ഇതുവരെ പറന്നത് 10 രാജ്യങ്ങളിലേക്ക്; ബജറ്റ് ഫ്രണ്ട്ലി യൂറോപ്യൻ യാത്രാ ടിപ്സുമായി സൽമാൻ
യാത്രകള്‍ പണക്കാര്‍ക്കു മാത്രമുളളതല്ല. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ സാധാരണക്കാർക്കും കുറഞ്ഞ ചെലവില്‍ വിദേശയാത്ര പോകാം. ഇത് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരുകയാണ് സല്‍മാന്‍ നജീബെന്ന ചെറുപ്പക്കാരന്‍. മലപ്പുറത്തെ ഒരു നാട്ടിൻപുറത്തുനിന്ന് യാത്രാസ്വപ്‌നങ്ങളുമായി ഇതുവരെ സല്‍മാന്‍ പറന്നത് 10
യാത്രകള്‍ പണക്കാര്‍ക്കു മാത്രമുളളതല്ല. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ സാധാരണക്കാർക്കും കുറഞ്ഞ ചെലവില്‍ വിദേശയാത്ര പോകാം. ഇത് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരുകയാണ് സല്‍മാന്‍ നജീബെന്ന ചെറുപ്പക്കാരന്‍. മലപ്പുറത്തെ ഒരു നാട്ടിൻപുറത്തുനിന്ന് യാത്രാസ്വപ്‌നങ്ങളുമായി ഇതുവരെ സല്‍മാന്‍ പറന്നത് 10
യാത്രകള്‍ പണക്കാര്‍ക്കു മാത്രമുളളതല്ല. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ സാധാരണക്കാർക്കും കുറഞ്ഞ ചെലവില്‍ വിദേശയാത്ര പോകാം. ഇത് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരുകയാണ് സല്‍മാന്‍ നജീബെന്ന ചെറുപ്പക്കാരന്‍. മലപ്പുറത്തെ ഒരു നാട്ടിൻപുറത്തുനിന്ന് യാത്രാസ്വപ്‌നങ്ങളുമായി ഇതുവരെ സല്‍മാന്‍ പറന്നത് 10
യാത്രകള്‍ പണക്കാര്‍ക്കു മാത്രമുളളതല്ല. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ സാധാരണക്കാർക്കും കുറഞ്ഞ ചെലവില്‍ വിദേശയാത്ര പോകാം. ഇത് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരുകയാണ് സല്‍മാന്‍ നജീബെന്ന ചെറുപ്പക്കാരന്‍. മലപ്പുറത്തെ ഒരു നാട്ടിൻപുറത്തുനിന്ന് യാത്രാസ്വപ്‌നങ്ങളുമായി ഇതുവരെ സല്‍മാന്‍ പറന്നത് 10 രാജ്യങ്ങളിലേക്കാണ്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ബല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, നേപ്പാള്‍, സൗദി അറേബ്യ ഇങ്ങനെ പോകുന്നു സല്‍മാന്റെ യാത്രകള്‍. അടുത്തിടെ യൂറോപ്പില്‍ നടത്തിയ യാത്രയെയും അതിന്റെ അനുഭവങ്ങളെയും പറ്റി മനോരമ ഓണ്‍ലൈനിനോട് പറയുകയാണ് സല്‍മാന്‍; ഒപ്പം യൂറോപ്യന്‍ യാത്രയെ ബജറ്റ് ഫ്രണ്ട്‌ലിയാക്കി മാറ്റിയ കിടിലന്‍ ടെക്‌നിക്കുകളും.
യാത്രകള്‍... യാത്രകള്‍... യാത്രകള്‍...
ബിരുദപഠനകാലത്താണ് സല്‍മാന്‍ നജീബിന് യാത്രകളോട് അടങ്ങാത്ത ആവേശം തോന്നുന്നത്. പഠനശേഷം തിരുവനന്തപുരത്ത് മില്‍മയില്‍ ജോലി ചെയ്യുമ്പോഴാണ് സോളോ യാത്രയ്ക്കുളള സാഹചര്യം സല്‍മാന് ലഭിച്ചത്. നാലഞ്ചു ദിവസത്തെ അവധിയില്‍ കശ്മീരിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ ഒടുവില്‍ സല്‍മാന്‍ എത്തിയത് സിംഗപ്പൂരില്‍. ഒരേ ടിക്കറ്റ് നിരക്കുകളായിരുന്നു സിംഗപ്പൂരിലേക്കും കശ്മിരീലേക്കുമെന്നതാണ് യാത്ര വിദേശത്തേക്കാക്കിയതിനു കാരണം.
വളരെ ചെലവു ചുരുക്കിയായിരുന്നു സല്‍മാന്റെ ആദ്യ യാത്ര. അതിനു ശേഷം ചുരുങ്ങിയ ചെലവില്‍ത്തന്നെ സല്‍മാന്‍ വിയറ്റ്‌നാമിലേക്കും മലേഷ്യയിലേക്കും പോയി. ഇപ്പോഴിതാ വളരെ ചെലവേറിയതെന്നും സെലിബ്രിറ്റികളുടെ സ്വന്തം വിനോദകേന്ദ്രമെന്നും അറിയപ്പെടുന്ന യൂറോപ്പിലേക്കു പോയിവന്നിരിക്കുന്നു. ചെലവ് ചുരുക്കിയൊരു യാത്ര യൂറോപ്പിലും സാധ്യമാണെന്നാണ് സല്‍മാന്‍ പറയുന്നത്.
