രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ കൂടുതൽ ഓഫറുകളുമായി രംഗത്ത്. രാജ്യാന്തര വിപണിയിലും ശക്തമായ മുന്നേറ്റം ലക്ഷ്യമിട്ട് ജിയോ കൂടുതൽ ഓഫറുകൾ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ സന്ദര്‍ശനം നടത്തുന്നവർക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും പ്ലാനുകളുമാണ് ജിയോ അവതരിപ്പിച്ചത്.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള രാജ്യാന്തര റോമിങ് നിരക്കുകളും ജിയോ പുറത്തുവിട്ടു. ഡേറ്റ, കോൾ, എസ്എംഎസ് സേവനങ്ങൾക്ക് 2–2–2 രീതിയിലാണ് നിരക്കുകൾ ഈടാക്കുക. ഒരു മിനിറ്റ് കോളിന് രണ്ടു രൂപയും ഒരു എംബി ഡേറ്റയ്ക്ക് രണ്ടു രൂപയും എസ്എംഎസിന് രണ്ടു രൂപയുമാണ് ഈടാക്കുക.
ഇതിനു പുറമെ 500 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ജിയോ വഴി അൺലിമിറ്റഡ് സര്‍വീസ് ആസ്വദിക്കാം. കോൾ, ഡേറ്റ, എസ്എംഎസ് എല്ലാം ഇതിൽ ഉൾപ്പെടും. ലോകത്തെ 170 രാജ്യങ്ങളിൽ ജിയോയ്ക്ക് സേവനം ലഭിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.