വിധി കാത്തുവച്ച ‘അദ്ഭുത സമ്മാനം’ ജീവിതം മാറ്റിമറിച്ചു; പുതിയ മേഖലയിലേക്ക് നടി ഭാമ
ലോകമറിയുന്ന പാട്ടുകാരിയാകാനാഗ്രഹിച്ച് റിയാലിറ്റി ഷോയ്ക്ക് പോകുവാൻ തയാറെടുത്ത ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല ഏതാനും ദിവസങ്ങൾക്കപ്പുറം വിധി തനിക്കായി കാത്തുവച്ചിരിക്കുന്നത് ഒരു അദ്ഭുത സമ്മാനമാണെന്ന്. ആ സമ്മാനം അവളെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാക്കി, മലയാളത്തിനൊപ്പം തമിഴിന്റെയും കന്നഡയുടെയും
ലോകമറിയുന്ന പാട്ടുകാരിയാകാനാഗ്രഹിച്ച് റിയാലിറ്റി ഷോയ്ക്ക് പോകുവാൻ തയാറെടുത്ത ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല ഏതാനും ദിവസങ്ങൾക്കപ്പുറം വിധി തനിക്കായി കാത്തുവച്ചിരിക്കുന്നത് ഒരു അദ്ഭുത സമ്മാനമാണെന്ന്. ആ സമ്മാനം അവളെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാക്കി, മലയാളത്തിനൊപ്പം തമിഴിന്റെയും കന്നഡയുടെയും
ലോകമറിയുന്ന പാട്ടുകാരിയാകാനാഗ്രഹിച്ച് റിയാലിറ്റി ഷോയ്ക്ക് പോകുവാൻ തയാറെടുത്ത ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല ഏതാനും ദിവസങ്ങൾക്കപ്പുറം വിധി തനിക്കായി കാത്തുവച്ചിരിക്കുന്നത് ഒരു അദ്ഭുത സമ്മാനമാണെന്ന്. ആ സമ്മാനം അവളെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാക്കി, മലയാളത്തിനൊപ്പം തമിഴിന്റെയും കന്നഡയുടെയും
ലോകമറിയുന്ന പാട്ടുകാരിയാകാനാഗ്രഹിച്ച് റിയാലിറ്റി ഷോയ്ക്ക് പോകുവാൻ തയാറെടുത്ത ആ പെൺകുട്ടി അറിഞ്ഞിരുന്നില്ല ഏതാനും ദിവസങ്ങൾക്കപ്പുറം വിധി തനിക്കായി കാത്തുവച്ചിരിക്കുന്നത് ഒരു അദ്ഭുത സമ്മാനമാണെന്ന്. ആ സമ്മാനം അവളെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാക്കി, മലയാളത്തിനൊപ്പം തമിഴിന്റെയും കന്നഡയുടെയും തെലുങ്കിന്റെയും വെള്ളിത്തിരയിലെ താരമാക്കി. രേഖിതയെന്ന കോട്ടയംകാരി പെൺകുട്ടി ഭാമയെന്ന താരമായ വിസ്മയകഥയാണത്. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് കോട്ടയം സിഎംഎസ് കോളേജിൽ ചേരാൻ കാത്തിരിക്കുന്ന കാലത്താണ് സ്വകാര്യ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ സന്തോഷത്തിനിടെ മറ്റൊരു സന്തോഷമായി, ഒരു ചാനൽ പരിപാടിയുടെ അവതാരകയാകാനുള്ള അവസരം കിട്ടി. പരിപാടി രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ആ വിളി വന്നത്; സാക്ഷാൽ ലോഹിതദാസിന്റെ വിളി. നിവേദ്യം എന്ന സിനിമയിൽ നായികയാകാൻ. ചുറുചുറുക്കുള്ള നാടൻ പെൺകുട്ടിയുടെ മുഖവുമായി വെള്ളിത്തിരയിലെത്തിയ ഭാമ നാലുഭാഷകളിലായി കുറെയധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് തന്നെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഭാമ പറയുന്നു. ഇൗ ഒാണക്കാലത്ത് തന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാകുന്നതിന്റെ കഥ പറയുകയാണ് ഭാമ. അതോടൊപ്പം പാട്ടുമായി ബന്ധപ്പെട്ട മറ്റൊരു ‘സർപ്രൈസി’നെപ്പറ്റിയും ഭാമയ്ക്കു പറയാനുണ്ട്. കുടുംബ ജീവിതത്തിലേക്കു പൂർണമായും മാറിയ ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ഭാമ ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുകയാണ്. പാട്ടുകാരിയാകാനെത്തി സിനിമാതാരമായ ആ കഥ ഭാമ പറയുന്നു, ഒപ്പം, തന്റെ ഏറ്റവും വലിയ ഇഷ്ടമായ സിനിമയെയും അതിനൊപ്പം പ്രിയമായ യാത്രകളെയും പറ്റി, കുടുംബത്തെപ്പറ്റി, മകളെപ്പറ്റി, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പറ്റി...
ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു
2016 ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഞാൻ ആഗ്രഹിച്ചതുപോലുള്ള നല്ല പ്രോജക്ടുകളൊന്നും വന്നിരുന്നില്ല. ആ സമയത്തായിരുന്നു എന്റെ ഇഷ്ടങ്ങൾ ഞാൻ പൊടിതട്ടിയെടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവുമൊക്കെ യാത്രകൾ നടത്തി. സ്ഥലങ്ങൾ കാണുന്നതിനപ്പുറം ആ നാടിന്റെ സ്വഭാവവും സംസ്കാരവും ആളുകളെയുമൊക്കെ അറിയുക എന്നതൊക്കെ മനോഹരമായ അനുഭവമാണ്. യാത്രയിലൂടെ നേടുന്ന അറിവും വളരെ വലുതാണ്.
വീട്ടുകാർ വിവാഹലോചന തുടങ്ങി. 2019 ൽ നിശ്ചയം കഴിഞ്ഞു. 2020ൽ വിവാഹവും. പിന്നാലെ അടുത്ത ആഹ്ലാദവും എത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. മകളുടെ വരവോടെ ജീവിതം പിന്നെയും ട്രാക്ക് മാറി. മുന്നോട്ടുള്ള നിമിഷങ്ങൾ അവൾക്കുവേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ അങ്ങനെ തിരക്കിന്റെ ലോകത്തായിരുന്നു. മോൾക്ക് ഇപ്പോൾ ഒരു വയസ്സും ഒന്‍പതു മാസവുമായി. അവളൊന്ന് അഡ്ജസ്റ്റാകുന്നു എന്നായപ്പോൾ ഞാൻ പതിയെ സ്ക്രീനിലേക്കും എന്റെ സ്വപ്നങ്ങളിലേക്കും മടങ്ങാനുള്ള തയാറെടുപ്പിലാണ്.
ഇഷ്ടങ്ങൾ യാഥാർഥ്യമാകുമ്പോൾ
ഇഷ്ടങ്ങൾ അങ്ങനെയാണ്, ചിലപ്പോൾ ആർത്തിരമ്പിയടുക്കുന്ന തിരമാലകൾ പോലെയും മറ്റു ചിലപ്പോൾ കാഴ്ചകൾക്ക് മങ്ങലേൽപ്പിക്കുന്ന കൊടുംകാറ്റായും എത്തും. ചില ഇഷ്ടങ്ങളെ രഹസ്യമായി താലോലിക്കുമ്പോൾ മറ്റു ചിലതിനെ സ്വന്തമാക്കും. ഇൗ ഒാണക്കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയായികൊണ്ടിരിക്കുകയാണ്. വാസുകി ബൈ ഭാമ എന്ന ടൈറ്റിലോടെ കാഞ്ചിപുരം സാരി കലക്‌ഷന്‍ സ്റ്റാർട്ട് ചെയ്തു. വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല, പക്ഷേ എന്റെ വലിയൊരു ഡ്രീം നടത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്.
പാട്ടിന്റെ ലോകത്തേയ്ക്ക്
സംഗീതലോകത്തേയ്ക്കു കടന്നു വരാനുള്ള തയാറെടുപ്പിലാണ് ഭാമ. തന്റെ വിശേഷങ്ങളും യാത്രയുമെല്ലാം ഉൾപ്പെടുത്തിയ യൂട്യൂബ് ചാനലിലാണ് ആദ്യമായി ഭാമ പാട്ടു പാടാൻ പോകുന്നത്. അതിന്റെ എക്സൈറ്റ്മെന്റിലാണ് താരം. മനസ്സിൽ താലോലിച്ചിരുന്ന സംഗീതത്തെ ജീവിതത്തിലേക്ക് എത്തിക്കുന്ന സന്തോഷത്തിലാണ്. സംഗീത സംവിധായകൻ ജെസിൻ ജോർജ്ജുമായി അസോസിയേറ്റ് ചെയ്ത് എനിക്കിഷ്ടമുള്ള കുറച്ച്് പാട്ടുകൾ പാടാനുള്ള തയാറെടുപ്പിലാണ് താനെന്നും ആദ്യ ഗാനം ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും ഭാമ പറയുന്നു. ജെസിൻ ജോർജ്ജുമായി കുറച്ച് നാളായുള്ള നല്ല സൗഹൃദമുണ്ട്.