യൂറോപ്പ് പണക്കാര്‍ക്കു മാത്രമല്ല
യാത്ര യൂറോപ്പിലേക്കാണെങ്കില്‍ കയ്യില്‍ നല്ല കാശുണ്ടാവുമെന്നാണ് പൊതുവെയുളള ധാരണ. അതിനു കാരണം യൂറോപ്പുയാത്ര വളരെ ചെലവേറിയതാണ് എന്നതുതന്നെ. എന്നാല്‍ അല്‍പം ശ്രദ്ധയും വ്യക്തമായ ആസൂത്രണവും ഉണ്ടെങ്കില്‍ യാത്രച്ചെലവ് കയ്യിലൊതുക്കാമെന്ന് സല്‍മാന്‍ പറയുന്നു. ഈ വര്‍ഷം ജൂലൈയിലായിരുന്നു യൂറോപ്പിലേക്കുളള യാത്ര. യൂറോപ്പിലെ 28 രാജ്യങ്ങളിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഷെങ്കന്‍ വീസ എന്ന സംവിധാനത്തെ കുറിച്ച് സല്‍മാന്‍ ആദ്യം മനസ്സിലാക്കി. ഇന്റര്‍നെറ്റിൽ ലഭ്യമായ വിവരങ്ങള്‍വെച്ചായിരുന്നു ഷെങ്കന്‍ വീസയ്ക്കായി പരിശ്രമം തുടങ്ങിയത്. പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഇന്റര്‍നെറ്റില്‍നിന്നു ലഭ്യമായിരുന്നതെന്ന് സല്‍മാന്‍ പറയുന്നു. ഇതുതന്നെയായിരിക്കാം കഴിഞ്ഞ വര്‍ഷം ഏതാണ്ട് 18 ശതമാനത്തോളം അപേക്ഷകള്‍ തളളിപ്പോവാന്‍ കാരണവും.
നാടുവിട്ടു പോവുകയാണോ, അവിടെ ചെന്നാല്‍ പിന്നെ ജോലി നോക്കി യൂറോപ്പില്‍തന്നെ സ്ഥിരമാക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തിയാണ് ഷെങ്കന്‍ വീസയ്ക്ക് അനുമതി കിട്ടുക. പലപ്പോഴും ഇക്കാര്യങ്ങളിലുളള സംശയങ്ങള്‍ വീസ ലഭിക്കാതിരിക്കാനും കാരണമാകാറുണ്ട്. ഏതാണ്ട് 10,000 രൂപയോളം വരും ഷെങ്കന്‍ വീസക്ക്. ചെന്നിറങ്ങാന്‍ തീരുമാനിച്ച രാജ്യം അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തേക്കായിരിക്കണം ഷെങ്കന്‍ വീസക്കായി അപേക്ഷിക്കേണ്ടത്.
ഷെങ്കന്‍ വീസയെകുറിച്ച്...
പോകുന്ന രാജ്യത്തിന്റെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്കാണ് ഷെങ്കന്‍ വീസയ്ക്കായി അപേക്ഷ നല്‍കേണ്ടത്. ആദ്യം ഓണ്‍ലൈനായി അപ്പോയിന്‍മെന്റ് എടുക്കണം. അപേക്ഷിച്ചാല്‍ മൂന്നുമാസംവരെ എടുക്കും അപ്പോയിന്‍മെന്റ് ലഭിക്കാന്‍. അതും വിചാരിച്ച സ്ഥലത്ത് കിട്ടണമെന്നുമില്ല. സല്‍മാന് കൊച്ചിയില്‍ കിട്ടാതെ പോണ്ടിച്ചേരിയിലാണ് അപ്പോയിന്‍മെന്റ് കിട്ടിയത്; അതും നാലുമാസം കഴിഞ്ഞ്. യൂറോപ്പിലേക്കു യാത്രചെയ്യാനുദ്ദേശിക്കുന്നവര്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ട് വേണം യാത്ര പ്ലാന്‍ ചെയ്യാന്‍.
ജര്‍മന്‍ എംബസിയിലാണ് സല്‍മാന്‍ നജീബ് അപേക്ഷിച്ചത്. ആദ്യം വീസ ഓഫിസര്‍ക്ക് ഒരു കവറിങ് ലെറ്റര്‍ കൊടുക്കണം. എന്താണ് ജോലി, എന്തിനു പോകുന്നു, എത്ര ദിവസത്തെ യാത്ര, എവിടെ താമസം, മുന്‍ യാത്രാ അനുഭവങ്ങള്‍ അങ്ങനെ എല്ലാം ലളിതമായി ലെറ്ററില്‍ വ്യക്തമാക്കണം. പിന്നെ സല്‍മാന്‍ നേരത്തേ നടത്തിയ വിദേശയാത്രകളുടെ തെളിവുകളും സമര്‍പ്പിച്ചിരുന്നു. അതും വീസ ലഭിക്കാന്‍ ഗുണം ചെയ്തു.
ഷെങ്കന്‍ വീസയില്‍ ഇന്‍വൈറ്റ് ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്നൊരു മാനദണ്ഡമുണ്ട്. യൂറോപ്പിൽ സ്ഥിരതാമസക്കാര്‍ക്ക് സുഹൃത്തുക്കളെയും കുടുബത്തെയും യൂറോപ്പിലേക്കു ക്ഷണിക്കാനുളള ഓപ്ഷനാണത്. മുന്‍പ് വിയറ്റ്‌നാമില്‍ വച്ച് പരിചയപ്പെട്ട ഒരു ഡച്ച് സുഹൃത്തിന്റെ സഹായത്തിലാണ് സല്‍മാന് ഇത് ലഭിക്കുന്നത്. സുഹൃത്തിന്റെ കയ്യില്‍ നിന്ന് ഒരു വെളളപ്പേപ്പറില്‍ എഴുതി വാങ്ങിയ അപേക്ഷയും അവന്റെ പേരും വിലാസവും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും താമസ സ്ഥലത്തിന്റെ അഡ്രസ് പ്രൂഫും വച്ചാണ് സല്‍മാന്‍ വീസയ്ക്ക് അപേക്ഷിച്ചത്.
