ഓൺലൈൻ ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിൻ ഗൂഗിളിന് പലപ്പോഴും വ്യക്തമായ ഉത്തരം നൽകുന്നതിൽ പരാജയം സംഭവിക്കാറുണ്ട്. ഇത്തരം ചില ഗൂഗിൾ സെർച്ചിങ് ഫലങ്ങൾ കണ്ട് ഉപയോക്താക്കൾ അദ്ഭുതപ്പെട്ടിട്ടുമുണ്ട്. അത്തരമൊരു സെർച്ചിങ് റിസൾട്ടിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം ട്വിറ്ററും ഫെയ്സ്ബുക്കും ചർച്ച ചെയ്തത്. ഗൂഗിളിൽ ‘ബിച്ചസ് നിയർ മി’ എന്ന് സെർച്ച് ചെയ്താൽ ലഭിച്ചത് അടുത്തുള്ള ലേഡീസ് ഹോസ്റ്റലുകൾ. സംഭവം വാർത്തയായതോടെ തെറ്റുതിരുത്തി ഗൂഗിൾ പ്രായശ്ചിത്തം ചെയ്തു.
ഗൂഗിളിൽ ‘ബിച്ചസ് നിയർ മി’ എന്ന് സെർച്ച് ചെയ്താൽ ഗൂഗിൾ മാപ്പിൽ നിന്നുള്ള ഒരു കൂട്ടം ലൊക്കേഷനുകൾ ലിസ്റ്റ് ചെയ്യും. സെർച്ച് ചെയ്യുന്ന വ്യക്തിയുടെ സമീപത്തുള്ള ഗേൾസ് സ്കൂളുകൾ, കോളേജുകൾ, ലേഡീസ് ഹോസ്റ്റലുകൾ എന്നിവയുടെ കൃത്യമായ ഗൂഗിൾ മാപ്പ് ലിങ്കോടെയാണ് വിവരങ്ങൾ നൽകുന്നത്. ഗൂഗിളിൽ ബിച്ചസ് (ചീത്തയായ സ്ത്രീ) എന്നു തിരയുമ്പോൾ അടുത്തുള്ള ലേഡീസ് ഹോസ്റ്റലുകൾ കാണിക്കണമെന്നായിരുന്നു ഗൂഗിൾ റോബോട്ടിനെ പറഞ്ഞുപഠിപ്പിച്ചത്.
@AHappyChipmunk എന്ന ട്വിറ്റർ ഉപയോക്താവാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തി ആദ്യം ട്വീറ്റ് ചെയ്തത്. ഇതോടെ മാധ്യമങ്ങളെല്ലാം സംഭവം ഏറ്റുപിടിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള തിരയൽ ഫലത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നു. അതോടെ തിരയൽ ഫലത്തിൽ ഗൂഗിൾ മാറ്റങ്ങൾ വരുത്തുകയായിരുന്നു.
എന്തായാലും ഗൂഗിൾ നൽകുന്ന എല്ലാ ഉത്തരങ്ങളും കൃത്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സെർച്ചിങ് ഫലം. ഗൂഗിളിന്റെ അൽഗോരിതത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.