‘കുട്ടികളെ ആക്രമിച്ചാൽ ക്ഷമിക്കില്ല’, ഹാക്കർ തകർത്തത് 10,613 പോണ്‍ വെബ്സൈറ്റുകൾ!

പതിനായിരത്തിലേറെ ചൈല്‍ഡ് പോണ്‍ സൈറ്റുകളെ ഒറ്റയടിക്ക് തകര്‍ത്ത് അനോണിമസ് ഹാക്കറുടെ ആക്രമണം. ഇന്റര്‍നെറ്റ് ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസിലെ ഹാക്കറാണ് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ചിത്രീകരിച്ച വെബ്‌സൈറ്റുകളെ കൂട്ടകശാപ്പ് ചെയ്തത്. ഫെബ്രുവരി മൂന്നിന്‌ ശേഷം ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അനോണിമസിന്റെ സന്ദേശമാണ് കാണാനാവുക.

ഇത്തരം വെബ്‌സൈറ്റുകളുടെ വലിയൊരു പങ്ക് സൂക്ഷിച്ചിരിക്കുന്ന ഫ്രീഡം ഹോസ്റ്റിംങ് 2 വെബ് ഹോസ്റ്റിങ് സര്‍വീസാണ് ഇവര്‍ തകര്‍ത്തത്. അധോലോക വെബ് എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലെ ഏറ്റവും വലിയ വെബ് ഹോസ്റ്റിങ് സര്‍വീസാണിത്. നിയമവിരുദ്ധ വെബ്‌സൈറ്റുകളും പോണ്‍ സൈറ്റുകളുമാണ് ഡാര്‍ക്ക് വെബ്ബിലും ഫ്രീഡം ഹോസ്റ്റിങ് 2 ലും ശേഖരിച്ചിട്ടുള്ളത്.
നേരത്തെ 2011ലും ഫ്രീഡം ഹോസ്റ്റിങിനെതിരെ അനോണിമസ് ആക്രമണം നടത്തിയിരുന്നു. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്ക് നേരെയായിരുന്നു അന്നും അനോണിമസിന്റെ ആക്രമണം. ഏകദേശം 75 ജിബി വിഡിയോകളും 2.3 ജിബി ഡേറ്റാബേസുമാണ് ഹാക്കർമാർ ഡൗൺലോഡ് ചെയ്ത് നശിപ്പിച്ചത്.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നില്ല ആക്രമണം നടത്തിയതെന്ന് ന്യൂസ് വീക്കിനോട് ഹാക്കര്‍ പറഞ്ഞു. 'ഫ്രീഡം ഹോസ്റ്റിങ് 2വിലെ ചില വെബ് സൈറ്റുകള്‍ പരിശോധിക്കുമ്പോഴാണ് ഇതില്‍ നിരവധി ചൈല്‍ഡ്് പോണ്‍ സൈറ്റുകളുള്ളത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ശരിയായ കാര്യം ശരിയായ സമയത്ത് തീരുമാനിക്കുകയായിരുന്നു' ആക്രമണംനടത്തിയ ഹാക്കര്‍ പറയുന്നു.

സാധാരണ നിലയിലുള്ള വെബ് ഹോസ്റ്റിങ് സര്‍വറുകള്‍ ഇത്തരം അശ്ലീല വെബ്‌സൈറ്റുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. വലിയതോതിലുള്ള ട്രാഫിക്കും നിയമപ്രശ്‌നങ്ങളും സാമൂഹ്യപ്രതിബദ്ധതയുമൊക്കെയാണ് കാരണങ്ങള്‍. എന്നാല്‍ ഡാര്‍ക്ക് വെബ്ബില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇത്രയും വലിയ തോതില്‍ ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ക്ക് നേരെ ഹാക്കിങ് നടക്കുന്നത് അപൂര്‍വമാണ്.

ഇതുവരെ 10,613 ചൈല്‍ഡ് പോണ്‍ സൈറ്റുകളാണ് ഹാക്കര്‍ തകര്‍ത്തത്. ഇതില്‍ പകുതിയിലേറെ ചൈല്‍ഡ് പോണ്‍ ഉള്ളടക്കമുള്ളവയാണ്. ഈ വെബ്‌സൈറ്റുകള്‍ തുറന്നാല്‍ ഇപ്പോള്‍ കാണാനാവുക അനോണിമസിന്റെ സന്ദേശമാണ്. 'ഞങ്ങള്‍ ക്ഷമിക്കില്ല. മറക്കില്ല. നിങ്ങള്‍ എപ്പോഴും ഞങ്ങളെ പ്രതീക്ഷിച്ചേ പറ്റൂ'. എന്നാണ് അനോണിമസ് വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സന്ദേശം.