സ്ത്രീ ശാക്തീകരണ: ഗേൾ റൈസിങ് ഗെയിമുമായി വോഡഫോൺ

കൗമാരപ്രായക്കാർക്കിടയിലും യുവാക്കൾക്കിടയിലും ലിംഗ സമത്വത്തിന്റെ സന്ദേശം എത്തിക്കുന്ന ആൻഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോൺ ഫൗണ്ടേഷൻ പുറത്തിറക്കി. ഗേൾ റൈസിങ് ഗെയിം എന്ന പേരിലുള്ള ഇൗ ഗെയിം പ്രമുഖ താരം അർജുൻ കപൂർ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. 

മാച്ച് 3 പസിൽ രീതിയിലുള്ള ഇൗ ഗെയിം ശാക്തീകരണത്തിനും മാറ്റങ്ങൾക്കും വേണ്ടിയുള്ള ബോധവൽക്കരണം കഥകൾ പറയുന്നതിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സൊലൂഷൻസ് ഫോർ ഗുഡ് നീക്കത്തിന്റെ ‘ഭാഗമായാണ് ഗേൾ റൈസിങ് ഫൗണ്ടേഷനുമായി ചേർന്ന് വോഡഫോൺ ഫൗണ്ടേഷൻ ഇൗ ഗെയിം വികസിപ്പിച്ചത്. നാസ്കോം ഫൗണ്ടേഷനാണ് ഇതു നടപ്പാക്കുന്നതിന്റെ മുഖ്യ പങ്കാളി. 

പുരുഷൻമാർക്കു ലഭിക്കുന്ന അതേ അവകാശങ്ങൾ ലഭിക്കാനായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും പോരാടേണ്ടി വരുന്നത് ദുഃഖകരമാണെന്ന് ഇൗ അവസരത്തിൽ പ്രതികരിച്ച അർജുൻ കപൂർ പറഞ്ഞു. ലിംഗ വിവേചനം അവസാനിപ്പിക്കാൻ ഒാരോ വ്യക്തിയും തന്റേതായ സംഭാവന നൽകണം. ലിംഗ സമത്വം നേടിയെടുക്കുക എന്നത് വനിതകളുടെ മാത്രം ചുമതലയല്ല. പുരുഷൻമാരും അതിൽ തങ്ങൾക്കുള്ള പങ്കു നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വനിതകളുടെ വിദ്യാഭ്യാസം, ശാക്തീകരണ മേഖലകളിൽ ആവശ്യമായ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിൽ വോഡഫോൺ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധയാണു പതിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോൺ ഇന്ത്യയുടെ റെഗുലേറ്ററി, എക്സ്ടേൺ അഫയേഴ്സ് ആന്റ് സി.എസ്.ആർ. ഡയറക്ടർ പി. ബാലാജി പറഞ്ഞു. ഇൗ രംഗത്തെ ശക്തമായ പ്രതിബദ്ധതയുടേയും ഗേൾ റൈസിങുമായുള്ള സഹകരണത്തിന്റേയും ഫലമാണ് ഇൗ ഗെയിം.  പ്രശ്ന പരിഹാരത്തിന്റെ ‘ഭാഗമായി യാഥാർത്ഥ്യബോധത്തോടെയുള്ള ഇറങ്ങിച്ചെല്ലലാണ് ഇതിലൂടെ നടക്കുന്നത്. സമൂഹത്തിൽ ചലനമുണ്ടാക്കുന്ന രീതിയിൽ മറ്റു പല മേഖലകളിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തങ്ങൾക്കാകുമെന്ന് ആത്മ വിശ്വാസമുണ്ടെന്നും പി. ബാലാജി കൂട്ടിച്ചേർത്തു. 

ചിന്താഗതിയിൽ മാറ്റമുണ്ടായാലേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കാനാവൂ എന്ന് ഗേൾ റൈസിങ് ഇന്ത്യ ഫൗണ്ടേഷൻ കൺട്രി റെപ്രസന്റേറ്റീവ് നിധി ദുബെ പറഞ്ഞു. സിനിമകൾ പോലുള്ള കഥ പറയാനുള്ള സംവിധാനങ്ങൾ വൈകാരികമായ ചലനങ്ങൾ സൃഷ്ടിക്കുകയും പ്രശ്ന പരിഹാരത്തിൽ കേന്ദ്രീകൃതമായ ചർച്ചകൾക്കു തുടക്കം കുറിക്കുകയും ചെയ്യുമെന്നും നിധി ദുബെ ചൂണ്ടിക്കാട്ടി. 

നാലു കഥകളാണ് ഗേൾ റൈസിങ് ഗെയിമിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ വർഷം തന്നെ കൂടുതൽ റിലീസുകൾ ഉണ്ടാകും. വോഡഫോൺ ഗെയിം സ്റ്റോർ, സോഷ്യൽ ആപ്പ് ഹബ്ബുകൾ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഇൗ ഗെയിം ഡൗൺലോഡു ചെയ്യാം.