Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019 ൽ പുതിയ വൈദ്യുത മീറ്റർ, ഫ്യൂസ് ഇനി ഊരില്ല, പരിഹാരം റീചാർജ്, ലോഡ് ഷെഡിങ്ങിന് പിഴ

meter-kseb

രാജ്യത്തെ വൈദ്യുത മീറ്ററുകളിൽ വൻ മാറ്റം വരുന്നു. 2019 ഏപ്രിൽ ഒന്നു മുതൽ എല്ലാ സംസ്ഥാനങ്ങളിലും പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകൾ ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

മൊബൈലുകളിൽ ഉപയോഗിക്കുന്ന പ്രീ-പെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാർജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകും. കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ്ങാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഡിടിഎച്ച് സംവിധാനം പോലെ റീചാർജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ ഫ്യൂസ് ഊരാനൊന്നും അധികൃതർ വരില്ലെന്ന് ചുരുക്കം. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ ഉപഭോക്താവിന് നല്‍കുന്ന കാർഡ് റീചാർജ് ചെയ്യേണ്ടിവരും.

മൊബൈൽ ഫോൺ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാർജ് ചെയ്ത തുക തീർന്നു പോകുമെന്ന ഭയത്താൽ മിക്കവരും കുറച്ച് ഉപയോഗിക്കാൻ തുടങ്ങും. ഇതിനു പുറമേ മീറ്റർ റീഡർമാരുടെ തൊഴിലും ഒഴിവാക്കാനാകും. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. കേരളത്തിലും ഇതിനായി ടെൻഡർ നടപടികൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഉപഭോക്താവിന് നൽകും. ഇതിലൂടെ അനാവശ്യ ഉപയോഗങ്ങൾ കുറയ്ക്കാനും സാധിക്കും. അതേസമയം, 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് റീചാർജ് മീറ്റർ മതിയെന്ന നിർദ്ദേശമുണ്ട്.

രാജ്യത്താകെ 2.26 കോടി പുതിയ വൈദ്യുത മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര കണക്ക്. വൈദ്യുത ബില്ലുകൾ കൃത്യമായി കണക്കാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളാണ് പുതിയ മീറ്ററുകൾ കൊണ്ടുവരാൻ കാരണം.

ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇപ്പോൾ കേരളത്തിൽ രണ്ടു മാസത്തെ ബില്ലാണ് ഒന്നിച്ചു നൽകുന്നത്. ഇതിൽ രണ്ടു മാസത്തേക്ക് ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക നൽകണം. എന്നാൽ പുതിയ മീറ്റർ വരുമ്പോൾ ഉപയോഗിച്ച മണിക്കൂറുകൾക്ക് മാത്രം പണം നൽകിയാൽ മതിയാകും. അതേസമയം, നിലവിൽ ലഭിക്കുന്ന സബ്സിഡികൾ ഒഴിവാക്കില്ല. ഇക്കാര്യത്തിൽ അതാത് സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്പനികൾക്ക് തീരുമാനിക്കാം.

Electricity

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു വലിയ തീരുമാനം ലോഡ് ഷെഡിങ് ഒഴിവാക്കിയേക്കും എന്നതാണ്. ലോഡ് ഷെഡിങ് ഏർപ്പെടുത്തിയാൽ വൈദ്യുതിവിതരണ കമ്പനികൾക്ക് പിഴ ചുമത്താനും നീക്കം നടക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കീഴിലുള്ള വൈദ്യുത കമ്പനികളെ നിരീക്ഷിച്ച് വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം.