കോട്ടയം പൊളിയല്ലേ; ചുറ്റാം ഇൗ 30 സ്ഥലങ്ങളിലൂടെ
കുടുംബവും കുട്ടികളുമൊത്ത് അടിച്ചുപൊളിച്ച് അവധിയാഘോഷിക്കണം. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കാഴ്ച കണ്ട് മനസ്സു നിറയ്ക്കാനും രുചികൊണ്ട് വയറുനിറയ്ക്കാനും മികച്ച സ്ഥലങ്ങൾ. ഇതാ അവയിൽ
കുടുംബവും കുട്ടികളുമൊത്ത് അടിച്ചുപൊളിച്ച് അവധിയാഘോഷിക്കണം. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കാഴ്ച കണ്ട് മനസ്സു നിറയ്ക്കാനും രുചികൊണ്ട് വയറുനിറയ്ക്കാനും മികച്ച സ്ഥലങ്ങൾ. ഇതാ അവയിൽ
കുടുംബവും കുട്ടികളുമൊത്ത് അടിച്ചുപൊളിച്ച് അവധിയാഘോഷിക്കണം. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കാഴ്ച കണ്ട് മനസ്സു നിറയ്ക്കാനും രുചികൊണ്ട് വയറുനിറയ്ക്കാനും മികച്ച സ്ഥലങ്ങൾ. ഇതാ അവയിൽ
കുടുംബവും കുട്ടികളുമൊത്ത് അടിച്ചുപൊളിച്ച് അവധിയാഘോഷിക്കണം. കോട്ടയത്ത് അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കാഴ്ച കണ്ട് മനസ്സു നിറയ്ക്കാനും രുചികൊണ്ട് വയറുനിറയ്ക്കാനും മികച്ച സ്ഥലങ്ങൾ. ഇതാ അവയിൽ ചിലത്.
1. ഗ്രാമീണ കാഴ്ചകളുമായി അയ്മനം
വീണ്ടും രാജ്യാന്തര അംഗീകാരം നേടി കോട്ടയം ജില്ലയിലെ അയ്മനം. ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനം മാതൃകാ ടൂറിസം ഗ്രാമമുണ്ട്. സഞ്ചാരികൾക്ക് ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാം. അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയൻഷ്യൽ ടൂറിസം) അയ്മനത്തിന്റെ മാതൃക.
ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനം ടൂറിസം പാക്കേജിന്റെ പ്രത്യേകത. വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജാണ് അയ്മനത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ നൽകുന്നത്. കോട്ടയം–ചേർത്തല റോഡിൽ കവണാറ്റിൻകരയിൽനിന്നു ശിക്കാര വള്ളത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജ് ആരംഭിക്കുന്നത്. കവണാറ്റിൻ കരയ്ക്ക് അടുത്ത് തന്നെ ആദ്യ സ്റ്റോപ്പ്. ഇവിടെ കയറുപിരി, തെങ്ങുകയറ്റം എന്നിവ മനസ്സിലാക്കാം.
ദൂരം: കോട്ടയം ടൗണിൽനിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് അയ്മനം.
2. മറവൻതുരുത്ത്
സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമാണിപ്പോൾ മറവൻതുരുത്ത്. ഇവിടുത്തെ പ്രധാന ആകർഷണം കയാക്കിങ്ങാണ്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിങ് അരിവാൾ തോട്ടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം കയാക്കിങ് ചെയ്യാൻ സൗകര്യമുണ്ട്. വൈകുന്നേമാണെങ്കിൽ സൂര്യാസ്തമയവും കാണാം. മൂന്നു മണിക്കൂർ നീളുന്നതാണ് ട്രിപ്പ്.
മറവൻതുരുത്തിലേക്ക് എത്താൻ
വൈക്കം –എറണാകുളം റൂട്ടിൽ ടോൾ ജംക്‌ഷനിൽനിന്നു പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ഞിപ്പാലം. കുലശേഖരമംഗലം ക്ഷേത്രത്തിനു സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കൽ വായനശാല. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാർട്ടിങ് പോയിന്റുകൾ. തലയോലപ്പറമ്പിൽനിന്ന് പാലാംകടവ് – ടോൾ റോഡിൽ 3 കിലോമീറ്ററോളം പിന്നിട്ടാൽ പഞ്ഞിപ്പാലത്ത് എത്താം.
