കോഴിക്കോടുണ്ട് ഗുജറാത്തി തെരുവ്
ദൂരതീരങ്ങൾ തേടിയുള്ള യാത്രകളിൽ നാം മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. നാം ചവിട്ടിനിൽക്കുന്ന മണ്ണിന് ഒരു ചരിത്രമുണ്ട്. ഒരിക്കലെങ്കിലും ഈ മണ്ണിലൂടെ നടന്നുനോക്കണം. യാത്രകൾ ഉൾക്കാഴ്ചകൾ തേടിയുള്ളതാവണമെന്ന് ഓഷോ ഓർമിപ്പിക്കാറുണ്ടല്ലോ. കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊണ്ടിരിക്കുന്ന ഒരു രാത്രിയിലാണ് ഈ
ദൂരതീരങ്ങൾ തേടിയുള്ള യാത്രകളിൽ നാം മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. നാം ചവിട്ടിനിൽക്കുന്ന മണ്ണിന് ഒരു ചരിത്രമുണ്ട്. ഒരിക്കലെങ്കിലും ഈ മണ്ണിലൂടെ നടന്നുനോക്കണം. യാത്രകൾ ഉൾക്കാഴ്ചകൾ തേടിയുള്ളതാവണമെന്ന് ഓഷോ ഓർമിപ്പിക്കാറുണ്ടല്ലോ. കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊണ്ടിരിക്കുന്ന ഒരു രാത്രിയിലാണ് ഈ
ദൂരതീരങ്ങൾ തേടിയുള്ള യാത്രകളിൽ നാം മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. നാം ചവിട്ടിനിൽക്കുന്ന മണ്ണിന് ഒരു ചരിത്രമുണ്ട്. ഒരിക്കലെങ്കിലും ഈ മണ്ണിലൂടെ നടന്നുനോക്കണം. യാത്രകൾ ഉൾക്കാഴ്ചകൾ തേടിയുള്ളതാവണമെന്ന് ഓഷോ ഓർമിപ്പിക്കാറുണ്ടല്ലോ. കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊണ്ടിരിക്കുന്ന ഒരു രാത്രിയിലാണ് ഈ
ദൂരതീരങ്ങൾ തേടിയുള്ള യാത്രകളിൽ നാം മറന്നുപോവുന്ന ചില കാര്യങ്ങളുണ്ട്. നാം ചവിട്ടിനിൽക്കുന്ന മണ്ണിന് ഒരു ചരിത്രമുണ്ട്. ഒരിക്കലെങ്കിലും ഈ മണ്ണിലൂടെ നടന്നുനോക്കണം. യാത്രകൾ ഉൾക്കാഴ്ചകൾ തേടിയുള്ളതാവണമെന്ന് ഓഷോ ഓർമിപ്പിക്കാറുണ്ടല്ലോ.
കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊണ്ടിരിക്കുന്ന ഒരു രാത്രിയിലാണ് ഈ യാത്രയ്ക്കിറങ്ങിയത്. ദൂരെദൂരെ ഒരു ദിക്കുതേടിയല്ല. നടന്നെത്താവുന്ന ദൂരത്തുള്ള ഒരു കാഴ്ച തേടിയാണീ യാത്ര. കാഴ്ചകൾ അതിമനോഹരമാവണമെന്നില്ലല്ലോ, അനുഭൂതികൾ പകർന്നുതന്നാൽ മാത്രം മതി..
∙ തെക്കേകടപ്പുറത്തിന്റെ അയൽവാസി
കോഴിക്കോട് കടപ്പുറത്തുകൂടി തെക്കോട്ടാണ് നടക്കുന്നത്. സൗത്ത് ബീച്ചിന്റെ അറ്റത്തുനിന്ന് റോഡിലേക്കിറങ്ങി. തിരക്കേറിയ റോഡാണ്. അതുക്രോസ് ചെയ്ത് മുന്നോട്ടു കടന്നു. മുന്നിൽ ഇടുങ്ങിയൊരു തെരുവ്. ഇതാണ് ഗുജറാത്തി തെരുവ്.
നൂറ്റാണ്ടുകൾക്കുമുൻപ് കോഴിക്കോടൻ മണ്ണിൽ വിരുന്നുകാരായെത്തി പിന്നീട് കോഴിക്കോട്ടുകാരായി മാറിയ ഒരു സമൂഹത്തിന്റെ ആവാസവ്യവസ്ഥ.
