അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന തിരക്കിലാണ് ഇന്ത്യ. അമേരിക്കയിൽ നിന്ന് ഏറ്റവും പുതിയ ആക്രമണ സംവിധാനമായ ഡ്രോണുകൾ (ആളില്ലാവിമാനം) വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്.
ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. പദ്ധതി വിജയിച്ചാൽ അമേരിക്കയിൽ നിന്നു പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾ വാങ്ങുന്ന ആദ്യ രാജ്യവും ഇന്ത്യയാകും. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാൻ സാധിക്കും.
ന്യൂഡൽഹിയിൽ ഇരുന്ന് പാക്കിസ്ഥാൻ നഗരങ്ങളിൽ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ് പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾ. താലിബാനെതിരെയും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
പാക്കിസ്ഥാനു പുറമെ ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ ആക്രമിക്കാനും ഈ ആളില്ലാ വിമാനത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകും. അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾക്ക് ഏകദേശം 18 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകളിൽ 1,500 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും.
അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഈ ആളില്ലാ വിമാനം നിർമ്മിച്ചത്. നിലത്തു നിന്നു രണ്ടുപേർക്ക് നിയന്ത്രിക്കാവുന്ന പ്രെഡേറ്റർ അവഞ്ചർ ഡ്രോണിന്റെ ചിറകിന്റെ വലുപ്പം 20 മീറ്ററാണ്. മണിക്കൂറിൽ 741 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഡ്രോണിന് 18 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാകും.