ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു കിടിലൻ മൺസൂൺ യാത്ര. സഹ്യാദ്രിയുടെ ഉയരങ്ങളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും ടണലുകളും വനമേഖലകളും പിന്നിടുന്ന 10 മണിക്കൂറോളം നീളുന്ന ഒരു കിടിലൻ ട്രെയിൻ യാത്രയായാലോ. ബെംഗളൂരുവിൽ നിന്ന് സക്ലേഷ്പുര വഴി മംഗളൂരുവിലെത്തുന്ന 3 ട്രെയിനുകളിലെ മൺസൂൺ

ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു കിടിലൻ മൺസൂൺ യാത്ര. സഹ്യാദ്രിയുടെ ഉയരങ്ങളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും ടണലുകളും വനമേഖലകളും പിന്നിടുന്ന 10 മണിക്കൂറോളം നീളുന്ന ഒരു കിടിലൻ ട്രെയിൻ യാത്രയായാലോ. ബെംഗളൂരുവിൽ നിന്ന് സക്ലേഷ്പുര വഴി മംഗളൂരുവിലെത്തുന്ന 3 ട്രെയിനുകളിലെ മൺസൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു കിടിലൻ മൺസൂൺ യാത്ര. സഹ്യാദ്രിയുടെ ഉയരങ്ങളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും ടണലുകളും വനമേഖലകളും പിന്നിടുന്ന 10 മണിക്കൂറോളം നീളുന്ന ഒരു കിടിലൻ ട്രെയിൻ യാത്രയായാലോ. ബെംഗളൂരുവിൽ നിന്ന് സക്ലേഷ്പുര വഴി മംഗളൂരുവിലെത്തുന്ന 3 ട്രെയിനുകളിലെ മൺസൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു മൺസൂൺ യാത്ര. സഹ്യാദ്രിയുടെ ഉയരങ്ങളിൽ നിന്ന് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പുഴകളും ടണലുകളും വനമേഖലകളും പിന്നിടുന്ന 10 മണിക്കൂറോളം നീളുന്ന കിടിലൻ ട്രെയിൻ യാത്രയായാലോ. ബെംഗളൂരുവിൽ നിന്ന് സക്ലേഷ്പുര വഴി മംഗളൂരുവിലെത്തുന്ന 3 ട്രെയിനുകളിലെ മൺസൂൺ കാലത്തെ പകൽ സമയത്തെ യാത്ര സഞ്ചാരികൾക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഒന്നാണ്.

രാവിലെ 7ന് ബെംഗളൂരു യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രയിലാണ് സഹ്യാദ്രിയുടെ (പശ്ചിമഘട്ടത്തിന്റെ കർണാടക മേഖലയുടെ) മൺസൂൺ കാഴ്ചകൾ ദൃശ്യമാകുന്നത്. മറ്റു ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും രാത്രിയിലായതിനാൽ കാഴ്ചകൾ കാണാനാകില്ല. ഇതിൽ സക്ലേഷ്പുര മുതൽ സുബ്രമണ്യ വരെയുള്ള 55 കിലോമീറ്ററിലാണ് സഹ്യാദ്രിയുടെ വന്യതയും സൗന്ദര്യവും ടണലുകളുടെ ഭീകരതയുമെല്ലാം അനുഭവിക്കാൻ സാധിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 906 മീറ്റർ ഉയരത്തിൽ നിന്ന് സുബ്രമണ്യ എത്തുമ്പോൾ 120 മീറ്ററിലെത്തും. ഇതേ റൂട്ടിൽ മംഗളൂരുവിൽ നിന്ന് രാവിലെ ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിൽ കയറിയാലും ഈ കാഴ്ചകൾ കാണാം. റെയിൽവേയുടെ ഗ്രീൻ റൂട്ടായി ഈ മേഖലയെ കണക്കാക്കുന്നു. ഡെക്കാൻ പീഠഭൂമിയിൽ തുടങ്ങി സഹ്യാദ്രിയിലൂടെ കൊങ്കൺ തീരത്തേക്കാണ് ഈ ട്രെയിനുകളുടെ സർവീസ്. 

