7,268 കോടി കടം വീട്ടിയില്ല, ഐഡിയക്ക് വൻ തിരിച്ചടി, വിപണി ഇടിഞ്ഞു, ലയനം മുടങ്ങുമോ?

വോഡഫോൺ ഇന്ത്യ–ഐഡിയ സെല്ലുലാർ ലയനത്തിന് മുന്നോടിയായി കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം വീണ്ടും പിടിമുറുക്കി. കുടിശിക നിർണയത്തിൽ അപാകതയുണ്ടെന്നും ഇത് പുനപരിശോധിക്കണമെന്നുമുള്ള ഐഡിയയുടെയും വോഡഫോണിന്‍റെയും അഭ്യർഥന മന്ത്രാലയം തള്ളി. കണക്കുകളിൽ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും ലയനത്തിന് അന്തിമ അനുമതി ലഭിക്കണമെങ്കിൽ കുടിശിക അടച്ചുതീർക്കണമെന്നും ഇരു കമ്പനികളെയും മന്ത്രാലയം ഔദ്യോഗികമായി അറിയച്ചതായി അടുത്ത വൃത്തങ്ങൾ സൂചന നൽകി. 

കുടിശികയായ 7,268 രൂപ ഇരുകമ്പനികളും ചേർന്ന് അടച്ചു തീർക്കണമെന്നാണ് സാങ്കേതികമായി ലയനത്തിന് അനുമതി നൽകി കൊണ്ട് മന്ത്രാലയം കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നത്. സ്പെക്ട്രത്തിനായി 3,926 കോടി രൂപയും ബാങ്ക് ഗാരന്റിയായി 3342 കോടി രൂപയും ഇരുകമ്പനികളും ചേർന്ന് നൽകണമെന്നായിരുന്നു ഉത്തരവ്. ഈ കണക്കുകൂട്ടലിൽ ട്രായിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പുനപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഇരു കമ്പനികളും മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. 

മന്ത്രാലയം നിലപാട് വ്യക്തമാക്കിയതോടെ ഇരു കമ്പനികൾക്കും മുന്നിൽ രണ്ട് മാർഗങ്ങളാണുള്ളത് – പിഴ മുഴുവന്‍ അടച്ച് ലയന നടപടികളുമായി മുന്നോട്ട് പോകാം അല്ലെങ്കിൽ നിയമപരമായി ഇതിനെ ചോദ്യം ചെയ്യാം. ടെലിനോർ ഇന്ത്യയെ ഏറ്റെടുക്കുമ്പോൾ സമാന വിഷയത്തിൽ എയർടെൽ സുപ്രീംകോടതിയെ സമീപിച്ച് ടെലികോം മന്ത്രാലയത്തിന്‍റെ നടപടിക്ക് സ്റ്റേ കരസ്ഥമാക്കിയിരുന്നു. ഐഡിയയും ഈ പാത സ്വീകരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

ലയനം നീളുമെന്ന വാർത്ത പുറത്തുവന്നതോടെ ഐഡിയ സെല്ലുലാർ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഐഡിയ ഓഹരികൾ 4.58 ശതമാനമാണ് ഇടിഞ്ഞത്. 52.95 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ ഓഹരി വില ഒരുസമയം 48.30 രൂപ വരെ എത്തിയിരുന്നു.

ലയനം നീളുന്നു, ഇനിയെന്ത്? 

രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ വർഷമാണ്. റിലയൻസ് ഇൻഡ‍സ്ട്രീസിന്റെ ‘റിലയൻസ് ജിയോ’ വമ്പൻ സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയതോടെ ഇന്ത്യൻ ടെലികോം വിപണിയിലുണ്ടായ വൻ മാറ്റമാണ് ഇന്ത്യയിലെ ബിസിനസ് ഐഡിയയിൽ ലയിപ്പിക്കാൻ വോഡഫോണിനെ പ്രേരിപ്പിച്ചത്.  

ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടർമാരെ പുതിയ ബോർഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.  

ലയനം സാധ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപപ്പെടുക. ഹച്ചിസണിന്റെ ടെലികോം ബിസിനസ് ഏറ്റെടുത്ത് 2007 ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ വോഡഫോൺ വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും സാമ്പത്തികമായി പല പ്രതിസന്ധികളിലും അകപ്പെട്ടു. ഹച്ചിസൺ ഇടപാടിൽ 13000 കേ‌ാടി രൂപ നികുതി ഒടുക്കണമെന്ന സർക്കാർ ഉത്തരവ് കമ്പനി കോടതിയിൽ ചോദ്യം ചെയ്തിരുന്നു. 2016 ൽ, ഇന്ത്യയിലെ ബിസിനസ്നഷ്ടമായി 335 കോടി ഡോളർ (22500 കോടി രൂപ) എഴുതിത്തള്ളിയ കമ്പനി പുതുതായി 700 കോടി ഡോളർ (47000 കോടി രൂപ) മുതൽ മുടക്കുകയും ചെയ്തു.  

ബ്രിട്ടിഷ് കമ്പനിയായ വോഡഫോണിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് വോഡഫോൺ ഇന്ത്യ. ആദിത്യ ബിർല ഗ്രൂപ്പിന് 42.2% ഓഹരിയുള്ള ഐഡിയ സെല്ലുലാറിൽ മലേഷ്യൻ കമ്പനിയായ ഏക്സ്യാറ്റ ഗ്രൂപ്പിന് 19.8% ഓഹരിയുണ്ട്.