ഇ–മെയിലില്‍ നിന്ന് കാശുണ്ടാക്കാമോ? സർവീസ് ഇവിടെയും വരുമോ?

അവിശ്വസനീയമായ സാധ്യതകളാണ് ഇന്റര്‍നെറ്റ് ലോകം തുറന്നിട്ടിരിക്കുന്നത്. ഇതിന്റെ ചരിത്രം നോക്കിയാല്‍ ചില സ്വകാര്യ കമ്പനികള്‍ ഇതുവഴി ധാരാളം കാശുണ്ടാക്കിയിട്ടുള്ളതായും കാണാം. പലപ്പോഴും ഇത്തരത്തില്‍ കാശുകാരായത് ഫ്രീ സര്‍വീസ് നല്‍കുന്ന കമ്പനികളാണ്. ഉത്തമോദാഹരണം ഗൂഗിളും ഫെയ്‌സ്ബുക്കുമാണ്. ഇവര്‍ കാശുകാരായത് ഉപയോക്താക്കളുടെ വിവരങ്ങള്‍ വിറ്റാണെന്നാണ് ഒരു ആരോപണമുള്ളത്. പലപ്പോഴും ഇതുപോലെയുള്ള കമ്പനികള്‍ ഉണ്ടാക്കുന്നതില്‍ കുറച്ചു പൈസ അവര്‍ക്കായി 'അധ്വാനിക്കുന്ന' സാധാരണ ഉപയോക്താവിനു തിരിച്ചു നല്‍കിക്കൂടെ എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. ഫെയ്‌സ്ബുക് ഒരുപക്ഷേ അത്തരമൊരു പരീക്ഷ നടത്തിയേക്കുമെന്നും കേള്‍ക്കുന്നു.

എന്നാല്‍, ഇതൊന്നുമില്ലാതെ ഇന്റര്‍നെറ്റില്‍ നിന്ന് ചെറിയ രീതിയിലെങ്കിലും പൈസയുണ്ടാക്കാനുള്ള ചില സാധ്യതകള്‍ ആരായുന്നവരെ കുറിച്ചാണ് ഈ ലേഖനം. ഇതിലൂടെ ആര്‍ക്കും പൈസക്കാരനാകാനൊന്നും ഒക്കില്ല. പക്ഷേ, ചെറിയൊരു തുക കിട്ടിയേക്കാനും വഴിയുണ്ട്. പരസ്യത്തിലൂടെയാണല്ലോ, സ്വകാര്യ ഇന്റര്‍നെറ്റ് ഭീമന്മാര്‍ പൈസയുണ്ടാക്കുന്നത്. എന്തുകൊണ്ട് പരസ്യം വരുന്ന മെയിലുകള്‍ തുറന്നു നോക്കുകയും അതിലുള്ള ലിങ്കില്‍ ബോധപൂര്‍വ്വം ക്ലിക്കു ചെയ്യുകയും മറ്റും ചെയ്ത് പരസ്യം അയയ്ക്കുന്ന കമ്പനിക്കും അതു വായിക്കുന്നയാളിനും പൈസയുണ്ടാക്കിക്കൂടാ എന്നാണ് ഒരു അന്വേഷണം. സ്വന്തം വെബ്‌സൈറ്റില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ ഇടുന്നവര്‍ക്കറിയാം അതില്‍ ആരെങ്കിലും ക്ലിക്കു ചെയ്താല്‍ വെബ്‌സൈറ്റ് ഉടമയ്ക്കു കാശുകിട്ടും. ഈ രീതിയെ കുറച്ചുമാറ്റി മറിച്ച് ഒരു സാധ്യതയാണ് ആരായുന്നത്. 

പരസ്യ മെയിലുകള്‍ കിട്ടാത്തവരായി ഇമെയില്‍ ഉള്ള ആരുമുണ്ടാകില്ലല്ലോ.