ഇപ്പോഴും ഗുജറാത്തി ഭാഷയും മലയാളവും പറയുന്ന അനേകം പേർ ഇവിടെയുണ്ട്. ചുമർചിത്രങ്ങൾ നിറഞ്ഞ മതിലുകളും പലതരം ഹോട്ടലുകളും പിന്നിട്ട് മുന്നോട്ടു നടക്കുമ്പോൾ തെരുവിന്റെ ചരിത്രം പിന്നിൽവന്നു തോണ്ടുന്നുണ്ട്.
∙ ഗുജറാത്തി കാൽത്തള കെട്ടിയ തെരുവ്
1498ൽ വാസ്കോ ഡ ഗാമ കാപ്പാട് കപ്പലിറങ്ങിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് ഒരു മലയാളിയല്ല. ഗുജറാത്തിൽനിന്നു വന്ന് കോഴിക്കോട്ട് താമസമുറപ്പിച്ച ഒരു വ്യാപാരി ആയിരുന്നുവത്രേ.
ഈ മണ്ണിന്റെ ചരിത്രത്തിൽ അലിഞ്ഞുചേർന്ന വിഭാഗമാണ് ഗുജറാത്തികൾ. ഇബ്നു ബത്തൂത്ത വരുന്ന കാലത്തുതന്നെ വലിയൊരു തുറമുഖ പട്ടണമായിരുന്ന കോഴിക്കോട്ടേക്ക് വ്യാപാരത്തിനായാണ് ഗുജറാത്തി സമൂഹം വന്നെത്തിയത് എന്നു കരുതപ്പെടുന്നു. അറബ്, ചൈനീസ് ജനതയുമായി കച്ചവടം നടത്താനും ലാഭം കൊയ്യാനും നാട്ടുകാരെ പഠിപ്പിച്ചതും ഗുജറാത്തികളാണ്. ഈ നഗരത്തിന്റെ വളർച്ചയിൽ നല്ലൊരു പങ്കു വഹിച്ച സമൂഹമാണ് ഗുജറാത്തികൾ.
ഗുജറാത്തികൾ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാമെങ്കിലും പല പല വിഭാഗക്കാരാണ് ഈ സമൂഹം. തനത് വിശ്വാസങ്ങളും ആചാരങ്ങളും ഭക്ഷണരീതിയുമുള്ളവരാണ് ഓരോരുത്തരും. ഇതിൽ വൈഷ്ണവരുണ്ട്, ജൈനരുണ്ട്, ശൈവരുണ്ട്, ബോറമാരുണ്ട്, ഗുജറാത്തി മാർവാഡികളുണ്ട്..എണ്ണിയാലൊടുങ്ങാത്തത്ര വിഭാഗക്കാർ. കൊച്ചിയും ആലപ്പുഴയുമടക്കം സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലുള്ള ഗുജറാത്തി സമൂഹങ്ങളിൽ ഉള്ളതിനേക്കാൾ അംഗസംഖ്യയും ജാതിവൈവിധ്യവുമുള്ള സമൂഹം ഇവിടെയാണുള്ളത്.
അന്നത്തെ വ്യാപാരസൗകര്യങ്ങൾ പരിഗണിച്ചാവാം, തീരത്തോടു ചേർന്ന് വലിയങ്ങാടിക്കു ചുറ്റുമായി ഗുജറാത്തി സമൂഹം താവളമുറപ്പിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം തങ്ങളുടെ ആരാധനാലയങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്.
∙ വഴി തോറും ഓർമകൾ
പൈതൃക നഗരത്തിലേക്കുള്ള ഇടവഴിയായാണ് ഗുജറാത്തി തെരുവിനെ പല ചരിത്രകാരൻമാരും വിശേഷിപ്പിക്കാറുള്ളത്. സൗത്ത് ബീച്ചിൽതുടങ്ങി വലിയങ്ങാടി വരെ നീളുന്ന അനേകം ചെറു ഇടവഴികൾ. ബാലരമയിലെ ‘വഴികാണിക്കാമോ’ ഓർമിപ്പിക്കുന്ന തരത്തിൽ ഊരാക്കുടുക്കാവുന്ന വഴികൾപിന്നിട്ട് മുന്നോട്ടുപോവുകയാണ്.
