ADVERTISEMENT

അനന്തപുരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി. ലക്ഷക്കണക്കിന് സത്രീജനങ്ങൾ അടുത്ത
പൊങ്കാലയ്ക്ക് എത്താമെന്നു ആറ്റുകാലമ്മയ്ക്കു വാക്കുനൽകി തിരുവനന്തപുരം നഗരം വിടുന്ന തിരക്കിലാണ്. ഉച്ച പൂജയ്ക്കു ശേഷമായിരുന്നു പൊങ്കാല നിവേദ്യം. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തി. പൊങ്കാല കഴിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

കെഎസ്ആർടിസി സ്പെഷൽ‌ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിച്ചും ട്രെയിനിലും പതിനായിരക്കണക്കിന് സ്ത്രീകളാണ് വീടുകളിലേക്ക് മടങ്ങുന്നത്. രാത്രി 7.30നു നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ചടങ്ങാണ് ഇനി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്തക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിന് സായുധ പൊലീസിന്റെ അകമ്പടിയും വാദ്യമേളവുമുണ്ടാകും.

അമ്മേ വിളി തിരുവനന്തപുരം നഗരമാകെ മുഴങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ മനസിൽ ഭക്തിയുടെ
ജ്വാലയുമായി ജനലക്ഷങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചു. അനന്തപുരിയൊന്നാകെ ആറ്റുകാലമ്മയുടെ അമ്പലമുറ്റമായപ്പോൾ കോടിപ്രാർത്ഥനകളാണ് അഖിലാണ്ഡേശ്വരിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടത്. കോവിഡ് കവർന്ന രണ്ടുവർഷ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞവർഷം നടന്ന പൊങ്കാലയെക്കാൾ കൂടുതൽ ഭക്തരാണ് ഇത്തവണ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത്.

സഹമേൽശാന്തി വലിയ തിടപ്പള്ളിയിലിലെ പൊങ്കാലയ്ക്കു ശേഷം ക്ഷേത്രത്തിനു മുൻവശത്ത് പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിൽ ഭക്തി ജ്വലിച്ചു നിന്ന പകലിൽ സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ തീഅഗ്നിപകർന്നപ്പോൾ സമയം 10.42. വായ്ക്കുരവയും ദേവീസ്തുതികളും ഉച്ചത്തിലായി. ഭക്തർക്ക് പൊങ്കാല അടുപ്പുകളിൽ തീ കത്തിക്കാനുള്ള സന്ദേശമായി ചെണ്ടമേളത്തിനൊപ്പം കതിനയും മുഴങ്ങി. മൈക്കിലൂടെ അറിയിപ്പും എത്തി .സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ചുകൊണ്ട് ഭക്തർ അടുപ്പുകളിൽ ജ്വാല പകർന്നു. അന്തരീക്ഷം ദേവീസ്തുതികളാൽ മുഖരിതമായി. വ്രതംനോറ്റെത്തിയ സ്ത്രീലക്ഷങ്ങൾ ആ പുണ്യമുഹൂർത്തത്തിലേക്കു സ്വയം സമർപ്പിതരായി.

ക്ഷേത്രാങ്കണവുംപരിസരപ്രദേശങ്ങളും ഇന്നലെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു.കിലോമീറ്ററുകളോളം പൊങ്കാലയടുപ്പുകളുടെ കൈവഴികൾ. കത്തിച്ചതോടെ തുടക്കം. തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറി. പിന്നീടാണ് വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടർന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു.ആറ്റുകാൽ പരിസരത്തു മാത്രം കേന്ദ്രീകരിക്കാതെ പല പ്രദേശങ്ങളിലായാണ് ഭക്‌തർ പൊങ്കാലയർപ്പിക്കുന്നത്. സ്വന്തം വീട്ടിൽ പൊങ്കാലയിട്ടവരും നിരവധി.സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും വിദേശികളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി. കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തി. പ്രത്യേക ട്രെയിൻ സർവീസുകളും ഉണ്ടായിരുന്നു. പുലർച്ചെ മുതൽ ബാലികമാർ താലപ്പൊലിയേന്തി ക്ഷേത്രത്തിലെത്തി.

ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)

രാവിലെ 10നു ശുഭപുണ്യാഹത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയിൽ തോറ്റംപാട്ടുകാർ
കണ്ണകി ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടു തീർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്.

ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ. പുലർച്ചെ പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം. (ചിത്രം: ജിഷ ബാലൻ ∙ മനോരമ ഓൺലൈൻ)

രാവിലെ പെയ്ത ചാറ്റൽ മഴ ഭക്തർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം നഗരത്തെ യാഗശാലയാക്കിയാണ് ഭക്തലക്ഷങ്ങൾ പൊങ്കാലയിൽ പങ്കെടുക്കുന്നത്. സൂചി കുത്താൻ ഇടയില്ലാത്ത വിധം തമ്പാനൂർ അടക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാലയിടുന്ന ഭക്തർക്ക് ദാഹജലം വിതരണം ചെയ്യാനും അന്നദാനം നൽകാനുമായി ആയിരക്കണക്കിന് സംഘടനകളും വ്യക്തികളുമാണ് രംഗത്തുള്ളത്. ഉച്ചയ്ക്ക് 2.30നു ഉച്ചപൂജയ്ക്കു ശേഷമാണ്പൊങ്കാല നിവേദ്യം.

