കിട്ടിയ നന്മകളെ ഓര്‍മ്മിക്കാതെ കിട്ടാതെ പോയ നന്മകളെയോര്‍ത്ത് പരിതപിക്കും. അനുദിന ജീവിതത്തില്‍ അനുഭവിക്കേണ്ട സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം അസംതൃ്പതിയോടെ എല്ലാറ്റിനെയും നോക്കിക്കാണും. ഈ മനോഭാവമാണ് ദാമ്പത്യബന്ധത്തില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
ഭൂതകാലത്തിലേക്ക് നോക്കരുത്
കഴിഞ്ഞുപോയ കാലത്തേക്കാണ് പലരും തങ്ങളുടെ കണ്ണാടി തിരിച്ചുവച്ചിരിക്കുന്നത്. പങ്കാളിയുടെ കഴിഞ്ഞകാലജീവിതത്തെക്കുറിച്ചുള്ള അതിരുകടന്ന അന്വേഷണവും അക്കാലത്ത് സംഭവിച്ച പാകപ്പിഴകളെക്കുറിച്ചുള്ള അയവിറക്കലും കുത്തിനോവിക്കലും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയ്ക്ക് ഹാനി വരുത്തുന്നവയാണ്. ഇന്നലെകളിലെ മുറിപ്പെടുത്തുന്ന ഓര്‍മ്മകളോ സംഭവങ്ങളോ ഒന്നും വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരാതിരിക്കുക. നമ്മള്‍ ഇന്നാണ് ജീവിക്കുന്നത്. ഇന്നലെയല്ലല്ലോ...
ബന്ധങ്ങളില്‍ വിശ്വസിക്കുക
പരസ്പര വിശ്വാസം ഏതൊരു ബന്ധത്തിനും അനിവാര്യമാണ്. പ്രത്യേകിച്ച് ദാമ്പത്യബന്ധത്തില്‍. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും പരസ്പരമുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. പങ്കാളിയുടെ ഓരോ ചെയ്തികളെയും സംശയത്തോടെ മാത്രമാണ് നോക്കിക്കാണുന്നതെങ്കില്‍ അവിടെ സ്‌നേഹത്തിന്റെ ചിത്രശലഭങ്ങളല്ല പകരം സംശയത്തിന്റെ വവ്വാലുകളായിരിക്കും വട്ടമിട്ടുപറക്കുന്നത്.. അതുകൊണ്ട് പങ്കാളിയെ അകാരണമായി സംശയിക്കാതിരിക്കുക.. ആ സ്‌നേഹത്തില്‍ ശരണം വയ്ക്കുക. വിശ്വാസമില്ലാതെ ഒരു ബന്ധവും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയില്ല.
വിശേഷാവസരങ്ങളെ മറന്നുകളയരുത്
ഒരുപക്ഷേ മനപൂര്‍വ്വമായിരിക്കില്ല എങ്കിലും പങ്കാളിയുടെ ജീവിതത്തിലെ സന്തോഷദിനങ്ങളെയോ പ്രത്യേകദിനങ്ങളെയോ മറന്നുപോകുന്നത് ദാമ്പത്യബന്ധത്തില്‍ പലപ്പോഴും കല്ലുകടിക്ക് കാരണമാകാറുണ്ട്. ഇത്തരം ദിനങ്ങളെ ഒരുമിച്ചു ചേര്‍ന്ന് ആഘോഷിക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക, സമ്മാനങ്ങള്‍ നൽകുക. സന്ദേശങ്ങൾ അയ്ക്കുക. സ്‌നേഹം വർധിപ്പിക്കാനും ഊട്ടിയുറപ്പിക്കാനും കഴിയുന്ന എന്തും ഇത്തരം ദിനങ്ങളില്‍ ചെയ്യാന്‍ സന്നദ്ധതയുണ്ടായിരിക്കുക.
കണ്ണു കൊടുക്കുക
ചില ദമ്പതികളുണ്ട് പരസ്പരം മുഖത്തുപോലും നോക്കില്ല. ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി ബന്ധങ്ങളെ വഷളാക്കുകയും ചെയ്യും. മറ്റെയാളെ പൂര്‍ണ്ണമായും അവഗണിക്കുന്നതിന് തുല്യമാണ് നാം അയാളുടെ മുഖത്ത് നോക്കാതിരിക്കുന്നത്. അതുകൊണ്ട് കണ്ണുകൊടുക്കുക. മുഖത്തു നോക്കി സംസാരിക്കുക. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ തീരുന്ന പ്രശ്‌നങ്ങളൊക്കെയേ നമുക്കിടയിലൂള്ളൂ എന്ന് ആദ്യം മനസ്സിലാക്കുക.
പങ്കാളിയെക്കുറിച്ച് ചിന്തിക്കുക
ഇരുമെയ്യാണെങ്കിലും ഒരേ മനസ്സോടെ ജീവിക്കേണ്ടവരാണ് ദമ്പതികള്‍. അതുകൊണ്ട് വ്യത്യസ്തരായ രണ്ടുവ്യക്തികളാണെങ്കിലും അവര്‍ പങ്കാളിയുടെ ഇഷ്ടത്തെയും താൽപ്പര്യത്തെയും പരിഗണിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ്. പങ്കാളിയുടെ സന്തോഷത്തിനും ഇഷ്ടത്തിനും മുന്‍തൂക്കം കൊടുക്കാതെ സ്വന്തം ഇഷ്ടങ്ങളില്‍ മാത്രം കടിച്ചുതൂങ്ങികിടക്കുമ്പോള്‍ അവിടെയും പരസ്പരബന്ധത്തിന് സുതാര്യതയോ സന്തോഷമോ സംഭവിക്കുന്നില്ല.