വീടുകളും കെട്ടിടങ്ങളും ഇഴപിരിഞ്ഞ് നീളുന്നു. മുകൾത്തട്ടിൽ വീട്,താഴെ തട്ടിൽ പാണ്ടികശാല എന്ന രീതിയിലാണ് പല കെട്ടിടങ്ങളും. മട്ടാഞ്ചേരിയെ വെല്ലുന്ന പഴമയുടെ മണം. ഇപ്പോഴും സജീവമായ കച്ചവട സ്ഥാപനങ്ങൾ. ഇതാണ് കോഴിക്കോടിന്റെ ഗുജറാത്തിതെരുവ്.
∙ ഓർമയുണ്ടോ ഇവരെ?
ഈ തെരുവിലെവിടെയാ ആയിരുന്നു നവീൻ ചന്ദ് എന്ന വീരന്റെ വീട്. ഗുജറാത്തി വേരുകളുണ്ടെങ്കിലും ജന്മം കൊണ്ട് കോഴിക്കോട്ടുകാരനായിരുന്നു നവീൻചന്ദ് ഈശ്വർലാൽ ഷ്റോഫ്. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ. 20 വയസിന്റെ യുവത്വം. ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥി. പക്ഷേ വിദ്യാർഥിയാണെന്ന പരിഗണന പോലും ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിനു നൽകിയില്ല.
സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. തന്നെ കാണാൻ ബർദോളിയിലെ ജയിലിലെത്തിയ അമ്മയോട് അദ്ദേഹം പറഞ്ഞു: ‘ഇനി ഞാൻ പുറത്തുവരുന്നത് സ്വതന്ത്രമായ രാജ്യത്തിലേക്കായിരിക്കും.’ പക്ഷേ അദ്ദേഹം ഒരിക്കലും ജീവനോടെ പുറത്തുവന്നില്ല. ബൂട്ടിട്ട കാലുകൾ കൊണ്ട് പട്ടാളക്കാർ ചവിട്ടിയരച്ച അദ്ദേഹം കുഴഞ്ഞുവീണു. മുറിവുകളിലെ പഴുപ്പും കടുത്ത പനിയും ബാധിച്ച് ജയിലിനകത്ത് അദ്ദേഹം മരിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ കേരളത്തിൽനിന്നുള്ള ആദ്യരക്തസാക്ഷി. പക്ഷേ ചരിത്രത്തിൽ എവിടെയെങ്കിലും ഈ പേര് കേട്ടിട്ടുണ്ടോ?ഈ തെരുവിൽനിന്നു ഉയർന്നുവന്നയാളാണ് ശ്യാംജിയും.
സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളിൽ ജീവനും രക്തവും നൽകിയാണ് കോഴിക്കോട്ടെ ഗുജറാത്തി സമൂഹം അണിചേർന്നത്. മുപ്പതുകളിൽ ഗാന്ധിജി കോഴിക്കോടു വന്നപ്പോൾ ഗാന്ധിജിയുടെ ജന്മനാട്ടുകാരായ ഗുജറാത്തി സമൂഹവും ഏറെ ആഘോഷപൂർവം അദ്ദേഹത്തെ സ്വീകരിച്ചതായി ചരിത്രം പറയുന്നു.
കല്ലായിയിലെ അരി വ്യാപാരി ആയിരുന്ന ശ്യാംജി സുന്ദർദാസ് നിസ്വാർഥത കൈമുതലാക്കിയ തനി ഗാന്ധിയനായിരുന്നു. മൂന്നു തവണ ഗാന്ധിജി കോഴിക്കോട്ടു വന്നപ്പോഴും ശ്യാംജിയുടെ അതിഥിയായാണ് താമസിച്ചത്. മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ശ്യാംജി കോഴിക്കോട്ടെ ഗുജറാത്തി കുടുബങ്ങളെ ദേശീയ പ്രസ്‌ഥാനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും അണിനിരത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് കോൺഗ്രസിന്റെ മുഖ പത്രമായി കല്ലച്ചിൽ അച്ചടിച്ച് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന സ്വതന്ത്ര ഭാരതം പത്രത്തിന്റെ അണിയറ ശിൽപ്പികളിൽ ഒരാളായി ശ്യാംജിയുമുണ്ടായിരുന്നു. വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മലപ്പുറത്തെ നെടിയിരുപ്പിൽ തന്റെ 800 ഏക്കർ സ്ഥലം ഹരിജനങ്ങൾക്ക് വിട്ടുനൽകി. തന്റെ വാർധക്യത്തിലെ അവസാന 25 വർഷവും മലാപ്പറമ്പിലെ ഗാന്ധി ആശ്രമത്തിലാണ് അദ്ദേഹം ജീവിച്ചത്. 1987 ജൂലൈ 7ന് അദ്ദേഹം ഓർമയായി.