വിമർശനങ്ങൾ തുടരട്ടെ
വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരുമായി ആരുമുണ്ടാകില്ല. ജോലിയിലും വ്യക്തിജീവിതത്തിലും നമ്മുടെ പ്രവൃത്തികളെപ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്ക് കാരണമാകും. പക്ഷേ നമ്മെ വിമർശിക്കുന്ന വ്യക്തി ഏതു രീതിയിലാണ് അതു പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്. നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല. തലയുയർത്തി തന്നെ മുന്നോട്ട് പോകാം.
വിമർശനങ്ങൾ വന്നാൽ ഒറ്റയ്ക്കു നേരിട്ടെ മതിയാവൂ. അതാണ് റിയാലിറ്റി. മറ്റാരെയും കൂട്ടുപിടിച്ചിട്ട് കാര്യമില്ല. നമ്മുടെ ജീവിതത്തിലെ ഒാരോ പ്രതിസന്ധിയും തരണം ചെയ്യേണ്ടത് ഒറ്റയ്ക്കാണ്. നല്ല കാര്യങ്ങൾ വരുമ്പോൾ ആശംസ അറിയിക്കാനുമൊക്കെയായി ഒരുപാട് പേർ കൂടെയുണ്ടാകും. മോശം അവസ്ഥ വന്നാൽ നമ്മൾ ഒറ്റയ്ക്ക് തന്നെ നേരിടണം. നമ്മളിൽത്തന്നെ നമ്മളെ ഗൈഡ് ചെയ്യുന്ന ഒരു ശക്തിയുണ്ട്, ആ പവറാണ് പ്രതിസന്ധികളിൽ തളരാതെ നമുക്ക് കരുത്തും ഉൗർജവും പകർന്നു നൽകുന്നത്. ഞാനങ്ങനെയാണ് വിശ്വസിക്കുന്നത്. വീണുകിടന്നാൽ കൈപിടിച്ച് ഉയർത്താൻ പ്രതീക്ഷിക്കുന്ന പല കൈകളും ഉണ്ടായെന്ന് വരില്ലെന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ എല്ലാവർക്കും വരും. അവിടെ നമുക്ക് ഒറ്റയ്ക്കാണെങ്കിലും എണീറ്റു നിന്നേ പറ്റുള്ളൂ, അതുകൊണ്ട് വിമർശനങ്ങളെയും പ്രതിസന്ധികളെയും ഒറ്റയ്ക്ക് ഞാൻ നേരിടും.
അഭിനയം തുടരും
ഉള്ളിലുള്ള കഴിവിനെ തിരിച്ചറിയുമ്പോഴാണ് നമ്മൾ ശരിക്കും ജീവിച്ചു തുടങ്ങുന്നത്. എന്റെ കരിയറിലും ഇഷ്ടങ്ങളിലും ഞാൻ സംതൃപ്തയാണ്. മോളെ ഞാൻ തന്നെ നോക്കണം എന്ന എന്റെ ആഗ്രഹം കൊണ്ടുമാത്രമാണ് കരിയറിൽ ബ്രേക്ക് എടുത്തത്.
ഇപ്പോൾ അവൾ അഡ്ജസ്റ്റായി എന്ന എന്റെ ഉറപ്പും അതുപോലെ തന്നെ നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടുപിടിക്കണം എന്ന തിരിച്ചറിവുമാണ് എന്നെ തിരികെ കരിയറിലേക്ക് എത്തിച്ചത്. യൂട്യൂബ് ചാനൽ തുടങ്ങി, ഷോകൾ നടത്താനും തുടങ്ങി, പിന്നെ എന്റെ ഡ്രീം പൂർത്തിയാകുന്നു. ഞാൻ ഹാപ്പിയാണെങ്കിൽ മാത്രമേ എന്റെ കുടുംബത്തെയും കുഞ്ഞിനെയും സന്തോഷിപ്പിക്കാന്‍ കഴിയൂ. ഇനിയും നല്ല പ്രോജക്ട് വന്നാൽ ഞാൻ ചെയ്യും.