ദൂരം: കോട്ടയം ടൗണിൽനിന്ന് 39 കിലോമീറ്ററുണ്ട് മറവൻതുരുത്തിലേക്ക്
3. കാറ്റേറ്റിരിക്കാൻ നാലുമണിക്കാറ്റ്
വൈകുന്നേരം അല്‍പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാൻ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കേണ്ട. നാലുമണിക്കാറ്റുണ്ടല്ലോ. മണർകാട് – ഏറ്റുമാനൂർ ൈബപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളം കാറ്റേൽക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടൻ രുചികൾ ആസ്വദിക്കുകയും ചെയ്യാം.
പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികിൽ കാറ്റുകൊളളാൻ പാകത്തിന് സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.
ദൂരം: കോട്ടയം ടൗണിൽനിന്ന് 9.4 കിലോമീറ്റർ പിന്നിട്ടാൽ നാലുമണിക്കാറ്റിൽ എത്താം.
4. അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം
ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അൺ സീൻ കോട്ടയം ടൂറിസം ബ്രോഷറിൽ വിശേഷിപ്പിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. സുരക്ഷിതമായ വെള്ളച്ചാട്ടം എന്ന പ്രശസ്തി അരുവിക്കച്ചാലിനുണ്ട്. അപകട ഭീതിയില്ലാതെ അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും സാധിക്കും.
ഈരാറ്റുപേട്ടയിൽനിന്നു പൂഞ്ഞാർ മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കച്ചാലിൽ എത്താം. പൂഞ്ഞാർ- മുണ്ടക്കയം റോഡിൽ പാതാമ്പുഴ ജംക്‌ഷൻ എത്തുന്നതിന് 100 മീറ്റർ മുൻപു തിരിഞ്ഞ് പഞ്ചായത്ത് റോഡിലേക്ക് കടക്കണം. ഇവിടെനിന്ന് വീതി കുറഞ്ഞ പാതയാണ്. വെള്ളച്ചാട്ടത്തിന്റെ 200 മീറ്റർ അകലെ വരെ വാഹനമെത്തും. ഓൺലൈൻ മാപ്പിനെ ആശ്രയിച്ചാൽ വഴി തെറ്റാനുള്ള സാധ്യത കൂടുതലാണ്.
ദൂരം: കോട്ടയം ടൗണിൽനിന്ന് 49.6 കിലോമീറ്റർ.
5. കട്ടിക്കയം വെള്ളച്ചാട്ടം
ഐതീഹ്യങ്ങളും പ്രകൃതി ഭംഗിയും കെട്ടുപിണഞ്ഞുക്കിടക്കുന്ന മേലുകാവ് പഞ്ചായത്തിലാണ് കട്ടിക്കയം വെള്ളച്ചാട്ടം നിലകൊള്ളുന്നത്. തികച്ചും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് മേലുകാവ്. ഈരാറ്റുപേട്ടയിൽ നിന്നും പതിനാറുകിലോമീറ്റർ അകലത്തിൽ ഇല്ലിക്കകല്ലിനടുത്തായാണ് സൗന്ദര്യം തുളുമ്പുന്ന കട്ടിക്കയം.
വാഹനം ഇറങ്ങിയാൽ ഒരു അരകിലോമീറ്റർ നടക്കാനുണ്ട്. പക്ഷെ മുഷിയില്ല. വഴിയിലെ കാഴ്ചകളില്‍ ആകാംക്ഷ ഇരട്ടിക്കും. തികച്ചും വന്യസൗന്ദര്യം തുളുമ്പുന്ന വഴികൾ. ഉയരത്തിൽ നിന്നും പതിയുന്ന വെള്ളം, വെളുത്ത പളുങ്ക് വാരി വിതറുന്ന കാഴ്ചയാണ്. ആരെയും ആകർഷിക്കും കട്ടിക്കയം വെള്ളച്ചാട്ടം.
ദൂരം; കോട്ടയത്ത് നിന്ന് 56 കിലോമീറ്റർ ദൂരം.
6. പാമ്പനാൽ വെള്ളച്ചാട്ടം
കോട്ടയം ജില്ലയിലെ മാനത്തൂരിലെ പാമ്പനാൽ വെള്ളച്ചാട്ടം പ്രകൃതിദത്തമായ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ ശുദ്ധജലത്തിന്റെ കാഴ്‌ചകളാൽ സന്ദർശകരെ ആകർഷിക്കുന്നു. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സാഹസികമാണ്, വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേർ എത്തിച്ചേരാറുണ്ട്.
