ജയാബച്ചൻ പിറന്നാൾ ആഘോഷിച്ചില്ല ; കാരണം ഐശ്വര്യ

jaya-aishwarya
എന്നാൽ ദോഷൈകദൃക്കുകളുടെ പരദൂഷണങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ബച്ചൻ കുടുംബത്തിൽ നിന്നെത്തുന്നത്.

ഏത് ആഘോഷങ്ങളിൽ ഐശ്വര്യ റായ് ബച്ചനും ജയാബച്ചനും ഒരുമിച്ചു പങ്കെടുത്താലും പാപ്പരാസികളുടെ കാമറക്കണ്ണുകൾ അവരെ പിന്തുടരും. അവർ പരസ്പരം നോക്കുന്നുണ്ടോ മിണ്ടുന്നുണ്ടോ ചിരിക്കുന്നുണ്ടോയെന്നൊക്കെ നോക്കി പിന്നാലെ നടക്കും. എന്തെങ്കിലും തുമ്പു വീണുകിട്ടിയാൽ പിന്നെ അതുവെച്ചു കഥമെനയലാണ് അടുത്ത പരുപാടി. ഐശ്വര്യയും ജയയും തമ്മിൽ പൊരിഞ്ഞ വഴക്കാണ്. ഇതിന്റെ പേരിൽ അഭിഷേകും ഐശ്വര്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നു എന്നു തുടങ്ങി നിരവധി കഥകൾ അതിനു പിന്നാലെ പടച്ചുവിടുകയും ചെയ്യും.



എന്നാൽ ദോഷൈകദൃക്കുകളുടെ പരദൂഷണങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ബച്ചൻ കുടുംബത്തിൽ നിന്നെത്തുന്നത്. തന്റെ 69–ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ജയ തീരുമാനിച്ചു. ഐശ്വര്യ റായിയുടെ അച്ഛൻ മരിച്ചിട്ട് ഒരു മാസംപോലും ആയിട്ടില്ലെന്നും അതിനാൽ ബച്ചൻ കുടുംബത്തിൽ ആഘോഷങ്ങളൊന്നും വേണ്ട എന്ന നിലപാടെടുത്തത് ജയ തന്നെയാണ്.



മകൾ ശ്വേതയോടൊപ്പമായിരുന്നു പിറന്നാൾ ദിനത്തിൽ ജയ. എല്ലാസാധാരണ ദിവസവും പോലെ തന്നെയായിരുന്നു പിറന്നാൾ ദിനവും. ഇക്കുറി ഭർത്താവും മകനുമൊന്നും ജയയുടെ ഒപ്പമില്ലായിരുന്നു. അമിതാബ് ബച്ചൻ മുംബെയിലും അഭിഷേക് മാംഗ്ലൂരിലുമാണ്. അച്ഛന്റെ മരണത്തോടെ തകർന്നുപോയ ഐശ്വര്യയ്ക്ക് തന്റെ സാന്നിധ്യവും സാമീപ്യവും ഇപ്പോഴാണു കൂടുതൽ വേണ്ടതെന്ന നിലപാടിലാണ് അഭിഷേക് ബച്ചൻ അതുകൊണ്ടു തന്നെ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം മാംഗ്ലൂരിലാണ് അദ്ദേഹം. ഐശ്വര്യയുടെ അച്ഛനോടും തനിക്കു നല്ല അടുപ്പമാണുണ്ടായിരുന്നതെന്നും തനിക്കിത്രയും സങ്കടമുണ്ടെങ്കിൽ ഐശ്വര്യയുടെ അവസ്ഥ തനിക്കൂഹിക്കാനാവുമെന്നും പറഞ്ഞുകൊണ്ടാണ് അഭിഷേക് ഐശ്വര്യയ്ക്കൊപ്പം നിൽക്കുന്നത്.



പ്രശസ്തരുടെ കുടുംബത്തിൽ നടക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഊതിപ്പെരുപ്പിച്ച് ആഘോഷമാക്കുന്നവർ പലപ്പോഴും അവരൊക്കെ മനുഷ്യരാണെന്ന കാര്യം മറന്നു പോകുന്നു. അങ്ങനെയുള്ളവർക്കുള്ള ചുട്ടമറുപടികളാണ് ജയയുടെയും അഭിഷേക് ബച്ചന്റെയും തീരുമാനങ്ങൾ.