ചെലവു ചുരുക്കാനായി, ഫ്‌ളൈറ്റ് ടിക്കറ്റ് മുഴുവന്‍ പണവുമടച്ച് എടുത്തുവയ്ക്കാതെ ഡമ്മി ടിക്കറ്റ് എടുത്തുവച്ചു. മാത്രമല്ല ഹോസ്റ്റല്‍ ബുക്കിങ് ഫുള്‍ കണ്‍ഫേംഡ് ആക്കിയല്ല വീസയ്ക്ക് അപേക്ഷിച്ചത്. അപ്പോള്‍ വീസ തളളിപ്പോയാലും പണം നഷ്ടപ്പെടില്ല. അങ്ങനെ എല്ലാ അന്വേഷണങ്ങള്‍ക്കും ഒടുവില്‍ സല്‍മാനെ തേടി ഷെങ്കന്‍ വീസയെത്തി. 30 ദിവസത്തെ വിസ.
ഇനി യൂറോപ്പിലേക്ക്
യൂറോപ്പിലൂടെ ഒരു യാത്ര സല്‍മാന്റെ സ്വപ്‌നമായിരുന്നു. കൂട്ടുകാര്‍ക്കു മുൻപ് യാത്ര ചെയ്യാനായെന്നതും തന്റെ ബജറ്റിനിണങ്ങിയ രീതിയില്‍ ചെലവു കുറച്ചു യാത്ര ചെയ്യാന്‍ സാധിച്ചുവെന്നതുമാണ് സല്‍മാനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം. യൂറോപ്പില്‍ പോകുന്നതിനു മുൻപ് എല്ലാം പ്ലാന്‍ ചെയ്തില്ലെങ്കില്‍, അവിടെ എത്തിക്കഴിഞ്ഞ് എടുക്കുന്ന പെട്ടെന്നുളള തീരുമാനങ്ങള്‍ പലപ്പോഴും ചെലവു കൂട്ടും.
ഹോട്ടലുകള്‍ പ്രീ ബുക്ക് ചെയ്തും ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുന്ന ഹോസ്റ്റലുകളില്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ചും സല്‍മാന്‍ യാത്രാ ചെലവ് ചുരുക്കി. ചിലപ്പോള്‍ ഫ്‌ളൈറ്റിനെക്കാളും ചെലവ് വരും യൂറോപ്പിലെ ട്രെയിന്‍ ടിക്കറ്റിന്. അതിനാല്‍ യൂറോപ്പിലൂടെയുളള യാത്രകള്‍ക്കായി സല്‍മാന്‍ ട്രെയിന്‍ പ്രീ ബുക്ക് ചെയ്തു. എട്ടു ദിവസമാണ് യൂറോപ്പിലൂടെ സല്‍മാന്‍ യാത്ര ചെയ്തത്.
49 യൂറോ ടിക്കറ്റ് അല്ലെങ്കില്‍ ഡ്യൂച്‌ലാന്‍ഡ് ടിക്കറ്റ് എന്ന സംവിധാനം ജർമനിയില്‍ നിലവിലുണ്ട്. അത് ഉപയോഗിച്ച് ജർമനിയിലെ ഏത് പബ്ലിക് ട്രാന്‍സ്‌പോർട്ടും ഉപയോഗിക്കാം. മെട്രൊ, സബര്‍ബന്‍, ബസുകള്‍ തുടങ്ങിയ സര്‍വീസുകളിലും പ്രാദേശിക തീവണ്ടിയാത്രകള്‍ക്കും ഉപയോഗിക്കാം. അതിനാല്‍ ഈ ടിക്കറ്റിനുപുറമെ മറ്റൊരു യാത്രാചെലവ് സല്‍മാന് വേണ്ടി വന്നില്ല. ജർമന്‍ സിറ്റിയായ ഹാംബെര്‍ഗില്‍ നിന്നു യാത്ര തുടങ്ങി തിരിച്ച് ഹാംബെര്‍ഗില്‍ എത്താന്‍ സല്‍മാന് ചെലവായത് വെറും 27,000 രൂപമാത്രമാണ്. ഇതുതന്നെയാണ് തന്റെ യാത്രയുടെ പ്രത്യേകതയെന്നും സല്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.
ചോദ്യങ്ങൾ ചോദിച്ചു കുഴപ്പിക്കാത്ത ഹാംബെര്‍ഗ്
ബെംഗളൂരുവില്‍ നിന്നാണ് സല്‍മാന്‍ നജീബ് യൂറോപ്യന്‍ യാത്ര തുടങ്ങിയത്. അവിടെ ടിക്കറ്റ് നിരക്കു കുറവാണെന്നതുതന്നെയാണ് ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണം. സാധാരണ എല്ലാവരും ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ടിലാണ് ചെന്നിറങ്ങാറ്. എന്നാല്‍ സല്‍മാന്‍ പോയത് ഹാംബെര്‍ഗിലേക്കാണ്. ഹാംബെര്‍ഗ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശരിക്കും വല്ലാത്തൊരു ആകാംക്ഷയായിരുന്നു. കാരണം യൂറോപ്പിലെ ഇമിഗ്രേഷന്‍ അല്‍പം കട്ടിയാണെന്നു കേട്ടിട്ടുണ്ട്. ഒരുപാട് ചോദ്യങ്ങളെല്ലാം ചോദിച്ചു കുഴപ്പിക്കുമത്രേ. അതുകൊണ്ടുതന്നെ ഒട്ടേറെ രേഖകളുടെ കോപ്പികൾ എടുത്തുവച്ചിരുന്നു. ഹോസ്റ്റല്‍ ബുക്കിങ്ങുകളുടെ കോപ്പി, ഇന്‍വിറ്റേഷന്‍ ലെറ്ററുകള്‍, പിന്നെ യൂറോ കറന്‍സി എല്ലാം തയാറാക്കി വച്ചിരുന്നു. എന്തുകൊണ്ട് ജർമനിയിലേക്കു വന്നു, എത്ര ദിവസം ഉണ്ടാകും, റിട്ടേണ്‍ ടിക്കറ്റെവിടെ എന്നു മാത്രമായിരുന്നു തനിക്കുനേരെ വന്ന ചോദ്യങ്ങള്‍. പെട്ടെന്നുതന്നെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങി.