ദൂരം: കോട്ടയത്തുനിന്ന് 42 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
7. അരുവിക്കുഴി വെള്ളച്ചാട്ടം
അരുവിക്കുഴി മനോഹരമായ ഒരു പിക്‌നിക് സ്ഥലവും സിനിമ ഷൂട്ടിങ് ലൊക്കേഷനുമാണ്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത തേടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. ട്രെക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണിത്, റബർ തോട്ടങ്ങൾക്ക് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വെള്ളച്ചാട്ടത്തിനു മുകളിലാണ് പ്രസിദ്ധമായ സെന്റ് മേരീസ് പള്ളി സ്ഥിതി ചെയ്യുന്നത്. റബ്ബർ പ്ലാന്റേഷൻ സെന്റർ, പള്ളിക്കത്തോട്, ഈ സ്ഥലങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് അരുവിക്കുഴി വെള്ളച്ചാട്ടം.
ദൂരം: കോട്ടയത്തുനിന്ന് 19.3 കിലോമീറ്റർ.
8. മാർമല വെള്ളച്ചാട്ടം
മീനച്ചിലാറിന്റെ ഉദ്ഭവം തേടിപ്പോകുമ്പോൾ മാർമല എന്ന ഈ ചെറുവെള്ളച്ചാട്ടത്തിലൊന്നു നനയാതെ പോകാനാകില്ല. ചെറുതാണ്, മനോഹരമാണ്, അതിലേറെ അപകടകാരിയുമാണ് മാർമല.
വാഗമണ്ണിലേക്കുള്ള സ്ഥിരം വഴിയിൽനിന്നു മാറിയൊരു യാത്രയിലാണു മാർമല മുന്നിലെത്തുന്നത്. വാഗമണിലേക്ക് വെള്ളിക്കുളം വഴിയുള്ള റൂട്ടിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇരുവശത്തും റബർ എസ്റ്റേറ്റുകളുള്ള സുന്ദരൻ വഴി. ഏകാന്ത യാത്രകൾക്ക് ഈ റൂട്ട് ഏറെ യോജിക്കും. ഇതിനിടയിൽ ഒന്നിലധികം വെളളച്ചാട്ടങ്ങളുണ്ട്. അധികം സാഹസികത കാണിക്കാതെ പുഴയിൽ ഇറങ്ങിക്കുളിക്കാം.
ദൂരം: കോട്ടയത്തുനിന്ന് 51.5 കിലോമീറ്റർ.
9. മുതുകോരമല
കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് നിസംശയം മുതുകോരമലയെ വിളിക്കാം. പ്രകൃതിയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്ന ഇടമാണ് മുതുകോരമല. വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചക്കാരെ കൊതിപ്പിക്കുന്ന ഇവിടേയ്ക്ക് യാത്രാപ്രേമികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽനിന്നു ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. വാഗമൺ മലനിരകൾക്കു സമാന്തരമായി ഉയർന്നു നിൽക്കുന്ന മലമ്പ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയിൽനിന്നു 3 കിലോമീറ്റർ ഓഫ് റോഡ് യാത്രയാണ്. തുടർന്നു കാഴ്ചകൾ കണ്ടു നടക്കണം. സാഹസികയാത്രികർക്ക് ഇഷ്ടമാകും ഇവിടം.
വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ് സാഹസികമാണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന മേഘങ്ങളും വിദൂര ദൃശ്യങ്ങളുമൊക്കെ മുതുകോരമലയെ സ്വർഗതുല്യമാക്കും.
ദൂരം: കോട്ടയത്തു നിന്ന് 50.8 കിലോമീറ്റർ.
10. ഇല്ലിക്കൽ കല്ല്
പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ചുള്ള യാത്രയാണോ പ്ലാൻ ചെയ്യുന്നത്? എങ്കിൽ ഇല്ലിക്കൽ കല്ലിലേക്കു പോകം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കു സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം മൂവായിരം അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്കു ചെല്ലണം. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളിലൂടെയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത് അല്പം ആയാസകരമാണ്. ജീപ്പ് സർവീസുകളുണ്ട്. അതിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമാണ്.
ദൂരം: കോട്ടയത്തുനിന്ന് 56.1 കിലോമീറ്റർ.
