വിപണി പിടിക്കാൻ വോഡഫോൺ–ഐഡിയ നിക്ഷേപിക്കുന്നത് 23,000 കോടി

രാജ്യത്തെ ടെലികോം വിപണി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് വൻ നിക്ഷേപത്തിനൊരുങ്ങുകയാണ് വോഡഫോൺ. ഐഡിയ സെല്ലുലാറുമായി ഒന്നിക്കാൻ പോകുന്ന വോഡഫോൺ 8000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വോഡഫോണിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ഐഡിയ സെല്ലുലാർ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കൾ ഇവരാകും. ഇതോടെ നിരക്കുകൾ വെട്ടിക്കുറച്ച് വിപണി പിടിക്കാൻ ഈ വൻ നിക്ഷേപങ്ങൾ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

5ജി ടെക്നോളജിയും മുൻകൂട്ടി കണ്ടുള്ള നിക്ഷേപമാണിത്. ഐഡിയയും വോഡഫോണും ഒന്നിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപനം വന്നത് 2017 മാർച്ചിലാണ്. ഒന്നിക്കാൻ ടെലികോം മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. രണ്ടു കമ്പനികളും ഒന്നിക്കുന്നതോടെ മൊത്തം വരിക്കാർ 43 കോടിയാകും. നിലവിൽ വോഡഫോണിന് 22.3 കോടിയും ഐഡിയക്ക് 21.6 കോടി വരിക്കാരുമുണ്ട്.