ജോലിയുടെ വില മനസ്സിലായി
ലോക്ഡൗൺ സമയത്താണ് ഞാൻ ഗര്‍ഭിണിയായത്. ശാരീരികമായി വയ്യാത്തൊരു അവസ്ഥ. കൂടാതെ എവിടേക്കും പോകാനാകാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകൾ. അതുവരെ പുതിയ ആളുകളെ കാണുന്നു, സ്ഥലങ്ങൾ, ലൊക്കേഷനുകൾ. അങ്ങനെയുള്ള സമയത്താണ് വീടിനുള്ളിൽ പെട്ടുപോയത്. ആ സമയത്താണ് എല്ലാ അർത്ഥത്തിലും ജോലിയുടെ വില ഞാൻ മനസ്സിലാക്കുന്നത്. തീർച്ചയായും നല്ല അവസരം വന്നാൽ ഞാൻ അഭിനയിക്കും.
ജീവിതത്തിലെ ഏറ്റവും വലിയ ടാസ്ക്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടാസ്ക് പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ നന്നായി വളർത്തുക എന്നതുതന്നെയാണ് ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ടാസ്ക്, അതോടൊപ്പം ലക്ഷ്യങ്ങളും എനിക്ക് നേടാനുണ്ട്. ഒപ്പം ബന്ധങ്ങളും നിലനിർത്തണം.
അഭിനയം പോലെ തന്നെ യാത്രകളും എനിക്ക് ഒരുപാട് പ്രിയമാണ്. സാഹചര്യത്തിന്റെ സമ്മർദം മൂലം ഒരുപാട് നല്ല നിമിഷങ്ങൾ മാറ്റിവയ്ക്കേണ്ടതായി വന്നു. ഭർത്താവിന് യാത്രകൾ അത്ര പ്രിയമല്ല, വീട്ടിലിരിക്കാനാണ് ഇഷ്ടം. എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടവുമാണ്. എന്റെ അടുത്ത ആഗ്രഹം കുടുംബമായും മോളേയും ചേര്‍ത്ത് ഒരുപാട് യാത്രകൾ നടത്തുക എന്നതാണ്.
ഹണിമൂൺ യാത്രയോ?
ആഗ്രഹിച്ച യാത്രകളൊന്നും നടന്നില്ല, അതാണ് വാസ്തവം. വിവാഹശേഷം ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി തുര്‍ക്കി യാത്രയുണ്ടായിരുന്നു. എല്ലാം പ്ലാൻ ചെയ്തപ്പോഴാണ് കോവിഡ് വില്ലനായി എത്തിയത്.
പോകേണ്ട യാത്രകളുടെ ലിസ്റ്റുമൊക്കെ എടുത്ത് പിന്നീട് വീടിനുള്ളിലായി. മോളുടെ വരവോടെ കൂടുതൽ ശ്രദ്ധ അവളിലേക്കായി. ഞാൻ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് ഇനി മോളേയും കൂട്ടി യാത്ര ചെയ്യണം എന്നതാണ്. ഭൂമിയിലെ മനോഹരമായ കാഴ്ചകളെ അവളിലേക്കും എത്തിക്കണം, അത് ഇനിയാണ് തുടങ്ങുന്നത്.
ഇതുവരെ ധൈര്യം വന്നിട്ടില്ല
മോളുമായി ഒരുപാട് യാത്ര നടത്തണമെന്നുണ്ട്. പക്ഷേ ഇതുവരെ അതിനുള്ള ധൈര്യം വന്നിട്ടില്ല. കുഞ്ഞുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും ഒരേപോലെ ഉത്തരവാദിത്തം ഉണ്ട്. അവരുടെ ആഹാരം, ഭക്ഷണം കൊടുക്കുന്ന പാത്രങ്ങൾ, വെള്ളം, പോകുന്ന സ്ഥലത്തെ കാലാവസ്ഥ, അതിനു യോജിച്ച തുണിത്തരങ്ങൾ, അത്യാവശ്യ മരുന്നുകൾ, എന്നുവേണ്ട സകലതും ശ്രദ്ധിക്കണം.
