ടൂറിസം പൊൻമുട്ടയിടുന്ന താറാവ്, അതിനെ കൊല്ലരുത്; കേരളം മാസ് ടൂറിസത്തിൽ പിന്നോട്ടോ?
ടൂറിസത്തിന് പകരം വയ്ക്കുന്ന മലയാള പദമായി ആദ്യകാലം മുതൽ വിനോദ സഞ്ചാരം തുടരുന്നു. സർക്കാർ തന്നെ ടൂറിസം വകുപ്പിനെ വിനോദ സഞ്ചാര വകുപ്പ് എന്നാണ് വിളിക്കുന്നത്.എന്നാൽ എന്താണ് വാസ്തവം ? ടൂറിസത്തിന്റെ യു.എൻ.ടൂറിസം (UN TOURISM) നിർവചനം നോക്കാം. (WTO അഥവാ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന ഐക്യരാഷ്ട്ര സംഘടനയുടെ
ടൂറിസത്തിന് പകരം വയ്ക്കുന്ന മലയാള പദമായി ആദ്യകാലം മുതൽ വിനോദ സഞ്ചാരം തുടരുന്നു. സർക്കാർ തന്നെ ടൂറിസം വകുപ്പിനെ വിനോദ സഞ്ചാര വകുപ്പ് എന്നാണ് വിളിക്കുന്നത്.എന്നാൽ എന്താണ് വാസ്തവം ? ടൂറിസത്തിന്റെ യു.എൻ.ടൂറിസം (UN TOURISM) നിർവചനം നോക്കാം. (WTO അഥവാ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന ഐക്യരാഷ്ട്ര സംഘടനയുടെ
ടൂറിസത്തിന് പകരം വയ്ക്കുന്ന മലയാള പദമായി ആദ്യകാലം മുതൽ വിനോദ സഞ്ചാരം തുടരുന്നു. സർക്കാർ തന്നെ ടൂറിസം വകുപ്പിനെ വിനോദ സഞ്ചാര വകുപ്പ് എന്നാണ് വിളിക്കുന്നത്.എന്നാൽ എന്താണ് വാസ്തവം ? ടൂറിസത്തിന്റെ യു.എൻ.ടൂറിസം (UN TOURISM) നിർവചനം നോക്കാം. (WTO അഥവാ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന ഐക്യരാഷ്ട്ര സംഘടനയുടെ
ടൂറിസത്തിന് പകരം വയ്ക്കുന്ന മലയാള പദമായി ആദ്യകാലം മുതൽ വിനോദ സഞ്ചാരം തുടരുന്നു. സർക്കാർ തന്നെ ടൂറിസം വകുപ്പിനെ വിനോദ സഞ്ചാര വകുപ്പ് എന്നാണ് വിളിക്കുന്നത്.എന്നാൽ എന്താണ് വാസ്തവം ? ടൂറിസത്തിന്റെ യു.എൻ.ടൂറിസം (UN TOURISM) നിർവചനം നോക്കാം. (WTO അഥവാ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന ഐക്യരാഷ്ട്ര സംഘടനയുടെ ടൂറിസം വിഭാഗം റീ ബ്രാൻഡിങ് നടത്തിയാണ് UN TOURISM ആയി മാറിയത്).
"ആളുകൾ അവർ നിത്യേന ഇടപഴകുന്ന അന്തരീക്ഷം വിട്ട് മറ്റു സ്ഥലങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ, വ്യക്തിപരമോ, ബിസിനസ് / പ്രൊഫഷൻ സംബന്ധമായോ നടത്തുന്ന യാത്രകൾ ഉൾക്കൊള്ളുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും ആയ പ്രതിഭാസമാണ് ടൂറിസം." എന്നാണ് യുഎൻ ടൂറിസം നിർവചിച്ചിരിക്കുന്നത്. അതായത് വിനോദത്തിനു വേണ്ടിയുള്ള യാത്രകൾ മാത്രമല്ല ടൂറിസം എന്നർഥം. അത് ബിസിനസിനു വേണ്ടിയാകാം, പഠനത്തിനും ഗവേഷണത്തിനും വേണ്ടിയാകാം, ചികിത്സയ്ക്കു വേണ്ടിയാകാം, തീർഥാടനത്തിനാകാം, അങ്ങനെ പലതുമാകാം. വിനോദം അനേക ഘടകങ്ങളിൽ ഒന്നു മാത്രം. പക്ഷേ തീർച്ചയായും അതു തന്നെയാണ് മുഖ്യം. അതുകൊണ്ടുതന്നെ ടൂറിസത്തിന് മലയാളത്തിൽ ഒരു തർജമ തേടിപ്പോകാതിരിക്കുകയാണ് ഉത്തമം.
