്പാദകർക്കും വിൽപ്പനക്കാർക്കും തുല്യപരിഗണന നൽകണമെന്ന അടിസ്ഥാന തത്വം തന്നെ ലംഘിക്കപ്പെടുന്ന തരത്തിലാണ് വൻകിട ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നതെന്നാണ് വാണിജ്യ– വ്യവസായ മന്ത്രാലയത്തോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മ. വിപണിയുടെ തന്നെ താളം തെറ്റിക്കുന്ന അശാസ്ത്രീയവും അന്യായവുമായ ഇളവുകളുടെ പെരുമഴക്കാലത്തിന് തടയിടുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ സൈറ്റുകളിലെ വിൽപ്പനയുടെ 25 ശതമാനം മാത്രമേ വൻകിട വിൽപ്പനക്കാരുടെ സംഭാവനയായി വരാൻ പാടുള്ളൂവെന്ന നിയമമുണ്ടെങ്കിലും വന്‍കിടക്കാരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങാൻ ചെറുകിട വ്യാപാരികളെ നിർബന്ധിച്ച് അവരുടെ പേരിൽ ഉൽപ്പന്നങ്ങൾ അണിനിരത്തിയാണ് ഇ–കൊമേഴ്സ് ഭീമൻമാർ ഈ നിയമ വ്യവസ്ഥയെ മറികടന്നുവരുന്നത്. ഇതിനും തടയിടുന്നതാണ് പുതിയ നിയമവ്യവസ്ഥ.

പുതിയ നയം സംബന്ധിച്ച പ്രഖ്യാപനത്തോട് ആശങ്കയോടെയാണ് ഇ–കൊമേഴ്സ് രംഗത്തെ അതികായൻമാർ പ്രതികരിച്ചിട്ടുള്ളത്. പരസ്യമായ പ്രതികരണത്തിന് ആമസോണോ ഫ്ലിപ്കാർട്ടോ തയാറായിട്ടില്ലെങ്കിലും തങ്ങളോടു കൂടിയാലോചന നടത്താതെയാണ് ഇത്തരമൊരു നിർണായകമായ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്ന പരിഭവം അനൗദ്യോഗികമായി ഇവർ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഏതുരീതിയിലാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാതെയുള്ള പ്രഖ്യാപനമാണിതെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പരാതി. ഏതായാലും പുതിയ വ്യവസ്ഥകൾക്കനുസരിച്ചു ഉപയോക്താക്കളെ ഏതുരീതിയിൽ ആകർഷിക്കാമെന്നതാകും ഇ–കൊമേഴ്സ് ഭീമൻമാരുടെ ഇനിയുള്ള ശ്രദ്ധ.

related stories