ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം പോണോഗ്രാഫിയിലോ? – ഭാഗം 2
ഇന്ത്യന്‍ പോണോഗ്രാഫിയുടെ ചരിത്രവും പോണ്‍ കാണല്‍ ഇപ്പോൾ മാറ്റിമറിക്കുന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളും ഒപ്പം കാനഡയില്‍ വളര്‍ന്ന് ഇന്ത്യയിലെത്തിയ സണ്ണി ലിയോണ്‍ എന്ന നടിയുടെ ചെറു ചരിത്രവും പറയുന്ന ലേഖന പരമ്പരയിലെ രണ്ടാം ഭാഗമാണിത്. ഇവിടെ സണ്ണിയെന്ന, കനേഡിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ന്നെത്തിയ ആളെ, ഭൂപേന്ദ്ര (Bhupendra Chaubey) എന്ന ടിവി ജേണലിസ്റ്റ് തന്റെ സ്വന്തം മൂല്യങ്ങള്‍ ഉപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രമടക്കം പറയുന്നു:
ഇന്ത്യയുടെ കാപട്യങ്ങളില്‍ ഒന്നിതാണ്. എല്ലാവരും പ്രായപൂര്‍ത്തിയായിട്ടുള്ളവര്‍ക്കുള്ള വിഡിയോയും മറ്റും ഇന്റര്‍നെറ്റിലൂടെ കാണുന്നു. പക്ഷേ, ആരുമിതു സമ്മതിക്കില്ല. ഭൂരിപക്ഷവും യാഥാസ്ഥിതികരാണ്. പക്ഷേ, മിക്ക ഇന്ത്യക്കാരും സ്വകാര്യനേരങ്ങളിൽ ഓണ്‍ലൈനില്‍ കയറിയാല്‍ നേരെ പോകുന്നത് പോണ്‍ സൈറ്റുകളിലേക്കാണ്. ഞങ്ങള്‍ നല്‍കുന്ന ബാന്‍ഡ്‌വിഡ്ത്തിന്റെ പകുതിയിലേറെ പോണ്‍ ഡൗണ്‍ലോഡ് ചെയ്യാനും സ്ട്രീം ചെയ്യാനുമാണ് ഉപയോഗിക്കുന്നതെന്നാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊന്നിനു വേണ്ടി ജോലിയെടുക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. പോണ്‍ എവിടെയും ഇന്ത്യക്കാര്‍ക്കു ലഹരിയാണ്. 2016ല്‍ ഗൂഗിള്‍ പട്ന റെയിൽവെ സ്റ്റേഷനില്‍ ഫ്രീ വൈ-ഫൈ ഇന്‍സ്റ്റാള്‍ ചെയ്തു. താമസിയാതെ ഇന്ത്യയിലെ പ്രധാന പോണ്‍ സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായി അവിടം മാറി. കര്‍ണാടക അസംബ്ലി നടക്കുന്ന സമയത്ത് എംഎല്‍എമാര്‍ പോണ്‍ കണ്ട കുപ്രസിദ്ധമായ സംഭവം മറക്കാനാകുമോ?
