ആരാധകർക്ക് ബിഗ്ബിയുടെ സർപ്രൈസ് ; ആദ്യം മടിച്ചെങ്കിലും പിന്നെ കൂളായി ആരാധ്യ

അമിതാബ് ബച്ചൻ ആരാധ്യയ്ക്കും ഐശ്വര്യയ്ക്കുമൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ മുപ്പത്തിയൊന്നു വർഷമായി അമിതാബ് ബച്ചൻ തെറ്റിക്കാത്ത ഒരു പതിവുണ്ട്. എല്ലാ ഞായറാഴ്ചയും  തന്നെ കാണാൻ മുംബൈയിലെ വസതിയ്ക്കു മുന്നിലെത്തുന്ന ആരാധകരെ അദ്ദേഹം അഭിവാദ്യം ചെയ്യും. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ബച്ചനെ കാണാനെത്തിയവർക്ക് അദ്ദേഹം ഒരു കുഞ്ഞു സർപ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. കൊച്ചുമകൾ ആരാധ്യയും മരുമകൾ ഐശ്വര്യയും ഇക്കുറി അമിതാബ്‌ബച്ചന്റെ ആരാധകരെ അഭിവാദ്യം ചെയ്യാനെത്തി.

ആൾക്കൂട്ടം കണ്ടു ഭയന്നു പോയ ആരാധ്യയ്ക്ക് ആദ്യമൊക്കെ അൽപം പേടിയുണ്ടായിരുന്നെങ്കിലും പിന്നെ കക്ഷി കൂളായി. പുതിയതായി കൂട്ടുകിട്ടിയ ഒരു ഓമനപ്പൂച്ചയെ കൂടെക്കൂട്ടിയാണ് കുഞ്ഞ് ആരാധ്യ പുറത്തെത്തിയത്. സാൾട്ട് പെപ്പർ എന്നാണ് ആരാധ്യ പൂച്ചക്കിട്ട പേര്. പൂച്ചയെ വളർത്തിക്കോട്ടെയെന്നുള്ള ആരാധ്യയുടെ ചോദ്യത്തിന് തനിക്കു പൂച്ചകളെ ഇഷ്ടമല്ലെന്നായിരുന്നു ബിഗ്ബിയുടെ മറുപടി.തന്റെ മറുപടി അവളെ അമ്പരപ്പിച്ചു കളഞ്ഞുവെന്നും ബിഗ്ബി പറയുന്നു. 

ആരാധ്യയുമൊത്തുള്ള ചിത്രങ്ങൾ മുമ്പും ബിഗ്ബി പങ്കുവെച്ചിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങൾ അൽപ്പം സ്പെഷ്യലാണ്. മുപ്പത്തൊന്നു വർഷമായി മുടക്കാതെ തുടരുന്ന ഒരു ശീലം തന്റെ പരമ്പരകൾക്കു കൈമാറാനുള്ള ബച്ചന്റെ ശ്രമത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.