അനുഗ്രഹം തേടി:  പൊങ്കാലയ്ക്കുള്ള തയാറെടുപ്പുമായി ഇന്നലെ ആറ്റുകാൽ ക്ഷേത്രപരിസരത്തു കാത്തിരിക്കുന്നവർ. 
											 ചിത്രം: മനോരമ
അനുഗ്രഹം തേടി: പൊങ്കാലയ്ക്കുള്ള തയാറെടുപ്പുമായി ഇന്നലെ ആറ്റുകാൽ ക്ഷേത്രപരിസരത്തു കാത്തിരിക്കുന്നവർ. ചിത്രം: മനോരമ

രണ്ടു ദിവസം മുൻപു തന്നെ തിരുവനന്തപുരത്ത് എത്തി ആറ്റുകാൽ ക്ഷേത്രത്തോട് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളിൽ അടുപ്പുകൾ സ്ഥാപിച്ചു കാത്തിരിക്കുന്ന ഭക്തകൾക്ക് ഇന്ന് ആഗ്രഹ സാഫല്യത്തിന്റെ ദിനമാണ്. ദൂര ദിക്കുകളിൽ നിന്നുള്ള ഭക്തർ ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. പലയിടത്തും ആഴ്ചകൾക്കു മുൻപു തന്നെ കല്ലുകൾ നിരത്തി, പേരെഴുതിയ ബോർഡ് സ്ഥാപിച്ച് ഇടം പിടിച്ചവരുണ്ട്.

ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ

രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങ് തുടങ്ങും. തോറ്റംപാട്ടിൽ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകുന്ന ദീപത്തിൽ നിന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി 10.30ന് ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. തുടർന്ന് സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെ അടുപ്പും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പും ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളവും നാലു ദിക്കും കേൾക്കുമാറ് കരിമരുന്ന് പ്രയോഗവും മുഴങ്ങുന്നതാണ് ഭക്തർക്ക് അടുപ്പുകൾ കത്തിക്കുന്നതിനുള്ള വിളംബരം.

ആറ്റുകാൽ പൊങ്കാലയില്‍ നിന്നുള്ള കാഴ്ച.  ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ആറ്റുകാൽ പൊങ്കാലയില്‍ നിന്നുള്ള കാഴ്ച. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപം ക്ഷേത്രത്തിൽ നിന്നു കിലോമീറ്ററുകളോളം അകലെ വരെ നിരന്ന അടുപ്പുകളിലേക്കു പകർന്നു കൈമാറും. ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം. ഈ സമയം വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനു സഹായിക്കാൻ 300 ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ജെ.സുരേഷ് ∙ മനോരമ
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നവർ. ചിത്രം : ജെ.സുരേഷ് ∙ മനോരമ

ആറ്റുകാൽ ഭഗവതി ക്ഷേത്രം മുതൽ പത്തു കിലോമീറ്ററിലധികം ദൂരത്തേക്കാണ് അടുപ്പുകൾ നിരന്നത്. ഇടവിട്ടു പിന്നെയും കിലോമീറ്ററുകളോളം പ്രധാന പാതയോരങ്ങളിൽ പൊങ്കാലയിടാൻ ഭക്തർ തയാറെടുപ്പു നടത്തിയിട്ടുണ്ട്. കിള്ളിയാറിന്റെ രണ്ടു കരകളിൽ ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരയിൽ മാത്രമാണ് ആചാരപരമായി പൊങ്കാലയ്ക്ക് അനുമതിയുള്ളത്. വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കു ചൂരൽകുത്ത്. രാത്രി 11ന് തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാന ദേവിയുടെ തിടമ്പേറ്റി, വാദ്യമേളങ്ങളുടെയും കുത്തിയോട്ട ബാലന്മാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. നാളെ രാവിലെ എട്ടിന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. രാത്രി കാപ്പഴിക്കും. പുലർച്ചെ 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നു. ചിത്രം : ജെ.സുരേഷ് ∙ മനോരമ
ആറ്റുകാൽ പൊങ്കാലക്കായി കലം ഒരുക്കുന്നു. ചിത്രം : ജെ.സുരേഷ് ∙ മനോരമ

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം
പൊങ്കാല സമർപ്പണത്തിനു തലേദിവസം തന്നെ ആറ്റുകാൽ ദേവീ ദർശനത്തിനു വൻ തിരക്ക്. ഒരു സമയം 5000 പേർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡ് ഉണ്ടെങ്കിലും ഭക്തരുടെ നിര അതിനു പുറത്തേക്കും നീണ്ടു. രാവിലെ എത്തിയവർക്ക് വൈകിട്ടോടെയാണ് ദേവീ ദർശന ഭാഗ്യം ലഭിച്ചത്. ഉത്സത്തോടനുബന്ധിച്ച് വഞ്ചിയൂരിൽ നിന്ന് കതിർകാളയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. നെൽക്കതിരുകൾ കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപമാണിത്. വിളവെടുപ്പിനോടനുബന്ധിച്ച് നടത്തിയിരുന്നതാണ് ആചാരം. വഞ്ചിയൂർ പുത്തൻറോഡ് പൗര സമിതിയുടെ നേതൃത്വത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കതിർകാളയെ എഴുന്നള്ളിക്കുന്നത്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ഇന്നു രാത്രി 11 ന് ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃക്കടവൂർ ശിവരാജു ആണ് ദേവിയുടെ തിടമ്പേറ്റുന്നത്. ചൂരൽ കുത്തിയ കുത്തിയോട്ട ബാലന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് എഴുന്നള്ളത്ത്.

English Summary:

Pongala spirit fills Ananthapuri; lakhs offer their devotion to Attukal Amma 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com