മനുഷ്യായുസ്സിലേറിയ പങ്കും കഷ്ടപ്പാടുകളുടെ കാലമാണ്. കുടുംബവുമൊക്കെയായി ദു:ഖവും സന്തോഷവും സൗഭാഗ്യങ്ങളുമെല്ലാം നിറഞ്ഞാണ് ഓരോ മനുഷ്യന്റെയും ജീവിത ചക്രം പൂർത്തിയാകുന്നത്. മികച്ച വിദ്യാഭ്യാസം നേടി തൊഴിലിനു വേണ്ടി അലഞ്ഞു നടക്കുന്ന ഒരു കാലം ഭൂരിപക്ഷം മനുഷ്യരുടെയും ജീവിതത്തിലുണ്ടാകും തൊഴിൽ തടസ്സങ്ങൾ നീങ്ങുന്നതിനും ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നു ചേരുന്നതിനും ഹിന്ദു പുരാണങ്ങൾ ശനീശ്വരനെയാണ് ആശ്രയിക്കുന്നത്. ഏഴരശനിയും കണ്ടകശനിയും ശനിദശയുമെല്ലാമകന്ന് സൗഭാഗ്യങ്ങൾ വന്നു ചേരുന്നതിന് ശനീശ്വര നടകളിലൂടെ ഒരു ഭക്തിയാത്ര നടത്താം.
ശനീശ്വരക്ഷേത്രങ്ങളിലേറെ പ്രശസ്തമായ ക്ഷേത്രമാണ് ശനിശിംഗനാപൂർ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ നെവാസ എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാതിലുകളില്ലാത്ത വീടുകളും കെട്ടിടങ്ങളും അഹമ്മദ് നഗര്‍ എന്ന ഗ്രാമത്തിന്റെ പ്രത്യേകതയാണ്. മോഷണമെന്നത് ഇവിടെയുള്ള ജനങ്ങൾക്ക് തീരെ പരിചിതമല്ല. എല്ലാ ആപത്തുകളിൽ നിന്നും ശനീശ്വരൻ തങ്ങളെ രക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്താലാണ് വീടുകൾക്ക് വാതിലുകൾ പണിയാത്തതെന്ന് ഗ്രാമവാസികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണിത്. ഭിത്തികളോ മേല്‍ക്കൂരയോയില്ലാത്ത ക്ഷേത്രത്തില്‍ കൂറ്റൻ ശനീശ്വര വിഗ്രഹമുണ്ട്. ശനിയുടെ ദോഷങ്ങളകറ്റി തൊഴിലും സുഖവും കൈവരുത്തുന്നതിനായി നൂറുകണക്കിനാളുകളാണ് ഈ ക്ഷേത്രത്തിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങളെല്ലാം ലഭ്യമായ പ്രദേശമാണ് അഹമ്മദ് നഗർ, അതുകൊണ്ടു തന്നെ ശനിക്ഷേത്രത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാകില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം 2002 ലാണ് പണി കഴിപ്പിച്ചത്. ഉത്തരദിക്കിനെ അഭിമുഖീകരിച്ചിരിക്കുന്ന ശനിദേവന്റെ പ്രതിഷ്ഠ അപൂർവ്വമാണെന്നാണ് പറയപ്പെടുന്നത്. എല്ലാ വർഷവും ശനിജയന്തിയിൽ 5 ദിവസം നീളുന്ന ക്ഷേത്ര ഉത്സവവും പ്രശസ്തമാണ്. തടസ്സങ്ങളകറ്റാൻ ആയിരക്കണക്കിനാളുകൾ ഇവിടെ അനുഗ്രഹം തേടിയെത്താറുണ്ട്. ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ റോഡു മാർഗം സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിന് 10 കിലോമീറ്റർ അപ്പുറത്ത് റെയിൽവേ സ്റ്റേഷനുമുണ്ട്. ഏറ്റവുമടുത്തുള്ള വിമാനത്താവളം ഇൻഡോറിലെ ദേവി അഹല്യ എയർപോർട്ടാണ്.
