4,000 കോടി രൂപയ്ക്ക് ടവർ വിൽക്കാൻ ഐഡിയയ്ക്ക് അനുമതി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാർ ചിലവു ചുരുക്കുന്നതിന്റെ ഭാഗമായി ടവറുകൾ വിൽക്കുന്നു. വോഡഫോണുമായി ലയിക്കുമ്പോൾ പല സ്ഥലങ്ങളിലും ടവറിന്റെ എണ്ണം കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ അധികം വരുന്ന ടവറുകൾ വിറ്റ് കടത്തിന്റെ ഭാരം കുറയ്ക്കാനാണ് ഐഡിയയുടെ നീക്കം.

അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്റെ (എടിസി) ഇന്ത്യന്‍ വിഭാഗത്തിനാണ് ടവറുകൾ വിൽക്കുന്നത്. ഇതിന് ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 4000 കോടി രൂപയ്ക്ക് 9,000 സ്റ്റാന്‍ഡ്എലോണ്‍ ടവറുകളാണ് വില്‍ക്കുന്നത്. വോഡഫോണിന്റെ ടവറുകളും വിൽക്കുന്നുണ്ട്. 

രണ്ടു കമ്പനികളുടെയും 20,000 സ്റ്റാന്‍ഡ്എലോണ്‍ ടവറുകള്‍ 7,850 കോടി രൂപയ്ക്കാണ് വിൽക്കുന്നത്. വോഡഫോണിന്റെ ടവറുകൾ വിൽക്കാൻ നേരത്തെ തന്നെ ടെലികോം മന്ത്രാലയം അനുമതി നല്‍കിയിരുന്നു. അതേസമയം, ഐഡിയ-വോഡഫോണ്‍ ലയനത്തിന്റെ അന്തിമ ഘട്ടത്തിലാണ് ടെലികോം വകുപ്പെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

വിവിധ കമ്പനികളിൽ നിന്ന് വാങ്ങിയത് ഉള്‍പ്പടെ 80,000 ടവറുകളാണ് എടിസിക്ക് ഇന്ത്യയിലുള്ളത്. ഇന്‍ഡസ് ടവറിന് 1,23,000 ടവറുകളും ഭാരതി ഇന്‍ഫ്രാടെലിന് 91,000 ടവറുകളും ഇന്ത്യയിലുണ്ട്.