സണ്ണി ലിയോണിനെ അമ്പരിപ്പിച്ച കൊച്ചി
പോണിന്റെ ഇന്ത്യയിലെ വേലിയേറ്റത്തിനു ചാലകമായി തീര്‍ന്ന സണ്ണി ലിയോണിലെക്കെത്താം. അവര്‍ വളരെ വേഗം തന്നെ മുഖ്യധാരാ നടിയായിത്തീര്‍ന്നല്ലോ. സിനിമകളില്‍, പ്രോഡക്ടുകളുടെ പരസ്യത്തില്‍, കടകളുടെയും മറ്റും ഉദ്ഘാടനത്തിന്, ചില കല്യാണങ്ങളിൽ നൃത്തം അവതരിപ്പിക്കാന്‍ എന്നു വേണ്ട എല്ലായിടത്തും അവര്‍ എത്തി. എന്തിനേറെ, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു ഫോണ്‍ ഷോറൂം ഉദ്ഘാടനത്തിനു കേരളത്തിലെത്തിയപ്പോള്‍ അവരെ കാത്തു നിന്നവരുടെ എണ്ണം കണ്ട് നടി പോലും അമ്പരന്നു പോയി. എന്റെ കാറിപ്പോള്‍ കൊച്ചിയിലെ സ്‌നേഹക്കടലിലാണ് ('My car literally in a sea of love in Kochi, Kerala') എന്നാണ് അവര്‍ തന്റെ 24 ലക്ഷം ഫോളോവേഴ്സിനെ ട്വീറ്റു ചെയ്തറിയിച്ചത്. ഇതിനൊപ്പം അവര്‍ ‘വീ ലൗ സണ്ണി’ എന്നു വിളിച്ചു പറയുന്ന ഫാന്‍സിന്റെ വിഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തു.
ഇതാകട്ടെ, വളരെ അസംഭവ്യമെന്നു പറയാവുന്ന ഒന്നാണ്. കാരണം ജന്മദേശമായ കാനഡയിലെ സര്‍ണിയയില്‍ (Sarnia) അവര്‍ക്കു കാര്യമായ ഒരു സ്വീകാര്യതയുമില്ല. താന്‍ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാരണം സര്‍ണിയയിലെ ഇന്ത്യക്കാര്‍ക്കു തന്നോടു വലിയ താൽപര്യമൊന്നുമില്ല എന്നാണ് സണ്ണി തന്നെ പറഞ്ഞിരിക്കുന്നത്. സണ്ണിയെക്കുറിച്ചു സംസാരിക്കാന്‍ പോലും അവിടെയുള്ള ചില സ്ത്രീകള്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ട്. പുരോഗമനവാദികളായ കാനഡക്കാര്‍ക്കു സണ്ണിയെ സ്വീകരിക്കാന്‍ കഴിയില്ല. പക്ഷേ, യാഥാസ്ഥിതികതയ്ക്കു പേരുകേട്ട ഇന്ത്യയിലോ? ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക് തന്റെ പൂര്‍വകാലം മറക്കാം. പക്ഷേ, സര്‍ണിയക്കാര്‍ക്കതിനു സാധിക്കുന്നില്ലെന്നാണ് സണ്ണി തന്നെ ഈ പ്രതിഭാസത്തെക്കുറിച്ചു പറയുന്നത്. എന്താണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നത് വളരെ ചിന്തനീയമാണ്. സര്‍ണിയയിലെ ജനങ്ങള്‍ എന്നെ സ്വീകരിക്കില്ല. പക്ഷേ, ഇന്ത്യക്കാരെല്ലാം എന്റെ കുടുംബത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് നടിയുടെ പക്ഷം.