ജര്‍മനിയുടെ വടക്കന്‍ ഭാഗത്തുളള സിറ്റിയാണ് ഹാംബെര്‍ഗ്. ഊട്ടി, കൊടൈക്കനാല്‍ കാലാവസ്ഥ പോലെയാണ് സല്‍മാന് അവിടെ അനുഭവപ്പെട്ടത്. വേനലായിരുന്നെങ്കിലും നല്ല തണുപ്പുണ്ടായിരുന്നു. പിന്നെ അപ്രതീക്ഷിതമായി മഴയും പെയ്യുന്നു. അവിടെ സല്‍മാനെ അതിശയപ്പെടുത്തിയ കാര്യം ജീവിതനിലവാരത്തിന്റെ ഉയര്‍ച്ചയാണ്. വളരെ ആഡംബരമുള്ള ജീവിതമാണ് അവിടത്തുകാര്‍ക്ക്. നിരവധി ലോകോത്തര കാര്‍ ബ്രാന്‍ഡ് നിര്‍മാതാക്കളുളള നാടാണ് ജർമനി. സ്വന്തം നാട്ടിലുണ്ടാക്കിയ കാറുകള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് പ്രത്യേക അഭിമാനമുളളതായി തോന്നി. വളരെയധികം ദേശീയബോധം ഉള്ളവരാണ് ജര്‍മന്‍കാര്‍. അതേസമയം തന്നെ പരസ്പരം ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരല്ല ജർമനിക്കാര്‍. സൗഹൃദത്തോടെയുള്ള സമീപനങ്ങളും അന്യനാട്ടുകാരോടുളള പരിചിതമായ പെരുമാറ്റങ്ങളും വിരളമായി മാത്രമേ സല്‍മാന് അനുഭവപ്പെട്ടിരുന്നുളളു.
മരീനയ്ക്കൊപ്പം...
മുന്‍പ് നടത്തിയ മലേഷ്യന്‍ യാത്രയില്‍ ക്വാലലംപുരില്‍ വച്ച് കണ്ടുമുട്ടിയ സുഹൃത്താണ് ബര്‍ലിന്‍കാരി മരീന. ജര്‍മനിയില്‍ വരുന്ന കാര്യം മരീനയോട് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ താമസസൗകര്യത്തിനായി ഹോസ്റ്റലുകളെ ആശ്രയിക്കേണ്ടി വന്നില്ല. ബര്‍ലിനില്‍ മരീനയുടെ അപാർട്‌മെന്റില്‍ താമസിച്ചു. ജർമൻ രീതിയില്‍ മരീന അത്താഴം ഒരുക്കിത്തന്നു. ഒഴിവു സമയത്ത് അവര്‍ പോകുന്ന പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും കൊണ്ടുപോയി. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് യാത്ര ചെയ്തിട്ടുളള വ്യക്തിയാണ് മരീന. മരീനയെ വീണ്ടും കാണാനായതില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും സല്‍മാന്‍ പറയുന്നു.
വോക്കിങ് ടൂര്‍ ഇന്‍ ബര്‍ലിന്‍
ജർമനിയില്‍ എത്തിയ അന്നുതന്നെ സല്‍മാന്‍ വോക്കിങ് ടൂറുകളില്‍ പങ്കെടുത്തിരുന്നു. ഇത്തരം വോക്കിങ് ടൂറുകള്‍ക്കായി വെബ്‌സൈറ്റുകളുണ്ട്. അതില്‍ ആദ്യം പോയി റജിസ്റ്റര്‍ ചെയ്ത് ടൂര്‍ ബുക്ക് ചെയ്യണം. എന്നിട്ട് അവര്‍ പറയുന്ന പോയന്റില്‍ അവര്‍ പറയുന്ന സമയം ചെന്നു നില്‍ക്കണം. പിന്നീട് അവര്‍ അവിടെവന്ന് നമുക്കൊപ്പം ചേരും. നടന്നുകൊണ്ട് നമുക്കു സിറ്റി കാണാം അതിന്റെ ചരിത്രവുമറിയാമെന്നതാണ് വോക്കിങ് ടൂറുകളുടെ പ്രത്യേകത.
ബര്‍ലിന്‍ വളരെയധികം ചരിത്ര പ്രാധാന്യമുളള സ്ഥലമാണ്. കാൾ മാർക്‌സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒക്കെ പഠിച്ച യൂണിവേഴ്‌സിറ്റികള്‍, ഹിറ്റ്‌ലറിന്റെ ഭരണകേന്ദ്രം, ബര്‍ലിന്‍ മതില്‍, ചെക്ക് പോയന്റ് ചാര്‍ലി എന്നിവയെല്ലാം സല്‍മാന്‍ കണ്ടു. വളരെ ചെലവ് കുറഞ്ഞ യാത്രകളായതുകൊണ്ടുതന്നെ വോക്കിങ് ടൂറിനിടെയുളള ഭക്ഷണം കഴിക്കലും ചെലവ് ചുരുക്കിയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നു കാപ്പിയും ബ്രഡുമെല്ലാം വാങ്ങി കഴിക്കും. വലിയ റസ്റ്ററന്റുകളിൽ ഇരുന്നുളള തീറ്റയൊന്നുമുണ്ടായിരുന്നില്ല. പരമാവധി സ്ഥലങ്ങള്‍ ചുരുങ്ങിയ ചെലവില്‍ കാണുകയായിരുന്നു ലക്ഷ്യം.
‘വാക്കാണ്’ നെതര്‍ലാന്‍ഡ്സിലേക്ക് എത്തിച്ചത്...
