മകൾക്കൊരു പുത്തനുടുപ്പു വാങ്ങാൻ രണ്ടുവർഷം കാത്തിരുന്ന ഒരു അച്ഛന്റെ കഥയറിയാമോ? ഓഫീസിലും ഷോപ്പിങ്ങിനും പോകാനിറങ്ങുമ്പോൾ ഏതുടുപ്പിടണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന നമുക്കൊന്നും ഒരിക്കലും സങ്കൽപ്പിക്കാൻപോലുമാവില്ല ഈ അച്ഛന്റെയും മകളുടെയും കഥ. ഭിക്ഷയെടുത്തു കിട്ടിയ ഓരോ ചില്ലിക്കാശും സൂക്ഷിച്ചുവെച്ച് ആ കാശുകൊണ്ടു മകൾക്കൊരു പുത്തൻ ഉടുപ്പു വാങ്ങിച്ചു കൊടുത്തപ്പോൾ ആ അച്ഛന്റെ മനസ്സു സന്തോഷിച്ചതുപോലെ ലോകത്തൊരച്ഛനും അന്നു സന്തോഷിച്ചു കാണില്ല.
രണ്ടുവർഷത്തിനു ശേഷം പുത്തനുടുപ്പു കൈയിൽകിട്ടിയപ്പോൾ ആ മകൾ ആഹ്ലാദിച്ചതുപോലെ ഒരു കുട്ടിയും അന്ന് ആഹ്ലാദിച്ചിട്ടു ണ്ടാവില്ല. മൾട്ടി മീഡിയജേണലിസ്റ്റ് ജിഎംബി ആകാഷ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഒരു അച്ഛന്റെ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചും അച്ഛനെ നിഴൽ പോലെ പിന്തുടരുന്ന പെൺകുട്ടിയെക്കുറിച്ചുമുള്ള കഥ ലോകമറിഞ്ഞത്.
കവ്‌സർ ഹൗസൈൻ എന്ന അച്ഛൻ ഇന്ന് ഓരോ പെൺകുട്ടികളുടെ യും ഹീറോയാണ്.സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണ ങ്ങളും സഹായവാഗ്ദാനങ്ങളുമാണ് ഈ അച്ഛനു ലഭിക്കുന്നത്. മകൾക്കൊരു പുത്തനുടുപ്പുവാങ്ങാൻ വസ്ത്രശാലയിൽ പോയ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ആ അച്ഛൻ കുറിപ്പെഴുതിത്തു ടങ്ങിയത്. '' മകൾക്ക് വസ്ത്രം വാങ്ങി പണമടക്കാനായി ച്ചെന്നപ്പോൾ ഞാനെന്റെ രണ്ടു വർഷത്തെ സമ്പാദ്യം അവിടെ നൽകി.
കുറേ നാണയത്തുട്ടുകളും ചില്ലറകളും കണ്ടു പരിഹാസത്തോടെ ബില്ലിങ് സെക്ഷനിലിരിക്കുന്ന യാൾ എന്നോടു ചോദിച്ചു. താനൊരു യാചകനാണോയെന്ന്. അതുകേട്ട് ഉറക്കെ കരഞ്ഞുകൊണ്ട് എന്റെ മകൾ പറഞ്ഞു അച്ഛാ നമുക്കു പോകാം. എനിക്കു പുത്തനുടുപ്പൊന്നും വാങ്ങിത്തരണ്ടായെന്ന്. അവളുടെ കണ്ണീരു തുടച്ചുകൊണ്ടു ഞങ്ങൾ ആ കടയിൽ നിന്നിറങ്ങി.
അതെ ഞാനൊരു യാചകനാണ്. ഒരു ആക്സിഡന്റിൽ എന്റെ കൈ നഷ്ടപ്പെട്ടതോടെയാണ് ഞാൻ യാചകനായത്. 10 വർഷം മുമ്പ് എന്റെ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല എന്നെങ്കിലും എനിക്ക് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുമെന്ന്. പക്ഷെ അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ അപകടം ബാക്കിവെച്ചത് എന്റെ ജീവൻ മാത്രമാണ്. ഒറ്റക്കൈകൊണ്ട് ജോലി ചെയ്യാൻ എത്രത്തോളം പ്രയാസമാണെന്ന് എന്റെ മകൾക്കറിയാം അതുകൊണ്ടാണ് എന്നും അവൾ എനിക്കു ഭക്ഷണം വാരിത്തരുന്നത്. തെറുവിൽ ഞാൻ ഭിക്ഷയെടുക്കുമ്പോൾ എന്റെ അരികിലെവിടെ യെങ്കിലും അവളുണ്ടാകും. കാരണം അവൾക്കു പേടിയാണ് ഇനിയൊരു അപകടമുണ്ടായാൽ അവൾക്കെന്നെ നഷ്ടമാകുമോ യെന്ന്.
