കൃത്രിമ ദ്വീപുകളിൽ രഹസ്യ പടയൊരുക്കം, ജപ്പാന്‍ യുദ്ധത്തിന് ഒരുങ്ങുന്നെന്ന് ചൈന

ജപ്പാന്റെ പുതിയ കപ്പല്‍വേധ മിസൈലുകള്‍ തങ്ങള്‍ക്കുള്ള വെല്ലുവിളിയായി കണക്കാക്കുന്നതായി ചൈന. ഇരുരാജ്യങ്ങളും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്ന ചില ദ്വീപുകളെ ചൊല്ലി മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും ചൈന പറയുന്നു. ഇതിന്റെ ഭാഗമായാണ് കപ്പല്‍വേധ മിസൈലുകള്‍ ജപ്പാന്‍ ഒരുക്കുന്നതെന്നാണ് ആരോപണം.
തങ്ങളുടെ പ്രതിരോധപരിപാടിയുടെ ഭാഗമായാണ് കപ്പല്‍വേധ മിസൈലുകള്‍ നിര്‍മ്മിച്ചതെന്നാണ് ജപ്പാന്റെ വാദം. 300 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകളാണ് ജപ്പാന്‍ നിര്‍മ്മിച്ചത്. ജപ്പാന്റെ അധീനതയിലുള്ള സെന്‍കാകു ദ്വീപുകളും ചൈനയുടെ ദയോയു ദ്വീപുകളും ഈ മിസൈലുകളുടെ പരിധിയില്‍ വരും. സൈനികകേന്ദ്രങ്ങളുള്ള ചില ദ്വീപുകളിലേക്കു കൂടി ഈ മിസൈലുകള്‍ എത്തിക്കുമെന്ന ആശങ്കയും ചൈനക്കുണ്ട്.

ജപ്പാന്‍ ദ്വീപുകളുടെ പേരില്‍ യുദ്ധത്തിനൊരുങ്ങുന്നതിന്റെ സൂചനയാണ് ഈ മിസൈലുകള്‍ എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ് ജപ്പാന്റെ നടപടിയെന്നും ചൈന വിമര്‍ശിക്കുന്നു. റഷ്യയുടെ എസ് 300 മിസൈലുകളേക്കാള്‍ ദൂരപരിധിയുള്ളതാണ് ജപ്പാന്റെ പുതിയ മിസൈലുകള്‍. ഇതിനേക്കാള്‍ ഇതേ ദൂരപരിധിയുള്ള ചൈനീസ് മിസൈലുകളേക്കാള്‍ സാങ്കേതികമായി ജാപ്പനീസ് മിസൈലുകളാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജപ്പാന്റെ പുതിയ നീക്കത്തോട് പ്രാദേശിക മാധ്യമങ്ങളും സോഷ്യല്‍മീഡിയയും സമ്മിശ്രമായാണ് പ്രതികരിച്ചത്. ഈമിസൈലുകള്‍ 2023നുള്ളില്‍ നിര്‍മ്മിക്കുകയെന്ന ജപ്പാന്റെ തീരുമാനം മണ്ടത്തരമാണെന്നാണ് ഒരു വാദം. ഇത്രയും കാലം കാത്തിരിക്കുന്നതിന് പകരം അമേരിക്കയില്‍ നിന്നും കപ്പല്‍വേധ മിസൈലുകള്‍ വാങ്ങുന്നതാണ് ഉചിതമെന്നും ഇവര്‍ പറയുന്നു. താമസംവിനാ ഈ മിസൈലുകള്‍ ഉടമസ്ഥ തര്‍ക്കമുള്ള ദ്വീപുകളില്‍ സ്ഥാപിക്കണമെന്ന് പോലും പറയുന്നവരുണ്ട്.

അതേസമയം ഇരു രാജ്യങ്ങള്‍ക്കും ദോഷംചെയ്യുന്നതാണ് ഇത്തരത്തിലുള്ള മത്സരമെന്നാണ് റഷ്യന്‍ സൈനിക വിദഗ്ധനായ വ്ലാഡിസ്ലാവ് ഷുറൈയ്ജിന്‍ പറയുന്നത്. ഇരു രാജ്യങ്ങളും സാമ്പത്തികമായി ഏറെ പരസ്പരബന്ധിതമാണ്. ഇരുവര്‍ക്കുമിടയിലെ സംഘര്‍ഷം ഈ ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടാക്കും. പത്ത് വര്‍ഷത്തോളമായി പ്രതിസന്ധികള്‍ നേരിടുന്ന ജപ്പാന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

ഫുക്കുഷിമ ആണവദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇന്നുവരെ ജപ്പാന് പൂര്‍ണ്ണമായും മോചിതമാകാനായിട്ടില്ല. ചൈനയുടെ സൈനികശേഷിക്ക് മുമ്പില്‍ ജപ്പാന്റെ സ്വയം പ്രതിരോധ സംഘമെന്നറിയപ്പെടുന്ന സൈന്യത്തിന് പിടിച്ചു നില്‍ക്കാനുള്ള ശേഷിപോലുമില്ല. ഇപ്പോഴത്തെ നിലവെച്ച് ജപ്പാന്റെ സെല്‍ഫ് ഡിഫെന്‍സീവ് ഫോഴ്‌സസും ചൈനീസ് സൈന്യവും താരതമ്യം ചെയ്യാന്‍ പോലും പറ്റുന്നവയല്ല. എന്നാല്‍ ജപ്പാന് അമേരിക്കയുടെ സൈനിക സഹായം ലഭിക്കുന്നുണ്ട് എന്നതാണ് ചൈനയുടെ ആശങ്കയ്ക്ക് പിന്നിലുള്ള യഥാര്‍ഥ കാരണം. ഏഷ്യ പസഫിക് മേഖലയില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള അമേരിക്കന്‍ പദ്ധതിക്കെതിരായുള്ള ചൈനയുടെ പ്രതികരണമാണ് ജപ്പാനെതിരെ കാണുന്നത്.

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി എന്ന കാരണം പറഞ്ഞ് അമേരിക്ക ഓഗസ്റ്റില്‍ ഗുവാം വ്യോമതാവളത്തില്‍ ബി- 1ബി ലാന്‍സര്‍ യുദ്ധവിമാനങ്ങൾ എത്തിച്ചരുന്നു. വടക്കന്‍ കൊറിയക്കെതിരെ എന്ന പേരിലാണെങ്കിലും അത് തങ്ങള്‍ക്കു കൂടി ഭീഷണിയാണെന്ന് ചൈനക്ക് വ്യക്തമായി അറിയാം. 2013ല്‍ ജപ്പാന്‍പ്രഖ്യാപിച്ച ദേശീയ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച മിസൈലുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 500 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകള്‍ നിര്‍മ്മിക്കാനായിരുന്നു ജപ്പാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭരണഘടനയുടെ ഒമ്പതാം ആര്‍ട്ടിക്കിള്‍ ലംഘിക്കുമെന്ന കാരണത്താല്‍ ഈ പരിധി 300 കിലോമീറ്ററായി കുറക്കുകയായിരുന്നു.