ആ വിമാനം കടലിൽ ഇടിച്ചിറക്കി? തിരയാൻ ചെലവിട്ടത് 1201 കോടി രൂപ!

മലേഷ്യൻ വിമാനം കടലിൽ ഇടിച്ചിറക്കുന്നു, ഗ്രാഫിക്സ് ചിത്രം

രണ്ടു വർഷം മുൻപ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കരുതിക്കൂട്ടി കടലില്‍ ഇടിച്ചിറക്കിയതാകാമെന്ന നിരീക്ഷണം. നേരത്തെ വിലയിരുത്തിയത് പോലെ നിയന്ത്രണം നഷ്ടമായി കടലില്‍ പതിച്ചതല്ല. പുതിയ ശാസ്ത്രീയ അന്വേഷണങ്ങൾ ഈ വഴിക്കാണ് സൂചനകൾ നൽകുന്നതെന്നും സാങ്കേതിക വിദഗ്ധൻ ലാറി വിൻസ് പറഞ്ഞു. ഓസ്ട്രേലിയന്‍ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിൻസ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്.

തിരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിന്നും 2500 മൈല്‍ അകലെ വിമാനത്തിന്റെ ഫ്‌ളാപ്പറോണ്‍ കണ്ടെത്തിയത് ഈ വാദം ശരിയാവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്‌ഫോടനസമയത്ത് ഇത് വികസിപ്പിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കടലിലേയ്ക്ക് വിമാനം പറത്തിയിറക്കാന്‍ വേണ്ടി പൈലറ്റ് മനപ്പൂര്‍വം ചെയ്തതാണിതെന്നും അദ്ദേഹം വാദിക്കുന്നു.

'യാത്രയുടെ അവസാന നിമിഷങ്ങളില്‍ ആരോ വിമാനം കടലിലേയ്ക്ക് പറത്തുകയായിരുന്നു. ഇതല്ലാതെ മറ്റൊരു വഴിയും ഉണ്ടാവാന്‍ സാധ്യതയില്ല' വിൻസ് പറഞ്ഞു. നിയന്ത്രിതമായ പറക്കല്‍ കാരണമാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലിലൂടെ അധികം ഒഴുകി നടക്കാത്തത്.

ഇരുന്നൂറോളം വിമാനാപകടങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് വിന്‍സ്. കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ മേധാവി കൂടിയാണ് വിൻസ്. 1998ല്‍ 229 പേർ മരിച്ച സ്വിസ് എയര്‍ ഫൈ്ളറ്റ് അപകടവും അന്വേഷിച്ചത് വിൻസ് ആയിരുന്നു. ഈ വിമാനം 20 ലക്ഷം കഷ്ണങ്ങളായി ചിതറിയെന്നാണ് വിൻസ് കണ്ടെത്തിയത്. പറക്കുന്നതിനിടെ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടാൽ സ്വാഭാവികമായി ഇങ്ങനെ സംഭവിക്കും. എന്നാല്‍, മലേഷ്യൻ വിമാനത്തിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. ഇത്രയും വലിയ വിമാനത്തിന്റെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് കിട്ടിയത്.

'അവസാന ഘട്ടങ്ങളില്‍ വിമാനം നിയന്ത്രിച്ച ഒരാള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കൂടുതല്‍ തെളിവുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി വക്താവ് പീറ്റര്‍ ഫോളി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു പ്രത്യേക പ്രദേശത്തേയ്ക്ക് വിമാനം കൊണ്ടുപോവാന്‍ ശ്രമിച്ചതായി തകര്‍ന്ന വിമാനത്തില്‍ നിന്നും വീണ്ടെടുക്കപ്പെട്ട ഡാറ്റയില്‍ നിന്നും നേരത്തെ തെളിഞ്ഞിരുന്നു.

ഈ ഭാഗം പൂര്‍ത്തിയായാലുടന്‍ വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിഭാഗങ്ങള്‍ അറിയിച്ചു. ആകെയുള്ള 120,000 ച.കി.മീ ചുറ്റളവില്‍ 10,000 ച.കി.മീ മാത്രമേ ഇനി തിരച്ചില്‍ നടത്താന്‍ അവശേഷിക്കുന്നുള്ളൂ. ഈ വര്‍ഷം അവസാനത്തോടുകൂടി അത് പൂര്‍ത്തിയാക്കും.

ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവുകൂടിയ തെരച്ചിലാണ് ഇത്. ഏകദേശം 180 മില്ല്യന്‍ ഡോളര്‍ (ഏകദേശം 1201 കോടി രൂപ) ആണ് ഇതുവരെ കടലിനടിയിലെ തെരച്ചിലിനായി ചെലവഴിച്ചത്.