അതൊരാഗ്രഹമാണ്. നടക്കുമെന്നുറപ്പില്ലാത്ത സ്വപ്നം. എന്നെങ്കിലുമൊരിക്കൽ പോകണം. കാണാൻ ഏറെ ആഗ്രഹിച്ച വിദേശരാജ്യത്തേക്ക്. അവിടെ വായിച്ചറിഞ്ഞ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തെത്തി, കൈകൾ ആകാശത്തേക്കു വിടർത്തി ഉറക്കെ വിളിച്ചുപറയണം: ഇതാ ഞാൻ ഇവിടെയെത്തി. ഇതു സ്വപ്നമല്ല. സത്യം.
ഇങ്ങനെയൊരു സ്വപ്നം താലോലിക്കുന്ന പലരുമുണ്ട്. ഭൂരിപക്ഷത്തിനും അതു നടപ്പിലാകാത്ത ആഗ്രഹം. സാക്ഷാത്കരിക്കാത്ത സ്വപ്നം. പ്രത്യേകിച്ചും ഒരു വീട്ടമ്മയ്ക്ക്. പക്ഷേ അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മകളുണ്ടെങ്കിൽ, ആ മകളുടെ മനസ്സിൽ സാഹസികതയും ആവേശവുമുണ്ടെങ്കിൽ നടക്കില്ലെന്നു കരുതുന്ന ആഗ്രഹവും നടന്നേക്കാം. സംശയമുണ്ടെങ്കിൽ ഇഷാനി റോയ് എന്ന വീട്ടമ്മയുടെ കഥ വായിക്കൂ. അമ്മയുടെ ആഗ്രഹസാക്ഷാത്കാരത്തിനുവേണ്ടി പ്രവർത്തിച്ച മകളുടെയും.
വളരെ പ്രത്യേകതയുള്ള ബന്ധമാണ് ഒരു അമ്മയും മകളും തമ്മിൽ. ഒരു മകൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്, സ്നേഹിക്കുന്നത്. ബഹുമാനിക്കുന്നത് അമ്മയെയായിരിക്കും. ഏറ്റവും കൂടുതൽ വഴക്കിടുന്നതും അവർ തമ്മിലായിരിക്കും. ഒടുവില്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മകളും അമ്മയെപ്പോലെയാകുന്നു.
യശോധര എന്ന മകൾ ജീവിതത്തിൽ എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് ഇഷാനി റോയ് എന്ന അമ്മയോട്. പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവം, സ്ട്രെസ്, പരിഭ്രാന്തി എല്ലാം അമ്മയിൽനിന്നു മകൾക്കും കിട്ടിയിട്ടുണ്ട്. പക്ഷേ അതോടൊപ്പം ജോലിയോടു കാണിക്കുന്ന സമർപ്പണം, ആത്മാർഥത എന്നിവയും മകൾ അമ്മയിൽനിന്നു സ്വീകരിച്ചു.
മകളുടെ ഹോബി യാത്ര. ലോകം കാണുക. അമ്മ അധ്യാപികയായിരുന്നു. പഠിപ്പിച്ചിരുന്നത് ഭൂമിശാസ്ത്രം. അമ്മയ്ക്കറിയാം ലോകത്തിലെ നല്ല സ്ഥലങ്ങളെക്കുറിച്ച്. വ്യത്യസ്ത ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ച്. വസ്ത്രധാരണത്തെക്കുറിച്ച്. ഭക്ഷണത്തെക്കുറിച്ച്. പക്ഷേ വീടും വീട്ടുകാരെയും വിട്ട് എവിടെയെങ്കിലും പോകുക അസാധ്യമായിരുന്നു അമ്മയ്ക്ക്.
അമ്മയും മകളും കൂടി ഒരു യാത്ര പോകുകയാണ്. മൂന്നു ദിവസം കൂടി യാത്രനീട്ടാൻ മകൾ അമ്മയെ നിർബന്ധിച്ചു. അത് അമ്മയ്ക്കു പ്രിയപ്പെട്ട ഒരു സഥലത്തേക്കു പോകാനായിരുന്നു. കംബോഡിയ. അവിടെ ആങ്കോർ വാട് എന്ന ക്ഷ്രേത്രസമുച്ചയം അതിന്റെ പ്രതാപത്തെ നേരിട്ടു കാണുക. ലോകത്തെ ഏറ്റവും വലിയ ക്ഷേത്രസ്മാരകമാണ് അങ്കോർ വാട്. 12–ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടത്. ആദ്യം ഹിന്ദു ക്ഷേത്രമായിരുന്നെങ്കിലും പിന്നീട് ബുദ്ധവിഹാരമായി മാറിയ സ്ഥലം. എത്രയോ തവണ അവിടെ പോകുന്നതിനെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്. ഇത്തവണ മകൾ നിർബന്ധിച്ചു: ഇതാ ഒരവസരം. അമ്മ പോകുക. ഒറ്റയ്ക്ക്. ആദ്യത്തെ യാത്രയ്ക്കു പോകുമ്പോൾ താനും ഒറ്റയ്ക്കായിരുന്നു – മകൾ അമ്മയെ നിർബന്ധിച്ചു.
യാത്രയ്ക്കുവേണ്ട സൗകര്യങ്ങളെല്ലാം മകൾതന്നെ ചെയ്തു. ഒറ്റയ്ക്കൊരു സാഹസിക യാത്രയുടെ ഗുണവും ദോഷവും അമ്മ ഒന്നറിയട്ടെ. ഇങ്ങനെയൊക്കെ പറയുമ്പോഴും ഒറ്റയ്ക്കുള്ള യാത്ര എല്ലായ്പ്പോഴും സന്തോഷകരമാകണമെന്നില്ലെന്നു മകൾ മറന്നു. പ്രത്യേകിച്ചും മധ്യവയസ്സിലെത്തിയ അമ്മയ്ക്ക്. വെല്ലുവിളികളുണ്ട്. സാഹസികതയുണ്ട്. ഒരു രസമല്ലേ ഒറ്റയ്ക്കൊരു യാത്ര. പക്ഷേ ഏകാന്തത അവരെ മടുപ്പിക്കില്ലേ...? മകൾ ആലോചിച്ചതു മുഴുവൻ അമ്മയ്ക്കു കൈവന്ന അപൂർവഭാഗ്യത്തെക്കുറിച്ച്. വേറെ എത്രപേർക്ക് ഇതുപോലെ ഒരവസരം കിട്ടും. അതും സ്വന്തം മകളുടെ പ്രേരണയിൽ.
അമ്മ കംബോഡിയയിലെത്തി. വായിച്ചുമാത്രം കേട്ട ലോകം നേരിട്ടുകണ്ടു. തടാകങ്ങൾ. കുത്തിയൊഴുകുന്ന ജലപാതങ്ങൾ. അങ്കോർ വാട്. അവിടെയൊക്കെ ചെന്നുനിന്നിട്ടു ചിത്രങ്ങളെടുത്തു. അമ്മ യാത്ര ഏറെ ആസ്വദിച്ചു എന്നുതന്നെ കരുതാം. മകന്റെ പരീക്ഷാമാർക്കിനെക്കുറിച്ചു വേവലാതിപ്പെടാതെ. മകളുടെ ജീവിതരീതിയെക്കുറിച്ച് ആകാംക്ഷപ്പെടാതെ കുറച്ചുനാളുകൾ സ്വസ്ഥമായി ഇരിക്കാമല്ലോ.
കംബോഡിയയിലെ ചരിത്രസ്മാരകങ്ങൾക്കു മുമ്പിൽ എല്ലാം നേടിയവളായി അമ്മ നിൽക്കുന്ന രംഗവും മകൾ സങ്കൽപിച്ചു. അവർ ദുർബലയായ ഒരു സ്ത്രീയുമല്ല. കാര്യങ്ങൾ തന്നെത്താൻ നോക്കാൻ കെൽപുള്ളവൾ. ഒരു റസ്റ്റോറന്റിൽ തനിയെ പോയി ആഹാരം കഴിക്കുന്നതോ, തിരക്കേറിയ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നതോ ഒന്നും അവരെ അസ്വസ്ഥയാക്കില്ല. പ്രായം ഒരു ഘടകമേയല്ല. കുറച്ചുകൂടി ആത്മവിശ്വാസവും അമ്മയ്ക്കു ലഭിക്കട്ടെ– മകൾ പ്രതീക്ഷിച്ചു.
ഒറ്റയ്ക്കൊരു യാത്ര. എനിക്കതിൽ വലിയ താൽപര്യമൊന്നും തോന്നിയില്ല. മകളാണു പ്രേരിപ്പിക്കുന്നത്. പ്രിയപ്പെട്ട മകൾ. കംബോഡിയ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നുമായിരുന്നു. പരിഭ്രാന്തിയോടെയാണു പോയതെങ്കിലും ആഗ്രഹിച്ച ചരിത്രസ്മാരകങ്ങൾക്കു മുന്നിലെത്തിയപ്പോൾ ഞാൻ ആഹ്ലാദിച്ചു. പുതിയൊരു രാജ്യം കാണുന്നതിന്റെ സന്തോഷം.
സംതൃപ്തി. അതിഗംഭീരമായിരുന്നു ആ അനുഭവം. ചിലപ്പോഴൊക്കെ ഏകാന്തത തോന്നി. പരിഭ്രമവും. പക്ഷേ, പതുക്കെ അതു മറികടന്നു. വലിയ സ്വാതന്ത്ര്യം ലഭിക്കും ഒറ്റയ്ക്കുള്ള യാത്രകളിൽ. ആകെയുള്ള പ്രശ്നം പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന മാത്രം.
മകൾ സമ്മാനിച്ച യാത്രയെക്കുറിച്ച് അമ്മ ഇഷാനി റോയ് എഴുതി.