ഭർത്താക്കന്മാരുടെ ആയുസ്സിന് ഭാര്യ പട്ടിണി കിടക്കണോ?; വിമർശനങ്ങളേറ്റു വാങ്ങി ട്വിങ്കിളിന്റെ പരാമർശം

കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർഥി. ഉത്തരേന്ത്യയിൽ ഇതു കർവാ ചൗതിന്റെ കാലം. രാവ് വെളുക്കുവോളം വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ജീവിതപങ്കാളികളുടെ ദീർഘായുസ്സിനുവേണ്ടി അന്നപാനീയങ്ങൾ ത്യജിച്ച് ഉപവാസമിരിക്കുന്നു. പ്രാർഥിക്കുന്നു. സാധാരണക്കാർക്കൊപ്പം ബോളിവുഡും അനുഷ്ഠാനങ്ങൾ ഒട്ടും കുറയ്ക്കാതെ ആചാരം ഏറ്റെടുത്തിരിക്കുന്നു.

ഉപവാസമിരിക്കുന്ന നടിമാരുടെയും മറ്റു പ്രശസ്ത വ്യക്തികളുടെയും ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നു. പക്ഷേ എന്നും വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്തിട്ടുള്ള ട്വിങ്കിൾ ഖന്ന ഈ കർവാ ചൗതിലും ആരാധാകരെ നിരാശപ്പെടുത്താതെ രംഗത്തെത്തിയിരിക്കുന്നു. മൗലിക നീരീക്ഷണവും ധിഷണാശക്തിയും നിറഞ്ഞ വാക്കുകളുമായി.ഞായറാഴ്ച ട്വിങ്കിൾ ട്വിറ്ററിൽ എഴുതി: ഭൂമിയിൽ ദീർഘകാലം ജീവിച്ച ജീവികളെക്കുറിച്ചു പഠിച്ച ശാസ്ത്രജ്ഞൻമാർ എത്തിച്ചേർന്ന നിഗമനമുണ്ട്. ദീർഘ ജീവിതത്തിനുവേണ്ടത് ഉപവാസമിരിക്കുന്ന ഭാര്യമാരല്ല, പോഷക സമൃദ്ധമായ ഭക്ഷണം. 

കഴിഞ്ഞവർഷം കർവാ ചൗതിനും ഉണ്ടായിരുന്നു ട്വിങ്കിളിന്റെ കുറിക്കുകൊള്ളുന്ന നിരീക്ഷണം. ഇക്കാലത്ത് 40 വയസ്സാകുമ്പോൾ പുരുഷൻമാർക്ക് രണ്ടാം വിവാഹത്തിനുള്ള സമയമാകുന്നു. അപ്പോൾപിന്നെ എന്തിനാണ് ഉപവാസമിരുന്ന് ഭർത്താക്കൻമാരുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്നത് ? ട്വിങ്കിൾ ചോദിച്ചു. 

അടുത്തിടെ ഒരു പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തപ്പോഴും ട്വിങ്കിൾ കർവാ ചൗതിനെക്കുറിച്ചു പരാമർശിച്ചിരുന്നു.ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യക്കുമുന്നിൽ 147 രാജ്യങ്ങളുണ്ട്.അവിടെയൊന്നും കർവാ ചൗത് ഇല്ല എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം. 

ബോളിവുഡിലെ ഈ പ്രശസ്ത നടിയുടെ പ്രതികരണങ്ങളോടുള്ള ഇഷ്ടം ആദ്യംതന്നെ  തുറന്നുപറഞ്ഞു ഭർത്താവും ബോളിവുഡിന്റെ പ്രിയങ്കരനുമായ അക്ഷയ് കുമാർ.

നമുക്കു വേണ്ടത് സമത്വം. പുരുഷൻമാർ സൃഷ്ടിച്ചുവച്ച അനാവശ്യ ആചാരം ഉപേക്ഷിക്കേണ്ട സമയമായി. ഉപവാസം ഇരിക്കുന്നതിൽനിന്നു ഭാര്യമാർ പിൻമാറുന്നില്ലെങ്കിൽ നിങ്ങളും അവരോടൊപ്പം കൂടൂ. ഉപവാസമിരിക്കുന്നത് അത്ര എളുപ്പമൊന്നുമല്ല. ഞാൻ എന്റെ ഭാര്യയ്ക്കൊപ്പം കൂടുന്നു: അക്ഷയ് കുറിച്ചു. 

വ്യത്യസ്തമായ വഴി കാണിക്കുകയാണ് ട്വിങ്കിളും അക്ഷയും. അവരുടെ വഴിയേ പോകാൻ തയ്യാറല്ലേ അരാധകരും?