ഗുജറാത്തി തെരുവിൽ വിരലിലെണ്ണാവുന്ന ഗുജറാത്തികൾ മാത്രമായി ചുരുങ്ങുകയാണ് ഇപ്പോൾ.പലരും തിരികെ പോവുകയാണ്. മക്കളുടെ വിദ്യാഭ്യാസവും ഭാവിയുമാണ് പ്രധാനം. മുംബൈയിലും മംഗളൂരുവിലും അഹമ്മദാബാദിലുമൊക്കെ മികച്ച അവസരങ്ങൾ ലഭ്യമാണ്. ഈ നാട്ടിൽ എന്താണുള്ളത് എന്നാണ് പലരും ചോദിക്കുന്നത്.
∙ എല്ലാം കാണുന്ന ദേവൻ
തെരുവിലൂടെ നടക്കുമ്പോൾ ഒരു വളവു കഴിഞ്ഞയുടനെയാണ് ബാലകൃഷ്ണ ലാൽജി മന്ദിർ നിൽക്കുന്നത്.150 വർഷം മുൻപാണ് ഈ ക്ഷേത്രം ഇപ്പോഴത്തെ രീതിയിൽ പുതുക്കിപ്പണിതത്രേ. ഗുജറാത്തിൽനിന്നു വന്ന വൈഷ്ണവരുടെ ക്ഷേത്രമാണ് ഇത്. അഷ്ടമിരോഹിണിയാണ് ലാൽജി മന്ദിറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ദീപാവലി, ഹോളി, മകരവിളക്ക് എന്നീ ദിവസങ്ങൾ ഗുജറാത്തികളുടെയും പ്രത്യേക ആഘോഷങ്ങളാണ്. മൂന്നുനാലിഞ്ച് ഉയരം മാത്രമുള്ള വെള്ളിരൂപത്തിലാണ് ഭഗവാൻ ശ്രീബാലകൃഷ്ണന്റെ മനോഹരമായ രൂപം കാണുക. ക്ഷേത്രത്തിനു സമീപം അനേകം പശുക്കളുള്ള ഒരു ഗോശാലയുമുണ്ട്.
വൈഷ്ണവ വിഭാഗത്തിൽപെട്ട 400 കുടുംബങ്ങൾ പണ്ടുണ്ടായിരുന്നു. 150 കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴുള്ളത്. മറ്റുള്ളവർ പലരും തിരികെ പോയി. ഈ കുടുംബങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റും വീടുമൊക്കെ വാങ്ങി താമസം മാറിക്കഴിഞ്ഞു.
∙ചരിത്രം മണക്കുന്ന വഴികൾ
തെരുവിലൂടെ നടന്നുനടന്നെത്തുമ്പോൾ പഴയ പാണ്ടികശാലകൾ രൂപംമാറിയതു കാണാം. മലയാളികൾ പണം കൊടുത്തുവാങ്ങി ആർട് ഗാലറികളും കഫേകളുമാക്കിയ പഴയകാല കെട്ടിടങ്ങൾ. അതിനിടയിലൂടെ ചരിത്രത്തിലേക്ക് ഇഴഞ്ഞുപോവുന്ന പാമ്പിനെപ്പോലെ ഇടവഴികൾ നീളുന്നു. കഥകൾ ബാക്കിയാവുന്നു. ഓർമകൾ ബാക്കിയാവുന്നു. കടലോരത്തെ തെരുവ് എല്ലാത്തിനും സാക്ഷിയാവുന്നു.
English Summary: Walking down the Gujarati Street of Kozhikode