ബെര്‍ലിനില്‍ നിന്ന് ഹാംബോര്‍ഗിലേക്ക് തിരികെയെത്തി അവിടന്ന് ട്രെയിന്‍വഴിയാണ് നെതര്‍ലാന്‍ഡ്‌സിലെ ക്രോണിങ്കന്‍ സിറ്റിയിലേക്ക് സല്‍മാന്‍ എത്തുന്നത്. ക്രോണിങ്കന്‍ വലിയ ടൂറിസ്റ്റ് നഗരമൊന്നുമല്ല. പക്ഷേ കൗച്ച്‌സര്‍ഫിങ് എന്ന ട്രാവല്‍ കമ്യൂണിറ്റിയില്‍ വച്ച് പരിയപ്പെട്ട കൂട്ടുകാരന്‍ യെല്ലിനെ കാണാമെന്നതാണ് സല്‍മാനെ ക്രോണിങ്കനിലേക്ക് ആകര്‍ഷിച്ച ഘടകം. യെല്ലിനെ നേരത്തേ തിരുവനന്തപുരത്തു വച്ച് നേരിട്ടു കണ്ടു സംസാരിച്ചതാണ്. അന്ന് യെല്ലിനോട് എന്നെങ്കിലും ക്രോണിങ്കലില്‍ വന്ന് നിന്നെ കാണുമെന്ന് വെറുതെ ഒരു വാക്കും പറഞ്ഞിരുന്നു. വാക്കാണ് തന്നെ അവിടെ എത്തിച്ചതെന്ന് സല്‍മാന്‍ പറയുന്നു.
നെതര്‍ലാന്‍ഡ്‌സിന്റെ വടക്കേ അറ്റത്തുളള ഒരു പട്ടണമാണ് ക്രോണിങ്കന്‍. ജര്‍മനിയോട് അടുത്തുളള പ്രദേശമായതുകൊണ്ട് ജര്‍മനിയുടെ വടക്കന്‍ നഗരങ്ങളിലെ അതേ വാസ്തു രീതിയാണ് ഇവിടെയുമുളളത്. അവിടെ എത്തിയപ്പോള്‍ ആളുകളുടെ യാത്രാരീതി മാറിയതാണ് തന്നെ ഏറെ അദ്ഭുതപ്പെടുത്തിയതെന്ന് സല്‍മാന്‍ പറയുന്നു. ക്രോണിങ്കനില്‍ എല്ലാവര്‍ക്കും സൈക്കിളുണ്ട്. അവിടെ നടക്കുന്നവര്‍ വളരെ കുറവായിരുന്നു. കുട്ടികളും മുതിര്‍ന്നവരും കാമുകീ കാമുകന്‍മാരും ഒക്കെ സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ചില സമയത്ത് റോഡിനേക്കാള്‍ മനോഹരവും വീതികൂടിയതുമായി സൈക്കിള്‍ ട്രാക്ക് അനുഭവപ്പെട്ടു. സൈക്കിളിന് ഇത്രയേറെ പ്രാധാന്യമുളള വേറൊരു നാടുണ്ടോ എന്നു സംശയം തോന്നുംവിധമാണ് അവിടത്തുകാരുടെ സൈക്കിള്‍ ഉപയോഗം.
യെല്ലിനൊപ്പം
‘‘യെസ് യു മേഡ് ഇറ്റ് എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചാണ് കൂട്ടുകാരന്‍ യെല്‍ സ്വീകരിച്ചത്. രണ്ടു രാജ്യക്കാര്‍, രണ്ടു ഭാഷ, രണ്ടു സംസ്‌കാരം എല്ലാമായിട്ടും യാത്രയോടുളള ആഗ്രഹങ്ങളാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. ആ കൂട്ടുകെട്ടില്‍ ഞങ്ങളിരുവരും ഒരുപാട് അഭിമാനിക്കുകയും ചെയ്യുന്നു’’ –സല്‍മാന്‍ പറയുന്നു. യെല്‍ സ്വന്തം താമസസ്ഥലത്ത് തങ്ങാനുളള ഇടം തന്നു. യെല്ലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന നിശ്ശബ്ദത വളരെ അധികം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആ നാടിന്റെ പ്രത്യേകത കൂടിയാണ് ഈ നിശബ്ദത. വണ്ടികളുടെ ശബ്ദങ്ങളോ മറ്റു യന്ത്രങ്ങളുടെ ശബ്ദങ്ങളോ ഇല്ല.
യെല്ലിന്റെ അച്ഛന്‍ സംഗീത ജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ സംഗീത ആല്‍ബങ്ങള്‍ യെല്‍ കേള്‍പ്പിച്ചു. കൂടെ, സല്‍മാനെപ്പോലെ മുന്‍പ് അവിടെ എത്തിയവര്‍ നല്‍കിയ സമ്മാനങ്ങളും യെല്‍ കാണിച്ചു. ഇന്ത്യന്‍ ഭക്ഷണം യെല്ലിന് വളരെ അധികം ഇഷ്ടമാണ്. പ്രത്യേകിച്ചും ഇവിടത്തെ സ്‌പൈസി ഭക്ഷണങ്ങള്‍. അത്തരം ഭക്ഷണങ്ങള്‍ കഴിക്കാനും ഉണ്ടാക്കാനും ഇഷ്ടപ്പെടുന്ന യെല്‍ നല്ലൊരു അത്താഴവും സല്‍മാനായി ഒരുക്കി.
പിറ്റേ ദിവസം അതിരാവിലെതന്നെ ക്രോണിങ്കന്‍ ടൗണ്‍ ചുറ്റിക്കാണിക്കാന്‍ യെല്‍ സല്‍മാനെ കൊണ്ടുപോയി. സ്‌പൈസസ് ഷോപ്പുകളായിരുന്നു അവിടത്തെ ആകര്‍ഷണങ്ങളിൽ ഒന്ന്. വളരെ മനോഹരമായിട്ടായിരുന്നു അവിടെ സാധനങ്ങള്‍ ഒരുക്കിവച്ചിരുന്നത്. അങ്ങനെ നാടുചുറ്റിക്കണ്ട് യെല്ലിനോട് വിടപറഞ്ഞ് ആംസ്റ്റര്‍ഡാമിലേക്കു തിരിച്ചു. പോരുന്നതിനു മുന്‍പ് യെല്ലിന് നാട്ടില്‍നിന്നു കൊണ്ടുപോയ ഒരു പെട്ടി ഗുലാബ് ജാമുന്‍ സമ്മാനിക്കാനും സല്‍മാന്‍ മറന്നില്ല.
