ജീവിത ദുഃഖങ്ങൾക്കുമേൽ പ്രാർഥനയുടെ കലങ്ങൾ നിരത്തി ഇന്നു ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിക്കും..
രണ്ടു ദിവസം മുൻപു തന്നെ തിരുവനന്തപുരത്ത് എത്തി ആറ്റുകാൽ ക്ഷേത്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ അടുപ്പുകൾ സ്ഥാപിച്ചു കാത്തിരിക്കുന്ന ഭക്തകൾക്ക് ഇന്ന് ആഗ്രഹ സാഫല്യത്തിന്റെ ദിനമാണ്.
ര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. പലയിടത്തും ആഴ്ചകൾക്കു മുൻപു തന്നെ കല്ലുകൾ നിരത്തി, പേരെഴുതിയ ബോർഡ് സ്ഥാപിച്ച് ഇടം പിടിച്ചവരുണ്ട്.
തോറ്റംപാട്ടിൽ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകുന്ന ദീപത്തിൽ നിന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും
തുടർന്ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെ അടുപ്പും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളവും നാലു ദിക്കും കേൾക്കുമാറ് കരിമരുന്ന് പ്രയോഗവും മുഴങ്ങുന്നതാണ് ഭക്തർക്ക് അടുപ്പുകൾ കത്തിക്കുന്നതിനുള്ള വിളംബരം.
പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്നു കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്കു പകർന്നു കൈമാറും.
ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനു സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്.