ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിലൂടെ ജനങ്ങളെ ആകര്‍ഷിക്കാനും പിടിച്ചുനിർത്താനും സാധിക്കുമെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കരുതിയത്. എന്നാൽ ഡിജിറ്റൽ ഇന്ത്യയോ സൗജന്യ ഫോണുകളോ അല്ല ജനങ്ങൾക്ക് വേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിധി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മാസങ്ങൾക്ക് മുന്‍പ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു തന്ത്രം പരീക്ഷിച്ചു നോക്കി. വോട്ടര്‍മാരെ പിടിക്കാൻ ഫ്രീ ഫോൺ. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താനായിരുന്നു പാര്‍ട്ടിയുടെ നീക്കം. സംസ്ഥാനത്ത് ഓരോ വീട്ടിലും സ്മാര്‍ട് ഫോൺ എന്ന ആശയവുമായാണ് ബിജെപി സർക്കാർ മുന്നോട്ടുവെച്ചത്. ഇതിനായി 7.1 കോടി ഡോളറാണ് സർക്കാർ വിനിയോഗിച്ചത്. എന്നാൽ പദ്ധതി വോട്ടായി മാറ്റാൻ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് കണക്കുകൾ കാണിക്കുന്നത്.
ഛത്തീസ്ഗഡിലെ 2.6 കോടി ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യ നൽകി അവരെ പാർട്ടിക്കൊപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്. വനമേഖലയിലേതടക്കം 7,000 ഉള്‍നാടന്‍ ഗ്രാമങ്ങളാണ് സംസ്ഥാനത്തുള്ളത്. പലയിടത്തും മൊബൈല്‍ സിഗ്നലുകള്‍ പോലും ലഭ്യമല്ലെന്നത് മറ്റൊരു വസ്തുത. ഇവിടെ പാര്‍ട്ടിയുടെ പ്ലാന്‍ കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും കോളജ് വിദ്യാർഥികൾക്കും ഓരോ വീട്ടിലെയും ഒരു സ്ത്രീക്കും ബേസിക് ഫീച്ചറുകളുള്ള സ്മാര്‍ട് ഫോണ്‍ നല്‍കാനുമായിരുന്നു. ഇതിലൂടെ, കേന്ദ്ര പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെടുത്താനും പ്രത്യക്ഷ ലക്ഷ്യമായിരുന്നു.
ഛത്തീസ്ഗഡിൽ എകദേശം 30 ലക്ഷം പേര്‍ക്കാണ് ഫോണ്‍ വിതരണം ചെയ്തത്. ഇവരെ ലക്ഷ്യം വച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് സംസ്ഥാനത്ത് വൻ ആരോപണം ഉയർന്നിരുന്നു. ബിജെപി ശമ്പളത്തിനു നിയോഗിച്ച 350 കരാര്‍ ജോലിക്കാർ ഫോണ്‍ ലഭിച്ചവരെ വിളിച്ച് ആർക്കാണ് വോട്ടു ചെയ്യുന്നതെന്നു വരെ ചോദിച്ചിരുന്നു. ഇത് വൻ വിവാദമായിരുന്നു. ഫോണ്‍ ലഭിച്ചതില്‍ സന്തോഷമുണ്ടോ എന്നും രമണ്‍ സിങ് സർക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടോ എന്നുമായിരുന്നു കോൾ സെന്ററിൽ നിന്നു വിളിച്ചു ചോദിച്ചത്. പിന്നെ വോട്ടിനെപ്പറ്റി ചോദിക്കുമെന്നും കോണ്‍ഗ്രസിനാണ് വോട്ടു ചെയ്യുക എന്നോ ഇത്തവണ വോട്ടു ചെയ്യില്ല എന്നോ പറഞ്ഞ ആളുകളുടെ അടുത്തേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ അയയ്ക്കുന്നുവെന്ന് വരെ ആരോപണമുയർന്നിരുന്നു.
ഫോണിന്റെ ബാക്ഗ്രൗണ്ട് ഇമേജ് രമണ്‍സിങ്ങിന്റെ ചിത്രമായിരുന്നു. ഫോണില്‍ രണ്ട് പ്രചാരണ ആപ്പുകളും ഉൾപ്പെടുത്തിയിരുന്നു. രമണ്‍ സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും കേള്‍പ്പിക്കുന്ന ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്തകളും പ്രസംഗങ്ങളുമുള്ള മറ്റൊന്നും. ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ആദ്യം തുറക്കുമ്പോള്‍ മുഴുവന്‍ കോണ്ടാക്ടും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടും. പിന്നീട് വ്യക്തിവിവരങ്ങള്‍ ബിജെപിക്കു നല്‍കാന്‍ ആവശ്യപ്പെടും.
ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. ഒരു പാര്‍ട്ടിക്കു മാത്രമായി ഇതു അനുവദിക്കരുതെന്നും മറ്റു പാര്‍ട്ടികള്‍ക്കും ഇത്തരം ഡേറ്റ ലഭിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, ബിജെപി സർക്കാർ വിതരണം ചെയ്ത ഫ്രീ ഫോണുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും അതു നന്നാക്കാന്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് അറിയില്ലെന്നും ഉപയോക്താക്കൾ പരാതിയുമായി രംഗത്തെത്തി. എന്നാല്‍, അതിനേക്കാള്‍ ദൈന്യമായിരുന്നു മറ്റു ചില വോട്ടർമാരുടെ ആവശ്യം, ഫോണുകള്‍ക്കായി ലക്ഷക്കണക്കിനു രൂപ നല്‍കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്, മറിച്ച് തങ്ങളുടെ ദിവസക്കൂലി 40 രൂപയായി (അതെ, 40 രൂപ!) ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുകയാണു വേണ്ടതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.