11. ഇലവീഴാപ്പൂഞ്ചിറ
മഞ്ഞും നൂൽമഴയും ആസ്വദിക്കാനായി കുടുംബവുമൊത്ത് ഇലവീഴാപ്പൂഞ്ചിറയിൽ എത്താം. പേരിൽ കൗതുകം നിറഞ്ഞിരിക്കുന്ന ഈ സുന്ദരിയെ കാണാൻ കൊതിക്കാത്തവർ ചുരുക്കം. നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം.. മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഞ്ചിറ.
മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപ്പൂഞ്ചിറയുടെ സ്ഥാനം. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപ്പൂഞ്ചിറ. തൊടുപുഴയിൽനിന്ന് 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം. ഇവിടെനിന്നു ജീപ്പുകളുണ്ട്.
ദൂരം: കോട്ടയത്തു നിന്ന് 54.2 കിലോമീറ്റർ.
12. കുട്ടിക്കാനവും വാഗമണ്ണും
കോട്ടയത്തുനിന്ന് ഏകദേശം രണ്ടേകാൽ മണിക്കൂർ യാത്രയാണ് ഈ രണ്ടു സ്ഥലങ്ങളിലേക്ക് ഉള്ളത്. കുട്ടിക്കാനത്തേക്ക് പാമ്പാടി – കാഞ്ഞിരപ്പള്ളി – മുണ്ടക്കയം – പെരുവന്താനം വഴിയും വാഗമണ്ണിലേക്ക് ഏറ്റുമാനൂർ – പാലാ – ഈരാറ്റുപേട്ട വഴിയും എത്താം.
വെള്ളച്ചാട്ടങ്ങളും ഹിൽസ്‌റ്റേഷനുകളും അമ്മച്ചിക്കൊട്ടാരവും തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങൾ കുട്ടിക്കാനത്തുണ്ട്. അതുപോലെ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന വാഗമൺ യാത്രാപ്രേമികൾക്കു കാത്തുവച്ചിരിക്കുന്നത് തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നും പൈന്‍മരങ്ങളുമൊക്കെയാണ്.
ദൂരം: കോട്ടയത്തുനിന്ന് 63.8 കിലോമീറ്റർ പിന്നിട്ടാൽ വാഗമണ്‍ എത്താം.
13. പൂഞ്ഞാര്‍ കൊട്ടാരം
നൂറ്റാണ്ടുകളുടെ കൗതുകമുണര്‍ത്തുന്ന ചരിത്രവും തനിമയാര്‍ന്ന വാസ്തുകലയുടെ അഭൗമസൗന്ദര്യവും ഒത്തുചേരുന്ന ഇടങ്ങൾ നമ്മുടെ ഈ കൊച്ചുകേരളത്തിലുണ്ട്. അതിലൊന്നാണ് പൂഞ്ഞാര്‍ കൊട്ടാരം. അറുനൂറു വർഷത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പൂഞ്ഞാര്‍ കൊട്ടാരം ആദ്യകാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കും.
കോട്ടയത്തുനിന്നു പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ ആറു നൂറ്റാണ്ടോളം പഴക്കമുള്ള പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. ചേര, പാണ്ഡ്യ രാജാക്കന്മാരുടെ പരമ്പരാഗത വാസ്തുശൈലിയിലാണ് നിർമാണം. കോട്ടയം, ഇടുക്കി ജില്ലകളുടെ കിഴക്കുഭാഗത്തുനിന്നു ശേഖരിച്ച ഗുണമേന്മയുള്ള മരങ്ങൾ ഉപയോഗിച്ചാണ് കൊട്ടാരത്തിന്‍റെ ഭൂരിഭാഗവും നിര്‍മിച്ചിട്ടുള്ളത്. തേക്ക്, ഈട്ടി എന്നിവകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ ഇന്നുമുണ്ട്. ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ടൈലുകൾ, വലുതും ഇടത്തരവുമായ കളിമൺ ടൈലുകൾ എന്നിവയും ഉപയോഗിച്ചതായി കാണാം.
ദൂരം: കോട്ടയത്തുനിന്ന് 41.8 കിലോമീറ്റർ ദൂരം.
