സ്കൂൾ ബസ് ശ്രദ്ധിക്കാൻ ആപ്പ്

Photo: schoolbussafetypune

പൂനെയിലെ രക്ഷകർത്താക്കൾക്ക് ഇനി മക്കളുടെ യാത്രയെക്കുറിച്ചോർത്ത് ടെൻഷൻ അടിക്കേണ്ട. കുട്ടികളുടെ സ്കൂൾ ബസ് എവിടെയെത്തി എന്നറിയാൻ സഹായിക്കുന്ന ആപ്പ് പൂനെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ആണ് തയ്യാറാക്കിയിരിക്കുന്നത്. 'സ്കൂൾ ബസ് സേഫ്റ്റി പൂനെ' എന്ന് പേര് നൽകിയിരിക്കുന്ന ആപ്പിൽ തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ ബസിന്റെ രജിസ്ട്രേഷന്‍ നമ്പരും, ഡ്രൈവർ ഉൾപ്പടെയുള്ള ബസിലെ ജീവനക്കാരുടെ ഫോൺ നമ്പരും ലഭ്യമാകും. അതോടൊപ്പം ഡ്രൈവറുടെയും ബസിന്റെയും പെർമിറ്റ് അടക്കമുള്ള വിവരങ്ങളും ആപ്പിന്റെ സഹായത്താൽ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

രക്ഷകർത്താക്കൾക്ക് പുറമേ സ്കൂൾ ബസിന്റെ തൽസമയ വിവരങ്ങൾ ആർ .ടി .ഒ-ക്കും സ്കൂൾ അധികൃതർക്കും ലഭ്യമാകും. 1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് താന്‍ ഇത്തരത്തിൽ ഒരു ആപ്പ് തയാറാക്കാൻ മുൻകയ്യെടുത്തതെന്ന് പൂനെ ആർ.ടി.ഒ പറഞ്ഞു. സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പുനെ ഗതാഗത വിഭാഗത്തിന്റെ വെബ്സൈറ്റിൽ ഇതുവരെ 4,400 സ്കൂളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഈ സ്കൂളുകളുടെയെല്ലാം ബസിനെ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

ഈ ആപ്പ് വിദ്യാഭ്യാസ വകുപ്പിനും വളരെയേറെ പ്രയോജനപ്രദമാണെന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. അതാത് ദിവസങ്ങളിൽ സ്കൂളിലെത്തുന്ന കുട്ടികളുടെ കണക്കും മറ്റ് അനുബന്ധ വിവരങ്ങളും ശേഖരിക്കാൻ സമയനഷ്ടമോ അധികച്ചിലവോ കൂടാതെ ഇതിലൂടെ വകുപ്പിന് സാധ്യമാകുമെന്നാണ് ഇവർ പറയുന്നത്. എന്തായാലും ഇത്തരം അപ്പുകൾ നമ്മുടെ സർക്കാരും വികസിപ്പിച്ചെടുത്ത് സ്കൂൾ വാഹനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് കരുതാം.