അങ്ങനെയുള്ള യാത്രയിൽ നമുക്ക് കൂളായി എന്‍ജോയ് ചെയ്യാൻ സാധിക്കില്ല. നമ്മുടെ കണ്ണും മനസ്സും കുഞ്ഞുങ്ങളുടെ അടുത്ത് മാത്രമായിരിക്കും. കഴിവതും അവരുടെ കുഞ്ഞുപ്രായത്തിൽ അത്തരം യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികൾ അത്യവശ്യം ഒാകെയായി, എല്ലാം അഡ്ജസ്റ്റായി എന്ന നിലയിലേക്കെത്തിയാൽ ധൈര്യമായി യാത്ര തുടങ്ങാം. എന്നാലും കരുതലും ശ്രദ്ധയും മറക്കരുത്.
ഇനിയാണ് എന്റെ ജീവിതത്തിലെ ശരിക്കുള്ള യാത്രകൾ
േമാശവും നല്ലതുമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ് യാത്രകൾ. നാടിന്റെ ഭംഗി ആസ്വദിക്കുന്നതു മാത്രമല്ല, തിരക്കിട്ട ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം കൂടിയാണ് യാത്രകൾ. മാനസിക പിരിമുറുക്കവും ശാരീരിക ബുദ്ധിമുട്ടുകളുമൊക്കെ അകറ്റി, കരുത്തും ഉന്മേഷവും പകരുവാൻ യാത്രകൾക്കാവും. നല്ലൊരു മരുന്ന് തന്നെയാണ് യാത്രകൾ. എനിക്ക് ലോകം കാണണമെന്നു തന്നെയാണ് ആഗ്രഹം. ഇൗ പ്രപഞ്ചത്തിലെ കാഴ്ചകൾ മകളിലേക്കും എത്തിക്കണമെന്നും എന്റെ സ്വപ്നമാണ്.
2017 മുതലാണ് ഞാൻ യാത്രകൾ തുടങ്ങിയത്. കൂടുതലും ഷൂട്ടിന്റെ ഭാഗമായിരുന്നു. പക്ഷേ ട്രിപ്പ് എന്നു പറഞ്ഞ് പ്ലാൻ ചെയ്ത് പോകുന്ന യാത്രകളാണ് കൂടുതൽ എന്‍ജോയ് ചെയ്യാൻ പറ്റുന്നത്. കെട്ടുപാടുകളും തിരക്കുകളും ഇല്ലാതെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്രകളാണ് മനോഹരം. ഇനിയുള്ള യാത്രകളാണ് എന്റെ ജീവിതത്തിലെ ശരിക്കുമുള്ള യാത്രകൾ. എന്റെ ആഗ്രഹങ്ങൾ ഇൗശ്വരൻ സാധിച്ചു തരും എന്ന ഉറച്ച വിശ്വാസവും എന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
കോട്ടയംകാരിയുടെ യാത്രകള്‍
കേരളത്തില്‍ എനിക്കേറ്റവും ഇഷ്ടമുള്ളയിടം വയനാടാണ്. ഞാനൊരു കോട്ടയംകാരിയായതുകൊണ്ട് എന്റെ നാടും എനിക്ക് പ്രിയമാണ്. പ്രകൃതിയുടെ മനോഹാരിത തുളുമ്പുന്ന നിരവധിയിടങ്ങൾ കോട്ടയത്തുമുണ്ട്. കാടും പുഴയുമൊക്കെ പ്രിയമുള്ളതുകൊണ്ട് വയനാടിനെയും മാറ്റി നിർത്താനാവില്ല. വയനാട് എന്നു പറയുമ്പോൾ തന്നെ കുളിർമയാണ്. വയനാട് വഴി ബെംഗളൂരു റോഡ് ട്രിപ്പൊക്കെ ഒരുപാട് ഇഷ്ടമാണ്. തമിഴ്നാട് യാത്രകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിരാവിലെയുള്ള യാത്രകൾക്ക് പ്രത്യേക വൈബാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെയുള്ള യാത്രകൾ നടക്കാറില്ല. വിവാഹത്തിന് മുമ്പ് അത്തരം യാത്രകൾ നടത്തിയിട്ടുണ്ട്.
വിദേശയാത്രകൾക്കുള്ള ഭാഗ്യവും ഇൗശ്വരൻ നൽകി. ജോലിയുടെ ഭാഗമായിരുന്നു അവ. അമേരിക്ക, യുകെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങൾ ,സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ അങ്ങനെ നിരവധിയിടങ്ങളിലേക്ക് പോകാൻ സാധിച്ചു. അതിൽ എനിക്ക് വല്ലാത്ത ഇഷ്ടം തോന്നിയത് യുകെയാണ്. അവിടെ തന്നെ ലണ്ടൻ ഒരുപാട് ഇഷ്ടമാണ്. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥയും ഒരേ നിറത്തിലുള്ള കെട്ടിടങ്ങളും.