ഏത് നഗരത്തിലെത്തിയാലും അവിടെ ഗുരുവാക്ക് എന്ന ട്രാവല്‍ ഗ്രൂപ്പില്‍ കയറി വോക്കിങ് ടൂര്‍ ബുക്ക് ചെയ്യും. ആംസ്റ്റര്‍ഡാമിലും സല്‍മാന്‍ അങ്ങനെ വോക്കിങ് ടൂറിന് പോയി. രാവിലെ തന്നെ നഗരം നടന്നു കണ്ടു. അതിമനോഹരമായ ഒരു നഗരമാണ് ആംസ്റ്റര്‍ഡാം. അവിടത്തെ കെട്ടിടങ്ങളുടെ ഭംഗി ഒന്നുവേറെതന്നെയാണ്. ഒരുപാട് കനാലുകളുളള നഗരമാണിത്. പണ്ട് ഡച്ച് വ്യാപാരികളുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. സല്‍മാന് ഒരുപാട് കൂട്ടുകാരുളള സ്ഥലമാണ് നെതര്‍ലാന്‍ഡ്‌സ്. വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ് ഈ നാട്ടുകാര്‍. അവര്‍ പരസ്പരം സഹായിക്കാന്‍ മനസ്സുളളവരാണ്. അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഒട്ടും മടി കാണിക്കാത്തവര്‍. ഒരു വിദേശി എന്ന നിലയില്‍തന്നെ വളരെ പരിഗണന നല്‍കുന്ന ഒരു സ്വഭാവമാണ് അവിടത്തുകാര്‍ക്ക്. ജർമനിയില്‍ തനിക്ക് കാണാന്‍ സാധിക്കാതിരുന്നതും ഇതായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ നെതര്‍ലെഡ്‌സിലുളളവരാണെന്നും സല്‍മാന്‍ പറയുന്നു.
ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ ഒന്നാണ് ചുവന്ന തെരുവ്. ഇതു കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും യാത്രികര്‍ എത്താറുണ്ട്. പലപ്പോഴും അമിതമായെത്തുന്ന സഞ്ചാരികള്‍ ആ നാട്ടുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതുതന്നെയാണ്. കോവിഡിന്റെ സമയം സഞ്ചാരികള്‍ക്ക് വിലക്കുളളതിനാല്‍ അവിടത്തുകാര്‍ക്ക് സുഖകരമായ ജീവിതമായിരുന്നു. ഇപ്പോള്‍ വീണ്ടും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും വോക്കിങ് ടൂറിനൊപ്പമുണ്ടായിരുന്ന ഹോസ്റ്റ് അറിയിച്ചു. അലോസരപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും ആ ചുവന്നതെരുവില്‍ സല്‍മാന്‍ കണ്ടു. യാത്രക്കിടെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനവും കാട്ടിതന്നു. ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ചോക്കളേറ്റ് കുക്കീസും കേക്കുകളും ഫ്രൈസുമെല്ലാം യാത്രക്കിടെ രുചിച്ചുനോക്കാന്‍ സല്‍മാന്‍ മറന്നില്ല. പിന്നീട് അവിടെ നിന്നു ബല്‍ജിയത്തിലേക്കു യാത്ര തിരിച്ചു.
ബ്രസല്‍സ്
ബല്‍ജിയത്തിന്റെ തലസ്ഥാനമാണ് ബ്രസല്‍സ്. കൗച്ച്‌സര്‍ഫിങ്ങിൽ നിന്നു കിട്ടിയ സുഹൃത്ത് സ്റ്റീഫന്റെ വീട്ടിലേക്കായിരുന്നു ബ്രസല്‍സില്‍ എത്തിയശേഷം പോയത്. 60 പിന്നിട്ട സ്‌കാര്‍ലെറ്റ്- സ്റ്റീഫന്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു ബ്രസല്‍സിലെ സല്‍മാന്റെ താമസം. സ്‌കാര്‍ലെറ്റ് ബല്‍ജിയംകാരിയും സ്റ്റീഫന്‍ അമേരിക്കക്കാരനുമായിരുന്നു. 185 രാജ്യങ്ങളില്‍ യാത്ര ചെയ്ത ആളാണ് സ്റ്റീഫന്‍. അവര്‍ക്ക് മക്കളില്ല. യാത്രകളെ വളരെ പ്രധാന്യത്തോടെ കാണുന്നവരായിരുന്നു അവര്‍. അവരുടെ വീട്ടില്‍ ചെന്നുകയറിയപ്പോള്‍ അദ്ഭുതപ്പെടുത്തിയത്, അത് വീടല്ല അവരുടെ സ്വപ്‌നമാണെന്ന തിരിച്ചറിവായിരുന്നു. അത്രയും മനോഹരവും വ്യത്യസ്തവും യാത്രാ ഓര്‍മകൾ കൊണ്ടു നിറഞ്ഞതുമായിരുന്നു ആ വീട്. സ്റ്റീഫനും സ്‌കാര്‍ലെറ്റും നടത്തിയ യാത്രകളുടെ ചിത്രങ്ങളും ശേഖരങ്ങളുമെല്ലാം അവിടെ അടുക്കിവച്ചിരുന്നു.