സമൂഹത്തിലെ 'വിവാദ നായിക'
സണ്ണിയുടെ ഇന്ത്യയിലെ ജീവിതവും പരിപൂര്‍ണമായും സുഗമമായിരുന്നുവെന്നു പറയാനൊക്കില്ല. 2015ല്‍ മുംബൈയിലെ ഒരു വീട്ടമ്മ അവര്‍ക്കെതിരെ ഇന്റര്‍നെറ്റില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കുന്നുവെന്നു പറഞ്ഞ് കേസു കൊടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്. Mastizaade എന്ന സിനിമയില്‍ അമ്പലത്തില്‍ വച്ച് ഗര്‍ഭനിരോധന ഉറകളെക്കുറിച്ചു സംസാരിച്ചു എന്നു പറഞ്ഞ് അവര്‍ക്കും മറ്റു നടികള്‍ക്കുമെതിരായി ഒരു കേസുമുണ്ട്. എന്നാല്‍, അവര്‍ നേരിട്ട ഏറ്റവും വിഷമം പിടിച്ച സാഹചര്യം സിഎന്‍എന്‍-ന്യൂസ് 18 വേണ്ടി അവരെ ഭൂപേന്ദ്ര ഇന്റര്‍വ്യൂ ചെയ്തതായിരിക്കും. രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുളള ഒരു ഏറ്റുമുട്ടലായി വേണമെങ്കില്‍ ഇതിനെക്കാണാം. 'വിവാദ നായിക' തുടങ്ങിയ വിശേഷണങ്ങളോടെയാണ് അവരെ അവതരിപ്പിക്കുന്നതു തന്നെ. 'ഒരു ഇന്ത്യന്‍ സ്ത്രീയെ നമ്മള്‍ എങ്ങനെ കാണുന്നുവോ അതിനു വിപരീതമായ രീതിയിലുള്ള സ്ത്രീയാണ്' എന്ന പ്രഖ്യാപനവും നടത്തി. ഇന്റര്‍വ്യു സണ്ണിയുടെ 'പാപം' ഏറ്റു പറയാനുള്ള ഒരു വേദിയാക്കാനുള്ള ശ്രമം ഭൂപേന്ദ്ര നടത്തിയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇന്റര്‍വ്യു നടിയെ നിന്ദിക്കലായും ഇകഴ്ത്തലായും കണ്ട് പ്രതികരണങ്ങള്‍ വന്നു. പ്രസിദ്ധമായ പ്രതികരണങ്ങളില്‍ ഒന്ന് ബോളിവുഡ് താരം ആമിര്‍ഖാന്റേതായിരുന്നു. ‘ആ ഇന്റര്‍വ്യു കണ്ടപ്പോള്‍ വേദന തോന്നി. എന്തു തരം ചോദ്യങ്ങള്‍. അവരൊരു മനുഷ്യനല്ലേ, അവരൊരു സ്ത്രീയല്ലേ. ഞാനവരെ ബഹുമാനിക്കുന്നു. ഞാന്‍ അവരോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും ഈ ഇന്റര്‍വ്യൂ സണ്ണിക്ക് ഇന്ത്യയില്‍ ധാരാളം ആരാധകരെ നല്‍കി. ആമിറിന് ഇഷ്ടപ്പെടാമെങ്കില്‍ തങ്ങള്‍ക്കുമാകാം എന്നായി പിന്നെയുള്ള ചിന്ത.
വിവാദമാകാത്ത മറ്റൊരു ഇന്റര്‍വ്യൂവില്‍ സണ്ണി ഇന്ത്യയെ വിലയിരുത്തിയത് ഇങ്ങനെയാണ്: ‘ഓരോ സെക്കന്‍ഡിലും ഇന്ത്യ മാറുകയാണ്. ഇന്റര്‍നെറ്റ് വന്നതോടെ എല്ലാം ഇവിടെ കിട്ടും. മുമ്പൊരിക്കലും സാധ്യമല്ലാതിരുന്ന രീതിയില്‍ എല്ലാം വിരല്‍ത്തുമ്പത്തുണ്ട്. ധാരാളം നല്ല കാര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഈ രാജ്യം ഇപ്പോഴും ജനാധിപത്യ സ്വഭാവമുളള ഒന്നായി തുടരുന്നതിന്, ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യാത്തതിന് ദൈവത്തിനു നന്ദി പറയുക’.