ADVERTISEMENT

 

ബെംഗളൂരുവിൽ നിന്ന് വെറും 155 രൂപയ്ക്ക് ഒരു കിടിലൻ മൺസൂൺ യാത്ര. ചിത്രം : എസ്. അഖിൽ

മൺസൂൺ ട്രെയിൻ

ഈ 3 ട്രെയിനുകളിലും വിസ്റ്റഡോം കോച്ചുകൾ ഉണ്ടെങ്കിലും നമ്മളെ ഞെട്ടിക്കുന്ന കാഴ്ചകൾ നേരിട്ടറിയാൻ സെക്കൻഡ് ക്ലാസ് തന്നെ ധാരാളം. ചിത്രം : എസ്. അഖിൽ

 

തലേദിവസം ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് താമസിച്ചത്. യശ്വന്തപൂർ സ്റ്റേഷനിലേക്കു പോകാൻ‍ പുലർച്ചെ 4ന് യൂബർ ബുക്ക് ചെയ്തിരുന്നു. ഏതാണ്ട് 2 മണിക്കൂറോളം ഓട്ടമുണ്ട്. സ്റ്റേഷനിൽ പോയി പരിചയമില്ല. ടാക്സിക്കാരൻ കൃത്യസമയം പാലിച്ചു. സ്റ്റേഷനിൽ നിന്ന് ഒരു ചായ വാങ്ങി ഓരോ പ്ലാറ്റ്ഫോമും വെറുതേ നടന്നു. പോകേണ്ട ട്രെയിൻ സ്റ്റേഷനിൽ നിർത്തിക്കിടപ്പുണ്ട്. പിൻഭാഗത്തെ വിസ്റ്റഡോം കോച്ചുകൾ നിറഞ്ഞു കഴിഞ്ഞു. ബെംഗളൂരുവിൽ നിന്ന് രാവിലെ കൃത്യം 7ന് ട്രെയിൻ പുറപ്പെട്ടു.

ADVERTISEMENT

 

ഈ 3 ട്രെയിനുകളിലും വിസ്റ്റഡോം കോച്ചുകൾ ഉണ്ടെങ്കിലും നമ്മളെ ഞെട്ടിക്കുന്ന കാഴ്ചകൾ നേരിട്ടറിയാൻ സെക്കൻഡ് ക്ലാസ് തന്നെ ധാരാളം. ചിത്രം : എസ്. അഖിൽ

ഈ 3 ട്രെയിനുകളിലും വിസ്റ്റഡോം കോച്ചുകൾ ഉണ്ടെങ്കിലും നമ്മളെ ഞെട്ടിക്കുന്ന കാഴ്ചകൾ നേരിട്ടറിയാൻ സെക്കൻഡ് ക്ലാസ് തന്നെ ധാരാളം. എസിയുടെ തണുപ്പിൽ സുഖമായിരുന്ന് കാപ്പി കുടിച്ച് കസേരയിൽ കറങ്ങി കാഴ്ചകൾ കാണാൻ വിസ്റ്റഡോം നല്ലതാണ്. ആകാശം മേഘാവൃതമെങ്കിലും കാഴ്ചകൾ വ്യക്തം. കുറച്ച് പണം ചെലവാകുമെങ്കിലും വിസ്റ്റഡോം എടുക്കാമായിരുന്നു എന്ന് ആദ്യമോർത്തു. എടുക്കാത്ത തീരുമാനം നന്നായിരുന്നു എന്നു മനസിലായത് പിന്നീടാണ്. 

 

സെക്കൻഡ് ക്ലാസ് ഹൗസ് ഫുള്ളായിരുന്നു. ലഗേജുകൾ നിറഞ്ഞു. മംഗളൂരു വരെ ഇതാണ് അവസ്ഥയെങ്കിൽ കാര്യങ്ങൾ ശോകമാകും. ഭക്ഷണം കാര്യമായൊന്നും കഴിച്ചുമില്ല. എനിക്ക് കിട്ടിയത് വിൻഡോ സീറ്റായിരുന്നു. അവിടെ ഇരുന്നു ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ അത്ര സുഖമാകുന്നില്ല.  മറ്റു മാർഗങ്ങളില്ലാത്തതിനാൽ അനങ്ങാതെ ഇരുന്നു. പോകുന്ന വഴിയിൽ ശ്രാവണ ബലഗോള സ്റ്റേഷനിലെത്തുമ്പോൾ ദൂരെയായി ബാഹുബലി പ്രതിമ കാണാം. ഇതുവഴിയുള്ള ഒരു ട്രെയിന്റെ പേര് തന്നെ ഗോമതേശ്വര എക്സപ്രസ് എന്നാണ്. 

