വിഡിയോകളും ഫയലുകളും അനധികൃതകമായി പ്രചരിപ്പിക്കുന്നവരെ പൂട്ടിക്കാൻ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ രംഗത്ത്. നിലവിലെ എല്ലാ ടോറന്റ് വെബ്സൈറ്റുകളുടെ ലിങ്കുകളും സെർച്ചിൽ നിന്ന് നീക്കം ചെയ്യാനാണ് ഗൂഗിൾ നീക്കം നടത്തുന്നത്. കഴിഞ്ഞ വർഷം ടോറന്റ് വെബ്സൈറ്റ് ലിങ്കുകളുടെ പ്രളയമായിരുന്നു എന്നാണ് സെർച്ച് ഫലങ്ങൾ പറയുന്നത്. പ്രമുഖ ടോറന്റ് വെബ്സൈറ്റ് കിക്കാസ് അധികൃതരരെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ വർഷമാണ്. തുടർന്ന് ഈ വെബ്സൈറ്റ് പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ സമാനമായ നിരവധി ടോറന്റ് വെബ്സൈറ്റുകളാണ് വീണ്ടും തുടങ്ങിയത്.
അതേസമയം, ചില രാജ്യങ്ങളിൽ സർക്കാർ ഇടപ്പെട്ട് ഇത്തരം അനധികൃത വെബ്സൈറ്റുകൾ വിലക്കിയിരുന്നു. എന്നാൽ ഗൂഗിൾ സെർച്ച് വഴി എവിടെ നിന്നെങ്കിലും വ്യത്യസ്ത പേരുകളിലുള്ള ടോറന്റ് വെബ്സൈറ്റുകൾ ഇപ്പോഴും കണ്ടെത്താൻ സാധിക്കും. ഈ സെർച്ചിങും നിർത്താൻ പോകുകയാണ് ഗൂഗിൾ.
ഗൂഗിളും മറ്റുചില സെർച്ച് എൻജിനുകളും ടോറന്റ് വെബ്സൈറ്റ് ലിങ്കുകൾ നീക്കം ചെയ്യും. വിഡിയോ, മ്യൂസിക് നിർമാണ കമ്പനികളുമായി ഗൂഗിളും മറ്റു ടെക്ക് കമ്പനികളും ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ഈ വർഷം ജൂൺ ഒന്നു മുതൽ പുതിയ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി കമ്പനികളാണ് ടോറന്റ് ലിങ്കുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനെ സമീപിച്ചത്. എന്നാൽ ഇത്തരം ലിങ്കുകൾ ഒന്നൊന്നായി നീക്കം ചെയ്യുക ബുദ്ധിമുട്ടാണ്. ഇതിനാലാണ് ടോറന്റ്സ് ലിങ്കുകൾ മൊത്തം നീക്കം ചെയ്യുന്നത്.