സാങ്കേതിക സംവിധാനങ്ങൾ വളർന്നതോടെ ബാങ്കിങ് ലോകത്തെ തട്ടിപ്പുകളും കൊള്ളകളും കൂടി. സ്മാർട്ട്ഫോണും ആപ്ലിക്കേഷനുകളും അത്യാധുനിക സംവിധാനങ്ങളും ഹൈടെക് ക്യാമറകളും ബാങ്ക്, എടിഎം കൊള്ളക്കാരുടെ സഹായത്തിനെത്തി. ഓരോ ദിവസവും ലോകത്ത് വിവിധ ബാങ്കുകളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് മോഷണം പോകുന്നത്. എന്നാൽ വൻ സൈബർകൊള്ളകളുടെ വാർത്ത മാത്രമേ ബാങ്കുകൾ പുറത്തുവിടൂ, കാരണം ബാങ്ക് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ ഇടപാടുകാർ വിട്ടുപോകും.
2013 മേയിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ഏറ്റവും വലിയ എടിഎം കാർഡ് കൊള്ള നടന്നത്. അന്ന് ഒരു മണിക്കൂറിനിടെ സൈബർകൊള്ളക്കാർ മോഷ്ടിച്ചത് 45 ദശലക്ഷം ഡോളറാണ് (ഏകദേശം 301 കോടി രൂപ). ആഗോള നെറ്റ്‌വർക്കുകളെ എല്ലാം ഉപയോഗപ്പെടുത്തിയായിരുന്നു ബാങ്കിങ് കൊള്ള. ഏകദേശം 20 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റകളാണ് മോഷണത്തിനായി അന്നു ഉപയോഗിച്ചത്.
ഹാക്കര്‍മാരുടെ രാജ്യാന്തര സംഘം ആസൂത്രണം ചെയ്തായിരുന്നു മോഷണം. ഡെബിറ്റ് കാര്‍ഡുകളുടെ ഡാറ്റകൾ ചോർത്തിയാണ് മോഷണം നടത്തിയത്. ഒരേസമയം വിവിധ ലോകരാജ്യങ്ങളിൽ നിന്നായാണ് ഹാക്കർമാർ പണം പിൻവലിച്ചത്. അമേരിക്കയിലെ മിഡില്‍ ഈസ്റ്റേണ്‍ ബാങ്കില്‍ നിന്നാണ് കോടികള്‍ കവര്‍ന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിന്നീട് എട്ടു പേര്‍ പിടിയിലായി.
ബാങ്കിങ് നെറ്റ്‌വർക്കിലെ എടിഎം കാർഡ് ഡാറ്റാബേസ് ഹാക്ക് ചെയ്ത് വ്യാജ കാർഡുകൾ നിർമ്മിച്ചാണ് അന്ന് മോഷണം നടന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയെന്നാണ് അന്ന് ടെക്ക് വിദഗ്ധർ ഈ കൊള്ളയെ വിശേഷിപ്പിച്ചത്.
എടിഎം വഴി മോഷണം നടത്താൻ ഹാക്കർമാർ അന്ന് ചെയ്തത് ഹൈടെക് സംവിധാനമായിരുന്നു. കോടികൾ നിക്ഷേപമുള്ള ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഡാറ്റകൾ ചോർത്തുകളും അതിൽ മാറ്റം വരുത്തി സേവ് ചെയ്യുകയും ചെയ്തു. ഓരോ ഇടപാടുകാർക്കും പരമാവധി വലിക്കാനുള്ള പരിധി നീക്കം ചെയ്തു. ഇതോടെ എടിഎമ്മിൽ നിന്ന് എത്രയും വലിക്കാമെന്നായി. എടിഎമ്മിൽ ലഭ്യമായ എല്ലാ കാശുകളും ഒരേസമയം വലിക്കാൻ ഇതിലൂടെ കഴിഞ്ഞു.
ഡിജിറ്റൽ ഡാറ്റകൾ ഉപയോഗിച്ച് മാഗ്നറ്റിക് സ്ട്രിപ്പുകളുള്ള വ്യാജ എടിഎം കാർഡുകൾ നിർമ്മിക്കുകയും ചെയ്തു. ജപ്പാന്‍, റഷ്യ, റൊമാനിയ, ഈജിപ്ത്, കൊളംബിയ, ബ്രിട്ടന്‍, ശ്രീലങ്ക, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നാണ് ഹാക്കർമാർ ഒരേസമയം കാശ് പിൻവലിച്ചത്.