പോണോഗ്രഫി കുട്ടികളെ ദുഷിപ്പിക്കുമോ
തന്റെ ഫോട്ടോ കത്തിച്ച്, താന്‍ യുവാക്കളെ ദുഷിപ്പിക്കുന്നതായി പറഞ്ഞ് നടന്ന പ്രതിഷേധത്തെക്കുറിച്ചും സണ്ണിക്ക് അഭിപ്രായമുണ്ട്. ഇതുകൊണ്ടൊക്കെ എന്താണ് അര്‍ഥമാക്കുന്നത്? സെക്‌സ് കണ്ടുപിടിച്ചത് ഞാനല്ല. പക്ഷേ, ഇതൊക്കെയാണെങ്കിലും ഇന്ത്യയിലെത്തിയ ഞാന്‍ ഭാഗ്യവതിയാണ്. രണ്ടാഴ്ചത്തേക്ക് ബിഗ് ബോസിനു വേണ്ടി ഇന്ത്യയില്‍ പോകുന്നുവെന്നു കരുതിയാണ് ഇങ്ങോട്ടു വന്നത്. പിന്നെ, ഈ മാസ്മരികമായ കാര്യങ്ങളൊക്കെ സംഭവിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
പോണോഗ്രാഫി കുട്ടികളെ ദുഷിപ്പിക്കുമോ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞത് കുട്ടികളുടെ ഫോണുകളില്‍ പോണ്‍ ബ്ലോക്കു ചെയ്യണം എന്നാണ്. കുട്ടികള്‍ എന്തു കാണുന്നുവെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ പോണ്‍ കാണണമെന്ന് താൻ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് സണ്ണി പറഞ്ഞത്. എന്നാല്‍, പല ഇന്ത്യന്‍ മാതാപിതാക്കള്‍ക്കും പോൺ ബ്ലോക് ചെയ്യാൻ അറിയില്ലെന്നു പറഞ്ഞത് സണ്ണിക്കു മനസിലായില്ല. സ്മാര്‍ട് ഫോണ്‍ സാമാന്യം എളുപ്പത്തില്‍ സ്വന്തമാക്കാമെന്നതും ഇന്റര്‍നെറ്റ് വലിയ ചെലവില്ലാതെ ആസ്വദിക്കാമെന്നതും ഇന്ത്യയെ മാറ്റിമറിക്കുകയാണെന്ന് സണ്ണി ലിയോണിനുമറിയാം.
‘ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ സണ്ണി ലിയോണ്‍ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ സമൂഹമാധ്യമങ്ങളുടെ സൃഷ്ടിയാണ്. എന്നെ സംബന്ധിച്ച് എല്ലാം തുടങ്ങിയത് അവിടെയാണ്- ഫോണില്‍. അതില്‍ ഫോട്ടോയും വിഡിയോയും റെക്കോർഡു ചെയ്യാനും ആളുകളുമായി കണക്ടു ചെയ്യാനും ഷെയറു ചെയ്യാനുമുള്ള കഴിവ്.’ - സണ്ണി പറയുന്നു. സണ്ണിയെക്കുറിച്ചുള്ള മറ്റൊരു രസകരമായ കാര്യമെന്താണെന്നു ചോദിച്ചാല്‍, ഇന്ത്യയിലെ ലക്ഷക്കണക്കിനു സിനിമാപ്രേമികള്‍ക്ക് അവര്‍ മറ്റേതെങ്കിലും ഒരു നടിയെപ്പോലെ തന്നെയാണ്. അവരുടെ ഭൂതകാലത്തെക്കുറിച്ച് തീര്‍ത്തും അറിയാത്തവരുണ്ട്.
പോണോഗ്രഫി തടയാനാകുമോ?