ടണലുകളിൽ കയറുമ്പോൾ ചില കോച്ചുകളിൽ യുവാക്കൾ ആർപ്പു വിളിക്കുന്നത് കേൾക്കാമായിരുന്നു. ചിത്രം : എസ്. അഖിൽ
ADVERTISEMENT

 

മഞ്ഞു മൂടിയ വിസ്റ്റഡോം

ടണലുകൾ കടന്നു പുറത്തെത്തുമ്പോൾ ദൂരക്കാഴ്ചകൾ പലപ്പോളും വിസ്മയകരമാണ്. ചിത്രം : എസ്. അഖിൽ

 

യാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോൾ ചാറ്റൽ മഴ തുടങ്ങി. ഇടയ്ക്ക് മഴ കനത്തപ്പോൾ ഷട്ടറിട്ടു. ഇടയ്ക്കൊരു സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങി. അപ്പോളാണ് വിസ്റ്റഡോം കോച്ചിൽ വന്നവരുടെ ദുരവസ്ഥ കണ്ടത്. മഴക്കാലത്ത് വിസ്റ്റഡോമിന്റെ ഗ്ലാസിൽ മഴവെള്ളം വീണാൽ കാഴ്ചകൾ മങ്ങും. ഗ്ലാസിനപ്പുറം ഹരിതാഭയും മൂടൽ മഞ്ഞുമുണ്ടെന്ന് തിരിച്ചറിയാമെങ്കിലും നമുക്ക് കാഴ്ചകൾ വ്യക്തമാകില്ല. 1500 രൂപ കൊടുത്ത് വിസ്റ്റഡോമിൽ കയറിയവർ പുറത്തെ വാതിലിനരികെ നിൽക്കാൻ ഇടികൂടുന്നതു കാണാമായിരുന്നു. 1525 രൂപയാണ് വിസ്റ്റഡോം സീറ്റിന്റെ നിരക്ക്.

ടണലുകൾ കടന്നു പുറത്തെത്തുമ്പോൾ ദൂരക്കാഴ്ചകൾ പലപ്പോളും വിസ്മയകരമാണ്. ചിത്രം : എസ്. അഖിൽ

 

സ്നാക്സ് വാങ്ങി വീണ്ടും ട്രെയിനിലേക്ക്. ഹാസനാണ് യാത്രയിൽ പിന്നിടുന്ന പ്രധാന പട്ടണം. സക്ലേഷ്പുര എത്തിയപ്പോളേക്ക് ഞാൻ കയറിയ കോച്ചിലെ മിക്കവരും ഇറങ്ങി. അതോടെ ഞാനും ക്യാമറ കയ്യിലെടുത്ത് വാതിലിനടുത്തെത്തി. റെയിൻ ജാക്കറ്റ് ധരിച്ച് വാതിലിൽ നിന്ന് ക്യാമറ മഴയിലേക്കു നീട്ടിപ്പിടിച്ച് വിഡിയോ എടുക്കുന്ന ഒരാളെയാണ് കണ്ടത്.

 

ഫീൽ ദ മൺസൂൺ

 

മഴ നനഞ്ഞു നിന്ന ആളെ പരിചയപ്പെട്ടു, ബെംഗളൂരു സ്വദേശി ശങ്കർ ഗൗഡ. എന്നെപ്പോലെ മഴ യാത്രയ്ക്ക് ഇറങ്ങിയതാണ്. പക്ഷേ ശങ്കർ വളരെ തയാറെടുപ്പുകൾ നടത്തിയിരുന്നു. ഓരോ ടണലിന്റെയും നമ്പർ നോക്കി അടുത്തു വരുന്ന കാഴ്ചകൾ അദ്ദേഹം പഠിച്ചിരുന്നു. എനിക്കത് ഏറെ സഹായകമായി. കനത്ത മഴയും ശക്തിയായി വീശുന്ന കാറ്റും തണുപ്പും ചിത്രങ്ങളെടുക്കാൻ പലപ്പോളും തടസമായി. 