14. കാഴ്ചയുടെ അയ്യമ്പാറ
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. ഈരാറ്റുപേട്ടയിൽ നിന്നു തീക്കോയി വഴി തലനാട് 14 കിലോ മീറ്റർ. 35 ഏക്കറോളം പരന്നു കിടക്കുന്ന പാറക്കെട്ട്. ഒരുവശത്ത് അയ്യമ്പാറ പള്ളി, മറുവശത്ത് ക്ഷേത്രം, ഒരു വശം താഴ്ചയേറിയ കൊക്കകൾ. പ്രകൃതി ഭംഗി ഏറെയുള്ള സ്ഥലങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. ഫൊട്ടോഗ്രഫിക്ക് ഏറെ അനുയോജ്യമാണിവിടം
ദൂരം: കോട്ടയത്തു നിന്ന് 48.3 കിലോമീറ്റർ.
തീർഥാടനകേന്ദ്രങ്ങളിലൂടെ
15. മാതൃമല
പ്രകൃതിരമണീയമായ ഒരു കുന്നിൻ മുകളിലാണ് മാതൃമല. മലമുകളിലെ ദേവീക്ഷേത്രമാണിത്. ദക്ഷിണ കുടജാദ്രി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. കോട്ടയം വെണ്ണിമലയിൽനിന്ന് 8 കിലോമീറ്റർ അകലെ കൂരോപ്പട ഗ്രാമത്തിലാണ് മാതൃമല സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്ന് പാമ്പാടി വഴി ഈ സ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. പരശുരാമൻ പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഇൗ ക്ഷേത്രം ഉള്ളതിനാലാണ് ഈ സ്ഥലത്തിന് മാതൃമല എന്ന പേര് ലഭിച്ചത്. മലമുകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം അതിശയിപ്പിക്കുന്ന കാഴ്ചയാണ്.
ദൂരം: കോട്ടയത്തുനിന്ന് 17.2 കിലോമീറ്റർ.
16. ഭരണങ്ങാനം സെന്റ് മേരീസ് പള്ളി
കോട്ടയം ജില്ലയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമാണ് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി. ഈ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും പെരുന്നാൾ വേളയിൽ ആയിരങ്ങളാണ് ഈ വിശുദ്ധ ദേവാലയത്തിൽ ഒത്തുകൂടുന്നത്.
ദൂരം: കോട്ടയത്തുനിന്ന് 31.9 കിലോമീറ്റര്‍.
17.മണർകാട് പള്ളി
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിൽ മണർകാടുള്ള വിശുദ്ധ മർത്തമറിയം കത്തീഡ്രൽ അഥവാ മണർകാട് പള്ളി. പള്ളിയിലെ ഏറ്റവും വലിയ ഉത്സവം എട്ട് നോമ്പ് പെരുന്നാളാണ്. മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോമ്പ് പെരുന്നാളിനും. ലക്ഷക്കണക്കിന് ഭക്തരെ ഈ പുണ്യസങ്കേതത്തിലേക്ക് ആകര്‍ഷിക്കുന്നു. പള്ളി സമുച്ചയത്തില്‍ കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍ ആയിരം വര്‍ഷമെങ്കിലും പള്ളിക്ക് പഴക്കമുണ്ടെന്ന് രേഖപ്പെടുത്തുന്നു. ചരിത്രപ്രസിദ്ധമാണ് മണര്‍കാട് സെന്റ് മേരീസ് പള്ളി.
ദൂരം: കോട്ടയത്ത് നിന്ന് 9 കിലോമീറ്റർ
18. താഴത്തങ്ങാടി ജുമാ മസ്ജിദ്
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം പോലെ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ.
തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര മികവും തെളിഞ്ഞു നിൽക്കുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.
ദൂരം: കോട്ടയത്തുനിന്ന് 2.5 കിലോമീറ്റർ.
19. വൈക്കം ക്ഷേത്രവും ബീച്ചും
അതിസുന്ദരമായ സാഹായ്നക്കാഴ്ചകളൊരുക്കുന്ന ടൂറിസ്റ്റ് സ്പോട്ടാണ് വൈക്കം. ചരിത്രവും പ്രകൃതിസൗന്ദര്യവും ഇടകലരുന്ന ‘അഴിമുഖ’മാണു വൈക്കം എന്നു പറയാം.