പ്രധാന ചോദ്യം, സ്മാര്‍ട് ഫോണിലൂടെയുള്ള പോണോഗ്രാഫിയുടെ വിസ്‌ഫോടനം തടയാന്‍ ഇന്ത്യയ്ക്കു സാധിക്കുമോ എന്നതാണ്. 2015ല്‍ അത്തരമൊരു ശ്രമം നടന്നിരുന്നു. കേന്ദ്ര ടെലികോം മന്ത്രാലയം 857 പോണ്‍ സൈറ്റുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി നല്‍കിയ ആള്‍ പറഞ്ഞത്: ‘പോണോഗ്രഫിയെ പോലെ മറ്റൊന്നിനും ഒരു മനുഷ്യനെ നശിപ്പിക്കാനാവില്ല, അത് അവരുടെ മനസ്സിനെ തകര്‍ക്കും, ഭാവി നശിപ്പിക്കും, കഴിവുകളെ ഇല്ലായ്മ ചെയ്യും, സമൂഹത്തെ നശിപ്പിക്കും. അത് ഹിറ്റ്‌ലറെക്കാള്‍, എയ്ഡ്‌സിനെക്കാള്‍, കാന്‍സറിനെക്കാള്‍, മറ്റെല്ലാ പകര്‍ച്ചവ്യാധിയെക്കാളും ഭയങ്കരമാണ്. ന്യൂക്ലിയര്‍ വിപത്തിനെക്കാള്‍ ഭയങ്കരമാണ്.’ ഇങ്ങനെയാണ് ഇന്ത്യയില്‍ പലരും പോണോഗ്രഫിയെ കാണുന്നതും. എന്നാല്‍ ഈ പരാതി വേഗം കത്തിയണഞ്ഞു. ഫ്രീ സ്പീച്ച് ആക്ടിവിസ്റ്റുകളുടെ ഇടപെടലും പോണ്‍ സൈറ്റുകളെ നിരോധിക്കല്‍ എളുപ്പമല്ലെന്ന സർക്കാരിന്റെ തിരിച്ചറിവും ഇതു മുന്നോട്ടു കൊണ്ടുപോകുന്നതിനു തടസമായി. ഒന്നു ബാന്‍ ചെയ്താല്‍ പുതിയതു കിളിര്‍ക്കുമെന്നാണ് അന്നു സർക്കാർ കണ്ടെത്തിയത്. (ഇന്നിപ്പോള്‍, അത്തരം മറ്റൊരു ശ്രമം നടക്കുന്നുണ്ട്.)
പോണോഗ്രഫി സെന്‍സര്‍ ചെയ്തതിന് മറ്റൊരു ഉദാഹരണം, X-റേറ്റിങ് ഉള്ള സവിത ബാബി കാര്‍ട്ടൂണ്‍ ഡൽഹി ബാന്‍ ചെയ്തിരുന്നു. ഇന്റര്‍നെറ്റ് ജനസമ്മതി നേടിത്തുടങ്ങിയ കാലത്തിറങ്ങിയിരുന്ന ഈ കാര്‍ട്ടൂണ്‍ അന്ന് ഹിറ്റായിരുന്നു. ഓരോ പുതിയ പതിപ്പും വൈറല്‍ ആയിരുന്നു.
ഇന്ത്യയും പടിഞ്ഞാറന്‍ നാടുകളും
ഇന്ത്യയുടെ പ്രശ്‌നം ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണെന്നാണ് എഴുത്തുകാരിയായ ഇറാ ത്രിവേദിയുട അഭിപ്രായം. അക്രമാസക്തമായ പോണോഗ്രഫിയാണ് ഒരു പ്രശ്‌നം. ഇന്ത്യന്‍ യുവത്വത്തിന് ഇത്തരം ചിത്രങ്ങള്‍ അത്രകണ്ട് സംവേദന ക്ഷമമല്ല. മറിച്ച് അമേരിക്കന്‍ യുവത്വം അതു സ്വീകരിക്കാന്‍ സജ്ജമാണ്. പടിഞ്ഞാറുള്ള ആളുകള്‍ക്ക് ഇഷ്ടം പോലെ വസ്ത്രം ധരിക്കാം. ആണ്‍കുട്ടികളൊക്കെ ഇതു കണ്ടാണ് വളരുന്നത്. ഇന്ത്യയെപ്പോലെ യാഥാസ്ഥിതികമായ ഒരു രാജ്യത്ത് കാര്യങ്ങള്‍ അങ്ങനെയല്ല. എന്തിന്റെ പേരിലാണെങ്കിലും കുറച്ച് അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്നു. ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം സ്ത്രീകളെയും താഴ്ന്ന ജാതിക്കാരെയും കാണുന്ന രീതിയാണ്. ഇതില്‍ നിന്നു മനസിലാക്കേണ്ട കാര്യം, പോണോഗ്രഫി മൂലം പടിഞ്ഞാറുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പതിന്മടങ്ങ് ഇന്ത്യയില്‍ പ്രതീക്ഷിക്കാം. അവരുടെ സംസ്‌കാരത്തിന് അതു വലിച്ചെടുക്കാനുള്ള ഷോക് അബ്‌സോര്‍ബറുകളുണ്ട്. പക്ഷേ, യാഥാസ്ഥിതിക മൂല്യങ്ങള്‍ വിടാതെ മുന്നോട്ടു പോകുമ്പോള്‍ പോണ്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം വളരെ വര്‍ധിക്കാം.
