ജിയോ ‘മാജിക് ഓഫർ’ൽ എയർടെൽ മുങ്ങി, ഒരുദിവസ നഷ്ടം 12,000 കോടി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ഓരോ പ്രഖ്യാപനവും മറ്റു ടെലികോം കമ്പനികൾക്ക് ഇടിത്തീ പോലെയാണ്. 199 രൂപയുടെ ഏറ്റവും കുറഞ്ഞ പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചപ്പോൾ ശരിക്കും തളര്‍ന്നത് എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളാണ്. വര്‍ഷങ്ങളായി പോസ്റ്റ് പെയ്ഡ് വരിക്കാരിൽ നിന്ന് നല്ലൊരു വരുമാനം ലഭിച്ചിരുന്നു. ജിയോയുടെ പുതിയ പ്രഖ്യാപനം വന്നതോടെ ഇതിനും തീരുമാനമാകുമെന്ന് വിപണി നിരീക്ഷകർ പ്രവചിച്ചതോടെ ജിയോ ഒഴികെയുള്ള കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

ജിയോ പോസ്റ്റ്പെയ്ഡ് വരുന്നുവെന്നും ഇതായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ പ്രധാന ടെലികോം വാർത്തയെന്നും പ്രചരിക്കാൻ തുടങ്ങിയതോടെ ഓഹരി വിപണിയിൽ മറ്റു കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഐഡിയ, വൊഡാഫോൺ, എയർടെൽ  ഓഹരികൾ കുത്തനെ ഇടിഞ്ഞു. ആഗോള നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ജെഫ്റീസ് കൂടി ഇക്കാര്യം സൂചിപ്പിച്ചതോടെ എയർടെൽ ഓഹരികൾ വൻ നഷ്ടത്തിലായി.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാർതി എയർടെല്ലിന് കഴിഞ്ഞ ദിവസം വിപണിയിൽ നിന്ന് നഷ്ടമായത് 12,372 കോടി രൂപയാണ്. വിപണി ക്ലോസ് ചെയ്യുമ്പോൾ എയർടെൽ ഓഹരികൾ 7.53 ശതമാനം ഇടിഞ്ഞ് 381.2 രൂപയിലെത്തി. അതേസമയം, ഐഡിയയുടെ ഓഹരികൾ 12.85 ശതമാനം ഇടിഞ്ഞ് 50.85 രൂപയിലെത്തി. എട്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. വ്യാഴാഴ്ച ക്ലോസ് ചെയ്യുമ്പോൾ എയർടെൽ ഓഹരി വില 412.25 രൂപ ആയിരുന്നെങ്കിൽ വെള്ളിയാഴ്ച ഇത് 381.2 രൂപയിലേക്ക് താഴ്ന്നു.

മേയ് 15 മുതൽ 199 രൂപ പോസ്റ്റ് പെയ്ഡ് പ്ലാനിൽ സൗജന്യ കോളുകളും 25 ജിബി ഫ്രീ ഡേറ്റയും നൽകുമെന്നാണ് ജിയോ പ്രഖ്യാപിച്ചത്. കേവലം മിനിറ്റിന് 50 പൈസ നിരക്കിൽ ഐഎസ്ഡി കോളിങ് സൗകര്യവും ഈ പ്ലാനിൽ നൽകും. എയർടെല്ലിനും ഐഡിയയ്ക്കും വൊഡാഫോണിനും ആകെ ഉപയോക്താക്കളിൽ ഏഴു ശതമാനം വരെ മാത്രമാണ് പോസ്റ്റ്–പെയ്ഡ് ഉപയോക്താക്കൾ. ഈ ഉപഭോക്താക്കൾ കൂടി ജിയോയിലേക്ക് പോയാൽ വൻ നഷ്ടം നേരിടും. എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളുടെയും വരുമാനത്തിൽ 20 ശതമാനവും വരുന്നത് പോസ്റ്റ്–പെയ്ഡ് വഴിയാണ്.