Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാസ് നോട്ടുകൾ കുറയ്ക്കും, ആധാർ പേ ഗ്രാമങ്ങളിലേക്ക്, പണമടയ്ക്കാൻ ഒരു നമ്പർ!

digital-india

രാജ്യം വലിയൊരു ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. കറൻസി നോട്ടുകളുടെ ഉപയോഗം കുറച്ച് എല്ലാം ഡിജിറ്റലിലേക്ക് മാറ്റാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രം. കേന്ദ്ര സർക്കാറും വിവിധ ബാങ്കുകളും ചേർന്ന് ഗ്രാമങ്ങളിൽ പോലും പദ്ധതി നടപ്പിലാക്കാൻ വൻ ആസൂത്രണങ്ങളാണ് നടത്തുന്നത്. പാവപ്പെട്ടവരെയും വിദ്യാഭ്യാസമില്ലാത്തവരെയും ഡിജിറ്റൽ ഇടപാടുകൾ പഠിപ്പിക്കാൻ കോടികളുടെ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു.

ആധാർ പേ വഴി ഡിജിറ്റൽ ഇടപാടുകൾ സജീവമാക്കും. ആധാർ കാർഡും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് വിരലടയാള പെയ്മെന്റ് സംവിധാനമാണ് നടപ്പിലാക്കുക. ഗ്രാമങ്ങളിലെ കടകളിലും മറ്റു പണമിടപാടു കേന്ദ്രങ്ങളിലും വിരലടയാളം വെരിഫൈ ചെയ്യാനുള്ള ഡിവൈസുകൾ സ്ഥാപിക്കും. കേവലം 2000 രൂപ വിലയുള്ള ഡിവൈസുകൾ വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്.

രാജ്യത്തെ എല്ലാ കച്ചവടക്കാരും കാഷ്‌ലെസ് പെയ്മെന്റിലേക്ക് മാറണമെന്നതാണ് അടുത്ത ലക്ഷ്യം. കടയിൽ നിന്നു സാധാനങ്ങൾ വാങ്ങുമ്പോൾ ആധാർ നമ്പറും ബാങ്കിന്റെ പേരും നൽകിയാൽ മതി. തുടർന്ന് അക്കൗണ്ട് വെരിഫൈ ചെയ്യാൻ ഫിംഗർപ്രിന്റ് സ്കാനിങ്ങും നടത്തും. ഇതോടെ പെയ്മെന്റ് പൂർത്തിയാകും. എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ആധാർ പേ സേവനം ഉപയോഗിക്കാനാകുമെന്നാണ് യുഐഡിഎഐ സിഇഒ എബി പാണ്ഡെ പറഞ്ഞു. ഫോണിനൊപ്പം കേവലം 2000 രൂപ വരെ വിലയുള്ള ഫിംഗർപ്രിന്റെ സ്കാനറും കണക്റ്റ് ചെയ്യേണ്ടിവരും.

വിവിധ ബാങ്കുകളോട് ഓരോ ബ്ര‍ാഞ്ചിലും 30 മുതൽ 40 കച്ചവടക്കാർക്ക് വരെ ആധാർ പേ ഇടപാടിനു അനുമതി നൽകാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവി‍ൽ അഞ്ചു ബാങ്കുകൾ ആധാർ പേ നടപ്പിലാക്കി കഴി‍‍ഞ്ഞു. ആധാർ പേ നടപ്പിലാക്കാനായി വിവിധ ബാങ്കുകൾ ആപ്പ് വികസിപ്പിച്ചെടുക്കാൻ നീക്കം തുടങ്ങി.

ഇതിനിടെ ഡിജിറ്റൽ ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭീം ആപ്പും പതുക്കും. എല്ലാ ബാങ്കുകളെയും മാർച്ച് 31നു മുൻപ് ഭീമിനു പിന്നിൽ അണിനിരത്തുമെന്നു കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഡയറക്ടർ കവിത ഭാട്യ പറഞ്ഞു. ആധാർ അനുബന്ധ പണമിടപാടു സംവിധാനം ആധാർ പേ എന്ന പേരിലാണ് അറിയപ്പെടുകയെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഎഐഡി) സിഇഒ: അജയ് ഭൂഷൺ പറഞ്ഞു. കച്ചവടക്കാർക്കു വേണ്ടിയുള്ള പുതിയ ആപ് അടുത്തുതന്നെ പുറത്തിറക്കും. നിലവിൽ ആന്ധ്രപ്രദേശിലെ തിരഞ്ഞെടുത്ത റേഷൻ കടകളിൽ ആധാർ പേ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കടക്കാരുടെ പക്കൽ ഡൗൺലോഡ് ചെയ്ത ആപ്പിൽ ഉപഭോക്താവിന്റെ കൈവിരൽ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്.

ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറ്റം. ആന്ധ്രപ്രദേശിലെ പരീക്ഷണപദ്ധതി വൻ വിജയമെന്നാണ് യുഐഡിഎഐ വിലയിരുത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളോ സ്മാർട്ട്ഫോൺ പോലുമോ ഇല്ലാതെ കറൻസി രഹിത ഇടപാടു നടത്താൻ കഴിയുമെന്നതാണ് ആധാർ പേയുടെ മെച്ചം. ഗ്രാമീണമേഖലയിൽ മൈക്രോ എടിഎമ്മുകൾ ഉപയോഗിച്ച് ബാങ്ക് പ്രതിനിധികൾ മുഖേന ആധാർ അനുബന്ധ പണമിടപാടുകൾ നടത്താറുണ്ട്. ആധാർ പേയിൽ മൈക്രോ എടിഎമ്മിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും.

ആധാർ അനുബന്ധ സംവിധാനത്തിലെ പണമിടപാടിന്റെ സുരക്ഷ സംബന്ധിച്ച് വിവര സാങ്കേതിക മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വിരലടയാളം തന്നെ തിരിച്ചറിയാനുള്ള മാർഗമായി ഉപയോഗിക്കുന്നതാണ് സുരക്ഷാപ്രശ്നമായി പറയുന്നത്. ക്രിപ്റ്റോഗ്രഫി സംവിധാനമുള്ള സ്മാർട് കാർഡുകളാകും ഏറെ ഉത്തമമെന്നാണു വിദഗ്ധർ പറയുന്നത്. 

Your Rating:

Overall Rating 0, Based on 0 votes