ടൂറിസം എന്ന പദത്തിന്റെ ഉത്പത്തിയെപ്പറ്റി വ്യത്യസ്ത കണ്ടെത്തലുകൾ ഉണ്ടെങ്കിലും എനിക്ക് യാഥാർഥ്യത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നതായി തോന്നിയത് Tornos എന്ന ഗ്രീക്കു പദത്തിൽ നിന്നുള്ള അതിന്റെ ഉത്പത്തിയാണ്. അതിന്റെ അർഥം വൃത്തം എന്നാണ്. അതായത് ടൂറിസം എന്ന പ്രക്രിയ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു, ഒരു വൃത്തത്തിലെന്ന പോലെ. 1772 ൽ ടൂറിസ്റ്റ് (Tourist) എന്ന പദവും 1811 ൽ ടൂറിസം (Tourism) എന്ന പദവും ആദ്യമായി ഉപയോഗിക്കപ്പെട്ടു എന്നു കരുതപ്പെടുന്നു. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോറ്റസ് ( Herodotus) ആയിരുന്നോ അല്ല മറ്റാരെങ്കിലുമായിരുന്നോ ആദ്യത്തെ ടൂറിസ്റ്റ് എന്ന് ചികഞ്ഞു പോകുന്നതിൽ ഒരർഥവുമില്ല. ആ പ്രക്രിയയിൽ ആരുമറിയാതെ പോയ എത്രയോ പേർ പങ്കെടുത്തിട്ടുണ്ടാവാം.ആദ്യത്തെ യാത്രാവിവരണം ആരെഴുതി എന്നതേ പ്രസക്തമാകുന്നുള്ളൂ.
1486 ൽ ബെർണാഡും ബ്രൈഡൻബായും ചേർന്നെഴുതി പ്രസിദ്ധീകരിച്ച 'Pilgrimage to the Holy Land ' എന്ന പുസ്തകമാണ് ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം എന്നു കരുതപ്പെടുന്നു. ഇരുപതിലധികം സഞ്ചാരസാഹിത്യ കൃതികൾ എഴുതിയ നമ്മുടെ എസ്.കെ. പൊറ്റെക്കാട്ട് ആദ്യത്തെ കൃതിയായ 'കാശ്മീർ ' പ്രസിദ്ധീകരിക്കുന്നത് 1947 ൽ അദ്ദേഹത്തിന്റെ 34-ാം വയസ്സിലാണ്. കണ്ണുകൾ വായനയ്ക്കപ്പുറം ദൃശ്യങ്ങളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ നമുക്കൊരു സന്തോഷ് ജോർജ് കുളങ്ങരയെ ലഭിച്ചു. പിൽക്കാലത്തു വന്ന വ്ലോഗർമാർ തങ്ങളുടെയും കുടുംബത്തിന്റെയും മുഖം കൂടുതൽ കാട്ടാൻ താത്പര്യപ്പെട്ടപ്പോൾ കുളങ്ങരയെ ഇന്നും വേറിട്ടു നിർത്തുന്നത് അദ്ദേഹം പ്രദേശങ്ങൾക്കും അനുഭവത്തിനുമാണ് ഇന്നും പ്രാധാന്യം നൽകുന്നത് എന്നതാണ്. മലയാളത്തിൽ സഞ്ചാര സാഹിത്യത്തിൽ ഇന്നത്തെ പ്രതീക്ഷ കൂടുതലും സോളോ യാത്രകൾ നടത്തുന്ന, ആയൂർവ്വേദ ഡോക്ടർ കൂടിയായ ഡോ. മിത്ര സതീഷാണ്. 'ഒരു ദേശി ഡ്രൈവ് ', 'ഹൗ ഓൾഡ് ആർ യു', 'ഇന്ത്യൻ സഞ്ചാരം ', 'വി ഫോർ വിയറ്റ്‌നാം ' എന്നീ പുസ്തകങ്ങൾ ഇതിനകം മിത്രയുടേതായി വന്നു. ഇപ്പോൾ അന്റാർട്ടിക്ക പര്യടനവും മിത്ര പൂർത്തിയാക്കി.