യേർധനൂർ ശനിക്ഷേത്രം സ്ഥിതി ചെയ്യുന്നത് തെലങ്കാനയിലെ ശങ്കരറെഡ്ഡി ഗ്രാമത്തിലാണ്. ഇന്ത്യയിലെ ഏറ്റവുമുയരമുള്ള ശനീശ്വര പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ഈ ക്ഷേത്രത്തിലാണ്. 20 അടിയോളമാണ് ഇവിടുത്തെ ശനീശ്വര പ്രതിമയുടെ ഉയരം. മംഗല്യഭാഗ്യത്തിനായി മഞ്ഞച്ചരടും സന്താന സൗഭാഗ്യത്തിന് തൊട്ടിലും നൽകിയാൽ പ്രസാദിക്കുന്ന ശനീശ്വരനിരിക്കുന്ന മണ്ണാണ് തേനിക്കടുത്തുള്ള കുച്ചനൂർ. വളരെ ചെറിയൊരു ശനി ക്ഷേത്രമാണിത്. ആടിമാസത്തിലെ ശനിയാഴ്ചകളാണ് ഇവിടുത്തെ പ്രധാന പൂജാ ദിനങ്ങൾ. നദിയിൽ മുങ്ങി നിവർന്ന് ഗണപതിയെ വന്ദനം ചെയ്ത് കാകരൂപം തലയ്ക്കുഴിഞ്ഞു നടയിൽ സമർപ്പിച്ചാൽ ദോഷങ്ങളകന്ന് സുഖവും സമ്പത്തും കൈവരുമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. ബസ് യാത്ര തേനിയിൽ നിന്ന് കുച്ചനൂരിലേക്ക് റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനും തേനിയാണ്. 30 കിലോമീറ്ററാണ് തേനിയിൽ നിന്ന് കുച്ചനൂരിലേക്ക് ദൂരം. മധുരയാണ് സമീപത്തുള്ള വിമാനത്താവളം.
തമിഴ്നാട്ടിലെ പോണ്ടിച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ശനീശ്വരക്ഷേത്രമാണ് തിരുനല്ലൂർ ശനിവരൻ ക്ഷേത്രം. ശനിയെ കാവൽക്കാരനായി കണ്ട് ആരാധിക്കുന്ന പാരമ്പര്യം നിലനിൽക്കുന്ന ക്ഷേത്രമാണിത്. ഇന്ത്യയിലെ നവഗ്രഹ ക്ഷേത്രങ്ങളിൽ ശനിപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം കൂടിയാണ് തിരുനല്ലൂർ ശനിവരൻ ക്ഷേത്രം.
ദോഷങ്ങളകന്ന് സുഖസൗഭാഗ്യങ്ങൾ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കാൻ ശനിയെ പ്രാർത്ഥിച്ചാൽ മതിയെന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്. പാണ്ഡവർക്ക് സമൃദ്ധി നിറഞ്ഞ രാജ്യം ലഭിച്ചതും നളമഹാരാജാവിന് തിരികെയെത്തിയപ്പോൾ സുഖവും സമ്പത്തും രാജ്യവും സമ്മാനിക്കപ്പെട്ടതും ശനിയുടെ അനുഗ്രഹത്താലാണെന്ന് കഥകൾ ഉദ്ഘോഷിക്കുന്നു. അങ്ങനെയെങ്കിൽ നിസാരനായ മനുഷ്യന്റെ ചെറിയ പ്രാർത്ഥനകൾക്കും സങ്കടങ്ങൾക്കും ശനീശ്വരൻ ചെവികൊടുക്കുമായിരിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി ഭക്തർക്ക് ആശ്രയമാണ് ശനീശ്വരക്ഷേത്രങ്ങൾ.