Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

130 രൂപയ്ക്ക് 100 ഫ്രീ ചാനലുകൾ, അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

Remote-TV

ടെലിവിഷൻ ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപയോക്താക്കളുടെ താൽപര്യത്തിനു പ്രാധാന്യം നൽകുന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നിർദേശങ്ങൾ 29 നു പ്രാബല്യത്തിൽ വരും. 

എല്ലാ ചാനലുകളും ആവശ്യമുള്ള വരിക്കാർക്ക് നിരക്കു വർധിക്കുമെങ്കിലും ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസരം  ലഭിക്കുന്നതിനാൽ പൊതുവെ വർധനയുണ്ടാകില്ല. നിലവിൽ കാണുന്ന ചാനലുകൾ മുഴുവൻ ലഭിക്കണമെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് കേബിൾ, ഡയറക്ട് ടു ഹോം സർവീസുകൾ പറയുമ്പോൾ, ഉപയോക്താവിന്റെ സ്വാതന്ത്ര്യം നിരക്കു കുറയാനിടയാക്കുമെന്ന് ട്രായ് വ്യക്തമാക്കുന്നു. 

100 സൗജന്യ ചാനലുകൾ 130 രൂപ നിരക്കിൽ  നൽകണമെന്നും ട്രായ് നിർദേശിക്കുന്നുണ്ട്. ഇതിനു പുറമെ, 332 പേ ചാനലുകളിൽ നിന്ന് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനും ഉപയോക്താവിനു കഴിയും. ഇതിനു മുൻപ് കേബിൾ, ഡയറക്ട് ടു ഹോം സർവീസുകൾ നൽകിയിരുന്ന  പാക്കേജുകൾക്കായിരുന്നു പണം നൽകിയിരുന്നത്. ട്രായ് നിർദേശപ്രകാരം പേ ചാനലുകൾ നിരക്ക്  പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ചാനലിന്റെ പരമാവധി നിരക്ക് 19 രൂപയിൽ കൂടാൻ പാടില്ലെന്നും ട്രായ് നിർദേശമുണ്ട്.

നടപ്പാകുന്ന മാറ്റങ്ങൾ

ഇതുവരെ കേബിൾ സർവീസുകളും ഡയറക്ട് ടു ഹോം കമ്പനികളും നൽകുന്ന പാക്കേജ് അനുസരിച്ചായിരുന്നു ഉപയോക്താക്കൾ ചാനലുകൾ തിരഞ്ഞെടുത്തിരുന്നത്. നിരക്കും അവർ നിശ്ചയിക്കും. 

പല കമ്പനികളും പല നിരക്കാണ് ഈടാക്കുന്നത്. ഓരോ ചാനലിന്റെയും നിരക്ക് സംബന്ധിച്ച കൃത്യമായ വിവരവും ഉപയോക്താവിനുണ്ടായിരുന്നില്ല. പുതിയ നിർദേശം ഇവയെല്ലാം സുതാര്യമാക്കി.

ഒരു ചാനലിന് 19 രൂപയിൽ കൂടാൻ പാടില്ലെന്ന നിർദേശത്തെ തുടർന്ന് പ്രീമിയം ചാനലുകളെല്ലാം നിരക്കു കുറച്ചു. കേബിൾ ഓപ്പറേറ്റർമാരോ ഡിടിഎച്ച് കമ്പനികളോ ഇതുവരെ അവരുടെ പാക്കേജ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ നിരക്കു കുറയ്ക്കൽ ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്നറിയാൻ 29 വരെ കാത്തിരിക്കണം.

കമ്പനികൾ നിശ്ചയിച്ചിരുന്ന ബൊക്കെകളിൽ (ചാനലുകളുടെ പ്രത്യേക പായ്ക്ക്) നിന്ന് ഇഷ്ടമുള്ള ചാനലുകൾ മാത്രം ഇനി തിരഞ്ഞെടുക്കാം. 100 സൗജന്യ (ഫ്രീ ടു എയർ ചാനലുകൾ) ചാനലുകൾ 130 (നികുതി കൂടാതെ) രൂപയുടെ പാക്കേജിൽ ഉപയോക്താവിനു നൽകണം. ഇതിൽ 26 ചാനലുകൾ ദൂരദർശന്റേതാകണം. ബാക്കി 74 ചാനലുകളും തിരഞ്ഞെടുക്കുന്നത് ഉപയോക്താവായിരിക്കും. 100 എണ്ണത്തിനു പുറമെ ഇഷ്ടമുള്ള പേ ചാനലുകളും തിരഞ്ഞെടുക്കാം.

remote

ഈ ചാനലുകൾക്ക് ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കാണ് ഈടാക്കുക. അടിസ്ഥാന നിരക്കിനൊപ്പം തിരഞ്ഞെടുക്കുന്ന പേ ചാനലുകളുടെ നിരക്കുകൂടി ചേർന്നതാണു പ്രതിമാസ വരിസംഖ്യ. വില കൂടിയ പേ ചാനലുകൾ സീസണലായി തിരഞ്ഞെടുക്കാനുള്ള അവസരം ഉപയോക്താവിന്. ഉദാഹരണത്തിന് ഉയർന്ന നിരക്കുള്ള സ്പോർട്സ് ചാനലുകൾ കളി നടക്കുന്ന പ്രത്യേക സീസണിലേക്കു മാത്രമായി തിരഞ്ഞെടുക്കാം.