ഇന്ത്യയില്‍ മുൻപും അശ്ലീല ഉള്ളടക്കം ഉണ്ടായിരുന്നു
എല്ലാത്തരത്തിലുമുള്ള അശ്ലീല ഉള്ളടക്കം നേരത്തെയും ഇന്ത്യയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയുടെ ലഭ്യത ഇന്നത്തേതു പോലെയായിരുന്നില്ല. ഉദാഹരണത്തിന് പ്രശസ്തമായ പ്ലേബോയ് മാഗസിന്‍ വളരെക്കാലം ഇവിടെ ലഭ്യമായിരുന്നു. എന്നാല്‍ വില പലരെയും ഇതു വാങ്ങുന്നതില്‍നിന്നു പിന്തിരിപ്പിച്ചു. സമാനമായ, ഡെബൊണയര്‍ പോലെയുള്ള ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് വില കുറവായിരുന്നു. കൂടാതെ, ഇതൊക്കെ ഇംഗ്ലിഷ് അറിയാവുന്നവര്‍ മാത്രമാണ് വാങ്ങിയിരുന്നത്. അന്ന് യുവാക്കള്‍ നേരിട്ട പ്രധാന പ്രശ്‌നം ഇത്തരം മാഗസിനുകള്‍ വാങ്ങിയാല്‍ത്തന്നെ സൂക്ഷിച്ചു വയ്ക്കല്‍ എളുപ്പമായിരുന്നില്ല എന്നതാണ്. വീടുകള്‍ ചെറുതായിരുന്നു. സ്വകാര്യ സ്ഥലം അധികം പേര്‍ക്കും കിട്ടിയിരുന്നില്ല. ഇത്തരം ഒരു മാഗസിനുമായി വീട്ടിലേക്കു വന്നാല്‍ അതു പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. പക്ഷേ, സ്മാർട് ഫോണുകളില്‍ ഇത്തരം കണ്ടന്റ് വന്നതോടെ എല്ലാവര്‍ക്കും എത്ര വേണമെങ്കിലും വീട്ടുകാര്‍ കാണാതെ ഒളിച്ചു സൂക്ഷിക്കാമെന്ന നില വന്നു. ഇന്റര്‍നെറ്റില്‍ നേരിട്ടു കാണുകയോ ഡൗണ്‍ലോഡു ചെയ്തു വച്ച് മറ്റാരുമറിയാതെ വീണ്ടും കാണുകയോ ചെയ്യാമെന്ന നില വന്നു.