 

പലപ്പോളും ടണൽ കടന്നു വരുന്ന മനോഹര കാഴ്ചകൾ കുറച്ചു സമയം കഴിഞ്ഞു മാത്രമേ നമുക്ക് കാണാൻ സാധിക്കു. അപ്പോളേക്കും ട്രെയിൻ മുന്നോട്ടെത്തും. പല വളവുകളും വേഗം വളരെ കുറച്ചാണ് കടന്നു പോകുന്നത്. ദൂരക്കാഴ്ചകളിൽ മഞ്ഞും മലയും കാടും. മഴയിങ്ങനെ പെയ്യുകയാണ്. നമ്മളും നനയും ക്യാമറയും നനയും ഫോണും നനയും. ക്യാമറ കഴുത്തിൽ തൂക്കി ഫോൺ കയ്യിലെടുത്തു. ക്യാമറ കയ്യിലെടുത്തിട്ട് അത്ര കാര്യമില്ലെന്ന് മനസിലായി. പിന്നെ ഫോൺ മാത്രമായി. ട്രെയിനിന്റെ ഭാരമുള്ള വാതിൽ അടയാതിരിക്കാൻ ശ്രദ്ധിച്ചു നിന്നു. ടണലുകളിൽ കയറുമ്പോൾ ചില കോച്ചുകളിൽ യുവാക്കൾ ആർപ്പു വിളിക്കുന്നത് കേൾക്കാമായിരുന്നു. 

 

ഒൻപതാം ടണൽ കഴിയുമ്പോളാണ് പാളത്തിനു താഴെക്കൂടി വെള്ളം കുത്തിയൊഴുകുന്ന അരുവിക്കു കുറുകെ ഒരു മരത്തിന്റെ ചെറിയ നടപ്പാലമുള്ളത്. പിന്നീട് മുന്നോട്ടു പോകുമ്പോൾ 2 മലകളെ ബന്ധിപ്പിച്ച് ഉയരത്തിലുള്ള കൂറ്റൻ ഇരുമ്പു പാലത്തിലൂടെ വനത്തിനു മുകളിലൂടെയുള്ള യാത്ര ശ്വാസമടക്കിപ്പിടിച്ച് അനുഭവിക്കേണ്ടതാണ്. മഴയ്ക്കൊപ്പം കാറ്റിനു ശക്തി കൂടുമ്പോൾ മുഖത്ത് സൂചി തുളച്ചു കയറും പോലെ. ജാക്കറ്റ് പോലുമില്ലാതെ മഴ നനയുന്നത് കണ്ട് അടുത്ത സീറ്റിലിരുന്ന കന്നഡക്കാരി മുത്തശ്ശി എന്നെ ഇടയ്ക്ക് സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. 

ദോനിഗൽ, കടഗരവല്ലി, യെദകുമാരി, ഹരേബേട്ട തുടങ്ങിയ സ്റ്റേഷനുകൾ വഴിയിൽ കാണാം. റെയിൽവേ ഉദ്യോഗസ്ഥരെ മാത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഡ്യൂട്ടി കഴിഞ്ഞുള്ള ഉദ്യോഗസ്ഥർക്ക് കയറാനും പകരം എത്തേണ്ടവർക്ക് ഇറങ്ങാനായും ഈ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