സ്‌കാര്‍ലെറ്റിനെയും സ്റ്റീഫനെയും കാണാന്‍ പഴങ്ങളുമായാണ് സല്‍മാന്‍ ചെന്നത്. അവര്‍ക്കതില്‍ സന്തോഷമായി. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുകയാണ് സ്റ്റീഫന്‍. അദ്ദേഹം ചുമരിലെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍ ഇന്ത്യ എവിടെയെന്ന് കണ്ടുപിടിക്കാന്‍ സല്‍മാനോട് പറഞ്ഞു. സല്‍മാന്റെ തിരച്ചില്‍ ഇന്ത്യയുടെ മനോഹരമായ ഒരു ചിത്രത്തില്‍ അവസാനിച്ചപ്പോള്‍, 185 രാജ്യങ്ങളില്‍ യാത്ര ചെയ്തതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് സ്റ്റീഫന്‍ പറഞ്ഞു. അതു കേട്ട് അഭിമാനം തോന്നിയെന്ന് സല്‍മാന്‍ പറയുന്നു.
ഗെന്റ് ഫെസ്റ്റിവല്‍
ബ്രസല്‍സില്‍ ദൂരെ ഒരു പട്ടണത്തില്‍ ഗെന്റ് ഫെസ്റ്റിവല്‍ നടക്കുന്നുണ്ടായിരുന്നു. വളരെ പ്രസിദ്ധമായ, കണ്ടിരിക്കേണ്ട ഒരു ഉത്സവം തന്നെയായിരുന്നു അത്. സ്റ്റീഫന്‍ സല്‍മാനെ അവിടേക്ക് കൊണ്ടുപോയി. സ്‌കാര്‍ലെറ്റിന്റെ വീട് ഗെന്റിലാണ് ഉളളത്. കല്ലുകൊണ്ട് നിര്‍മ്മിച്ച കൊട്ടാരക്കെട്ടുകളും സ്വപ്‌നസമാനമായ നിര്‍മ്മിതികളും പ്രദേശങ്ങളും ഗെന്റില്‍ കാണാം. അത്ര മനോഹാരിതയുളള, പെയിന്റിങ് പോലുളള സ്ഥലങ്ങള്‍. യാത്രക്കിടയില്‍ സ്റ്റീഫന്‍ പറഞ്ഞത് യൂറോപ്പില്‍ ക്ലാസിക് ആയ മൂന്ന് സിറ്റികള്‍ പാരിസും പ്രാഗും വിയന്നയുമാണെന്നാണ്. ആ വണ്ടിയിലിരുന്നാണ് സല്‍മാന്‍ പാരിസിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത്.
ഗെന്റില്‍ വ്യത്യസ്തമായ ഒട്ടേറെ തെരുവുനൃത്തങ്ങളും മറ്റ് കലകളും സംഗീതവുമെല്ലാം കാണാനും കേള്‍ക്കാനും സാധിച്ചു. അവിടെയുളളവര്‍ ഓരോ രാത്രിയും ആഘോഷമാക്കി മാറ്റുന്നതെങ്ങനെയെന്ന് അവിടെ കാണാം. നമ്മുടെ നാട്ടില്‍ ഒരു ഉത്സവപറമ്പില്‍ പോയാലുളള അതേ പ്രതീതിയായിരുന്നു അവിടെ. വ്യത്യാസം അവര്‍ അകത്താക്കിയ മദ്യത്തിന്റെ ബീറ്റിലായിരുന്നു അവിടെ എല്ലാം നടന്നിരുന്നത് എന്നുളളതാണ്. രാത്രി പന്ത്രണ്ടുമണിക്കുവരെ സംഗീതം, ന്യത്തം എല്ലാം ഉണ്ട്. അവര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗത്തുനിന്നുളള ആളുകള്‍ ഈ ഫെസ്റ്റിവലില്‍ വന്നിരുന്നു. ബെല്‍ജിയം സന്ദര്‍സിക്കാനെത്തുവര്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു സിറ്റിയാണ് ഗെന്റ് എന്നാണ് സ്റ്റീഫന്‍ അഭിപ്രായപ്പെട്ടത്. പണ്ടുകാലത്തെപ്പോലെ തന്നെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു എന്നതാണ് ആ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്നാല്‍ ഗെന്റിനെക്കാളും സല്‍മാനെ അദ്ഭുതപ്പെടുത്തിയത് സ്റ്റീഫനും സ്‌കാര്‍ലെറ്റുമായിരുന്നു. 68–ാം വയസ്സിലും സ്റ്റീഫനും സ്‌കാര്‍ലെറ്റും ജീവിതം ആസ്വദിക്കുകയാണ്. ആ പ്രായത്തിലും അവര്‍ യാത്ര ചെയ്യുന്നു മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ ആസ്വദിക്കുന്നു, ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു... അവര്‍ പരസ്പരം പ്രണയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നു. ഈ പ്രായത്തിലും അവര്‍ പ്രണയം നിലനിര്‍ത്തുന്നത് യാത്രകളിലൂടെയാണെന്ന് സല്‍മാന്‍ പറയുന്നു. വാര്‍ധക്യം വിശ്രമിക്കാനും ചികിത്സയ്ക്കുമുളളതണെന്ന നമ്മുടെ ചിന്താരീതി മാറ്റിയെഴുതുകയാണ് സ്റ്റീഫനും സ്‌കാര്‍ലെറ്റും.
നഗരം ചുറ്റാം സ്‌റ്റോമിനൊപ്പം
നെതര്‍ലാന്‍ഡ്‌സില്‍ വച്ച് കാണാന്‍ പറ്റാതിരുന്ന വളരെ പ്രിയപ്പെട്ട സുഹൃത്തിനെ ബ്രസല്‍സില്‍ വച്ച് സല്‍മാന് കാണാന്‍ സാധിച്ചു. ഷെങ്കന്‍ വീസയ്ക്കുളള ഇന്‍വിറ്റേഷന്‍ അയച്ചുതന്നതു സ്റ്റോമായിരുന്നു അത്. ആദ്യം കാണുന്നത് വിയറ്റ്‌നാമില്‍ വച്ചായിരുന്നു പിന്നീട് ഇന്ത്യയില്‍ വച്ചും തമ്മില്‍ കണ്ടിരുന്നു. അതിനുശേഷമാണ് ബ്രസല്‍സില്‍ കാണുന്നത്.
