വോഡഫോൺ – ഐഡിയ ലയനം പൂർത്തിയായി

vodafone-idea

ടെലികോം ലോകം കാത്തിരുന്ന വോഡഫോൺ –ഐഡിയ ലേലം പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി ഇതോടെ പുതിയ കമ്പനി മാറി. 408 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്ന പുതിയ കമ്പനിക്കുള്ളത്. കുമാർ മംഗലം ബിർള അധ്യക്ഷനായി ആറു സ്വതന്ത്ര ഡയറക്ടർമാരുൾപ്പെടെ 12 ഡയറക്ടർമാരുള്ള ബോർഡിനും രൂപം നൽകിയതായി ഇരു കമ്പനികളും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ കമ്പനിയുടെ സിഇഒയായി ബലേഷ് ശർമയെ നിയോഗിച്ചിട്ടുണ്ട്. 

ഒമ്പത് ടെലികോം സർക്കിളുകളിൽ ഒന്നാം സ്ഥാനം പുതിയ കമ്പനിക്കായിരിക്കും. എയർടെല്ലിനെ പിന്തള്ളിയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി വോഡഫോൺ ഐഡിയ ലിമിറ്റഡ് മാറുന്നത്. റിലയൻസ് ജിയോയുടെ കടന്നു വരവോടെ ശക്തമായ മത്സരം കണ്ടു വരുന്ന ടെലികോം മേഖലയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ലയനം കരുത്തു പകരും. 32.2 ശതമാനമാണ് കമ്പനിയുടെ വിപണി മൂല്യം. 

840 ദശലക്ഷത്തിലേറെ ഇന്ത്യക്കാർക്കായി 3,40,000 ബ്രോഡ്ബാൻഡ് സൈറ്റുകളുമായി വളർച്ചയുടെ പാതയിലുളള ബ്രോഡ്ബാൻഡ് ശൃംഖല,  1.7 ദശലക്ഷം റീട്ടെയിൽ സ്റ്റോറുകളും 15,000 ബ്രാൻഡഡ് സ്റ്റോറുകളും ഉൾപ്പെട്ട വലിയ വിതരണ ശൃംഖല, 2ജി,3ജി,4ജി എന്നീ പ്ലാറ്റ്ഫോമുകളിൽ ഒരുപോലെ ഉപയോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കാൻ ഉതകുന്ന സ്പെക്ട്രവും ആവശ്യത്തിനുള്ള ബ്രോഡ്ബാൻഡ് വാഹകരും, 2000000 ജിഎസ്എം സൈറ്റുകളോടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ശബ്ദ ശൃംഖല തുടങ്ങിയവയാണ് പുതിയ കമ്പനിയെ ശ്രദ്ധേയമാക്കുന്ന ചില ഘടകങ്ങൾ. വോഡഫോൺ, ഐഡിയ ബ്രാന്‍ഡുകൾ നിലനിൽക്കും.