വൈക്കം ബീച്ചും മഹാദേവ ക്ഷേത്രവും പ്രശസ്തമാണ്. വൈക്കം ബോട്ട്ജെട്ടിക്ക് സമീപമാണ് ബീച്ച്. അതുകൊണ്ട് ബോട്ട് യാത്ര നടത്താൻ താൽപര്യമുള്ളവർക്ക് വൈക്കം-തവണക്കടവ് റൂട്ടിൽ ഒരു ബോട്ട്‌യാത്രയുമാകാം. വൈക്കത്തഷ്ടമിക്ക് നിരവധിപേരാണ് എത്തിച്ചേരുന്നത്. കോട്ടയത്തുനിന്ന് 29.4 കിലോമീറ്റർ ദൂരമുണ്ട് വൈക്കത്തേക്ക്.
ദൂരം: കോട്ടയത്തു നിന്ന് 29.4 കിലോമീറ്റർ.
20. പകല്‍പൂരവുമായി തിരുനക്കര ക്ഷേത്രം
കോട്ടയം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര. കോട്ടയത്തെക്കുറിച്ച് വിവരിക്കുമ്പോൾ തിരുനക്കര ക്ഷേത്രത്തെ ഒഴിവാക്കാൻ സാധിക്കില്ല. അത്രമേൽ ഇഴുകിച്ചേർന്നുകിടക്കുന്നതാണ് തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും. ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന ഉത്സവം കോട്ടയത്തിന്റെ ആഘോഷമാണ്. ഇതിനോടനുബന്ധിച്ചുള്ള പകൽപ്പൂരം പ്രസിദ്ധമാണ്. തൃശ്ശൂർ പൂരത്തിന്റെ അതേ രൂപത്തിൽ നടത്തുന്ന ഈ ചടങ്ങ് അതിവിശേഷമാണ്. നിരവധി ആളുകളാണ് ഇത് കാണാനായി കോട്ടയത്തെത്തുന്നത്.
ദൂരം: കോട്ടയം നഗരത്തിൽ തന്നെയാണ് തിരുനക്കര ക്ഷേത്രം
21. ഏഴരപ്പൊന്നാന എഴുന്നള്ളത്തുമായി ഏറ്റുമാനൂർ ക്ഷേത്രം
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, ചുവര്‍ ചിത്രങ്ങള്‍ക്ക് പേരുകേതാണ്. ഇവയിൽ പ്രശസ്തം ഗോപുരത്തിലെ നടരാജ ചിത്രമാണ്. എല്ലാ വര്‍ഷവും അരങ്ങേറുന്ന ഏഴര പൊന്നാന എഴുന്നള്ളത്ത് പ്രസിദ്ധമാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു. ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും.
ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. നിരവധിപേരാണ് നാനാഭാഗത്തു നിന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.
ദൂരം: കോട്ടയത്തു നിന്ന് 11 കിലോമീറ്റർ.
22. പനച്ചിക്കാട് ക്ഷേത്രം
കോട്ടയം ജില്ലയിലെ പനച്ചിക്കാടാണ് ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന സരസ്വതീക്ഷേത്രം. ക്ഷേത്രമാണെങ്കിലും ഇവിടെ ദേവിക്കാണ് പ്രാമുഖ്യം. ക്ഷേത്രത്തിലെ ദേവീ പ്രതിഷ്ഠയും ഏറെ കൗതുകം പകരുന്ന കാഴ്ചയാണ്. വള്ളിപ്പടർപ്പിനുള്ളിൽ ദേവി അധിവസിക്കുന്ന ക്ഷേത്രമാണ് പനച്ചിക്കാട് ക്ഷേത്രം. സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രിയോടനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ആ സമയത്ത് നാനാദിക്കിൽ നിന്നും നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
ദൂരം: കോട്ടയത്തു നിന്ന് 11 കിലോമീറ്റർ.
23. മള്ളിയൂർ ക്ഷേത്രം
കോട്ടയം കുറുപ്പന്തറയിലാണ് പ്രശസ്തമായ മള്ളിയൂർ ക്ഷേത്രം. ശബരിമല തീഥാടകരുടെ പ്രധാന ഇടത്താവളമാണ് ഇവിടം. കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന മഹാഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ. തുമ്പിക്കൈയില്‍ മാതളനാരങ്ങ, മഴു, കയര്‍, ലഡ്ഡു എന്നിവയുണ്ട്. ഈ സവിശേഷതക്കൊണ്ടു തന്നെ വളരെ പ്രശസ്തിയാര്‍ജ്ജിച്ച ക്ഷേത്രമാണിത്.