സ്റ്റോമിനൊപ്പം ബ്രസല്‍സ് നഗരത്തിലൂടെ നടന്നു. ബ്രസല്‍സിലെ പ്രസിദ്ധമായ രണ്ട് ഭക്ഷണങ്ങളാണ് ബെല്‍ജിയം ചോക്ലേറ്റും വാഫിള്‍സും. സ്റ്റോമിനൊപ്പം അവ രുചിച്ചറിഞ്ഞു. ബ്രസല്‍സ് കാണുന്നതിനൊപ്പം സൗഹൃദം പുതുക്കാനും പഴയ ഓർമകള്‍ വീണ്ടെടുക്കാനുമുളള ഒരു അവസരം കൂടിയായി ആ യാത്ര. യൂറോപ്പ് യാത്രയെക്കുറിച്ച് ഇതുവരെയുളള അനുഭവം സ്റ്റോം തിരക്കി. ‘‘Europe is beautiful, But Iam not impressed’’ എന്നതായിരുന്നു സൽമാന്റെ മറുപടി. മികച്ച യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒട്ടേറെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മുന്നില്‍ യൂറോപ്യന്‍ യാത്ര അത്ര രസകരമായി തോന്നിയില്ലെന്നാണ് യൂറോപ്യന്‍ യാത്രയെകുറിച്ച് സല്‍മാന് അനുഭവപ്പെട്ടത്. സ്റ്റോമിനോട് യാത്രപറഞ്ഞ് ബ്രസല്‍സില്‍ നിന്നു പാരിസിലേക്കു തിരിച്ചു.
യൂറോപ്പിലെ ക്ലാസിക് ജീവിതം പാരിസിലാണെന്ന് സ്റ്റീഫന്‍ പറഞ്ഞതിനാലാണ് സല്‍മാന്‍ പാരിസിലേക്കു തിരിച്ചത്. അവിടെ ഹോസ്റ്റലിലാണ് താമസിച്ചത്. പിറ്റേന്ന് രാവിലെ വോക്കിങ് ടൂര്‍ പോയി. നോത്രദാം കത്തീഡ്രല്‍, ഈഫല്‍ ടവര്‍, സീന്‍ നദി, ലൂവ്രെ മ്യൂസിയം, മോണ്‍ട്മാര്‍ട് ഹില്‍ , ചാംപ്‌സ് എലീസസ് അങ്ങനെ പലതും പിന്നെ ഒരുപാട് കൊട്ടാരക്കെട്ടുകളുമെല്ലാം കണ്ടു. വളരെ അധികം ക്ലാസിക്കായ, റൊമാന്റിക്കായ നഗരമാണ് പാരിസ്. അവിടുത്തെ കെട്ടിടങ്ങള്‍ പോലും അതിമനോഹരമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിലും നെപ്പോളിയന്‍ യുദ്ധങ്ങളിലും കൊല്ലപ്പെട്ട ധീര യോദ്ധാക്കളുടെ സ്മരണാർഥം നിര്‍മിച്ച ആര്‍ക്ക് ഡി ട്രയംഫ്, ബേക്കറികള്‍ക്ക് പ്രസിദ്ധമായ ക്രൊസാന്‍ എന്ന പ്രദേശം എന്നിവ കണ്ടു. അവിടെ നിന്ന് ക്രൊയസെന്റ്, മാക്കറൂണ്‍സ് എന്നിവ രുചിച്ചു. ഈഫല്‍ ടവറിന് താജ്മഹലിന്റെ അത്ര ഭംഗിയൊന്നും അനുഭവപ്പെട്ടില്ലെന്ന് സല്‍മാന്‍ പറയുന്നു. മാത്രമല്ല തിരക്കേറിയ സമയമായതിനാല്‍ അത് ആസ്വദിക്കാനുളള സാഹചര്യവും ലഭിച്ചില്ല. ക്യാമറ പകര്‍ത്തുന്ന മനോഹാരിത നേരിട്ടു കാണുമ്പോഴില്ലെന്നും സല്‍മാന്‍ പറയുന്നു. അങ്ങനെ പാരിസിലെ കാഴ്ചകള്‍ കണ്ട് ഒടുവില്‍ ഹാംബെര്‍ഗിലേക്കുളള വണ്ടിപിടിച്ചു.
യാത്രാ സ്‌നേഹം മതി യാത്രികനാകാന്‍
വിദേശത്തുവച്ച് ഏഷ്യക്കാരെ കാണുമ്പോള്‍ അവര്‍ സല്‍മാനോട് ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന്, നിങ്ങളെങ്ങനെ ഇവിടെയെത്തി. രണ്ട്, സ്റ്റുഡന്റാണോ അതോ ബിസിനസ് ആണോ എന്ന്. അല്ല ഞാന്‍ യാത്രക്കാരനാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും അദ്ഭുതമാണ്. അപ്പോള്‍ അവരുടെ അടുത്ത ചോദ്യം നിങ്ങള്‍ നാട്ടില്‍ വലിയ പണക്കാരനായിരിക്കുമല്ലേ എന്നാണ്. അതായത് യാത്രകള്‍ പണക്കാര്‍ക്ക് മാത്രമുളളതാണെന്നുളള വിശ്വാസമാണ് ആ ചോദ്യങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ യാത്രികരായവരൊന്നും പലപ്പോഴും പണക്കാരായിരുന്നില്ല എന്നതാണ് സത്യം. യൂറോപ്യന്‍ യാത്രയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് അവിടെ കണ്ട കാഴ്ചകളല്ല, പകരം അവിടെയുളള പ്രിയപ്പെട്ടവരുടെ മുഖങ്ങളാണ്. വളരെ സ്‌നേഹവും കരുതലും തന്ന് ഒപ്പം നടത്തിയവരെ കാണാന്‍ ഇനിയൊരവസരം കിട്ടിയാല്‍ വീണ്ടും യൂറോപ്പിലെത്തുമെന്നുതന്നെയാണ് സല്‍മാന് പറയാനുളളത്.