സിരിബാഗിലു സ്റ്റേഷനു സമീപം വച്ച് ട്രെയിൻ നിർത്തിയിട്ടു. മുന്നിൽ വളവു തിരിഞ്ഞ് വലിയ ഇറക്കമാണ്. പ്ലാറ്റ്ഫോമില്ലാത്തതിനാൽ വശത്തുകൂടി കുറച്ച് കഷ്ടപ്പെടണം പുറത്തിറങ്ങാൻ. ആളുകളൊക്കെ ട്രാക്കിൽ ഇറങ്ങി കാഴ്ചകൾ കാണുന്നു. നോക്കുമ്പോൾ ബെംഗളൂരുവിലേക്കുള്ള ട്രെയിൻ കയറ്റം കയറി ക്രോസ് ചെയ്തു പോകുന്നു. വിസ്റ്റഡോം കോച്ചിലെ യാത്രക്കാർ വാതിലിനരികിൽ തിരക്കുണ്ടാക്കി നിൽക്കുന്നതു കാണാം. ട്രെയിൻ കടന്നു പോയപ്പോൾ ഞങ്ങളുടെ ട്രെയിൻ ഇറക്കമിറങ്ങിത്തുടങ്ങി. സുബ്രമണ്യയെത്തുമ്പോൾ ഈ ഗ്രീൻ റൂട്ട് അവസാനിക്കും. ഇവിടെയിറങ്ങി കുക്കെ ക്ഷേത്രത്തിലേക്കും ധർമസ്ഥലയിലേക്കും പോകുന്നവരുണ്ട്. വൈകിട്ട് 4.45ന് മംഗളൂരുവിലെത്തി.

 

റെയിൽവേയുടെ അദ്ഭുത പാത

 

കുത്തനെയുള്ള ഇറക്കങ്ങൾ, കയറ്റങ്ങൾ,  ടണലുകൾ, പാലങ്ങൾ , വളവുകൾ ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ് ഈ പാത. 57 ടണലുകളും 109 പാലങ്ങളും ഈ പാതയിലുണ്ട്. ഏതാനും മീറ്ററുകൾ മുതൽ 750 മീറ്റർ വരെ നീളമുള്ള പാലങ്ങൾ ഈ റൂട്ടിലുണ്ട്. ചില ഭാഗത്തെ ഉയരം 200 മീറ്ററോളമാണ്. 

 

ടണലുകളിലേക്കു കയറുമ്പോളും ഇറങ്ങുമ്പോളും വശങ്ങളിൽ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ടണലുകൾ കടന്നു പുറത്തെത്തുമ്പോൾ ദൂരക്കാഴ്ചകൾ പലപ്പോഴും വിസ്മയകരമാണ്. ഏതു സമയത്തും ട്രാക്കിലേക്ക് പാറകൾ വീഴുന്നതും മണ്ണിടിച്ചിലും ഇവിടെ പതിവാണ്. യാത്ര ചെയ്യുന്ന സമയത്തും പലയിടത്തും ട്രാക്കിനു സമീപത്ത് മണ്ണിടിഞ്ഞതായി കാണാമായിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഇടയ്ക്കെല്ലാം ജീവനക്കാരെ കാണാം. ട്രെയിൻ വേഗം വളരെ കുറയുമ്പോളും ഇടയ്ക്ക് നിർത്തുമ്പോളും ആളുകൾ വനത്തിലേക്ക് ഇറങ്ങരുതെന്ന് കർശനമായി പറയുന്നുണ്ട്.

 

രാവിലെ 7ന് ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ

1. യശ്വന്ത്പൂർ – മംഗളൂരു എക്സ്പ്രസ്(16539) – ശനി
2. യശ്വന്ത്പൂർ – കർവാർ, കർവാർ എക്സ്പ്രസ് (16515) – തിങ്കൾ, ബുധൻ, വെള്ളി
3. യശ്വന്ത്പൂർ – മംഗളൂരു, ഗോമതേശ്വര എക്സ്പ്രസ് ( 16575) – ഞായർ, ചൊവ്വ, വ്യാഴം

∙ രാവിലെ മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ

1. മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് (16540) – ഞായർ (രാവിലെ 9.15)
2. മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ( 16576) – തിങ്കൾ, ബുധൻ, വെള്ളി (രാവിലെ 11.30)
3. കർവാർ – യശ്വന്ത്പൂർ എക്സ്പ്രസ് (16516) – ചൊവ്വ, വ്യാഴം. ശനി

Content Summary :  Yesvantpur to Mangalore through the Western Ghats travelogue.