അശ്ലീല സിനിമകളും ഇന്ത്യയില്‍ നിലനിന്നിരുന്നു. പക്ഷേ, അതില്‍നിന്നു ചിലരെങ്കിലും മുഖം തിരിച്ചു നിന്നു. ബ്ലൂ ഫിലിംസ് എന്ന പേരില്‍ അറിയപ്പെട്ട ഇവയില്‍ പ്രാകൃതമായ രീതിയില്‍ രതി കാണിക്കപ്പെട്ടിരുന്നു. ഇവ 1970 കളില്‍ ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തിയിരുന്നു. 1980 കളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിറ്റ് സിനിമകള്‍ ഇട്ടിരുന്നു. സിനിമകള്‍ക്കിടിയില്‍ പോണോഗ്രഫിയുടെ ഭാഗങ്ങള്‍ തിരുകുന്ന രീതിക്കാണ് ബിറ്റ് മൂവി എന്നു വിളിച്ചിരുന്നത്. പക്ഷേ, ഇതെല്ലാം ഒരു ചെറിയ വിഭാഗം ആളുകളില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്ന് ഇറാ ത്രിവേദി പറയുന്നു. ആധുനിക ഇന്ത്യയിലെ ലൈംഗികത ഒളിച്ചുവയ്ക്കപ്പെട്ട ഒന്നായിരുന്നു. ലഭ്യതയില്ലായ്മയായിരുന്നു പ്രശ്‌നം. പല പെട്ടിക്കടകളും വിഡിയോ കടകളും കംപ്യൂട്ടര്‍ കടകളുമൊക്കെ പോണ്‍ സിഡികളും പെന്‍ ഡ്രൈവുകളുമൊക്കെ വില്‍ക്കുകയും വാടകയ്ക്കു നല്‍കുകയുമൊക്കെ ചെയ്തിരുന്നു. മുംബൈയില്‍ ഡാല്‍ ഗോസ്റ്റ് (dal gosht) എന്നു പറഞ്ഞാല്‍ പ്രാദേശിക പോണോഗ്രഫി സിഡിയിലും ഫ്‌ളാഷ് ഡ്രൈവിലും മറ്റുമായി ലഭിക്കുമായിരുന്നു. ഇവ ലാപ്‌ടോപ്പുകളിലും ടെലിവിഷനിലുമൊക്കെ വേണമല്ലോ കാണാന്‍. ലാപ്‌ടോപ്പുകള്‍ക്കും നല്ല വില നല്‍കേണ്ടിയിരുന്നു. 1990 കളിലും 2000 ത്തിലും മറ്റും വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ലാപ്‌ടോപ് ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ പോലും ശരാശരി ഇന്ത്യന്‍ കോളജ് വിദ്യാര്‍ഥിക്ക് സ്വന്തം ലാപ്‌ടോപ് ഒരു സ്വപ്‌നം മാത്രമാണെന്നും ത്രിവേദി ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്ന മാറ്റം വില കുറഞ്ഞ സ്മാര്‍ട് ഫോണുകളുടെ വരവാണ്. ഇവയും വില കുറഞ്ഞ ഡേറ്റയുമായി ബന്ധിപ്പിച്ചപ്പോള്‍ ടാപ്പില്‍ വെള്ളം പോലെ ഇന്ത്യക്കാര്‍ പോണോഗ്രഫിയില്‍ കുളിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
പൂര്‍വ ചരിത്രം
ഇന്ത്യയുടെ പൂര്‍വചരിത്രം പരിശോധിച്ചാല്‍ രതി വര്‍ജ്യമായി കണ്ട ഒരു സംസ്‌കാരമായിരുന്നില്ല ഇവിടെ നിലനിന്നിരുന്നതെന്നു മനസ്സിലാകും. ഇതിന്റെ ഉത്തമോദാഹരണമാണല്ലോ വാത്സ്യായനന്റെ കാമസൂത്ര. ഇത് ഏകദേശം 1,600 വര്‍ഷം മുൻപ് എഴുതപ്പെട്ടുവന്നാണു കരുതുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കാളിദാസന്റെ രഘുവംശത്തിലും ലൈംഗികത നാണമണിയാതെ നില്‍ക്കുന്നതു കാണാം. എട്ടാം നൂറ്റാണ്ടില്‍ അസമില്‍ പണികഴിപ്പിച്ച കാമാഖ്യാ ദേവീക്ഷേത്രത്തില്‍ ഇന്നും പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്നു. മധ്യപ്രദേശിലെ ഖജുരാഹോ, മഹാരാഷ്ട്രയിലെ അജന്ത, എല്ലോറ തുടങ്ങിയവയും മുന്‍കാല ഇന്ത്യയുടെ ലൈംഗിക മറവില്ലായ്മ വെളിപ്പെടുത്തുന്നു. മുഗള്‍ ഭരണകാലത്തു പോലും ലൈംഗികതയ്ക്ക് ഊന്നല്‍ നല്‍കപ്പെടുന്ന ചിത്രങ്ങളും മറ്റും രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിദേശികള്‍ വന്നു കൂടിയതോടെ തുറന്ന മനഃസ്ഥിതി അവസാനിച്ചു തുടങ്ങിയെന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 'ആദ്യം സഭ്യത (propriety) അവസാനം സെക്‌സ്' എന്നതായി രീതിയെന്ന് പ്രസിദ്ധ ഇന്ത്യന്‍ സെക്‌സോളജിസ്റ്റ് പ്രകാശ് കോത്താരി നിരീക്ഷിക്കുന്നു. ബ്രിട്ടിഷുകാര്‍ കുത്തിവച്ച വിക്ടോറിയന്‍ മൂല്യങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിലെ ലൈംഗികതയില്‍ സന്യാസ(ascetic) രീതികള്‍ പകര്‍ന്നതെന്ന് ത്രിവേദി പറയുന്നു.
