നിർണായക അധികാരം യുഎസ് കൈവിട്ടു, ഒക്ടോബർ ഒന്നിന് ‘ഒരൊറ്റ ലോകം, ഒരൊറ്റ ഇന്റർനെറ്റ്’

ഏതാനും വർഷം മുൻപാണ്. അശ്ലീല വെബ്സൈറ്റുകളുടെ ഡൊമെയിൻ എക്സ്റ്റൻഷനായി ഡോട്ട് എക്സ്എക്സ്എക്സ് (.xxx) എന്നു നൽകാനൊരു നീക്കമുണ്ടായി. ഡൊമെയിനുകൾക്ക് പേരിടാൻ അംഗീകാരമുള്ള ‘ഐകാൻ’ (ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്-ഐസിഎഎന്‍എൻ) എന്ന എൻജിഒ ആണ് തീരുമാനമെടുത്തത്. പക്ഷേ 'ഐകാൻ' പ്രവർത്തിക്കുന്നത് അമേരിക്കയുടെ നാഷനൽ ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷനു (എൻടിഐഎ) കീഴിലും. സ്വാഭാവികമായും പേരിടൽ സംബന്ധിച്ച അന്തിമതീരുമാനം യുഎസിന്റേതാണ്. ഡോട്ട് എക്സ്എക്സ്എക്സ് എക്സ്റ്റൻഷനായി നൽകാനാകില്ലെന്ന് ‘ഐകാനോ’ട് ഏറെ വാദിച്ചു യുഎസ്. പക്ഷേ ഒന്നും നടന്നില്ല. ഒടുവിൽ ഡോട്ട് കോമും ഡോട്ട് യുകെയുമൊക്കെപ്പോലെ പോൺസൈറ്റുകൾക്ക് ഡോട്ട് എക്സ്എക്സ്എക്സ് ഉപയോഗിക്കാമെന്നു തീരുമാനമായി.

രണ്ട് ദശാബ്ദക്കാലത്തെ ‘ഐകാനി’ന്റെ പ്രവർത്തനത്തിനിടെ ഇത്തരത്തിൽ അപൂർവമായി മാത്രമേ യുഎസിന്റെ ഇടപെടലുണ്ടായിട്ടുള്ളൂ. പക്ഷേ ഇനി അതും ഉണ്ടാകില്ല. ഡൊമെയിനുകൾക്ക് പേരിടാനുള്ള പൂർണ അവകാശം ഇനി ‘ഐകാനി’നായിരിക്കും. ഇതു സംബന്ധിച്ച് 2014ൽ തീരുമാനമായെങ്കിലും ഇപ്പോഴാണ് അന്തിമമായ നിലപാട് യുഎസ് അറിയിച്ചത്. ഒക്ടോബർ ഒന്നു മുതൽ ലോകരാജ്യങ്ങളും സാങ്കേതിക സ്ഥാപനങ്ങളും കൂട്ടായ്മകളുമെല്ലാം ചേർന്നായിരിക്കും ഡൊമെയിൻ പേരിടൽ സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക. ഇന്റർനെറ്റ് ലോകത്തെ ഏറ്റവും നിർണായകമായ അധികാരങ്ങളിലൊന്നാണ് ഇത്തവണ യുഎസ് കൈവിട്ടിരിക്കുന്നത്.

എന്താണ് ഡൊമെയിൻ പേരിടൽ?

ഓരോ വെബ്സൈറ്റിനും മാത്രമായി ഒരു ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അഡ്രസുണ്ട്. 165.1.59.220 പോലുള്ള ഒരു കൂട്ടം സംഖ്യകളാണത്. ഇവയാണ് വെബ്സൈറ്റുകളുടെ സെർവറുമായി കണക്ട് ചെയ്യാൻ ഓരോ കംപ്യൂട്ടറിനെയും സഹായിക്കുന്നത്. പക്ഷേ ഈ സംഖ്യകൾ ഓർക്കാൻ ബുദ്ധിമുട്ടായതിനാൽ ഇതിനെ ഒരു ഡൊമെയിൻ നാമമാക്കി മാറ്റുന്നു. ഓരോ വെബ്സൈറ്റിന്റെയും ഐപി അഡ്രസ് ടൈപ്പ് ചെയ്യുന്നതിനു പകരം www.manoramaonline.com പോലുള്ള ഡൊമെയിൻ നാമം ടൈപ്പ് ചെയ്തു കൊടുത്താൽ മതി.

ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ പേര് ടൈപ്പ് ചെയ്യുമ്പോൾ കംപ്യൂട്ടർ അതിനെ കുറേ സംഖ്യകളുടെ കൂട്ടമായി മനസിലാക്കി സെർവറുമായി കണക്ട് ചെയ്ത് നിശ്ചിത വെബ്സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരത്തിൽ ഓരോ വെബ്സൈറ്റിന്റെയും ഡൊമെയിൻ പേരുകൾ നൽകാനുള്ള (ഡിഎൻഎസ്) അധികാരം ‘ഐകാനി’നാണുള്ളത്.

വിട്ടുകൊടുത്തത് ശരിയായില്ലെന്ന് വിമർശനം

ഇന്റർനെറ്റിലെ ഏറ്റവും സുപ്രധാന നിയന്ത്രണാധികാരത്തെ കൈമാറ്റം ചെയ്യുന്നത് റഷ്യയ്ക്കും ചൈനയ്ക്കുമായിരിക്കും ഗുണം ചെയ്യുകയെന്ന വിമർശനവുമുയർന്നിട്ടുണ്ട്. യുഎസിനാൽ സംരക്ഷിക്കപ്പെട്ടിരുന്ന ‘ഡിഎൻഎസ്’ സംവിധാനത്തിൽ ഇനി ലോകരാജ്യങ്ങൾ കൈകടത്തി സ്ഥാനമുറപ്പിക്കുമെന്നാണ് പ്രധാന വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെഡ് ക്രൂസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ സെനറ്റര്‍മാർ കത്തും അയച്ചിട്ടുണ്ട്. ഡൊമെയിൻ പേരിടലിനെ ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയനു കീഴിലാക്കണമെന്ന് റഷ്യയും ചൈനയും നേരത്തേ ആവശ്യപ്പെട്ടിരുന്നതുമാണ്.

അതേസമയം, നെറ്റ്‌ലോകത്തെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നാണിതെന്ന് ഐടി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റർനെറ്റ്’ എന്ന ‘ഐകാൻ’ മുദ്രാവാക്യത്തിന് പൂർണത വന്നത് ഇപ്പോഴാണെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഡൊമെയിൻ പേരിടൽ സംവിധാനത്തിൽ ഈ തീരുമാനം മാറ്റമൊന്നുമുണ്ടാക്കില്ല. നിയന്ത്രണാധികാരത്തിൽ മാത്രമാണു മാറ്റം. ഇനി മുതൽ വിവിധ രാജ്യങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയുമെല്ലാം ഇടപെടൽ ഡൊമെയിൻ പേരിടലിൽ ഉണ്ടാകുമെന്നു മാത്രം.

രൂപീകരിക്കപ്പെട്ടതു മുതൽ 18 വർഷമായി ‘ഐകാൻ’ തന്നെയാണ് ഡിഎൻഎസിന്റെ ചുമതലയിലുണ്ടായിരുന്നത്. അതുവരെ ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി (ഐഎഎൻഎ)ക്കായിരുന്നു ചുമതല. അതിന്റെ തലപ്പത്തുണ്ടായിരുന്നതാകട്ടെ ‘ഇന്റർനെറ്റിന്റെ ദൈവം’ എന്നറിയപ്പെട്ടിരുന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ജോൺ പോസ്റ്റെലും. ഐഎഎൻഎയുടെ അധികാരം 1998ൽ ലൊസാഞ്ചൽസ് ആസ്ഥാനമായുള്ള ‘ഐകാനി’നു കൈമാറുകയായിരുന്നു.