ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ആപ്പിൾ ഐഫോണുകളെ പോലും തീർത്തും വിശ്വസിക്കാനാവില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോണിലെ പല ആപ്പുകളും ഉപഭോക്താവിന്റെ വിലപ്പെട്ട ഡേറ്റകളും വിവരങ്ങളും ചോർത്തുന്നുണ്ട്. ഇത്തരത്തിലുള്ള 76 ഐഒഎസ് ആപ്ലിക്കേഷനുകളാണ് സുഡോ സൈബര്‍ സെക്യൂരിറ്റി അടുത്തിടെ കണ്ടെത്തിയത്.
ഈ 76 ആപ്ലിക്കേഷനുകളും എൻക്രിപ്റ്റ് ചെയ്യുന്നത് സുരക്ഷയ്ക്ക് അപര്യാപ്തമായ രീതിയിലാണ്. മൂന്നാമതൊരാള്‍ക്ക് ഇവിടെ ഇടപ്പെടാന്‍ യാതൊരു പ്രയാസവുമില്ലെന്നു ആര്‍സ്‌ടെക്‌നിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാക്കര്‍മാര്‍ക്ക് ഈ ഡേറ്റ എടുക്കാന്‍ സാധിക്കും. ദുര്‍ബലമായ ട്രാൻസ്പോർട്ട് ലേയർ സെക്യൂരിറ്റി (TLS) പ്രോട്ടോകോൾ ആണ് ഇതിനു കാരണം. അതേസമയം, iOS ആപ്പുകളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് സുഡോ.
ഈ 76 ആപ്ലിക്കേഷനുകളില്‍ 33 എണ്ണം അത്ര അപകടസാധ്യത ഇല്ലാത്തവയാണ്. ഡിവൈസ് ഇന്‍ഫര്‍മേഷന്‍, ഡിവൈസ് അനലിറ്റിക്‌സ്, ഇമെയില്‍ ഐഡികള്‍ മുതലായവയാണ് ഇവയിലൂടെ ചോരുന്നത്. ബാക്കിയുള്ളതില്‍ 24 എണ്ണത്തില്‍ ഗുരുതരമായ ലോഗിന്‍ ഇന്‍ഫര്‍മേഷന്‍ ചോര്‍ച്ച വരെയുണ്ട്. 1.8 കോടി പേർ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകള്‍ വരെ ഇതിലുണ്ടെന്നും സുഡോ പ്രസിഡന്റ് വില്‍ സ്ട്രാഫച്ച് പറയുന്നു.
ഉപയോക്താക്കളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഇത് ഏതൊക്കെ ആപ്പുകള്‍ ആണെന്ന വിവരം സുഡോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഹാക്കര്‍മാര്‍ക്ക് എളുപ്പവഴി തുറന്നു കൊടുക്കലാവും അത്. എന്നാല്‍ വരുന്ന മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഈ വിവരം പുറം ലോകത്തെ അറിയിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനു ശേഷമാവും അത്.
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ആയിരുന്നു ഇതുവരെ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പഴി കേട്ടിരുന്നത്. ആപ്പിളിന്റെ വെരിഫിക്കേഷനും മറ്റും കുറച്ചുകൂടി ബുദ്ധിമുട്ടാണ്. കൂടുതല്‍ സുരക്ഷിതമായ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്ന ആപ്പിൾ ട്രാന്‍സ്പോർട്ട് സെക്യൂരിറ്റി ഉപയോഗിക്കാനായി ആപ്പിള്‍ ഡെവലപ്പര്‍മാരോടു നിരന്തരം നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഹാക്കിംഗില്‍ ആപ്പിൾ ട്രാന്‍സ്പോർട്ട് സെക്യൂരിറ്റി കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും സ്ട്രാഫച്ച് പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗരൂഗത പാലിക്കുക എന്നതു തന്നെയാണ്. ബാങ്ക് അക്കൗണ്ടുകള്‍ പോലെ വളരെ ശ്രദ്ധിക്കേണ്ടവ ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യുമ്പോള്‍ വൈഫൈ ഓഫ് ചെയ്ത് മൊബൈല്‍ ഡേറ്റ ഉപയോഗിക്കുക മുതലായ കാര്യങ്ങള്‍ കൃത്യമായി പിന്തുടരണം.