യുകെയിലെ കാഴ്ചകൾ അതിസുന്ദരമാണ്. ലണ്ടൻ നഗരം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക എന്നത് അസാധ്യമാണ്. എങ്കിലും സഞ്ചാരികൾക്കു വേണ്ടിയുള്ള ലണ്ടൻ സൈറ്റ് സീയിങ് വാഹനത്തിൽ കയറിയാൽ, പ്രധാന സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ ആസ്വദിക്കാം. ലോകത്തിലെ ആദ്യ അണ്ടർഗ്രൗണ്ട് സ്റ്റേഷനും ലണ്ടനിലാണ്. ലണ്ടൻ ബ്രിജിൽ നിന്നാൽ പ്രസിദ്ധമായ ലണ്ടൻ ടവർ കാണാം. വിക്ടോറിയ ആൻഡ് ആൽബർട് മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ആൽബർട്ട് രാജകുമാരന്റെ സ്മരണയ്ക്കായി നിർമിച്ച റോയൽ ആൽബർട് ഹാൾ എന്നിവയും കാണാം.
മനംമയക്കും കാഴ്ചകളാണ് ലണ്ടൻ ടവർ സമ്മാനിക്കുന്നത്. ഗോഥിക്ക് ശൈലിയിലുള്ള നിർമാണവും, ഭീമാകാരമായ ഘടനയും ശ്രദ്ധ ആകർഷിക്കുന്നു. കോഹിനൂർ രത്നവും അമൂല്യ കിരീടങ്ങളും ഇതിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരത്തിലെ മുഖ്യാകർഷണമായ ലണ്ടൻ ബ്രിജും ഗോഥിക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. രാത്രികാഴ്ചയിലും ലണ്ടൻ അടിപൊളിയാണ്. എനിക്ക് എപ്പോഴും ലൈവായുള്ള സ്ഥലങ്ങളാണ് ഇഷ്ടം. നല്ല കളർഫുൾ സ്ട്രീറ്റ്, മനംമയക്കും കാഴ്ചകൾ തുടങ്ങി കാഴ്ചകള്‍ എനിക്കിഷ്ടമാണ്.
സ്വപ്നം ചിറകു വിരിക്കുമ്പോൾ
ആഗ്രഹങ്ങളും ലക്ഷ്യവുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഉൗർജം. സ്വപ്നങ്ങൾ ഇല്ലാത്തവർ ആരുമില്ല. എനിക്കും നിറമാർന്ന നിരവധി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. അതിലൊന്നാണ് ഇൗ വർഷം യാഥാർഥ്യത്തിലെത്തിയത്. വാസുകി ബൈ ഭാമ എന്ന സംരഭം. നമ്മുടെ ആഗ്രഹങ്ങൾ നടക്കുമ്പോഴാണ് ജീവിതം അർഥവത്താകുന്നത്.
എനിക്ക് ഇൗ പ്രപഞ്ചത്തിലെ കാഴ്ചകൾ ആസ്വദിച്ച് യാത്രകൾ നടത്തണമെന്നുണ്ട്. ചില രാജ്യങ്ങൾ ബക്കറ്റ്ലിസ്റ്റിൽ കുറിച്ചിട്ടിട്ടുണ്ട്. ഫിന്‍ലൻഡ്. ക്രിസ്മസ് സമയത്ത് അവിടേയ്ക്ക് പോകണം, അതും എന്റെ കുഞ്ഞിനൊപ്പം. പിന്നെ ഗ്രീസ്. അതും സ്വപ്ന രാജ്യങ്ങളിലൊന്നാണ്. ഇതുവരെ ജീവിതത്തിൽ ആഗ്രഹിച്ചതെന്തും ദൈവം സാധിച്ചു നൽകി. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് കൂടെയുണ്ടാകും എന്ന വിശ്വാസവുമുണ്ട്. പ്രിയപ്പെട്ടവരും ഒപ്പമുണ്ടെങ്കിൽ ജീവിതം എന്നും നിറമുള്ളതായിരിക്കും.
English Summary: Celebrity Interview, Most Memorable Travel Experience by Bhama