അടുത്ത ജൻമത്തിലെങ്കിലും ആ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ !

ഭവാനി അമ്മ കുഞ്ഞിനൊപ്പം. ( ഫയൽ ചിത്രം)

സ്വന്തം രക്തത്തിൽ ഒരു കുഞ്ഞു പിറക്കുക. ആ ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണ് 62–ാം വയസ്സിൽ ആ അമ്മ ഡോക്ടറെ തേടിയെത്തിയത്. അനപത്യ ദുഖത്തിന്റെ ശാപം ഒരു ആയുസ്സിന്റെ മുക്കാലും അനുഭവിച്ചു തീർത്തതിന്റെ വിങ്ങലായിരുന്നു വാർധ്യക്യത്തിന്റെ തുടക്കത്തിലും അങ്ങനെയൊരു തീരുമാനമെടുക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചത്. മൂവാറ്റുപുഴ കാവുംകര സ്വദേശി ഭവാനി അമ്മ എന്ന അമ്മയെ ലോകമെങ്ങും സ്നേഹിച്ചു തുടങ്ങിയത് പത്രവാർത്തകളിലൂടെയാണ്.

ജീവിതം നൽകിയ ദുരനുഭവങ്ങളെവെന്ന് എന്തു സംഭവിച്ചാലും തനിക്കൊരു കുഞ്ഞിന്റെ അമ്മയാവണമെന്ന് തീവ്രമായി ആഗ്രഹിച്ച് അതിനുവേണ്ടി ഏതറ്റംവരെയും പോകാൻ ആ അമ്മ തയാറായത്. ആദ്യവിവാഹത്തിൽ കുഞ്ഞുങ്ങളുണ്ടാകാതെ വന്നപ്പോഴാണ് ഭർത്താവിന്റെ നിർബന്ധത്തെത്തുടർന്ന് ഭവാനി ടീച്ചർ രണ്ടാമതും വിവാഹം കഴിച്ചത്. ആ ബന്ധത്തിലും കുഞ്ഞുങ്ങളുണ്ടായില്ല. തുടർന്ന് രണ്ടാം ഭർത്താവിനെക്കൊണ്ട് ഭവാനി ടീച്ചർ മറ്റൊരു വിവാഹം കഴിപ്പിച്ചു. ഭവാനി ടീച്ചറിന്റെ ആഗ്രഹം പോലെ ആ ബന്ധത്തിൽ അദ്ദേഹത്തിനു കുട്ടികളുണ്ടായി. പക്ഷേ അവരെയൊന്നു  കാണാനോ  താലോലിക്കാനോയുള്ള അവസരം ഭവാനിയമ്മയ്ക്കൊരിക്കലും ലഭിച്ചില്ല.

അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടാലും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞു പിറക്കണമെന്ന് ആ അമ്മ തീവ്രമായി ആഗ്രഹിച്ചത്. ആ അമ്മയുടെ കാത്തിരിപ്പ് സഫലമായത് 62–ാം വയസ്സിലാണ്. വന്ധത്യാചികിത്സയിലൂടെ ഒരു കുഞ്ഞിനു ജന്മം നൽകുന്ന കേരളത്തിലെ ഏറ്റവും പ്രായംകൂടിയ അമ്മ എന്ന വിശേഷണം സ്വന്തമാക്കിയാണ് ആ അമ്മ വാർത്തകളിൽ നിറഞ്ഞത്.

സമദ് ആശുപത്രിയിലെ ഡോ. സതി എം പിള്ള നേതൃത്വം നൽകിയ ഡോക്ടർമാരുടെ സംഘമാണ് ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ ഭവാനിഅമ്മയ്ക്ക് അമ്മയാവാൻ അവസരമൊരുക്കിയത്. ആർത്തവം നിലച്ചിരുന്ന ഭവാനി അമ്മ രണ്ടു വർഷത്തെ ചികിത്സയ്ക്കു ശേഷമാണ് അമ്മയായത്. 2004 ൽ ആണ് ഭവാനിയമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മാസം തികയുന്നതിനു മുമ്പായിരുന്നു കുഞ്ഞിന്റെ ജനനമെങ്കിലും അവന് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ജന്മം സഫലമായതിന്റെ സന്തോഷമായിരുന്നു അപ്പോൾ ഭവാനി അമ്മയ്ക്ക്. കൃഷ്ണഭക്തയായ ഭവാനിയമ്മ മകന് കണ്ണൻ എന്നു വിളിപ്പേരു നൽകി. സായി സൂരജ് എന്ന കണ്ണൻ അങ്ങനെ കുട്ടിക്കുസൃതികളുമായി ആ അമ്മയുടെ ജീവിതത്തിൽ നിറങ്ങൾ നിറച്ചു. ആ അമ്മയെയും മകനെയും വാർത്തകളിലൂടെ മാത്രമറിഞ്ഞവർ പോലും കുഞ്ഞിന് സമ്മാനങ്ങൾ അയയ്ക്കാറുണ്ടായിരുന്നു. അങ്ങനെ സന്തോഷം മാത്രം നിറഞ്ഞ ആ അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് വീണ്ടും ദുരന്തം കരിനിഴൽ വീഴ്ത്തി. 

ഭവാനിയമ്മയുടെ സന്തോഷങ്ങൾക്ക് ദൈവം കൽപ്പിച്ചുകൊടുത്തത് കേവലം ഒന്നര വർഷത്തെ ആയുസ്സായിരുന്നു. ഒന്നരവയസ്സുള്ളപ്പോൾ വീടിനു പിന്നിലെ വെള്ളം നിറച്ച ചെമ്പു പാത്രത്തിൽ വീണ് ഭവാനിയമ്മയുടെ കണ്ണൻ മരിച്ചു. വാർധക്യത്തിലുണ്ടായ മകനായതിനാൽ അവന്റെ കാര്യങ്ങൾ നോക്കാനും അവനെ ശ്രദ്ധിക്കാനും ഒരു പെൺകുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു.

