ഐഡിയ–വോഡഫോണ്‍ അപ്രത്യക്ഷമാകും, ജിയോയെ നേരിടാൻ പുതിയ കമ്പനി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണും ഐഡിയയും ഒന്നിക്കുമ്പോൾ പുതിയ പേരിലാകും അറിയപ്പെടുക. ടെലികോം മേഖലയിലെ ശക്തികളായ റിലയൻസ് ജിയോയെയും ഭാർതി എയർടെല്ലിനെയും നേരിടാൻ ഒരുങ്ങുകയാണ് പുതിയ കമ്പനി. വോഡഫോണിനൊപ്പം ചേരുമ്പോൾ പുതിയ പേര് സ്വീകരിക്കാൻ തയാറാണെന്ന് ഐഡിയ ഓഹരി ഉടമകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ പേര് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ടെലികോം മന്ത്രാലയത്തിന്റെ കുടിശികകൾ തീർത്ത് ഒന്നിക്കാനുള്ള അനുമതി ലഭിച്ചാൽ പുതിയ പേരിലാകും അറിയപ്പെടുക.

പുതിയ പേരിലാണ് കമ്പനി റജസ്റ്റർ ചെയ്യുക. ജൂലൈ അവസാനത്തോടെ വോഡഫോൺ–ഐഡിയ ഒന്നിക്കല്‍ കടമ്പകൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. രണ്ടു ടെലികോം കമ്പനികളും ടെലികോം മന്ത്രാലയത്തിനു നൽകേണ്ട കുടിശിക തീർത്താൽ പുതിയ പേരിൽ കമ്പനി അറിയപ്പെടും. ഇതോടെ ഇന്ത്യയിൽ വോഡഫോൺ, ഐഡിയ പേരുകൾ അപ്രത്യക്ഷമാകും.

നേരത്തെ രണ്ടു കമ്പനികളും ചേർന്ന് 300 കോടി ഡോളർ ( ഏകദേശം 19,000 കോടി രൂപ) കുടിശിക തീർക്കേണ്ടതുണ്ടായിരുന്നു. ഇതു തീർത്തെങ്കിലും വോഡഫോൺ ഇന്ത്യ 4,700 കോടി രൂപ കുടിശിക തീർക്കാനുണ്ട്. വോഡഫോൺ 4700 കോടി രൂപയുടെ വൺടൈം സ്പെക്ട്രം ചാർജ് നല്‍കാനുണ്ട്. ഇതു തീർക്കാതെ ഐഡിയയുമായി ലയിക്കാൻ വോഡഫോണിന് അനുമതി ലഭിക്കില്ല. ജൂൺ 30 ന് മുന്‍പ് ലയനം പൂർത്തിയാക്കാനാണ് നീക്കം നടത്തിയിരുന്നത്. ഇതനിടെയാണ് പുതിയ പ്രശ്നം വന്നിരിക്കുന്നത്.  

ഈ കുടിശിക തീർക്കാതെ രണ്ടു കമ്പനികൾക്കും ഒരിക്കലും ലയിക്കാനാവില്ല. ഇതോടെ ഐഡിയയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച ഐഡിയ ഓഹരികൾ 7.12 ശതമാനം ഇടിഞ്ഞ് 52.25 രൂപയിലെത്തി. കഴിഞ്ഞ ജനുവരിയിൽ 115 രൂപ വരെ എത്തിയ ഓഹരിയാണ് ഇപ്പോള്‍ കുത്തനെ താഴോട്ടു പോയിരിക്കുന്നത്.  

ടെലികോം വിപണിയിലെ ശക്തരായ ഭാർതി എയർടെൽ, റിലയൻസ് ജിയോ എന്നിവരെ മറികടക്കാൻ ലക്ഷ്യമിട്ടാണ് വോഡഫോണും ഐഡിയയും ഒന്നിക്കാൻ തീരുമാനിച്ചത്. എന്നാൽ ലയിക്കുന്നതിന്റെ മുന്നോടിയായി ലൈൻസ് ഫീസുകൾ, സ്പെക്ട്രം ഉപയോഗ ചാർജുകൾ, വൺ ടൈം സ്പെക്ട്രം ചാർജുകൾ എന്നിവ രണ്ടു കമ്പനികളും സർക്കാരിന് നൽകേണ്ടതുണ്ട്.  

ലയനം നീളുന്നു, ഇനിയെന്ത്? 

രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ വർഷമാണ്. റിലയൻസ് ഇൻഡ‍സ്ട്രീസിന്റെ ‘റിലയൻസ് ജിയോ’ വമ്പൻ സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയതോടെ ഇന്ത്യൻ ടെലികോം വിപണിയിലുണ്ടായ വൻ മാറ്റമാണ് ഇന്ത്യയിലെ ബിസിനസ് ഐഡിയയിൽ ലയിപ്പിക്കാൻ വോഡഫോണിനെ പ്രേരിപ്പിച്ചത്.  

ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടർമാരെ പുതിയ ബോർഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.  

ലയനം സാധ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപപ്പെടുക. ഹച്ചിസണിന്റെ ടെലികോം ബിസിനസ് ഏറ്റെടുത്ത് 2007 ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ വോഡഫോൺ വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും സാമ്പത്തികമായി പല പ്രതിസന്ധികളിലും അകപ്പെട്ടു. ഹച്ചിസൺ ഇടപാടിൽ 13000 കേ‌ാടി രൂപ നികുതി ഒടുക്കണമെന്ന സർക്കാർ ഉത്തരവ് കമ്പനി കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2016 ൽ, ഇന്ത്യയിലെ ബിസിനസ്നഷ്ടമായി 335 കോടി ഡോളർ (22500 കോടി രൂപ) എഴുതിത്തള്ളിയ കമ്പനി പുതുതായി 700 കോടി ഡോളർ (47000 കോടി രൂപ) മുതൽ മുടക്കുകയും ചെയ്തു.  

ബ്രിട്ടിഷ് കമ്പനിയായ വോഡഫോണിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വോഡഫോൺ ഇന്ത്യ. ആദിത്യ ബിർല ഗ്രൂപ്പിന് 42.2% ഓഹരിയുള്ള ഐഡിയ സെല്ലുലാറിൽ മലേഷ്യൻ കമ്പനിയായ ഏക്സ്യാറ്റ ഗ്രൂപ്പിന് 19.8% ഓഹരിയുണ്ട്.