ടൂറിസം അനുഭവങ്ങളുടെ പറുദീസയാണ്. ടൂറിസം പഠനത്തിൽപ്പോലും നമുക്ക് ചരിത്രവും ഭൂമിശാസ്ത്രവും മനഃശാസ്ത്രവും കമ്മ്യൂണിക്കേഷനും തുടങ്ങി എല്ലാം പഠിക്കേണ്ടി വരും. ഇത്രയധികം വ്യത്യസ്ത വിഷയങ്ങൾ പഠിക്കേണ്ടുന്ന ഒരു ശാഖ വേറേ ഇല്ലെന്നു തന്നെ പറയാം.
കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ ടൂറിസം പഠനത്തിനായി ആരംഭിക്കുന്ന സ്ഥാപനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻ്റിന്റെ ( IlTTM ) ദക്ഷിണമേഖലാ ചാപ്റ്റർ ആയി പ്രവർത്തനം ആരംഭിച്ച് പിൽക്കാലത്ത് സ്വയംഭരണ സ്ഥാപനമായി മാറിയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് ( KITTS ) ആണ്. അതിനു മുൻപു തന്നെ ട്രാവൽ അധ്യായന രംഗത്ത് തന്റെ മുഖമുദ്ര പതിപ്പിക്കാൻ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവൽ ഏജൻസികളിൽ ഒന്നായ കേരള ട്രാവൽസ് ഉടമ ചന്ദ്രഹാസന്റെ സഹോദരൻ ദിവംഗതനായ ജലച്ചന്ദ്രന് കഴിഞ്ഞിരുന്നു. KITTS ലും ആദ്യകാലത്ത് കോഴ്സ് കോർഡിനേറ്റർ അദ്ദേഹം തന്നെയായിരുന്നു. വളരെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ അധ്യാപന ശൈലി. ഇന്ന് ഫ്ലൈറ്റ് ചാർജുകൾ ഇന്റർനെറ്റിൽ ലഭ്യമാകുമ്പോൾ അന്ന് എയർ ഫെയർ കൺസ്ട്രക്ഷൻ (Air Fare Construction) എന്നതു തന്നെ ഒരു കീറാമുട്ടിയായിരുന്നു.
കേരളം ടൂറിസം രംഗത്തു പിച്ച വയ്ക്കുന്നത് 80 കളിൽ ആണെങ്കിലും ചുവടുറപ്പിക്കുന്നത് 90 കളിൽ ആണ്. ഹോസ്പിറ്റാലിറ്റി വകുപ്പായി ആരംഭിച്ച വകുപ്പാണ് പിൽക്കാലത്ത് ടൂറിസം വകുപ്പായി പരിണമിക്കുകയും കേരള ടൂറിസം ( Kerala Tourism) എന്ന ബ്രാന്റിൽ അറിയപ്പെടാൻ തുടങ്ങിയതും.
ലോകം മുഴുവൻ ഇന്ന് 'ഗോഡ്സ് ഓൺ കൺട്രി 'എന്നു കേരളം അറിയപ്പെടുമ്പോൾ കെ.ജയകുമാർ ഐ.എ.എസ് എന്ന സർഗപ്രതിഭയോടും മുദ്ര കമ്മ്യൂണിക്കേഷൻസ് എന്ന പരസ്യ ഏജൻസിയോടും കേരളം കടപ്പെട്ടിരിക്കുന്നു. ഇരു കൂട്ടരുടേയും സർഗാത്മകത ഒത്തു പ്രവർത്തിച്ചപ്പോഴാണ് ആ ടാഗ് ലൈൻ കേരള ടൂറിസത്തിന് ലഭിച്ചതെന്ന് കഴിഞ്ഞ വർഷത്തെ ഒരു അഭിമുഖത്തിലും കെ. ജയകുമാർ വെളിപ്പെടുത്തിയിരുന്നു. അന്നദ്ദേഹം ടൂറിസം ഡയറക്ടർ ആയിരുന്നു. പിന്നീട് അദ്ദേഹം ടൂറിസം സെക്രട്ടറിയുമായി.