ഭവാനിയമ്മ.

അവളുടെയും ഭവാനിയമ്മയുടെയും നോട്ടംതെറ്റിയ നിമിഷത്തിലാണ് കുഞ്ഞുകണ്ണൻ മരണത്തിലേക്ക് ഊളിയിട്ടത്. കണ്ണനെ പരിചരിക്കാൻ ഏർപ്പാടാക്കിയ പെൺകുട്ടി ബക്കറ്റെടുക്കാൻ കുളിമുറിയിലേക്കു പോവുകയും. ഭവാനിയമ്മ വീടിന്റെ മുൻഭാഗത്ത് ആക്രിസാധനങ്ങൾ വിൽക്കാനെത്തിയവരോട് സംസാരിച്ച് തിരിച്ചെത്തുകയും ചെയ്തതിന്റെ ഇടവേളയിലാണ് ആ ദുരന്തം സംഭവിച്ചത്. കുഞ്ഞ് വീടിനു പിന്നിലെ വെള്ളംനിറച്ച പാത്രത്തിൽക്കിടന്ന് മരണത്തോടു മല്ലടിക്കുമ്പോൾ ഭവാനിയമ്മയും പെൺകുട്ടിയും നാട്ടുകാരും ചേർന്ന് നാടുനീളെ കണ്ണനു വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയിരിക്കാം എന്ന ധാരണയിലായിരുന്നു അത്. 

ഒടുവിൽ പെണ്‍കുട്ടിയും അയൽക്കാരും ചേർന്ന് കണ്ണനെ കണ്ടെത്തിയപ്പോൾ വെള്ളംനിറഞ്ഞ പാത്രത്തിൽ നിന്ന് അവന്റെ മരവിച്ച ശരീരം കോരിയെടുത്തത് ഭവാനിയമ്മതന്നെയായിരുന്നു. കുഞ്ഞു മരിച്ചതു തിരിച്ചറിയാതെ അവനെ അവർ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ രക്ഷാപ്രവർത്തനം ഒന്നും ചെയ്യാതെ വന്നപ്പോഴാണ് കണ്ണൻ ഇനിയില്ലെന്ന നടുക്കുന്ന സത്യം ആ അമ്മ തിരിച്ചറിഞ്ഞത്. എന്നിട്ടും പൂജാമുറിയിൽ നിന്നിറങ്ങാതെ ആ അമ്മ പ്രാർഥിച്ചു കൊണ്ടിരുന്നു.

കൊടിയ വേദനകൾ മാത്രം ജീവിതം തിരിച്ചു കൊടുത്തിട്ടും ആ അമ്മ വിധിയെ പഴിച്ചില്ല. ദൈവങ്ങളെ ശപിച്ചില്ല. പ്രായമായ തനിക്കു പെട്ടന്നെന്തെങ്കിലും സംഭവിച്ചാൽ തന്റെ മകൻ അനാഥനായിപ്പോകുമായിരുന്നില്ലേ? അങ്ങനെയൊന്നും ഉണ്ടാവാതിരിക്കാനാണ് ദൈവം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് നെഞ്ചുവിങ്ങി ആ അമ്മ പറയുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ ചെന്നവരുടെ കണ്ണുകൾ പോലും കലങ്ങിയിരുന്നു. കണ്ണന്റെ മരണശേഷം 13 വർഷത്തോളം ആ അമ്മ ജീവിച്ചു. ഒറ്റപ്പെടലും അനാഥത്വവും അറിയാതിരിക്കാൻ അവർ പലസ്ഥലങ്ങളിൽ മാറിമാറി താമസിച്ചു. പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു. കുറച്ചു കാലമായി വയനാട് പിണങ്ങോടിലെ പീസ് വില്ലേജിൽ അന്തേവാസിയായി കഴിയുകയായിരുന്നു. 

അമ്മയെപ്പോലെ കൃഷ്ണനെയും സായിബാബയെയും കണ്ണനും ആരാധിച്ചിരുന്നു. അവന്റെ ഭക്തികണ്ട്  ഈശ്വരന്മാർ അവനെ കൂട്ടിക്കൊണ്ടു പോയി എന്നായിരുന്നു നിസ്സഹായയായ ആ അമ്മയുടെ വിശ്വാസം. നീണ്ട കാത്തിരിപ്പുകളാണ് ഓരോ ദുരന്തത്തെയും അതിജീവിക്കാൻ ആ അമ്മയെ പ്രേരിപ്പിച്ചിരുന്നത്. 76–ാം  വയസ്സിൽ മരണമെത്തി ഭവാനിയമ്മയെ കൂട്ടിക്കൊണ്ടു പോകുമ്പോൾ സ്വർഗത്തിലും പുനർജന്മത്തിലുമൊക്കെ വിശ്വസിക്കാനാണ് ഈ അമ്മയെയും മകനെയും നെഞ്ചോടുചേർത്തു പിടിച്ച ആളുകൾക്കിഷ്ടം. ആ അമ്മയും മകനും ഇനിയെന്നും ഒന്നിച്ചുണ്ടാവട്ടെയെന്നും മരണത്തിലൂടെ ഇനിയെന്നും ഒന്നിക്കട്ടെയെന്നുമാണ് അവരുടെ പ്രാർഥന.