ഇന്ത്യൻ ട്രെയിൻ യാത്രക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ട്രെയിൻ ലൊക്കേറ്റിങ് മൊബൈൽ ആപ് വേർ ഈസ് മൈ ട്രെയിൻ ഇനി ഗൂഗിളിനു സ്വന്തം. ആപ് നിർമിച്ച ബെംഗളൂരുവിലെ സിഗ്‌മോയ്ഡ് ലാബ്സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിൾ ഏറ്റെടുത്തു.
ഗൂഗിൾ ആപ്പിൽ തൽസമയ ട്രെയിൻ ലൊക്കേറ്റിങ് സംവിധാനങ്ങൾ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഏറ്റെടുക്കൽ എന്നാണ് സൂചന. സിഗ്‌മോയ്ഡ് ലാബ്സ് ഗൂഗിളിലെത്തുന്നതോടെ സ്റ്റാർട്ടപ് സ്ഥാപകരും എൻജിനീയർമാരും ഗൂഗിൾ ജീവനക്കാരാവും. ഒരുകോടിയിലേറെ പേർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വേർ ഈസ് മൈ ട്രെയിൻ ആപ് സ്വന്തമാക്കാൻ ഏതാനും മാസങ്ങളായി ഗൂഗിളും ചൈനീസ് കമ്പനിയായ ഷൗമിയും ചർച്ചകൾ നടത്തി വരികയായിരുന്നു.
ട്രെയിനുകളുടെ തൽസമയ ലൊക്കേഷൻ, പിഎൻആർ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്മെന്റ് എന്നിവ പരിശോധിക്കാൻ കഴിയുന്ന ആപ് ജിപിഎസും ഇന്റർനെറ്റും ഇല്ലാതെ പ്രവർത്തിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. മലയാളം ഉൾപ്പെടെ 8 ഭാഷകളിൽ ആപ് സേവനം ലഭ്യമാണ്. എസ്.പി.നിസാം, അരുൺകുമാർ നാഗരാജൻ, ബാലസുബ്രഹ്മണ്യം രാജേന്ദ്രൻ, മീനാക്ഷി സുന്ദരം എന്നിവരാണ് സ്റ്റാർട്ടപ് സ്ഥാപകർ.