ടൂറിസത്തോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന പദമാണ് 'ഹോസ്പിറ്റാലിറ്റി' അഥവാ ആതിഥേയത്വം. ഹോസ്പിറ്റാലിറ്റി ഇല്ലാതെ ടൂറിസം ഇല്ല. ഒരു ടൂറിസ്റ്റ് ആദ്യം പറന്നിറങ്ങുന്ന എയർപോർട്ടിൽ തുടങ്ങുന്നു ആതിഥേയത്വത്തിന്റെ നിമിഷങ്ങൾ. അവിടെ സ്വീകരിക്കാനെത്തുന്ന ഡ്രൈവർ അല്ലെങ്കിൽ ടൂർ ഓപ്പറേറ്ററുടെ പ്രതിനിധി , തുടർന്ന് ഹോട്ടൽ റിസപ്ഷൻ അങ്ങനെ നീളുന്ന ആ പട്ടികയിൽ പ്രാദേശിക നിവാസികളും പ്രധാന പങ്കു വഹിക്കുന്നു.
എന്നാൽ കേരള ടൂറിസത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ വിഘാതമായി നിൽക്കുന്നത് 'ഹോസ്പിറ്റാലിറ്റി ' ആണെന്നു പറഞ്ഞാൽ പലരും തെറ്റിദ്ധരിച്ചേക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു പ്രധാന വിഭാഗമാണ് ഇന്നും ഹോസ്പിറ്റാലിറ്റി. എന്നാൽ ഇവിടെ ഹോസ്പിറ്റാലിറ്റി വിഭാഗം എന്നാൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും വിഐപികൾക്കും വാഹനങ്ങൾ നൽകുക, മന്ത്രി മന്ദിരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും നിർവഹിക്കുക, ടൂറിസ്റ്റുകൾക്ക് സാധാരണ ഗതിയിൽ അപ്രാപ്യമായ സർക്കാർ ഗസ്റ്റ് ഹൗസുകളുടെ പരിപാലനം നിർവഹിക്കുക എന്നിവയാണ്. അല്ലാതെ ടൂറിസ്റ്റുകൾക്ക് ഹോസ്പിറ്റാലിറ്റി നൽകുകയല്ല. ടൂറിസവുമായി പുലബന്ധം പോലും ഇല്ലാത്ത ഈ ജോലികൾ നിർവഹിക്കേണ്ടി വരുന്നതു കൊണ്ടാണ് വകുപ്പ് ഡയറക്ടർക്കോ സെക്രട്ടറിക്കോ പലപ്പോഴും യഥാർഥ ടൂറിസം വികസന പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക. മന്ത്രി മന്ദിരത്തിലെ എയർ കണ്ടീഷൻ കേടു വന്നാൽ, കുളിമുറിയിലെ കപ്പു പൊട്ടിയാൽ ടൂറിസം സയറക്ടർക്ക് ഫോൺ കോൾ വന്നിരുന്ന കാലത്തു നിന്ന് അധികമൊന്നും മാറ്റം ഇന്നും വന്നിട്ടില്ല.
ഈ ഹോസ്പിറ്റാലിറ്റി വിഭാഗം അടർത്തി മാറ്റി, ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് അതൊരു പ്രത്യേക വകുപ്പാക്കി മാറ്റുകയും ടൂറിസം പ്രൊമോഷൻ, പ്ലാനിങ്, അടിസ്ഥാന /പശ്ചാത്തല സൗകര്യ വികസനം, പുതിയ ടൂറിസം ഉത്പന്നങ്ങളുടെ കണ്ടെത്തലും വികസിപ്പിക്കലും, പുതിയ ടൂറിസം പദ്ധതികളുടെ ആവിഷ്ക്കാരവും നടപ്പാക്കലും തുടങ്ങിയവയ്ക്കു മാത്രമായി ടൂറിസം വകുപ്പ് പ്രത്യേകമായി രൂപികരിക്കുകയും ചെയ്താൽ മാത്രമേ കേരളത്തിലെ ടൂറിസം രംഗത്തെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ആവുകയുള്ളൂ. മാത്രമല്ല അത്തരത്തിൽ രൂപീകരിക്കപ്പെടുന്ന ടൂറിസം വകുപ്പിൽ അടിമുടി പ്രൊഫഷണലിസം കൊണ്ടു വരികയും വേണം.