ബിറ്റ്ബൗണ്‍സ്

വിദേശത്തു പരീക്ഷിക്കുന്ന ഒരു സര്‍വീസാണ് ബിറ്റ്ബൗണ്‍സ് (BitBounce). ഈ സര്‍വീസ് അനുദിനം വന്‍ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്ബൗണ്‍സില്‍ ഇമെയില്‍ ഐഡി നല്‍കി സൈന്‍-അപ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കോണ്ടാക്ട്‌സില്‍ ഇല്ലാത്ത ആരെങ്കിലും നിങ്ങള്‍ക്ക് മെയില്‍ അയയ്ക്കണമെങ്കില്‍ അവര്‍ ബിറ്റ്‌കോയിനില്‍ പൈസ നല്‍കണം! എന്നു പറഞ്ഞാല്‍ പരസ്യക്കാരും സ്പാം മെയില്‍ അയയ്ക്കുന്നവരും മറ്റും നിങ്ങള്‍ ഈ സര്‍വീസില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ ഒന്നുകില്‍ ഒഴിവായി പോകും അല്ലെങ്കില്‍ പൈസ തരും! ഉദാഹരണത്തിന്, ഒരു വലിയ ഓണ്‍ലൈന്‍ വ്യാപാര നെറ്റ്‌വർക്ക് വ്യാപാരമേള നടത്താന്‍ പോകുന്നുവെന്നിരിക്കട്ടെ. അവര്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു പരസ്യ ഇമെയില്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, ഇന്ന് അത് ഫ്രീ ആയി നിങ്ങളുടെ ഇന്‍ബോക്‌സില്‍ എത്തുന്നു. നാളെ, നിങ്ങള്‍ അവരെ കോണ്ടാക്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിക്കഴിഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൈസ തന്ന് മെയില്‍ അയച്ചേക്കാം. അങ്ങനെ പലരും കാണും. ബിറ്റ്ബൗണ്‍സിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഉപയോക്താവിന് ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ട് വേണം എന്നതാണ്. ഭാവിയില്‍ ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ട് വേണ്ടാത്ത ഇത്തരം സര്‍വീസുകള്‍ക്ക് തുടക്കമിട്ടേക്കാം. അത് ഇമെയില്‍ അക്കൗണ്ടുള്ള ആളുകള്‍ക്ക് ചെറിയ രീതിയിലെങ്കിലും പൈസ കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചേക്കാമെന്നു കരുതുന്നവരുണ്ട്.

സര്‍വീസ് നല്‍കുന്നയാള്‍

ചില വിദേശ രാജ്യങ്ങളില്‍ എന്തെങ്കിലും സര്‍വീസ് അല്ലെങ്കില്‍ ഉപദേശം നല്‍കുന്നയാളുകള്‍ ഇന്ന് അവര്‍ക്ക് മെയില്‍ അയയ്ക്കണമെങ്കില്‍ പൈസ ചാര്‍ജു ചെയ്യുന്നു. ഇത് ഭാവിയില്‍ ഇവിടെയും എത്തിയേക്കാം. വിവിധ തരം ഉപദേശങ്ങള്‍ വേണ്ടവര്‍ ഒരു ചെറിയ തുക മെയില്‍ ഉടമയുടെ അക്കൗണ്ടിലേക്ക് ഇടുന്നു. അത്തരം മെയിലുകള്‍ മാത്രമാകും അയാള്‍ തുറക്കുക. പ്രശസ്തരായ ചിലര്‍ക്ക് ഭാവിയില്‍ ഇതു പരീക്ഷിക്കാന്‍ സാധിച്ചേക്കും. ഒരാളുടെ സേവനമോ സഹായമോ അഭ്യര്‍ഥിച്ച് ഒരു മെയില്‍ അയക്കുന്നയാള്‍ പലപ്പോഴും ഈ പൈസ അടക്കാന്‍ തയാറായേക്കാം.

മെയില്‍ അയക്കുന്നയാള്‍ പൈസയടയ്ക്കുന്ന രീതി പല പ്രൊഫഷണലുകള്‍ക്കും അനുഗ്രഹമാകാം. കാരണം ആവശ്യമില്ലാത്ത ആരും മെയില്‍ അയക്കില്ല. എന്നതു കൂടാതെ തുറന്നു നോക്കുന്ന ഓരോ മെയിലിനും ചെറിയ തുകയെങ്കിലും ലഭിക്കുകയും ചെയ്യും. നല്‍കുന്ന മറുപടിക്കനുസരിച്ച് ഒരാളുടെ പ്രശസ്തി വര്‍ധിക്കുകയും പിന്നീട് കൂടുതല്‍ ചാര്‍ജ് ചെയ്യാവുന്ന കാലവും വരാം.