അവളെന്നെയിങ്ങനെ നോക്കി നിൽക്കുമ്പോൾഎനിക്കെങ്ങനെയാണ് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാനാവുക. അവളുടെ കണ്ണിൽ നോക്കാതെ ഞാൻ ആളുകളുടെ മുന്നിൽ കൈ നീട്ടും. അതുകണ്ട് അവൾ ദൂരെ മാറി തലകുനിച്ചു നിൽക്കും.
ഈ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ചിലവു കഴിയുന്നതും മക്കളെ പഠിപ്പിക്കുന്നതും. അവർ നന്നായി പഠിക്കാറുണ്ടെങ്കിലും പരീക്ഷയെഴുതാൻ കഴിയാറില്ല. പരീക്ഷാഫീസ് നൽകാൻ കഴിയാറില്ല എന്നാണ് അതിനു കാരണം. ആ ദിവസങ്ങളിലൊക്കെ എന്റെ മക്കൾ സങ്കടപ്പെട്ടു നടക്കും.
അപ്പോൾ ഞാനവരോടു പറയും ഇതു ചെറിയ പരീക്ഷകളല്ലേ... ജീവിതത്തിൽ ഓരോ ദിവസവും നമ്മൾ നേരിടുന്നത് വലിയ പരീക്ഷകളല്ലേ എന്നൊക്കെ. പക്ഷേ ഇന്നു ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ അച്ഛനാണ് ഞാൻ. ഭാര്യയറിയാതെ അയൽക്കാരന്റെ ഫോണും കടം വാങ്ങി മകളുടെ കൈപിടിച്ചു വീട്ടിൽ നിന്നിറങ്ങിയതാണു ഞാൻ. പുത്തനുടുപ്പിട്ട അവളുടെ കുറേ ചിത്രങ്ങൾ ഞാൻ പകർത്തി. ഈ ദിവസത്തിന്റെ ഓർമ എന്നും അവളിൽ ഉണ്ടാവാൻ വേണ്ടിയാണ് ഞാനതു ചെയ്തത്. അവൾക്കും ഒരുപാടു സന്തോഷമായി. എല്ലാദിവസത്തേക്കാൾ കൂടുതൽ സമയം അവൾ എന്നോടൊപ്പം ചിലവഴിച്ചു.
പലദിവസങ്ങളിലും കാശൊന്നും കിട്ടാതെ ഞങ്ങൾക്കു മടങ്ങേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും ഞങ്ങൾ പരസ്പരം മിണ്ടാറില്ല. അപടകടത്തിൽ നിന്ന് ജീവൻ തിരിച്ചു ലഭിക്കേണ്ടായിരുന്നു വെന്നൊക്കെ അപ്പോൾ എനിക്കു തോന്നും. എന്നാൽ രാത്രിയിൽ എന്നോടൊട്ടിച്ചേർന്ന് എന്റെ ഇരുവശവും മക്കൾ ഉറങ്ങുമ്പോൾ തിരിച്ചു കിട്ടിയ ജീവിതത്തിന് ഞാൻ ദൈവത്തോടു നന്ദി പറയും. ചില ദിവസങ്ങളിൽ ഉഗ്രൻമഴയും കൊടുംവെയിലുമൊക്കെ കാണും. സന്തോഷത്തോടെ ഞാനും മകളും മഴകൊള്ളും അവളുടെ കൊച്ചുകൊച്ചു സ്വപ്നങ്ങളെക്കുറിച്ച് അവളെന്നോടു മനസ്സുതുറക്കുന്നത് ആ സമയത്താണ്.
പക്ഷെ... ഞങ്ങളിരുവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണിന്ന്. ഞാനിന്നു യാചകനല്ല. രാജാവാണ്. എന്റെ കുഞ്ഞു രാജകുമാരിക്ക് പുത്തനുടുപ്പുവാങ്ങിക്കൊടുത്ത രാജാവ്. ഇന്നു ഞങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ല. എങ്കിലും സങ്കടമില്ല. ആ അച്ഛൻ കുറിപ്പെഴുതി നിർത്തുന്നതിങ്ങനെയാണ്.