വര്‍ഷം തോറും വൃശ്ചികം ഒന്നിന് തുടങ്ങി അറുപതുദിവസം നീണ്ടുനില്‍ക്കുന്ന ഇവിടത്തെ സംഗീതോത്സവം പ്രശസ്തമാണ്. നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം മൂവാറ്റുപുഴ പാതയില്‍ കുറുപ്പന്തറ ജംക്‌ഷനില്‍നിന്നു രണ്ട് കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍നിന്ന് അര കിലോമീറ്ററും അകലെയാണ് ക്ഷേത്രം.
ദൂരം: കോട്ടയത്തു നിന്ന് 22.6 കിലോമീറ്റർ.
24. സൂര്യകാലടി മന
ഐതീഹ്യങ്ങളും കെട്ടുകഥകളും ധാരാളമുണ്ട് സൂര്യകാലടി മനയ്ക്ക്. കോട്ടയം നഗരത്തിൽ നിന്നും കുറച്ചു മാറി കുമാരനല്ലൂരിനു സമീപമുള്ള ചവിട്ടുവരിയിൽ ഇറങ്ങിയാൽ സൂര്യകാലടി മനയിലേക്കുള്ള വഴി കാണാം.
ചവിട്ടുവരിയിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മതി, മീനച്ചിലാറിന്റെ തീരത്തു തലയെടുപ്പോടെ നിൽക്കുന്ന സൂര്യകാലടി മനയിലെത്താം. കാലമിത്ര കഴിഞ്ഞിട്ടും മനയുടെ പ്രൗഢിയ്ക്ക് യാതൊരു തരത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ല. ഇളമുറക്കാർ, വരും തലമുറയ്ക്കും നാടിനും കൈമാറാനായി പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ പൗരാണിക സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. മനയ്ക്കു സമീപമായി നിലകൊള്ളുന്ന യക്ഷി പറമ്പിനു പറയാൻ ഏറെ കഥകളുണ്ട്. ഈ കഥകൾ പറയാനായി അതിഥികളെ കാത്തിരിക്കുകയാണ് സൂര്യകാലടി മന.
ദൂരം: കോട്ടയത്ത് നിന്ന് 4.9 കിലോമീറ്റർ
25. കുമരകം
കുടുംബവുമൊത്ത് കായൽക്കാഴ്ച കണ്ടുള്ള യാത്രയാണെങ്കിൽ കുമരകം മികച്ച ചോയ്സായിരിക്കും. വഞ്ചിവീടുകളും മോട്ടർ ബോട്ടുകളും ശിക്കാര വള്ളങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം ഒപ്പം നാടൻ മീൻവിഭവങ്ങൾ കൂട്ടിയുള്ള ഉൗണും. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം.
കോട്ടയത്തുനിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലൻഡ്സ് എന്നും അറിയപ്പെടുന്നുണ്ട്. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചെലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമെത്തുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും. കാഴ്ചകൾ കൂടാതെ ഷാപ്പ് വിഭവങ്ങളുടെ രുചിയറിയാൻ എത്തുന്നവരുടെ സൂപ്പര്‍ ഡെസ്റ്റിഷേനാണ് കുമരകം.
ദൂരം: കോട്ടയത്തു നിന്ന് 12.8 കിലോമീറ്റർ.
26. തണ്ണീർമുക്കം ബണ്ട് പഴയ ബണ്ടല്ല
കായലിന്റെ വിശാലത ആസ്വദിക്കാൻ തണ്ണീർമുക്കം ബണ്ടിലേക്ക് എത്തിച്ചേരാം. എന്തൊരു മനോഹരിയാണ് വേമ്പനാട്ടുകായൽ! കോട്ടയത്തുനിന്നു തണ്ണീർമുക്കം ബണ്ടിലെ പാലത്തിലൂടെ യാത്ര ചെയ്ത ആരും ഇങ്ങനെ പറയാതിരിക്കില്ല. അത്ര വിശാലതയിൽ, ഉയരക്കാഴ്ചയിൽ കായൽക്കാഴ്ച കാണുന്നതു രസകരം തന്നെ.