KITTS ലോ അല്ലെങ്കിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളിലോ പഠിച്ച് ബിരുദമോ, ഡിപ്ലോമയോ, ബിരുദാനന്തര ബിരുദമോ സമ്പാദിച്ച് പുറത്തിറങ്ങുന്ന ഒറ്റയാൾക്കു പോലും അതിന്റെ അടിസ്ഥാനത്തിൽ ജോലി നൽകാൻ ടൂറിസം വകുപ്പിനു കഴിയുന്നില്ല. ആകെ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ എന്ന തസ്തികയിൽ ചരിത്രത്തിൽ ഒറ്റത്തവണ മാത്രം മൂന്നോ നാലോ പേർക്ക് ആ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകാൻ കഴിഞ്ഞിട്ടുണ്ട്!
ഇന്നും കേരളത്തിന്റെ വളർച്ചയിൽ മുഖ്യ പങ്കു വഹിക്കുന്നത് ടൂറിസം തന്നെയാണ്. ലോകത്തിലെ പല ഡസ്റ്റിനേഷനുകളും ഓവർ ടൂറിസത്താൽ ടൂറിസം നിയന്ത്രിക്കാൻ നിർബന്ധിതമാകുമ്പോഴും ചില ഡസ്റ്റിനേഷനുകളിൽ മാത്രം മാസ് ടൂറിസം എന്ന അവസ്ഥയിലേ നാം എത്തിയിട്ടുള്ളൂ. അതിനു കാരണം വിദേശ സഞ്ചാരികളുടെ എണ്ണമോ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണമോ അല്ല. മറിച്ച് ഈ ഡസ്റ്റിനേഷനുകളിൽ എത്തുന്ന മലയാളികളുടെ എണ്ണം തന്നെയാണ്.
നമ്മുടെ ആഭ്യന്തര സഞ്ചാരികളുടെ കണക്ക് ഓരോ വർഷവും ടൂറിസം വകുപ്പ് പുറത്തിറക്കുമ്പോൾ സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം അതിൽ 60-70 ശതമാനം കേരളീയർ തന്നെയാണ്. ഇത് നിയന്ത്രിക്കാൻ നമുക്കാവില്ല എങ്കിലും പ്രൊമോട്ട് ചെയ്യാതിരിക്കാനും മലയാളി സഞ്ചാരികളെ കൂടുതൽ ബോധവത്കരിക്കാനും നമുക്ക് കഴിയും. സദുദ്ദേശത്തിലാണ് നമ്മുടെ ടൂറിസം മന്ത്രി പല ഡെസ്റ്റിനേഷനുകളിലും ചെന്ന് അദ്ദേഹത്തിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നൽകുന്നതെങ്കിലും അവ മലയാളത്തിൽ ആയതു കൊണ്ടു തന്നെ മലയാളികൾക്ക് കേരളത്തിനകത്ത് കൂടുതൽ സഞ്ചരിക്കാറുള്ള പ്രേരണയാണ്. മറിച്ച് അവ ഇംഗ്ലീഷിൽ വന്നാൽ അത് ആഭ്യന്തര മാർക്കറ്റിൽ നമുക്ക് ഏറെ ഗുണം ചെയ്തേനെ. ബോധപൂർവമല്ലാതെ നാം ചെയ്യുന്ന പ്രവൃത്തികൾ പോലും മാസ് ടൂറിസത്തിലേക്ക് നയിക്കുന്നില്ല എന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്. അതേ സമയം കേരളം കാണാനുള്ള മലയാളിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ നമുക്കധികാരവുമില്ല. അത് പ്രൊമോട്ട് ചെയ്യേണ്ട ഉത്തരവാദിത്വം നമുക്കില്ല എന്നു മാത്രം.
'ഗോഡ്സ് ഓൺ കൺട്രി ' ഇന്ന് 'റിസോർട്ട്സ് ഓൺ കൺട്രി' ആയി മാറുന്നോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മൂന്നാറിലും വയനാട്ടിലും എല്ലാ പരിധിയും ലംഘിച്ചും പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിച്ചുമാണ് കോൺക്രീറ്റ് സൗധങ്ങൾ ഉയരുന്നത്. പ്രഖ്യാപിത ടൂറിസം സോണുകളിലെങ്കിലും ഇത് നിയന്ത്രിക്കാൻ ഇനിയെങ്കിലും നമുക്ക് കഴിയേണ്ടിയിരിക്കുന്നു.
ടൂറിസം പൊൻമുട്ടയിടുന്ന താറാവാണ്. അതിനെ കൊല്ലരുത്. നമുക്കിനിയും ഈ താറാവിനെ ആവശ്യമുണ്ട്.