എന്നാല്‍, 21-ാം നൂറ്റാണ്ടിലെ ഇന്ത്യ മറ്റൊരു ദിശയില്‍ കുതിക്കുകയാണെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലൈംഗികതയെക്കുറിച്ച് കൂടുതല്‍ തുറന്ന സമീപനം വന്നേക്കാം. നഗരവല്‍ക്കരണവും ടെക്‌നോളജിയും വിക്ടോറിയന്‍-ഇന്ത്യന്‍ മനഃസംസ്‌കാരത്തിനെ പുറന്തളളാന്‍ ശ്രമിക്കുന്നു. വന്‍ നഗരങ്ങളിലേക്ക് ജോലിയാവശ്യത്തിനായി കുടിയേറുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഇത് ഇപ്പോൾത്തന്നെ സമൂഹത്തില്, പ്രേമം, ലൈംഗികത, ബന്ധങ്ങള്‍ തുടങ്ങിയവയ്ക്ക് പുതു നിര്‍വചനങ്ങള്‍ സൃഷ്ടിക്കുന്നു.
ഇന്ത്യ ലൈംഗികതയെക്കുറിച്ച് എത്ര വേഗം തുറന്ന മനഃസ്ഥിതി കൊണ്ടുവരുന്നോ അത്ര നല്ലതെന്നാണ് കോത്താരി പറയുന്നത്. തന്റെ ഗുഹ്യരോഗം ഒരു കന്യകയ്‌ക്കൊപ്പം ശയിച്ചാല്‍ തീരാവുന്നതേയുള്ളു എന്നൊക്കെ പറഞ്ഞു വരുന്ന രോഗികളെ താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതാണ് പല ഇന്ത്യക്കാരുടെയും ലൈംഗിക വിദ്യാഭ്യാസം. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ പോലും ലൈംഗികത പഠന വിഷയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയെ കാമസൂത്ര യുഗത്തിലേക്കു കൊണ്ടുപോകുകയാണ്. പക്ഷേ, ഇതൊരു പരിവര്‍ത്തന കാലഘട്ടമാണ്. തറഞ്ഞു പോയ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരും പുതിയ മൂല്യങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്നവരുമുളള കാലം. കടന്നുകയറ്റങ്ങളില്ലാത്ത പരിവര്‍ത്തനം നടക്കുന്നതാണ് ഉചിതം. വരും വര്‍ഷങ്ങള്‍ വന്‍ മാറ്റങ്ങളായിരിക്കാം സമൂഹത്തില്‍ വരുത്താന്‍ പോകുന്നത്. എല്ലാം സ്മാർട് ഫോണ്‍ കൊണ്ടുവന്ന ഉള്ളംകൈ വിപ്ലവത്തിന്റെ മായാജാലം.
(അവസാനിച്ചു)