കോട്ടയം-ചേർത്തല റൂട്ടിലെ ഒരു സാധാരണ കാഴ്ച മാത്രമാണു തണ്ണീർമുക്കം ബണ്ട്, പലർക്കും. എന്നാൽ ലോകോത്തര കാഴ്ചകളും കുടുംബസഞ്ചാരികൾക്കുള്ള ബോട്ടിങ്ങും തണ്ണീർമുക്കം ബണ്ടിന്റെ പ്രത്യേകതകളാണ്. നഗരത്തിരക്കിൽനിന്നു മാറി സായാഹ്നം ചെലവിടാനും ബോട്ടിൽ കായൽക്കാറ്റേറ്റ് സഞ്ചരിക്കാനും ഇവിടെ എത്താം. കോട്ടയത്തുനിന്നു ചേർത്തലയിലേക്കുള്ള വഴിയിലെ പ്രധാന ആകർഷണം ഈ ബണ്ട് തന്നെയാണ്. ഇരുവശവും കായലിന്റെ ഭംഗികണ്ടു യാത്ര ചെയ്യാം. ഒരു യാത്രാവഴി മാത്രമല്ല ബണ്ട്. മറിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്.
ദൂരം: കോട്ടയത്തു നിന്ന് 23.4 കിലോമീറ്റർ പിന്നിട്ടാൽ തണ്ണീർമുക്കം ബണ്ട്
27. മലരിക്കൽ
ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭീരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം.
ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. സീസൺ ആകുന്നതോടെ ആമ്പല്‍ വസന്തം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്.
ദൂരം: കോട്ടയത്തു നിന്ന് 7.8 കിലോമീറ്റർ സഞ്ചരിച്ചാൽ മലരിക്കൽ എത്താം.
ഫാം ടൂറിസത്തിലേക്ക്....
28. മാംഗോ മെഡോസ്
അത്യപൂർവ്വമായ സസ്യങ്ങളും വലിയ മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും ബോട്ടിങ്ങും അടക്കം വിനോദ സഞ്ചാരികൾക്ക് കൗതുകം ഉണർത്തുന്ന കാഴ്ചകളുമായി അഗ്രികള്‍ച്ചറല്‍ തീം പാർക്ക് മാംഗോ മെഡോസ്. കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംഗോ മെഡോസ്. ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്.
വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂർവ കലവറയാണ് കാർഷിക പാർക്കിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്റെ പ്രധാന ആകര്‍ഷണമാണ്.
ദൂരം: കോട്ടയത്തു നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ മാംഗോ മെഡോസിൽ എത്താം.
29. പാലാക്കരി അക്വാ ടൂറിസം
നഗരതിരക്കുകളിൽനിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് കുടുംബവുമൊത്ത് യാത്രപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പാലാക്കരി ബെസ്റ്റ് ചോയിസാണ്. അധികം പണം മുടക്കാതെ ഒരു ദിവസത്തെ യാത്രയ്ക്ക് ഇതിലും മികച്ചയിടം വേറെ കാണില്ല. മല്‍സ്യഫെഡ് കാഴ്ചകളുടെ പറുദീസയാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. അതാണ് പാലാക്കരി അക്വാ ടൂറിസം. വൈക്കം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലാണ് പാലാക്കരി ഫിഷ് ഫാം നിലകൊള്ളുന്നത്.
പൂമീൻ തുള്ളുന്ന വേമ്പനാട്ടുകായൽ തീരത്ത് കാറ്റേറ്റ് മതിയാവോളം ഇരിക്കാം. സുന്ദരകാഴ്ചകൾക്കൊപ്പം തനിനാടൻ രുചിക്കൂട്ടിലുള്ള ഉൗണും ഇവിടെയുണ്ട്. ഉദയാസ്തമയങ്ങളുടെ ചേതോഹര ദൃശ്യങ്ങളുമെല്ലാം ചേരുന്ന മുഗ്ധസൗന്ദര്യം ആസ്വദിക്കാൻ നിരവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്.
ദൂരം: കോട്ടയത്തു നിന്ന് 42.4 കിലോമീറ്റർ.
30. വൈക്കം ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്റർ
വിനോദത്തിനും വിഞ്‍ജാനത്തിനും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിടമാണ് വൈക്കം തേട്ടകത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്റർ. മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളും വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെയാണ് ഫാമിലേക്ക് ഏറെ ആകർഷിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിനു കുട്ടികളാണ് വിനോദത്തിനും വിജ്ഞാനത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം കുമരകത്തു നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
ദൂരം: കോട്ടയത്തു നിന്ന് 29.6 കിലോമീറ്റർ.
English Summary: Best Places to Visit in Kottayam